ADVERTISEMENT

അർജുന്റെ അർധമത്സ്യ കഥാപാത്രങ്ങൾ സമുദ്രങ്ങൾ താണ്ടി സമ്മാനിതരായതിനു പിന്നാലെയാണ് ലോകം ഇക്കുറി സമുദ്രദിനം ആചരിച്ചത്. ആഹ്ലാദകരമായ ആകസ്മികതയല്ലേ ഇതെന്നു ചോദിച്ചാൽ സമ്മാനമല്ല,സർഗാത്മകതയാണു തന്റെ ആഹ്ലാദമെന്ന് പറയും, ഒഴിയും. കഥാപാത്ര രൂപകൽപനാരംഗത്ത് ശ്രദ്ധേയമായ മെർമേ (MERMAY) മത്സരത്തിൽ സമ്മാനിതനായ ഏക ഇന്ത്യക്കാരനാണ് ആറന്മുള മാലക്കര ആലപ്പുറത്ത് അർജുൻ എസ്.നായർ; പിന്തുടരുന്ന ആയിരക്കണക്കായ കലാസ്വാദകർക്ക് അർജുൻ സോമശേഖരൻ.

പ്രഫഷനൽസ് ഉൾപ്പെടെ പങ്കെടുക്കുന്ന ആഗോള വേദിയാണ് മെർമേ;കലാകാരന്മാരുടെ ‘കാർണിവൽ’.ഡിസ്നിയിലെ മുതിർന്ന ആർട്ടിസ്റ്റും ലോകപ്രശസ്തനുമായ ടോം ബാൻക്രോഫ്റ്റ് നേതൃത്വം നൽകുന്നു.ഇൻഡസ്ട്രിയൽ സ്കെച്ച് ടാബ് കമ്പനി വാകോം പങ്കാളികളാണ്.

mermay-compilation-2

മത്സ്യാംഗന എന്ന ഇതിവൃത്തത്തെ ആധാരമാക്കി ദിവസവും നൽകുന്ന ഓരോ ഉപശീർഷകത്തിൽ മേയ് മാസത്തിലെ മുഴുവൻ ദിവസവും ഓരോ ചിത്രം എന്നതായിരുന്നു മത്സരം.

സമയനിഷ്ഠയും സർഗാത്മകതയും സമന്വയിപ്പിക്കാനുള്ള പരിശീലനവേദിയായി അർജുൻ ഇതിനെ കണ്ടു.അനിമേഷൻ ഫിലിം മേക്കിങ്ങിൽ പുണെ റൂബിക്കയിൽ പഞ്ചവത്സര മാസ്റ്റേഴ്സ് ഇപ്പോൾ പൂർത്തിയാക്കിയതേയുള്ളൂ. ഒറ്റ ഫ്രെയിമിൽ അനുഭൂതിയുടെ തിരയിളക്കവും അതുല്യ ഭാവനയുടെ കടലാഴവും സമ്മേളിക്കുന്നതും തനിമ തുളുമ്പുന്നതുമായി സമയത്തോടു മത്സരിച്ച അർജുന്റെ സൃഷ്ടികൾ. ഒന്നിലേറെ തവണ ടോം ബാൻക്രോഫ്റ്റ് കമന്റ് ചെയ്തതു തന്നെ ആദ്യ സമ്മാനമായി. മേയ് മൂന്നാം വാരത്തോടെ ട്രെൻഡിങ് വിഭാഗത്തിലായിരുന്നു മെർമേ. മൂന്നാം സ്ഥാനമാണ് അർജുന്. ലോക്ഡൗൺ കാലത്ത് തന്റെ ആദ്യ പ്രഫഷനൽ പ്രോജക്ടും പൂർത്തീകരിച്ചു .

mermay-compilation-3

ടോട്ടൽ ഗ്രാഫിക് എന്ന റഷ്യൻ പ്രസിദ്ധീകരണം പഠനകാലത്ത് അർജുന്റെ അഭിമുഖം പ്രസിദ്ധീകരിച്ചിരുന്നു.അയൺമാൻ,അവഞ്ചേഴ്സ് തുടങ്ങി ഒട്ടേറെ സിനിമകളിലൂടെ പ്രശസ്തമായ മാർവൽ സ്റ്റുഡിയോസിന്റെ വിഷ്വൽ ഡവലപ്മെന്റ് വിഭാഗം തലവൻ റയാൻ മെയ്നെർഡിങ് അടുത്തിടെ ഇൻസ്റ്റഗ്രാമിൽ അർജുന്റെ ചില സൃഷ്ടികൾ ഷെയർ ചെയ്തു. ഈ രംഗത്തേക്കു വരാൻ താൽപര്യപൂർവം അന്വേഷിക്കുന്ന പലരിലും തന്നെക്കൊണ്ട് ഇതാവില്ല എന്നൊരു മട്ടുണ്ട്. സർഗാത്മതയ്ക്കൊപ്പം നിരന്തരമായ പരിശീലനത്തിലൂടെ ഏറെ സാധ്യമാകുന്ന മേഖലയാണിത്.പത്തനംതിട്ടയിലെ ഒരു ഗ്രാമത്തിലിരുന്ന് ഹോളിവുഡിൽ പ്രവർത്തിക്കാവുന്നതേയുള്ളൂ എന്ന ബോധ്യം വേണമെന്നു മാത്രം.

ഡെയ്റ്റി, ഫ്യൂച്ചറിസ്റ്റിക് എന്നീ വിഷയങ്ങളിൽ അർജുന്റെ ‘മെർമേ’ സൃഷ്ടികൾ
ഡെയ്റ്റി, ഫ്യൂച്ചറിസ്റ്റിക് എന്നീ വിഷയങ്ങളിൽ അർജുന്റെ ‘മെർമേ’ സൃഷ്ടികൾ

വീടിനടുത്തുള്ള എസ്എഎം സ്കൂളിൽ പഠിക്കുമ്പോഴത്തെ അതേ പ്രോത്സാഹനം ഇപ്പോഴും അവിടത്തെ അധ്യാപകരിൽ നിന്നു ലഭിക്കുന്നു. അവിടത്തെ വലിയ പുസ്തക ശേഖരത്തിലെ സുന്ദരചിത്രങ്ങൾ. കഥാപാത്രങ്ങൾ സമ്മേളിച്ച കാർട്ടൂൺ ചാനൽ ബ്രോഷറുകൾ. കാർട്ടൂണിന്റെ സ്ഥലത്തെ ജോലിയാണെങ്കിൽ കാർട്ടൂൺ കൂടുതൽ കാണുന്നത് അമ്മ വിലക്കില്ലല്ലോ എന്ന എൽപി സ്കൂൾ കാലത്തെ ചിന്തയുടെ കുട്ടിത്തം. നാട്ടുവഴികളിലൂടെ നടക്കാൻ ഒപ്പം കൂട്ടുമായിരുന്ന മുത്തച്ഛനോട് തന്റെ ലക്ഷ്യം അവതരിപ്പിച്ച അഞ്ചാംക്ലാസുകാരന്റെ ഗൗരവം.... ബാല്യമാണ് ഏതു കലാകാരനെയും പോലെ അർജുന്റെയും പ്രചോദനം. എൻജിനീയറായിരുന്നു മുത്തച്ഛൻ മാറേകാട്ട് എം.എൻ.കരുണാകരൻ നായർ. പുസ്തകങ്ങൾ കണ്ടെത്തിയും പഠനസാധ്യതകൾ തിരക്കിയറിഞ്ഞും അന്നു മുതൽ മുത്തച്ഛൻ ഒപ്പം നിന്നു. ഇപ്പോൾ ലക്ഷ്യത്തോടടുക്കുന്നതു കാണാൻ ഇല്ല.

mermay-compilation-4

പിന്തുണയും പ്രോത്സാഹനവും കിട്ടാത്തവരാണ് പലരും എന്നറിയുന്നതിനാൽ താൽപര്യത്തോടെ തിരക്കുന്നവർക്ക് അവർ പ്രതീക്ഷിക്കുന്നതിലേറെ വിശദാംശങ്ങൾ നൽകാറുണ്ട് അർജുൻ.മെർമേ കഥാപാത്രങ്ങളെ ഒറ്റ ഫ്രെയിമിൽ സമ്മേളിപ്പിച്ച് ഒരു വിശാല ചിത്രം ഒരുക്കുകയാണ് ഇപ്പോൾ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com