ADVERTISEMENT

എത്രതന്നെ പാരമ്പര്യവും മികവും അവകാശപ്പെട്ടാലും ആസ്വദിക്കാനും അവതരിപ്പിക്കാനും ആളില്ലെങ്കില്‍ ഏതു കലയും ഇല്ലാതാവും. പലവിധ മുന്‍ധാരണകളും ആസ്വദിക്കാനുള്ള അറവിന്റെ അഭാവവും പ്രാവീണ്യം നേടുന്ന കലാകാരന്മാരുടെ എണ്ണത്തിലെ കുറവുമെല്ലാം കലയുടെ മരണത്തിന് കാരണമാകുന്നുണ്ട്. ഈ സാഹചര്യത്തിൽ ശാസ്ത്രീയ നൃത്തത്തെ ജനകീയമാക്കാനുള്ള പോരാട്ടത്തിലാണ് നര്‍ത്തകിമായാരായ പൊന്നു സഞ്ജീവും അഞ്ജലി കൃഷ്ണദാസും. ക്ലാസിക്കൽ നൃത്തം സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലേക്കും എത്തിക്കുകയെന്ന ലക്ഷ്യത്തോടെ ഇവർ ആരംഭിച്ച തുടിപ്പ് എന്ന ട്രസ്റ്റിന്റെ പ്രവർത്തനങ്ങൾ അഭിനന്ദനീയമാണ്‌. 

ട്രാൻസ്ജെൻഡർ വിഭാഗങ്ങൾക്ക് സൗജന്യ നൃത്ത പരിശീലന ശിൽപശാല നടത്തി തുടക്കമിട്ട തുടിപ്പിന്റെ പ്രവർത്തനങ്ങള്‍ ഇപ്പോൾ ആദിവാസി കുട്ടികൾക്ക് പരിശീലനം നൽകുന്നതിൽ എത്തി നിൽക്കുന്നു. ശാസ്ത്രീയ നൃത്ത പരിശീലനത്തിനായി മുഖ്യധാരയിലേക്ക് എത്താന്‍ അവസരം ലഭിക്കാത്ത  ആദിവാസി വിഭാഗത്തിലെ കുട്ടികളിലേക്ക് എത്തിച്ചേരുകയാണ് ഇവർ ചെയ്യുന്നത്. ഇതിനായി അവരുടെ ഊരുകളിലെത്തുകയും നൃത്തം അഭ്യസിപ്പിക്കുകയും ചെയ്യുന്നു. ‘‘കലാപരമായി വളരെയേറെ മികവ് പുലർത്തുന്നവരാണ് ആദിവാസി വിഭാഗങ്ങൾ. കലയുടെ താളം ജന്മസിദ്ധമായി ലഭിച്ചവർ. അവർക്ക് നിരവധി കലകളുണ്ട്. അതിലും മികച്ചതാണ് ശാസ്ത്രീയ നൃത്തം എന്ന ചിന്തകൊണ്ടല്ല ഇങ്ങനെയൊരു പരിശീലനം നൽകുന്നത്. മറിച്ച് അവരിൽ ഏതെങ്കിലും കുട്ടികൾ ശാസ്ത്രീയ നൃത്തം പഠിക്കാൻ ആഗ്രഹിക്കുന്നെങ്കിൽ അതിന് അവസരമാകട്ടെ എന്നു കരുതിയാണ്’’– അഞ്ജലി പറഞ്ഞു.

ponnu-anjali-thudippu

ബ്രിഡ്ജ് സ്കൂളിലെ അധ്യാപകരുടെ സഹായത്തോടെ അട്ടപ്പാടിയിലെ ആദിവാസി ഊരിൽ നിന്നുള്ള കുട്ടികൾക്കായി ശിൽപശാല നടത്തി. അതിൽ മികവ് പുലർത്തിയവരെ തിരഞ്ഞെടുത്ത് അവർക്കു ക്ലാസുകൾ നൽകി വരുന്നുണ്ട്. ‘‘ശാസ്ത്രീയ കലകള്‍ ചില പ്രത്യേക സാമൂഹിക, സാമ്പത്തിക, മത–ജാതി വിഭാഗത്തിലുള്ളവരുടേതാണ് എന്ന ധാരണ ഇപ്പോഴും സമൂഹത്തിൽ നിലനിൽക്കുന്നുണ്ട്. കലയ്ക്ക് അങ്ങനെ വേർതിരിവില്ല. താൽപര്യവും കഴിവുമുള്ള ആർക്കും പഠിക്കാനാവണം. അതിനുള്ള അവസരമുണ്ടായാല്‍ കല കൂടുതല്‍ ജനകീയമാവും. ഇതാണ് ഇത്തരമൊരു ഉദ്യമത്തിനു തുടക്കമിടാൻ കാരണമായത്’’– പൊന്നു തുടിപ്പിന്റെ ലക്ഷ്യം വ്യക്തമാക്കി.

അഞ്ജലിയും പൊന്നുവും വിദ്യാഭ്യാസത്തിനുശേഷം വ്യത്യസ്ത മേഖലകളിൽ ജോലി ചെയ്യുകയായിരുന്നു. എന്നാല്‍ സന്തോഷവും സംതൃപ്തിയും നൽകുന്ന കാര്യം ചെയ്യുക എന്നു തീരുമാനിച്ചപ്പോൾ മുൻപിലെത്തിയത് നൃത്തമായിരുന്നു. ചെറുപ്പം മുതലേ നൃത്തം അഭ്യസിച്ചിരുന്ന പൊന്നുവിന്റെ കൂടുതൽ പഠിക്കുക എന്ന തീരുമാനത്തിന് കുടുംബത്തിൽ നിന്നു പരിപൂർണ പിന്തുണയാണ് ലഭിച്ചത്. എന്നാല്‍ 22–ാം വയസ്സിൽ ശാസ്ത്രീയ നൃത്തം പഠിക്കുക എന്ന അഞ്ജലിയുടെ തീരുമാനം എതിർപ്പുകള്‍ നേരിട്ടു. എങ്കിലും നൃത്തം പഠിക്കാനുള്ള തീരുമാനത്തിൽ അഞ്ജലി ഉറച്ചു നിൽക്കുകയും മുംബൈയിലെ ഡോ.കനക് റിലിയുടെ നളന്ദ നൃത്യകലാ മഹാവിദ്യാലയത്തിൽ ചേരുകയും ചെയ്തു. ഇവിടെവച്ചാണ് പൊന്നുവും അഞ്ജലിയും കണ്ടുമുട്ടുന്നത്. ചിന്താഗതികളിലെ സമാനതകൾ ഇരുവരെയും അടുപ്പിച്ചു. ‘ശാസ്ത്രീയ നൃത്തം എല്ലാവരിലേക്കും എത്തിക്കുക, കൂടുതൽ ജനകീയമാക്കുക’ എന്നീ ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന തുടിപ്പ് എന്ന പബ്ലിക് ട്രസ്റ്റിന്റെ രൂപീകരണത്തിലേക്ക് ഈ സൗഹൃദം എത്തുകയും ചെയ്തു.

തുടിപ്പിന്റെ രൂപീകരണത്തിനുശേഷം കേരളത്തിലെ പല ഭാഗങ്ങളിലായി നൃത്ത ശിൽപശാലകൾ സംഘടിപ്പിച്ചു. ഗ്രാമപ്രദേശങ്ങളിലെ കോളജുകൾ, സ്കൂളുകൾ, സ്പെഷൽ സ്കൂളുകൾ, ആദിവാസി ഊരുകൾ എന്നിവയാണ് ഇതിനായി തിരഞ്ഞെടുത്തത്. തൃപ്പൂണിത്തുറയിൽ നൃത്ത ക്ലാസുകൾ നടത്തുന്നുണ്ട്. കോവിഡിനെത്തുടർന്നുണ്ടായ പ്രത്യേക സാഹചര്യത്തില്‍ വെർച്വൽ ക്ലാസുകളും സജീവമായി നടത്തി വരുന്നു. മറ്റു കലകളെ പുനരുജ്ജീവിപ്പിക്കാനുള്ള ഒരു പദ്ധതിയും മുന്നിലുണ്ട്. ‘‘ശാസ്ത്രീയ കലകള്‍ക്ക് സവർണകലകളാണ് എന്നൊരു ചിന്താഗതിയുണ്ട്. കലയ്ക്ക് അങ്ങനെ വിഭജനങ്ങളില്ല. കല ആരുടേയുമല്ല, അത് എല്ലാവരുടേതുമാണ്. അങ്ങനെ തന്നെ ആകണം. അതുകൊണ്ട് ഞങ്ങളുടെ പ്രവൃത്തി നന്മയുടെ പ്രതിരൂപമല്ല, ഒരു പോരാട്ടമാണ്’’– പൊന്നുവും അഞ്ജലിയും നിലപാട് വ്യക്തമാക്കി.

സമകാലിക വിഷയങ്ങൾ അവതരിപ്പിക്കുന്ന ഇവരുടെ നൃത്ത വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടാറുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com