ADVERTISEMENT

നോക്കിനോക്കി നിൽക്കുമ്പോൾ ആ ചിത്രങ്ങൾക്ക് പതുക്കെ ജീവൻ വയ്ക്കുന്നതുപോലെ തോന്നും. അവ കണ്ണുകൾകൊണ്ട് കഥപറയും, വികാരങ്ങൾകൊണ്ട് വിസ്മയിപ്പിക്കും. ചിലപ്പോൾ ഇനിയുമെന്തോ പറയാൻ ബാക്കി വയ്ക്കുന്നതുപോലെ ആഴമുള്ള കണ്ണുകളാൽ വല്ലാത്തൊരു നോട്ടം നമുക്കു നേരേയെറിയും. ആ ചിത്രങ്ങൾ പറയാനാഗ്രഹിച്ചത് അവരുടെ പിറവിയുടെ കഥകളാണെന്ന് ഒട്ടും വൈകാതെ മനസ്സിലാകും. ലോക്ഡൗൺകാലത്ത് തെയ്യത്തിന്റെ സ്വന്തം നാടായ കണ്ണൂരിൽ, ചിത്രരചന പഠിച്ചിട്ടില്ലാത്ത ഒരു പെൺവിരലിലൂടെ ക്യാൻവാസിൽ പതിഞ്ഞ ചിത്രങ്ങളുടെ കഥയറിയാം... ഒപ്പം അവരുടെ സ്രഷ്ടാവായ നവ്യ വൈശാഖിന്റെ വിശേഷങ്ങളും.

ചിത്രം വരച്ചു തുടങ്ങിയത് ഏത് പ്രായത്തിലാണ്? എന്തായിരുന്നു പ്രചോദനം? വീട്ടിൽ മറ്റാരെങ്കിലും വരയ്ക്കുമോ?

ചിത്രരചന പഠിച്ചിട്ടില്ലെങ്കിലും കുട്ടിക്കാലം മുതലേ വരയ്ക്കുമായിരുന്നു. ചിത്രകലാവാസന ലഭിച്ചത് അമ്മാവനിൽ നിന്നാണ്. അദ്ദേഹം പണ്ട് പെയിന്റിങ് ഒക്കെ ചെയ്യുമായിരുന്നു. കുട്ടിക്കാലത്ത് മാസികകളിൽ വരുന്ന ചിത്രങ്ങൾ കണ്ടാണ് ഞാൻ ചിത്രംവര തുടങ്ങിയത്. കേന്ദ്രീയ വിദ്യാലയത്തിൽ പഠിച്ചതുകൊണ്ട് കലോൽസവം പോലെയുള്ള വലിയ വേദികളിലൊന്നും ചിത്രരചനാ മത്സരങ്ങളിൽ പങ്കെടുക്കാൻ അവസരം കിട്ടിയിരുന്നില്ല. സ്കൂളിൽ നടന്ന ചെറിയ ചില മൽസരങ്ങളിലൊക്കെ പങ്കെടുത്തതിന്റെ ഓർമ മാത്രമേയുള്ളൂ. പിന്നെ കോളജ് പഠനകാലത്ത് കോളജ് മാഗസിനിലൊക്കെ വരയ്ക്കാൻ അവസരം ലഭിച്ചിരുന്നു. പഠിത്തം കഴിഞ്ഞ് ജോലിയുടെ തിരക്കായപ്പോൾ ചിത്രം വരയിൽ ചെറുതല്ലാത്ത ഒരു ഗ്യാപ് വന്നു. പിന്നെ ലോക്ഡൗൺ സമയത്താണ് വീണ്ടും വരച്ചുതുടങ്ങിയത്. യുട്യൂബിൽ നിന്നാണ് ചിത്രരചനയുടെ കൂടുതൽ സാധ്യതകളെപ്പറ്റി മനസ്സിലാക്കിയതും കൂടുതൽ ചിത്രങ്ങൾ വരച്ചു തുടങ്ങിയതും.

customised-work

എന്തുകൊണ്ട് പെൻസിൽ ഡ്രോയിങ് മാത്രം?

ചിത്രരചനയുടെ തുടക്കകാലത്ത് വരച്ചു തുടങ്ങിയത് പേന കൊണ്ടായിരുന്നു. പിന്നെ പെൻസിൽ ഉപയോഗിച്ചു തുടങ്ങിയപ്പോൾ കുറച്ചുകൂടി നന്നായിത്തോന്നി. അങ്ങനെയാണ് പെൻസിൽ ഡ്രോയിങ്ങിനെ കൂടുതൽ ഇഷ്ടപ്പെട്ടു തുടങ്ങിയത്. വാട്ടർ കളർ, ഓയിൽ പെയിന്റിങ് തുടങ്ങിയ മാധ്യമങ്ങളൊന്നും അധികം പരീക്ഷിച്ചിട്ടില്ല. അതിനെക്കുറിച്ച് നന്നായി പഠിക്കാതെ ചെയ്താൽ പെർഫെക്‌ഷനുണ്ടാകില്ല. അതുകൊണ്ടാണ് പെൻസിൽ ഡ്രോയിങ്ങിനപ്പുറമുള്ള സാധ്യകളൊന്നും അധികം പരീക്ഷിക്കാത്തത്. 

മനുഷ്യരൂപങ്ങൾ, പ്രത്യേകിച്ച് മുഖങ്ങൾ വരയ്ക്കാനാണോ കൂടുതലിഷ്ടം?

അതേ. സെലിബ്രിറ്റികൾ ഉൾപ്പടെയുള്ളവരുടെ മുഖം വരയ്ക്കാനാണ് കൂടുതലിഷ്ടം. എനിക്ക് പോർട്രെയ്റ്റിനോട് ഒരൽപം ഇഷ്ടക്കൂടുതലുണ്ട്. അതുകൊണ്ടാണ് വരയ്ക്കാനായി കൂടുതലും മനുഷ്യരുടെ മുഖങ്ങൾ തിര‍ഞ്ഞെടുക്കുന്നത്.

pencil-drawing

ആരുടെയെങ്കിലും ചിത്രരചന സ്വാധീനിച്ചിട്ടുണ്ടോ ?

പെൻസിൽ ആർട്ടിസ്റ്റ് ജോണോഡ്രൈ, യുട്യൂബർ അലിഹൈദർ തുടങ്ങിയവരുടെ രചനകൾ ഏറെ സ്വാധീനിച്ചിട്ടുണ്ട്. അവരുടെ വിഡിയോകൾ കണ്ടാണ് ഞാൻ വീണ്ടും വരയ്ക്കാൻ തുടങ്ങിയത്. അവരുടെ ചിത്രരചന കണ്ടപ്പോൾ എനിക്കും അതുപോലെ വരയ്ക്കണമെന്ന് തോന്നി.

സൂക്ഷ്മമായ നിഴൽ– വെളിച്ച വിന്യാസമാണ് നവ്യയുടെ ചിത്രങ്ങളുടെ പ്രത്യേകത. അതിൽ ആരെയെങ്കിലും മാതൃകയാക്കിയിട്ടുണ്ടോ?

യുട്യൂബ് നോക്കിയാണ് പെൻസിൽ ഡ്രോയിങ്ങിന്റെ സാധ്യതയെക്കുറിച്ച് മനസ്സിലാക്കിയതെന്ന് പറഞ്ഞിരുന്നല്ലോ. ഷെയ്ഡിങ് ടെക്നിക്കുകളും പഠിച്ചത് അത്തരം വിഡിയോയിലൂടെത്തന്നെയാണ്. ചിത്രം വരയിലെ ഷെയ്ഡിങ്ങിനെക്കുറിച്ച് പഠിപ്പിക്കുന്ന ഒരുപാട് സൈറ്റുകളും യുട്യൂബ് വിഡിയോകളും ഈ കാര്യത്തിൽ എന്നെ സഹായിച്ചിരുന്നു. ഷെയ്ഡിങ് രീതികൾ ഒക്കെ ഹൃദിസ്ഥമാക്കിയത് അങ്ങനെയാണ്.

tovino-thomas-manju-warrier

കസ്റ്റമൈസ്ഡ് ചിത്രരചനയെക്കുറിച്ച് ?

ഞാൻ വരച്ച ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ട്. അത് കണ്ടിഷ്ടപ്പെടുന്ന ആളുകൾ അവരുടെ ചിത്രങ്ങൾ വരച്ചുകൊടുക്കാമോയെന്ന് ചോദിക്കാറുണ്ട്. അങ്ങനെയാണ് കസ്റ്റമൈസ്ഡ് ചിത്രങ്ങൾക്കുള്ള ഓർഡറുകൾ ലഭിക്കുന്നത്. അത്തരം ഓർഡറുകൾ സ്വീകരിക്കാനും ചിത്രങ്ങൾ വരച്ചു നൽകാനുമായി സമൂഹമാധ്യമത്തിൽ ഒരു പേജ് തുടങ്ങണമെന്ന ആഗ്രഹമുണ്ട്.

നവ്യ വരച്ച സെലിബ്രിറ്റികളാരെങ്കിലും അഭിപ്രായങ്ങൾ അറിയിച്ചിട്ടുണ്ടോ ?

മഞ്ജു വാര്യരും ടൊവീനോ തോമസും ഞാൻ വരച്ച അവരുടെ ചിത്രങ്ങൾ അവരുടെ സമൂഹമാധ്യമ പേജുകളിൽ ഷെയർ ചെയ്തിരുന്നു. ചിത്രത്തെ അഭിനന്ദിച്ചുകൊണ്ടുള്ള ടൊവീനോയുടെ ഓഡിയോ മെസേജ് ബിടെക് സിനിമയുടെ സംവിധായകൻ മൃദുൽ നായർ വഴി ലഭിച്ചത് ഒരിക്കലും മറക്കാനാകാത്ത അനുഭവമാണ്. സുഹൃത്തുക്കൾ വഴിയുള്ള കോൺടാക്ട് ഒക്കെ വച്ച് ഒരുപാടു പേർ ചിത്രങ്ങളെക്കുറിച്ച് നല്ല അഭിപ്രായം പറയാറുണ്ട്. അതൊക്കെ ലോക്ഡൗൺകാലം സമ്മാനിച്ച സന്തോഷകരമായ ചില ഓർമകൾ. ഈ ലോക്ഡൗൺ കാലത്ത് വരച്ച ചിത്രങ്ങൾ വച്ച് ഒരു ചിത്രപ്രദർശനം നടത്തണമെന്ന് ആഗ്രഹമുണ്ട്. ഇതുവരെ അതിന് അവസരം ലഭിച്ചിട്ടില്ല. അധികം വൈകാതെ അതു നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

jayasurya-asif-fahad

പഠനം, കുടുംബം ?

ഭർത്താവ് വൈശാഖ് സെന്റ് മൈക്കിൾസ് സ്കൂളിൽ അധ്യാപകനാണ്. സിനിമയിൽ പാട്ടെഴുതാറുണ്ട്. സയനോര പാടിയ ബേങ്കി ബേങ്കി ബൂം എന്ന കണ്ണൂർ സോങ്, വിനീത് ശ്രീനിവാസൻ പാടി മൃദുൽ നായർ സംവിധാനം ചെയ്ത റിട്ടേൺ എന്ന മ്യൂസിക് ആൽബം എന്നിവയുടെയൊക്കെ വരികളെഴുതിയത് അദ്ദേഹമാണ്. എന്റെ അച്ഛൻ ബിഎസ്എൻഎല്ലിൽനിന്ന് വിരമിച്ചു. അമ്മ വീട്ടമ്മയാണ്. സഹോദരൻ ദുബായിലാണ്. ഞാൻ ബികോം കഴിഞ്ഞ് ഐസിഡബ്ല്യു ഇന്റർ മീഡിയറ്റ് കോഴ്സ് ചെയ്തിരുന്നു. അതിനുശേഷം ഇൻഫോപാർക്കിൽ ജോലിചെയ്തിരുന്നു. വിവാഹത്തിനു മുൻപ് ജോലിവിട്ടു. കൊറോണയൊക്കെ മാറിയിട്ട് ഇനി പുതിയ ജോലിക്കായി ശ്രമിക്കണം. പിന്നെ ചിത്രംവര പഠിക്കണം. ഇനിയും കൂടുതൽ ചിത്രങ്ങളൊക്കെ വരയ്ക്കണം ഇതൊക്കെയാണ് ആഗ്രഹങ്ങൾ. 

English Summary : Navaya Vaishak  pencil drawing artist

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com