ലോക്ഡൗൺ കാലത്തു പ്രഭാത ഭക്ഷണം ലഭിക്കാതെ നഗരത്തിൽ ആരും പട്ടിണി കിടക്കേണ്ടി വരില്ല. പ്രാതൽ വളരെ കുറഞ്ഞ നിരക്കിൽ ലഭ്യമാക്കുന്ന പദ്ധതിയുമായി പുതിയകാവ് തെക്കുപുറം എൻഎസ്എസ് കരയോഗം തയാറായി. 4 ഇഡ്ഡലി, ചമ്മന്തി, സാമ്പാർ എന്നിവ അടങ്ങിയ ഒരു പായ്ക്കറ്റ് 10 രൂപ നിരക്കിൽ നൽകുന്ന പദ്ധതിയാണ് കരയോഗം ഇന്നു രാവിലെ 7നു തുടങ്ങുന്നത്. ആദ്യ ഘട്ടമായി 250 ഇഡ്ഡലി പായ്ക്കറ്റുകൾ തയാറാക്കി. വരും ദിവസങ്ങളിൽ ലഭിക്കുന്ന പ്രതികരണങ്ങളനുസരിച്ചു കൂടുതൽ പായ്ക്കറ്റുകൾ ലഭ്യമാക്കാനുള്ള സജ്ജീകരണവും ഒരുക്കിയിട്ടുണ്ട്. പുതിയകാവ് ക്ഷേത്രത്തോടു ചേർന്നുള്ള ശ്രീഭദ്ര ഓഡിറ്റോറിയത്തിനു മുൻപിലാണു കൗണ്ടർ. ഇവിടെ വന്നാൽ ഇഡ്ഡലി കൊണ്ടുപോകാം. ചെറിയ സർവീസ് ചാർജ് ഈടാക്കി 5 കിലോമീറ്റർ പരിധിയിൽ കൊണ്ടുപോയി ക്കൊടുക്കാനുള്ള പദ്ധതിയും ഉടൻ ആരംഭിക്കുമെന്നു ഭാരവാഹികൾ പറഞ്ഞു. അടുത്ത ഘട്ടത്തിൽ ഉച്ചഭക്ഷണം, അത്താഴം എന്നിവയും ഉൾപ്പെടുത്തി ഈ പദ്ധതി വിപുലീകരിക്കാനും ആലോചന ഉണ്ടെന്നു കരയോഗം സെക്രട്ടറി സന്തോഷ് ചാലിയത്ത് പറഞ്ഞു.
തൃപ്പൂണിത്തുറ പുതിയകാവ് തെക്കുപുറം എൻഎസ്എസ് കരയോഗത്തിന്റെ നേതൃത്വത്തിൽ 10 രൂപ നിരക്കിൽ പ്രാതൽ ലഭ്യമാക്കുന്ന പദ്ധതിക്കായുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നു.