ADVERTISEMENT

വിസ്മയ ഭാര്യ മാത്രമല്ല, വിദ്യാർഥിനി കൂടിയായിരുന്നു. കൊല്ലത്തെ വിസ്മയയുടെ ആത്മഹത്യയോടെ സ്ത്രീധന പീഡനം വീണ്ടും ചർച്ചയാവുന്നു. ജില്ലയിലെ കലാലയങ്ങളിലെ വിദ്യാർഥിനികളുടെ മനസ്സിലും നോവുന്ന ഓർമച്ചിത്രമായി മാറുകയാണ് വിസ്മയ. ഇന്നലെ മിക്ക കലാലയങ്ങളിലും ഓൺലൈൻ ക്ലാസുകളിൽ ചർച്ചാ വിഷയം വിസ്മയയായിരുന്നു. കഴിഞ്ഞ വർഷം ഉത്ര, ഇത്തവണ വിസ്മയ... ഉത്രയ്ക്കും മുൻപേ എത്രയോ പേർ... വിസ്മയയ്ക്കു ശേഷവും...? 

വിദ്യാർഥിനികളുടെ പ്രതികരണങ്ങൾ

സംരക്ഷിക്കപ്പെടേണ്ടവർ തന്നെ വേട്ടയാടപ്പെടുന്നു. നിയമം കൊണ്ട് സംരക്ഷിക്കപ്പെടേണ്ടതിനേക്കാൾ വിവേകം കൊണ്ട് സംരക്ഷിക്കപ്പെടേണ്ടതാണ് ഓരോ സ്ത്രീത്വവും. സ്ത്രീ ആണ് ധനമെന്നും അവളുടെ വില നിശ്ചയിക്കാൻ കഴിയുന്നതല്ലെന്നും ഇനി എന്നാണ് പഠിക്കുക. സ്ത്രീധനമെന്ന വിപത്തിൽ ഇനി ഒരു ജീവനും പൊലിയാതിരിക്കട്ടെ.- ഹർഷ എസ്. നായർ, ബിസിഎം കോളജ്, കോട്ടയം 

B5

ഉത്ര, വിസ്മയ... പേരുകൾക്കേ മാറ്റമുള്ളൂ.  പ്രമേയം ഒന്നാണ്. നാഴികയ്ക്ക് നാൽപതു വട്ടം നീ പെണ്ണാണ് ഉച്ചത്തിൽ സംസാരിക്കരുത്, ആണുങ്ങളെപ്പോലെ നടക്കരുത് ഇരിക്കരുത്.. ഇങ്ങനെ പറഞ്ഞു പഠിപ്പിച്ചു വച്ചാൽ പെൺമക്കൾ എങ്ങനെ പ്രതികരിക്കും? അടക്കവും ഒതുക്കവും പഠിപ്പിക്കുമ്പോൾ  മാതാപിതാക്കൾ മറന്നു പോകുന്ന ഒന്നാണ് അവൾ നാളെ ചവിട്ടി അരയ്ക്കപ്പെട്ടാലും പ്രതികരിക്കാൻ അറിയാത്തവരായി മാറുമെന്ന്. - രാജശ്രീ രാംജി, സെന്റ് മേരീസ് കോളജ് മണർകാട് 

B2

സ്ത്രീധനത്തിനെതിരെ നിയമം ഉണ്ടെങ്കിലും ഇത് ശക്തമായി നടപ്പാക്കാൻ ആരും തന്നെ മുന്നോട്ട് വരാത്തതാണ് കഷ്ടം. ഇതിന്റെ പേരിൽ ഒരു സമരവും ഉണ്ടാകുന്നുമില്ല. ശരിയാവില്ല എന്ന തോന്നലുണ്ടായാൽ രണ്ടാമതൊന്നു ചിന്തിക്കാൻ  നിൽക്കാതെ ഇറങ്ങി നടന്നേക്കണം.  - മേഘ മോഹൻ, ഗവ.കോളജ് ,കോട്ടയം

B3

സ്ത്രീധനത്തിന്റെ പേരിൽ കലഹവും മർദനവും ഉണ്ടായിട്ടും വീണ്ടും അതേ വീട്ടിലേക്കു പെൺകുട്ടികളെ തിരിച്ചു വിടുന്നത് എന്തിനാണ്? നൽകുന്ന സ്ത്രീധനത്തിന്റെ പകുതി മതി അവൾക്ക് സ്വന്തം കാലിൽ നിൽക്കാൻ. സ്ത്രീക്ക് നിലനിൽക്കാൻ വേണ്ടത് നല്ല വിദ്യാഭ്യാസവും ജോലിയുമാണ്. അതാണ് ആദ്യം നൽകേണ്ടത് - വി.എസ്.ആവണി, സിഎംഎസ് കോളജ് , കോട്ടയം 

B6

സ്ത്രീധനത്തെ സമ്മാനം എന്നു വിളിക്കുന്നത് തന്നെ തെറ്റ്. പെൺകുട്ടികൾക്കു നല്ല വിദ്യാഭ്യാസം നൽകുന്നതിനൊപ്പം അവരെ ശാരീരികമായും മാനസികമായും കരുത്തുള്ളവരാക്കണം. നിർബന്ധമായും ഒരു ആയോധന കലയെങ്കിലും പരിശീലിച്ചിരിക്കണം. മക്കൾക്കു നൽകാനുള്ളത് മാതാപിതാക്കൾ  അവർക്കു നൽകുന്നതിൽ തെറ്റില്ല, പക്ഷേ വിൽപനചരക്കാക്കി ഭർത്താവിനും ഭർതൃവീട്ടുകാർക്കുമാകരുത് അതു നൽകുന്നത്. - ആർ. ലക്ഷ്മി, എസ് വി ആർഎൻഎസ്എസ് കോളജ് വാഴൂർ

B7

ഒന്നും കൊടുക്കാതെ എങ്ങനെ ആണ് കെട്ടിച്ചു വിടുന്നതെന്ന ചിന്ത പെൺമക്കളുടെ വീട്ടുകാർ ഉപേക്ഷിക്കുക. എത്ര തന്നാലും ഞങ്ങളുടെ സ്റ്റാറ്റസിന് അത് പോര എന്നു പറയുന്ന ചിന്ത ആൺ മക്കളുടെ വീട്ടുകാരും ഉപേക്ഷിക്കുക. കാലം അല്ല കാഴ്ചപ്പാടാണ് ഈ വിഷയത്തിൽ പ്രധാനം. - കീർത്തന സജീവ്, ബസേലിയസ് കോളജ് ,കോട്ടയം

B1
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com