ഇസ്‌ലാമിക ചിത്ര കലയിലൂടെ ചാൾസ് രാജകുമാരന്റെ മനം കവർന്നു തൃക്കാക്കര മാനാത്ത് ഷാദിയ മുഹമ്മദ്. ലണ്ടനിലെ ചെൽസിയിൽ വിദ്യാർഥികളുടെ ചിത്രകല പ്രദർശനം കാണാനെത്തിയ രാജകുമാരൻ ഷാദിയയുടെ വരകളെ അഭിനന്ദിക്കുകയും വിശദാംശങ്ങൾ ആരായുകയും ചെയ്തു. ലണ്ടൻ ദി പ്രിൻസസ് സ്കൂൾ ഓഫ് ട്രെഡീഷനൽ ആർട്സിൽ നിന്നു പരമ്പരാഗത ഇസ്‍ലാമിക ചിത്ര കലയിൽ ബിരുദാനന്തര ബിരുദം നേടിയ അപൂർവം ഇന്ത്യക്കാരിൽ ഒരാളാണ് ഷാദിയ. ചിത്രകല പ്രദർശനത്തിന് ഇൻസ്റ്റഗ്രാമിൽ സ്വന്തം പേജുണ്ട്. സമൂഹ മാധ്യമങ്ങളിലൂടെ ലഭിച്ച പ്രോത്സാഹനമാണ് ചിത്രരചനയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ പ്രചോദനമായത്.

പരമ്പരാഗത ചിത്രകലാ രീതികളായ മിനിയേച്ചർ പെയിന്റിങ്, ഇസ്‍ലാമിക് ആർട്സ്, വുഡ് മാർക്കറ്റ്വറി, സെറാമിക്സ്, കാലിഗ്രഫി തുടങ്ങിയവയിലെല്ലാം പ്രാവീണ്യം നൽകുന്ന പരിശീലനമാണ് ഷാദിയ ലണ്ടനിൽ പൂർത്തിയാക്കിയത്. യുഎസ്, ചൈന, തയ്‌വാൻ, ബ്രസീൽ, ഇന്ത്യ എന്നിവിടങ്ങളിൽ നിന്നുള്ള അധ്യാപകരുടെ കീഴിലായിരുന്നു പരിശീലനം. തൃക്കാക്കര മാനാത്ത് എം.ഐ.മുഹമ്മദിന്റെയും ആത്തിക്കയുടെയും മകളാണ്. സഹോദരങ്ങളായ ആർക്കിടെക്ട് ഷഹീനും ഡോ.ഷാസിയയും മിസ്രിയയും ചിത്രകലയ്ക്ക് പിന്തുണയുമായി ഒപ്പമുണ്ട്.
English Summary : Artist Shadiya received congratulations from Prince Charles for her painting works