ADVERTISEMENT

സ്ത്രീ ശരീരത്തിൽനിന്നു പുരുഷ ശരീരത്തിേലക്കുള്ള യാത്ര. അവിടെനിന്നു ബോഡി ബിൽഡിങ്ങിലേക്കും മിസ്റ്റർ കേരളയിലേക്കും. പ്രവീൺ നാഥിന്റെ ജീവിതയാത്ര ഇങ്ങനെയായിരുന്നു. എന്നാൽ ആ യാത്രയ്ക്കു പിന്നിലെ വേദന വിവരിക്കാൻ വാക്കുകൾ മതിയാവില്ല. നിശ്ചയദാർഢ്യം ഒന്നു മാത്രമായിരുന്നു പ്രവീണിന്റെ കൈമുതൽ. പല തവണ ആത്മഹത്യയുടെ വക്കിലെത്തി. ജീവിച്ചു കാണിക്കണമെന്ന വാശിയോടെ തിരിച്ചു നടക്കും. ആ വാശിയാണ് പ്രവീണിനെ മിസ്റ്റർ കേരളയിലേക്ക് എത്തിച്ചത്. മിസ്റ്റർ കേരളയിൽ പങ്കെടുത്ത ആദ്യ ട്രാൻസ്മാൻ ആയി പ്രവീൺ നാഥ് മാറുമ്പോൾ പിറന്നത് പുതുചരിത്രം. ഒരുപാട് പേർക്ക് ഇതൊരു പ്രചോദനമായി മാറും എന്നതാണ് പ്രവീണിനെ സന്തോഷിപ്പിക്കുന്നത്. ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ സ്വത്വം കണ്ടെത്തുന്നവരുടെ അതിജീവനം ചോദ്യചിഹ്നമായി നിൽക്കുന്ന സമൂഹത്തിൽ പ്രവീണിന്റെ നേട്ടത്തിന് മൂല്യമേറെയാണ്.

പാലക്കാട് നെന്മാറയിലുള്ള എലവഞ്ചേരിയാണ് പ്രവീണിന്റെ സ്വദേശം. പെൺകുട്ടിയുടെ ശരീരത്തിനുള്ളിൽ ആൺകുട്ടിയാണു ജീവിക്കുന്നതെന്ന് പ്രവീൺ തിരിച്ചറിയുന്നത് 15 ാം വയസ്സിലാണ്. പ്രവീണിന്റെ പെരുമാറ്റത്തിലെ വ്യത്യാസം മനസ്സിലാക്കിയ അധ്യാപകരും സുഹൃത്തുക്കളും കാര്യങ്ങൾ ചോദിച്ച് മനസ്സിലാക്കുകയും വീട്ടിൽ പറയുകയും ചെയ്തു. അങ്ങനെ ആദ്യമായി കൗൺസലിങ്ങിന് വിധേയനായി. സ്വന്തം സ്വത്വത്തില്‍ ജീവിക്കാൻ അവകാശമുണ്ടെന്നും അതു തെറ്റല്ലെന്നും എന്നാൽ പ്രായപൂർത്തിയാകുന്നതു വരെ കാത്തിരിക്കണമെന്നും നന്നായി പഠിച്ച ജോലി നേടണമെന്നുമൊക്കെ പ്രവീണിനെ കൗൺസലർ ഉപദേശിച്ചു.

praveen-nath-1

പ്ലസ്‌വണും പ്ലസ്ടുവും പൂർത്തിയാക്കി നെന്മാറ എൻഎസ്എസ് കോളജിൽ ഡിഗ്രിക്ക് ചേർന്നു. അവിടെ ഒന്നാം വർഷം പഠിക്കുമ്പോഴാണ് പ്രവീൺ വീടു വിട്ടിറങ്ങുന്നത്. ‘‘ഞാനൊരു പെൺകുട്ടിയുമായി പ്രണയത്തിലായിരുന്നു. അവൾ എന്ന കാണാൻ വീട്ടിലേക്കു വന്നു. അതിനെച്ചൊല്ലി വീട്ടിൽ വഴക്കുണ്ടായി. അങ്ങനെ ഞാൻ 18 ാം വയസ്സിൽ വീട്ടിൽനിന്നിറങ്ങി’’

ലിംഗ–ലൈംഗിക ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾക്കു വേണ്ടി പ്രവർത്തിക്കുന്ന സഹയാത്രികയുടെ സഹായത്തോടെയാണ് പ്രവീൺ അന്നു വീടുവിട്ടിറങ്ങിയത്. ഇനി വീട്ടിലേക്കില്ലെന്നും സ്വത്വം വെളിപ്പെടുത്തി ജീവിക്കാനാണ് തീരുമാനമെന്നും അന്വേഷിച്ചു വന്ന വീട്ടുകാരോട് പ്രവീൺ പറഞ്ഞു. നന്നായി പഠിക്കണമെന്നും സ്വന്തം കാലിൽ നിൽക്കണമെന്നും പറഞ്ഞാണ് കുടുംബാംഗങ്ങൾ മടങ്ങിയത്. അതിനുശേഷം പ്രവീൺ മഹാരാജാസ് കോളജില്‍ ഡിഗ്രിക്ക് ചേർന്നു. ലിംഗമാറ്റത്തിന്റെ ആദ്യ പടിയായ ഹോർമോൺ ചികിത്സ ആരംഭിക്കുന്നതും ഇക്കാലയളവിലാണ്. 2019 ൽ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു ശസ്ത്രക്രിയ. അതിനുശേഷം നാട്ടിലേക്ക് തിരിച്ചുവന്നു. അവിടെ ഒരു അക്ഷയകേന്ദ്രത്തിൽ ജോലി ചെയ്യാൻ തുടങ്ങി. എന്നാൽ ജീവിതം അത്ര സുഖകരമായിരുന്നില്ല. നാട്ടുകാർ കളിയാക്കുകയും അവഗണിക്കുകയും ചെയ്തു. പക്ഷേ അമ്മയും ചേട്ടന്മാരും പിന്തുണച്ചത് ആ വേദനയിലും പ്രവീണിന് ആശ്വാസമായി. ‘‘എന്നെ വീട്ടുകാർ പിന്തുണച്ചു. പക്ഷേ നാട്ടുകാർക്ക് ആയിരുന്നു പ്രശ്നം. ഞാൻ നാട്ടിൽ വരുന്നത് ഇഷ്ടമില്ലാത്തവർ ഉണ്ടായിരുന്നു. അങ്ങനെ ഒരു സാഹചര്യത്തിൽ ഞാൻ തൃശൂരിലേക്കുതന്നെ തിരിച്ച് വന്നു. സഹയാത്രികയിൽ കോഓർഡിനേറ്റർ ആയി ജോലി കിട്ടി. ലോക്ഡൗൺ തുടങ്ങിയ സമയം ആയിരുന്നു അത്. കമ്യൂണിറ്റിയിലുള്ളവർക്കു വേണ്ടി പ്രവർത്തിക്കാൻ അവസരം ലഭിച്ചത് കൂടുതൽ ആശ്വാസമായി. കഷ്ടപ്പാടുകൾക്കൊടുവിൽ മെച്ചപ്പെട്ട ജീവിതം നയിക്കാൻ ലഭിച്ച സാഹചര്യം ആയിരുന്നു അത്’’.

ബോഡി ബില്‍ഡിങ്ങിലേക്കുള്ള പ്രവീണിന്റെ കടന്നു വരവ് ആകസ്മികമായിട്ടായിരുന്നു. എറണാകുളത്തു പഠിച്ചിരുന്ന സമയത്തും അതിനുശേഷം പാലക്കാട് തിരിച്ചെത്തിയപ്പോഴും പ്രവീൺ ജിമ്മിൽ ചേർന്നിരുന്നു. ശരീരം ഫിറ്റാക്കി നിർത്തുക എന്നതായിരുന്നു ലക്ഷ്യം. എന്നാൽ ഒരു കൗതുക വസ്തു എന്ന നിലയിലുള്ള പെരുമാറ്റമാണ് നേരിടേണ്ടി വന്നത്. അതോടെ ആ ശ്രമങ്ങൾ പെട്ടെന്ന് അവസാനിപ്പിച്ചു. തൃശൂരിലേക്ക് എത്തിയതോടെ ആ ആഗ്രഹം പൊടി തട്ടിയെടുക്കാൻ പ്രവീൺ തീരുമാനിച്ചു. താമസസ്ഥലമായ പൂങ്കുന്നത്തിന് അടുത്തുള്ള ജിം തേടി. അത് ആർഎസ് ഫിറ്റ്നസ് സെന്ററിൽ എത്തിച്ചു. ‘‘വിനു ചേട്ടനായിരുന്നു ട്രെയിനര്‍. ഞാൻ ട്രാൻസ്മാൻ ആണെന്ന് അദ്ദേഹത്തോട് പറഞ്ഞു. കുഴപ്പമില്ലെന്നും അതൊന്നും ആരോടും പറയേണ്ടതില്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ മറുപടി. അങ്ങനെ ജിമ്മിൽ പോയിത്തുടങ്ങി. പതിയെ അത് ബോഡി ബിൽഡിങ്ങിലേക്ക് വഴിമാറി’’

praveen-nath-2

ബോഡി ബിൽഡറായി മാറുകയെന്ന സ്വപ്നം മനോഹരമായിരുന്നെങ്കിലും അവിടെയും നിരവധി കടമ്പകൾ മറികടക്കേണ്ടിയിരുന്നു. സ്പെഷൽ കാറ്റഗറി സൃഷ്ടിക്കുക എന്നതായിരുന്നു പ്രധാന വെല്ലുവളി. അസോസിയേഷനുമായി സംസാരിച്ച് ഇതു സാധിച്ചെടുത്തു. കഠിനമായ വർക്കൗട്ടുകളും ഡയറ്റുകളുമായി പ്രവീൺ പ്രയത്നം തുടർന്നു. മാനസികമായും സാമ്പത്തികമായും പിന്തുണ േതടിയെത്തി. അങ്ങനെ മിസ്റ്റർ തൃശൂർ മത്സരത്തിൽ സ്പെഷൽ കാറ്റഗറിയിൽ ആദ്യ മത്സരാർഥിയായി പ്രവീൺ. അതിനുശേഷം മിസ്റ്റർ കേരളയിലും മത്സരാർഥിയായി. ഇങ്ങനെയൊരു കാറ്റഗറി രൂപീകരിക്കുന്നതും മത്സരിക്കാൻ ആളുണ്ടാകുന്നതും വലിയ മാറ്റങ്ങൾക്കു തുടക്കം കുറിക്കുമെന്നാണ് പ്രവീണിന്റെ വിശ്വാസം. ഒരു ട്രാൻസ്മാന്റെ ശരീരം എങ്ങനെയാണ് ? എന്തെല്ലാം വ്യത്യാസങ്ങളുണ്ട് ? ട്രാൻസ്മെന്നിന് എന്തെല്ലാം ചെയ്യാനാകും എന്നിങ്ങനെയുള്ള ചോദ്യങ്ങൾക്കെല്ലാം മറുപടി നൽകണമെന്ന ആഗ്രഹം സഫലമായെന്ന് പ്രവീൺ പറയുന്നു. രണ്ടു മാസത്തിനപ്പുറം വരുന്ന മിസ്റ്റർ സൗത്ത് ഇന്ത്യയിലും ഫെബ്രുവരിയിൽ നടക്കുന്ന മിസ്റ്റർ ഇന്ത്യയിലും അവസരം കിട്ടുകയാണെങ്കിൽ പങ്കെടുക്കണമെന്നാണ് പ്രവീണിന്റെ ആഗ്രഹം. ബോഡി ബിൽഡിങ് അസോസിയേഷനുമായി ഇക്കാര്യത്തിൽ ചർച്ചകൾ തുടരുകയാണ്.

ജീവിതത്തിൽ ഇവിടം വരെ എത്താനുള്ള പ്രചോദനം ആരാണെന്നു ചോദിച്ചാൽ ‘അതു ഞാൻ തന്നെ’ എന്ന മറുപടി ആയിരിക്കും പ്രവീൺ നൽകുക. ഒറ്റയ്ക്കാകുമ്പോൾ, പ്രതിസന്ധികൾ നേരിടുമ്പോൾ, ജീവിതം അവസാനിപ്പിക്കണമെന്നു തോന്നുമ്പോൾ സ്വയം പ്രചോദിപ്പിച്ചാണ് പിടിച്ചു നിന്നത്. നിരവധിപ്പേരുടെ പിന്തുണ ലഭിച്ചിട്ടുണ്ട്. എങ്കിലും തോറ്റു പോകരുതെന്നും താൻ കാരണം തല കുനിക്കേണ്ടി വന്ന വീട്ടുകാർക്ക് അഭിമാനത്തോടെ തല ഉയർത്തിപ്പിടിച്ചു നിൽക്കാനുള്ള സാഹചര്യം ഒരുക്കണമെന്നുമുള്ള ചിന്തകൾ മുന്നേറാൻ കരുത്തേകി.

ഫെയ്സ്ബുക് സംഘടിപ്പിച്ച വെർച്വൽ പുലിക്കളിയിൽ അയ്യന്തോൾ ദേശത്തെ പ്രതിനിധീകരിച്ച ഏഴു പുലികളിൽ ഒരാളാകാനുള്ള അവസരം ലഭിച്ചതിന്റെ സന്തോഷത്തിലാണ് പ്രവീണിപ്പോൾ. 30 മിനിറ്റോളം പുലിയായി പ്രകടനം നടത്താൻ സാധിച്ചു. ഒരു ട്രാൻസ്മെന്നിന് പുലി വേഷം കെട്ടാൻ ലഭിച്ച അവസരം പ്രവീണിന് പ്രതീക്ഷ നൽകുന്നുണ്ട്.

praveen-nath-4

ലിംഗ–ലൈംഗിക ന്യൂനപക്ഷങ്ങളോടുള്ള സമൂഹത്തിന്റെ പെരുമാറ്റം മാറുന്നുണ്ട്, പക്ഷേ അതിനു വേഗം പോര എന്നാണ് പ്രവീണിന് തോന്നിയിട്ടുള്ളത്. ഒരാൾ സ്വത്വം വെളിപ്പെടുത്തുന്നതും അതിനനുസരിച്ച് ജീവിക്കുന്നതും വലിയൊരു കുറ്റമായി കാണുന്നവർ നിരവധിയാണ്. നേരിൽ കാണുമ്പോൾ അഭിനന്ദിക്കുകയും അതേസമയം മറഞ്ഞു നിന്നു കുറ്റം പറയുകയും ചെയ്യുന്നവർ ധാരാളമുണ്ട്. ഒരാളിൽ നല്ലത് എന്തെങ്കിലുമുണ്ടെങ്കിൽ അതിനെ പ്രോത്സാഹിപ്പിക്കാൻ അയാളുടെ ജെൻഡർ എന്താണെന്ന് നോക്കേണ്ടതുണ്ടോ ? ‘കൂടെയുണ്ട്’ എന്ന ഒരു വാക്കിന് ജീവിതത്തിൽ പ്രയാസം അനുഭവിക്കുന്ന ഒരാളെ മുന്നോട്ടു നയിക്കാനുള്ള കരുത്തുണ്ട്. പരസ്പരം മനസ്സിലാക്കി, എല്ലാവരേയും ഉൾക്കൊണ്ടു മുന്നോട്ടു പോകാൻ സമൂഹത്തിന് സാധിക്കട്ടെ എന്നാണു പ്രാർഥനയെന്നും പ്രവീൺ പറയുന്നു.

English Summary : The life story of Trans man Praveen Nath who bagged gold medal in Mr.Kerala 2021

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com