ADVERTISEMENT

സർ എന്ന വിളി ഒഴിവാക്കണമെന്ന ചർച്ചകൾ വിവിധ മേഖലകളിൽ സജീവമായിരിക്കെ തന്നെ സർ എന്നു വിളിക്കേണ്ട എന്ന നിലപാടുമായി കോട്ടയം ബിസിഎം കോളജ് അധ്യാപകൻ ഡോ. അജിസ് ബെൻ മാത്യു എത്തി. 

ഇക്കാര്യത്തിൽ രണ്ട് അഭിപ്രായമാണ് ഉയരുന്നത്.  ഉന്നത വിദ്യാഭ്യാസ മേഖലയിൽ സർ എന്ന വിളി വേണ്ടെന്ന് നിലപാടുമായി ഒരു വിഭാഗം. ആ വിളി ഗുരു–ശിഷ്യ ബന്ധത്തിന്റെ മഹനീയ മാതൃകയാണെന്ന നിലപാടിലാണ് 

മറുവിഭാഗം. പ്രതികരണങ്ങൾ ഇതോടൊപ്പം...

അധ്യാപക സമൂഹത്തെയാകെയാണ് സർ എന്നു വിളിക്കുന്നത്. അത് ഒരു അധികാരത്തെ അഭിസംബോധന ചെയ്യുന്നതല്ല. വിദ്യാർഥികൾ അറിഞ്ഞു നൽകുന്നതാണ് ആ വിളി. ഉദ്യോഗസ്ഥ തലത്തിലെ സർ വിളി വാങ്ങിയെടുക്കുന്നതാണ്. കൊടുക്കുന്നതും വാങ്ങിക്കുന്നതും തമ്മിലുള്ള വ്യത്യാസമുണ്ട്. 

ഡോ.ബാബു സെബാസ്റ്റ്യൻ, മുൻ വൈസ് ചാൻസലർ, എംജി സർവകലാശാല, കോട്ടയം

വിദ്യാർഥികൾ അധ്യാപകനെ ‘സർ’ എന്നും അധ്യാപികയെ ‘മാഡം’ എന്നും നിർബന്ധമായും വിളിക്കണം എന്ന ചിന്ത എനിക്കില്ല. ‘സർ, മാഡം’ തുടങ്ങിയ സംബോധനകൾ ബഹുമാന സൂചകങ്ങളാണല്ലോ. ബഹുമാനം നിയമങ്ങൾ കൊണ്ടോ ചട്ടങ്ങൾ കൊണ്ടോ അധികാര പ്രയോഗങ്ങൾ കൊണ്ടോ നേടിയെടുക്കേണ്ടതല്ല. അധ്യാപകന്റെ അഥവാ അധ്യാപികയുടെ കർമം ബഹുമാനം അർഹിക്കുന്ന തരത്തിൽ ആണെങ്കിൽ വിദ്യാർഥികൾ അതിനു ചേർന്ന ആദരം താനേ കൊടുത്തു കൊള്ളും. പേരു വിളിച്ച് സംബോധന ചെയ്യുന്നതുകൊണ്ട് ആരുടെയെങ്കിലും ഈഗോ മുറിപ്പെട്ട് പോകുമെങ്കിൽ അത്തരക്കാർ ഈ കാലഘട്ടത്തെയും പുതിയ തലമുറയുടെ ആശയവിനിമയ സമ്പ്രദായങ്ങളിൽ വന്നിട്ടുള്ള മാറ്റങ്ങളെയും ഉൾക്കൊള്ളാൻ പ്രയാസപ്പെടുന്നവരാണെന്നേ ഞാൻ കരുതുന്നുള്ളൂ. വിദ്യാർഥികൾ അവരുടെ ഉള്ളിലെ വൈകാരിക ഭാവങ്ങൾക്ക് യോജിച്ച തരത്തിൽ അധ്യാപകരെ സംബോധന ചെയ്യുന്നതാണു ഉചിതം. എല്ലാം കുട്ടികൾ തീരുമാനിക്കട്ടെ.

ഡോ. മധു വാസുദേവൻ, കവി, അസോഷ്യേറ്റ് പ്രഫസർ, മഹാരാജാസ് കോളജ്, എറണാകുളം.

എന്തു പേരിൽ വിളിച്ചാലും അധ്യാപകരും വിദ്യാർഥികളും തമ്മിലുള്ള ആത്മബന്ധം നിലനിർത്തുക എന്നതിലാണ് കാര്യം. പൊതുവായി അധ്യാപകർക്ക് സമൂഹം കൽപിച്ചു തരുന്ന ചില ചട്ടക്കൂടുകൾ നിലനിൽക്കുന്നുണ്ട്, അതിൽ ഒന്നാണ് ഈ സർ വിളിയും. ഒരു സുപ്രഭാതത്തിൽ കുട്ടികളോട് പറയുകയാണ് നാളെ മുതൽ എന്നെ സർ എന്ന് വിളിക്കരുത്, പേരു വിളിച്ചാൽ മതിയെന്ന് പറഞ്ഞാൽ കുട്ടികൾക്ക് വേഗം പൊരുത്തപ്പെടാൻ കഴിഞ്ഞെന്നു വരില്ല. സർ എന്ന് വിളിച്ചില്ലെങ്കിൽ അധ്യാപകരെ ബഹുമാനിച്ചില്ല എന്നല്ല അർഥമാക്കുന്നത്. അവരുടെ ഇടപെടലുകളിൽനിന്നു പോലും ബഹുമാനം തിരിച്ചറിയാൻ കഴിയും.

വി.എസ് കൈകസി, അസിസ്റ്റന്റ് പ്രഫസർ യൂണിവേഴ്സിറ്റി കോളജ്, തിരുവനന്തപുരം

അധ്യാപക–വിദ്യാർഥി ബന്ധത്തിൽനിന്നാണ് സർ എന്ന വിളിയുണ്ടാകുന്നത്. അതിന്റെ ഈണമാണ് ബന്ധം നിർണയിക്കുന്നത്. അത് ഒരു അടുപ്പത്തിന്റെ വിളിയാണ്. ഒരു ഉദ്യോഗസ്ഥനെ വിളിക്കുന്ന പോലെ അല്ല അധ്യാപകനെ വിളിക്കുന്നത്. ഒരു ഫാഷന്റെ പേരിൽ സർ വിളി ഒഴിവാക്കേണ്ട ആവശ്യമില്ല. 

ഡോ.സിറിയക് തോമസ്, മുൻ വൈസ് ചാൻസലർ, എംജി സർവകലാശാല, കോട്ടയം 

ബ്രിട്ടിഷ് കൊളോണിയൽ സിസ്റ്റത്തിന്റെ ബാക്കിപത്രമാണ് സർ എന്ന വിളി. അത് ഒഴിവാക്കണമെന്നാണ് എന്റെ അഭിപ്രായം. എന്റെ വിദ്യാർഥികളോട് പേര് വിളിക്കാനാണ് ഞാൻ ആവശ്യപ്പെടുന്നത്. എന്നാൽ അവരിൽ പലർക്കും അത് അംഗീകരിക്കാൻ മടിയാണ്. വിദേശ സർവകലാശാലകളിൽ സീനിയർ പ്രഫസറായാണ് പോകുന്നത്. അവിടെ എല്ലാവരും പേരാണു വിളിക്കുന്നത്. അമേരിക്കൻ പ്രസിഡന്റിനെ മിസ്റ്റർ പ്രസിഡന്റ് എന്നല്ലേ വിളിക്കുന്നത്. ഓഫിസുകളിലും സർ വിളി പൂർണമായും ഒഴിവാക്കേണ്ടതാണ്. 

ഡോ.സാബു തോമസ്, വൈസ് ചാൻസലർ, എംജി സർവകലാശാല, കോട്ടയം 

സൈദ്ധാന്തികമായ തലത്തിൽ സർ എന്ന വിളി ഒഴിവാക്കേണ്ടതാണ്. മാതൃകാപരമായ ഒരു സംഭാഷണ സാഹചര്യം ഉണ്ടാവണമെങ്കിൽ പദവികളുടെ വ്യത്യാസം ഇല്ലാതാകണം. എന്നാൽ നമ്മുടെ സമൂഹത്തിൽ അത് എത്രത്തോളം പ്രാവർത്തികമാകും എന്നതു സംശയമാണ്. കാലങ്ങളായി അധ്യാപകനെ സർ എന്നാണ് പൊതുവായി എല്ലാവരും വിളിക്കാറുള്ളത്. അത് ഇപ്പോഴത്തെ തലമുറയും തുടരുന്നു. അധ്യാപകൻ എന്ന ജോലിയുടെ പര്യായപദമായി പദമായി ഈ സർ വിളി മാറി. സർ എന്നു വിളിക്കണോ വേണ്ടയോ എന്നതു കുട്ടികൾക്കു വിട്ടുകൊടുക്കാം.

yuva-open-form-why-should-one-address-their-teachers-madam-and-sir

ഡോ. മനോജ് കുറൂർ, എഴുത്തുകാരൻ,  അസോഷ്യേറ്റ് പ്രഫസർ, എൻഎസ്എസ് ഹിന്ദു കോളജ്, ചങ്ങനാശേരി 

ഓരോ വ്യക്തിയുടെയും വീക്ഷണം വ്യത്യസ്തമായിരിക്കും. സർ എന്നു വിളിക്കേണ്ടതില്ല എന്ന അധ്യാപകന്റെ ആശയത്തോട് എതിർപ്പില്ല. എന്നാൽ വ്യക്തിപരമായി പറയുമ്പോൾ എന്റെ കുട്ടികൾ ടീച്ചറേ എന്ന് അഭിസംബോധന ചെയ്യുമ്പോൾ കിട്ടുന്നത് ഹൃദ്യമായ അനുഭവമാണ്. അത് ഞാൻ ആഗ്രഹിക്കുകയും ചെയ്യുന്നുണ്ട്. മിസ്, മാ‍ഡം തുടങ്ങിയ സംബോധനകളെക്കാൾ ടീച്ചർ വിളിയാണ് പ്രിയം. അതേസമയം യാതൊരു പരിചയവും ഇല്ലാത്തവർ ടീച്ചറെന്നും മിസ്സെന്നും അഭിസംബോധന ചെയ്യുന്നത് അത്ര ഇഷ്ടവുമല്ല. അത്തരം വേദികളിൽ മ്യൂസ് മേരി എന്ന പേരിൽ തന്നെ അറിയപ്പെടാനാണ് താൽപര്യം. 

മ്യൂസ് മേരി , എഴുത്തുകാരി ,റിട്ട. അധ്യാപിക, യുസി കോളജ്, ആലുവ

അധ്യാപകരെ സർ എന്ന് വിളിക്കുന്നതിൽ തെറ്റില്ല എന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം. മറ്റു പല തൊഴിൽ മേഖലകളിലും നിലനിൽക്കുന്ന ‘സർ’ വിളി ഒഴിവാക്കാവുന്നതാണ്. അധ്യാപനം എന്നത് ബഹുമാനം അർഹിക്കുന്ന തൊഴിൽ മേഖലയാണ്. അതു ചെയ്യുന്ന ആളുകളും ബഹുമാനിക്കപ്പെടണം.

ഡോ.പുന്നൻ ,കുര്യൻ വേങ്കടത്ത്,  പ്രിൻസിപ്പൽ, സെന്റ് മേരീസ് കോളജ്, മണർകാട്

സർ, മാഡം വിളികളൊക്കെ പല മേഖലകളിൽനിന്ന് എടുത്തുമാറ്റപ്പെടുകയാണ്. ക്യാംപസുകളും ഈ മാറ്റങ്ങളെ സ്വാഗതം ചെയ്യും. പക്ഷേ, ഇതു കാലാനുസൃതമായി സംഭവിക്കണം. സർ, മാഡം എന്നീ വിളികൾ അധ്യാപകരോടു അകൽച്ചയുണ്ടാക്കുമെന്നു ഞാൻ വിചാരിക്കുന്നില്ല. ഈ വിഷയത്തിൽ കൂടുതൽ ചർച്ചകൾ നടക്കട്ടെ.

കെ.എം. അഭിജിത്ത്, കെഎസ്‌യു സംസ്ഥാന പ്രസിഡന്റ്

അധ്യാപകനെ പേരെടുത്തു വിളിക്കുന്നതിനോടു നമുക്കു യോജിക്കാൻ കഴിയില്ല. അച്ഛനെയും അമ്മയെയും പേരെടുത്തു വിളിക്കുന്നില്ലല്ലോ. ബഹുമാനം നൽകുന്ന രീതിയിൽ അധ്യാപകരെ അഭിസംബോധന ചെയ്യണമെന്നാണ് എന്റെ അഭിപ്രായം. 

ജോജി അലക്സ്, സംസ്ഥാന പ്രസിഡന്റ് , എകെപിസിടിഎ 

സർ, മാഡം എന്നീ വിളികളിൽ യാതൊരു മാറ്റവും വേണ്ടെന്ന അഭിപ്രായക്കാരനാണ് ഞാൻ. അല്ലാതെ തന്നെ വിദ്യാഭ്യാസ രംഗത്തു ഒരുപാടു കാര്യങ്ങളിൽ മാറ്റങ്ങൾ വരാനുണ്ട്. കൊളോണിയൽ കാലഘട്ടത്തെയാണു മറ്റു പലകാര്യങ്ങളിലും നമ്മൾ പിന്തുടരുന്നത്. അത്തരം കാര്യങ്ങളിലൊക്കെ ആദ്യം മാറ്റം വരട്ടെ. 

ജി.ഗോപകുമാർ, മുൻ സംസ്ഥാന വൈസ് പ്രസിഡന്റ്, കെപിസിടിഎ 

അധ്യാപകരെ സർ എന്നല്ലാതെ മറ്റൊന്നും വിളിക്കുന്നതിനോടു യോജിപ്പില്ല. ഇതിനു പകരമാകില്ല മറ്റൊന്നും.

കെ.എസ്.ആകാശ്,  എസ്എൻ കോളജ് കുമരകം

സർ എന്ന പ്രയോഗം ഒഴിവാക്കണമെന്ന അഭിപ്രായത്തോട് യോജിക്കുന്നു. 

പി.ആർ. രാഹുൽ, ചങ്ങനാശേരി എസ്ബി കോളജ്

പകരം മലയാളത്തിൽനിന്ന് ഒരു വാക്ക് കണ്ടെത്തിയാലേ ഇതൊഴിവാക്കാനാകൂ. 

എം.എസ്.ഗൗതം,  കട്ടപ്പന ഗവ. കോളജ്

ബഹുമാനത്തിന്റെ സൂചകമാണ്. ശീലിച്ചു വന്ന ഈ രീതിയിൽ മാറ്റം വരണമെന്ന് ആഗ്രഹിക്കുന്നില്ല.

വിഷ്ണു കെ.ഷാജി , സെന്റ് ജോസഫ് കോളജ്, മൂലമറ്റം

ഊഷ്മളമായ അധ്യാപക വിദ്യാർഥി ബന്ധങ്ങൾക്ക് അധികാര സ്വരത്തിന്റെ ആവശ്യമില്ല. സർ വിളി വേണ്ട. 

മേരി ജോർജ്, അൽഫോൻസ കോളജ്, 

പാലാ.അധ്യാപകരെ സർ എന്നല്ലാതെ മറ്റൊരു വാക്ക് വിളിക്കുന്നതിനെപ്പറ്റി ചിന്തിക്കാൻ സാധിക്കില്ല. 

പി.കെ.വിഷ്ണുകല, ദേവസ്വം ബോർഡ് കോളജ്, തലയോലപ്പറമ്പ്

ബഹുമാനം പ്രതിഫലിക്കുന്ന സമാന പദം ഉണ്ടെങ്കിൽ സർ വിളി ഉപേക്ഷിക്കാവുന്നതാണ്. 

പി.പി.അഭിനന്ദ് , മൂന്നാർ ഗവ. കോളജ്

അധ്യാപക പരിശീലനത്തിനായി ആദ്യമായി സ്കൂളിലേക്ക് ചെന്നപ്പോൾ ടീച്ചറേ എന്നൊരു വിളി കേട്ടപ്പോൾ വലിയൊരു സ്വപ്നം സാക്ഷാത്കരിച്ച നിർവൃതിയുണ്ടായി. 

എലിസബത്ത് സാബു, ബിഎഡ് കോളജ് നെടുങ്കണ്ടം

Content Summary : Should we address our teachers as Sir or Ma'am? Students and teachers respond. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com