ADVERTISEMENT

2016ൽ കോളജിൽ ചേർന്നതിന്റെ പത്താം ദിവസം ജിമ്മി ഡൊണാൾ‍ഡ്സൻ എന്ന പതിനേഴുകാരൻ പഠനം നിർത്താൻ തീരുമാനിച്ചു. ലോകത്ത് പലരും തിരഞ്ഞുകൊണ്ടിരിക്കുന്ന ഒരു രഹസ്യത്തിന്റെ ചുരുളഴിക്കാനായിരുന്നു അവന്റെ തീരുമാനം. ‘യൂട്യൂബിൽ വൈറലാവാൻ എന്തുചെയ്യണം?.’ ആറു വർഷമായി താൻ അന്വേഷിച്ചുകൊണ്ടിരിക്കുന്നതിന്റെ ഉത്തരം കോളജിൽ നിന്നുകിട്ടില്ല എന്ന തിരിച്ചറിവിൽ നിന്നായിരുന്നു അവൻ പഠനം നിർത്തിയത്. യൂട്യൂബ് തങ്ങളുടെ പ്രേക്ഷകർക്ക് വിഡിയോ നിർദേശിക്കുന്നതിന്റെ അൽഗരിതം കണ്ടെത്താനുള്ള അന്വേഷങ്ങൾക്കൊടുവിൽ അവൻ വിജയിക്കുകതന്നെ ചെയ്തു. ഇരുപത്തിമൂന്നുകാരനായ ജിമ്മി ഇന്നറിയപ്പെടുന്നത് മിസ്റ്റർ ബീസ്റ്റ് എന്ന പേരിലാണ്. യൂട്യൂബ് സബ്സ്ക്രൈബേഴ്സിന്റെ എണ്ണത്തിൽ ലോകത്തു പതിനൊന്നാം സ്ഥാനത്തുള്ള ചാനലിന്റെ ഉടമ. 

23 വയസ്സിനിടെ, യൂട്യൂബ് വരുമാനം ഉപയോഗിച്ച് സ്വന്തം പേരിൽ ബർഗർ ചെയിൻ ആരംഭിച്ച, 2 കോടി മരത്തൈകൾ വച്ചുപിടിപ്പിക്കാൻ 23 മില്യൻ ഡോളർ (ഏകദേശം 170 കോടി രൂപ) സംഭാവന നൽകിയ മിസ്റ്റർ ബീസ്റ്റ് ആരിലും ആശ്ചര്യം നിറയ്ക്കും. എന്നാൽ ആളുകളെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തുന്നത് ഇന്ന് ബീസ്റ്റിന്റെ ജീവിതത്തിന്റെ ഭാഗമാണ്. മിസ്റ്റർ ബീസ്റ്റ് എന്ന ജിമ്മി ഡൊണാൾഡ്സനിന്റെ ജീവിതത്തിലൂടെ....

∙ പന്ത്രണ്ടാം വയസ്സിൽ യൂട്യൂബിലേക്ക്

mr-beast-1

പന്ത്രണ്ടാം വയസ്സിൽ കാൾ ഓഫ് ഡ്യൂട്ടി കമ്പ്യൂട്ടർ ഗെയിം കളിക്കുന്ന വിഡിയോ പോസ്റ്റ് ചെയ്തുകൊണ്ടായിരുന്നു മിസ്റ്റർ ബീസ്റ്റിന്റെ തുടക്കം. ആദ്യവർഷങ്ങളിൽ ഒരു മൈക്രോഫോൺ പോലുമില്ലാതെ, പൂർണമായും ഫോണിൽ ചിത്രീകരിച്ചവയായിരുന്നു വിഡിയോകൾ. പ്യൂഡിപൈ അടക്കമുള്ള ഹിറ്റ് യൂട്യൂബർമാരുടെ വരുമാനം വിവരിക്കുന്നതായിരുന്നു പിന്നീട് വന്ന വിഡിയോകൾ. യൂട്യൂബിൽ നിന്ന് ഗൗരവമേറിയ ഒരു കരിയർ സൃഷ്ടിക്കാമെന്ന് ജിമ്മി അന്നേ തിരിച്ചറിഞ്ഞിരുന്നു എന്നു ചുരുക്കം.

കോളജ് പഠനം ഉപേക്ഷിച്ച ജിമ്മി ആദ്യം ചെയ്തത് തന്റെ സുഹൃത്തുക്കളെ ഒപ്പം കൂട്ടി യൂട്യൂബിൽ വൈറലാവുന്ന വിഡിയോകളെ കുറിച്ച് പഠിക്കലാണ്. അവ എന്തുകൊണ്ടു വൈറലായി എന്നും എന്തുകൊണ്ടാണ് യൂട്യൂബ് അവ കാഴ്ചക്കാർക്ക് നിര്‍ദേശിക്കുന്നതെന്നും മനസ്സിലാക്കാനായിരുന്നു അവരുടെ ശ്രമം.

∙ സിംപിൾ ബട്ട് പവർഫുൾ

വൈറലാവുമെന്നു പ്രതീക്ഷിച്ചു ചെയ്യുന്ന വിഡിയോകളൊന്നും ശ്രദ്ധിക്കപ്പെടാതെ നിരാശനായിരിക്കുമ്പോഴാണ് ജിമ്മിയുടെ തലയിൽ ഒരു ബൾബ് കത്തിയത്. ഒന്നു മുതൽ ഒരു ലക്ഷം വരെ എണ്ണുന്ന വിഡിയോ ചെയ്യുക. അങ്ങനെ എണ്ണിത്തുടങ്ങി. ഉറക്കവും ഭക്ഷണവും ഇല്ലാതെ 40 മണിക്കൂർ ഒരേയിരിപ്പിരുന്നാണ് ഈ ഉദ്യമം ജിമ്മി പൂർത്തിയാക്കിയത്. 24 മണിക്കൂറിൽ കൂടുതൽ ദൈർഘ്യമുള്ള വിഡിയോകൾ അപ്‍ലോഡ് ചെയ്യാൻ യൂട്യൂബ് അനുവദിക്കാത്തതിനാൽ വീഡിയോയുടെ ചില ഭാഗങ്ങൾ ഫാസ്റ്റ് ഫോർവേഡ് ചെയ്ത് 23 മണിക്കർ 48 മിനിറ്റ് ആക്കിയാണ് വിഡിയോ അപ്‍ലോഡ് ചെയ്തത്. എണ്ണിത്തീർത്ത്, ഒടുവിൽ അവശനായി ജിമ്മി പറയുന്നുണ്ട്. ‘ഞാനെന്തിനാണ് എന്റെ ജീവിതം ഇങ്ങനെ പാഴാക്കുന്നത്?’

mr-beast-6

എന്നാൽ ജിമ്മിയെ ഞെട്ടിച്ചുകൊണ്ട് ആ വിഡിയോ സൂപ്പർ ഹിറ്റായി മാറി. ആദ്യ ആഴ്ചകളിൽ ദിനം പ്രതി ആയിരക്കണക്കിനു പേർ കണ്ട വിഡിയോ പിന്നീട് ലക്ഷങ്ങളിലേക്കു നീണ്ടു. നാലു വർഷം കൊണ്ട് 2.3 കോടി വ്യൂസ് ആണ് ഈ വിഡിയോ നേടിയത്. പിന്നീട് വന്ന 100 മെഗാഫോണുകളുപയോഗിച്ച് ഗ്ലാസ് പൊട്ടിക്കൽ, 24 മണിക്കൂർ വെള്ളത്തിന് അടിയിൽ കഴിയൽ വിഡിയോകളും വലിയ ഹിറ്റുകളായി.  ബുദ്ധിമുട്ടും പണച്ചെലവുമുള്ള സ്റ്റണ്ട് വിഡിയോകൾ നിർമിക്കുന്നതിലായിരുന്നു പിന്നീടുള്ള ശ്രദ്ധ.

∙ വിജയത്തുടർച്ച

യൂട്യൂബിലെ ഒട്ടുമിക്ക യൂട്യൂബർമാർക്കും തുടക്കത്തിലെ വിജയം പിന്നീട് നിലനിർത്താനാവാതെ പോവുന്നത് സ്ഥിരം കാഴ്ചയാണ്. അവിടെയാണ് മിസ്റ്റർ ബീസ്റ്റ് വ്യത്യസ്തനാവുന്നത്. യൂട്യൂബിൽ ആരും പരീക്ഷിക്കാത്ത, കേൾക്കുന്നവരെ അമ്പരപ്പിക്കുന്ന ആശയം കണ്ടെത്തലാണ് ആദ്യപടി. എത്ര പണം ചെലവിട്ടും എത്ര ബുദ്ധിമുട്ടിയും പ്രേക്ഷകരെ രസിപ്പിക്കുന്ന രീതിയിൽ അവ നിർമിക്കുന്നതാണ് അടുത്തപടി. മണ്ണിനടിയിൽ ക്യാമറകളും ബൾബുകളും ഘടിപ്പിച്ച ശവപ്പെട്ടിയിൽ 50 മണിക്കൂർ കിടക്കൽ, 24 മണിക്കൂർ ഐസ്ക്യൂബുകൾക്കിടയിൽ ജീവിക്കൽ തുടങ്ങി കേട്ടാൽ ഞെട്ടുന്ന പ്രവൃത്തികളാണ് മിസ്റ്റർ ബീസ്റ്റ് ചാനലിന്റെ കണ്ടന്റ്.

വ്യത്യസ്തമായ കണ്ടന്റ് ലഭിക്കാനായി പണം വാരിയെറിയാൻ യാതൊരു മടിയും ജിമ്മിയ്ക്ക് ഇല്ല. സാധരണക്കാരായ വ്യക്തികൾക്ക് ഒരു ലക്ഷം ഡോളർ (ഏകദേശം 75 ലക്ഷം രൂപ) നൽകി അവരോട് ചെയ്യുന്ന ജോലി രാജി വയ്ക്കുമോ എന്നു ചോദിക്കുകയും സമ്മതിച്ചാൽ അത്രയും തുക ഉടനെ നൽകുകയും ചെയ്തിട്ടുണ്ട് മിസ്റ്റർ ബീസ്റ്റ്. ഭ്രാന്താണെന്നു തോന്നുന്നുണ്ടോ? എന്നാൽ ഇതു കൂടി കേട്ടോളൂ. പൂജ്യം വ്യൂവേഴ്സുമായി യൂട്യൂബിൽ ലൈവ് സ്ട്രീം ചെയ്യുന്നവർക്ക് പതിനായിരം ഡോളർ വച്ച് നൽകി അവരുടെ പ്രതികരണം പകർത്തുക, ഗെയിം സ്ട്രീം ചെയ്യുന്ന കുട്ടികൾക്ക് 25000 ഡോളർ നൽകി അവരുടെ പ്രതികരണം പകർത്തുക എന്നിവയൊക്കെ മിസ്റ്റർ ബീസ്റ്റിന്റെ ഇത്തരം ഭ്രാന്തുകളിൽ ചിലതു മാത്രമാണ്.

mr-beast-2

∙ പ്യൂഡിപൈയുടെ ആരാധകൻ

സെലിബ്രിറ്റി യൂട്യൂബർ പ്യൂഡിപൈയുടെ വലിയ ആരാധകൻ കൂടിയാണ് ബീസ്റ്റ്. 2019ൽ ഇന്ത്യൻ ചാനലായ ടി–സീരിസ് സബ്സ്ക്രൈബേഴ്സിന്റെ എണ്ണത്തിൽ പ്യൂഡിപൈയെ മറികടക്കാനൊരുങ്ങുമ്പോൾ ആയിരക്കണക്കിനു  ബോർഡുകൾ സ്ഥാപിച്ചും ടെലിഫോണിലൂടെ പരസ്യം നൽകിയും പ്യൂഡിപൈയെ സബ്സ്ക്രൈബ് ചെയ്ത് പിന്തുണയ്ക്കാൻ അഭ്യർഥനയുമായി ബീസ്റ്റ് രംഗത്തുണ്ടായിരുന്നു.

∙ കൂട്ടായ്മ

ജിമ്മിയുടെ വിജയത്തിനു പിറകിൽ ഒരു കൂട്ടായ്മ തന്നെ പ്രവർത്തിക്കുന്നുണ്ട്. വിഡിയോയിൽ ജിമ്മിക്കൊപ്പം പ്രത്യക്ഷപ്പെടുന്ന കൂട്ടുകാരടക്കം സെറ്റ് ഡിസൈൻ ചെയ്യാനും ക്യാമറ കൈകാര്യം ചെയ്യാനുമായി അമ്പതോളം പേർ സംഘത്തിലുണ്ട്.

∙ ബീസ്റ്റ് ബർഗർ

മിസ്റ്റർ ബീസ്റ്റ് എന്ന പേരിലുള്ള പ്രധാന ചാനല്‍ അടക്കം അഞ്ചു ചാനലുകളാണ് ജിമ്മിക്കുള്ളത്. ഇതിൽ പ്രധാന ചാനലിൽ നിന്നുള്ള വരുമാനമെല്ലാം അടുത്ത വിഡിയോ നിർമിക്കാനും സമ്മാനങ്ങൾ നൽകുന്നതിനുമായും ചെലവഴിക്കുന്നു. മറ്റു ചാനലുകൾക്കു കിട്ടുന്ന വരുമാനവും സ്പോൺസർഷിപ്പുമാണ് ലാഭമായുള്ളത്. യൂട്യൂബിൽ നിന്നുള്ള വരുമാനം പെട്ടെന്നു നിലച്ചുപോയാലും പ്രതിസന്ധിയിലാവരുത് എന്നുള്ള മാനേജർ റീഡ് ഡച്ഷറുടെ ഉപദേശം മാനിച്ചാണ് ജിമ്മി 2019 ൽ ബീസ്റ്റ് ബർഗർ എന്ന പേരിൽ കമ്പനി തുടങ്ങിയത്. ഇത് അതിവേഗം ഹിറ്റാവുകയും ചെയ്തു.

mr-beast-4

∙ ടീം ട്രീ

മിക്ക യൂട്യൂബർമാരും തങ്ങളുടെ ചാനലിൽ നിന്നു കിട്ടുന്ന വരുമാനം ആഡംബര വാഹനങ്ങൾ വാങ്ങാനും വീട് മോടി പിടിപ്പിക്കാനുമെല്ലാം ചെലവഴിക്കുമ്പോൾ, വരുമാനത്തിൽ ഏറിയ പങ്കും അടുത്ത വിഡിയോ നിർമിക്കാനോ സമൂഹസേവനത്തിനോ വേണ്ടിയാണ് ജിമ്മി ഉപയോഗിക്കുന്നത്. തെരുവിൽ കഴിയുന്നവർക്ക് വീട് വച്ചു നൽകാനും ഭക്ഷണം എത്തിക്കാനും ബീസ്റ്റ് പണം ചെലവഴിക്കുന്നു. കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് ബോധവൽക്കരണം നടത്തുന്നതിനോടൊപ്പം ‘ടീം ട്രീ’ എന്നു പേരിട്ട ക്യാംപെയ്നിലൂടെ 2 കോടി മരത്തൈകളാണ് മിസ്റ്റർ ബീസ്റ്റും സംഘവും വച്ചുപിടിപ്പിച്ചത്. 23 മില്യൻ ഡോളർ ഇതിനായി ചെലവിട്ടു.

∙ ആരാധകർ

ഇന്നു ബീസ്റ്റിന് ലോകമാകെ ആരാധകർ ഉണ്ട്. 2021 ഫെബ്രുവരിയിൽ ക്ലൗബ് ഹൗസ് ലോഞ്ച് ചെയ്തപ്പോൾ മിസ്റ്റര്‍ ബീസ്റ്റ് ഒരു ഹൗസിൽ കയറുകയും അതു മനസ്സിലാക്കി ആരാധകർ ആ ഹൗസിലേക്ക് പ്രവഹിക്കുകയും ചെയ്തു. ആ ഹൗസ് ക്രാഷ് ആകുന്നതിലാണ് ഇത് അവസാനിച്ചത്.

∙ വിജയമന്ത്രം

6.9 കോടി സബ്സ്ക്രൈബേഴ്സുമായി മിസ്റ്റർ ബീസ്റ്റ് കുതിപ്പ് തുടരുമ്പോൾ അയാളുടെ വിജയമന്ത്രം ഇങ്ങനെ കുറിക്കാം, ‘വിചിത്രമായി ചിന്തിക്കുക, അതു മികവോടെ അവതരിപ്പിക്കുക. വിജയം നിങ്ങളെ തേടി വരും’.

English Summary : Amazing life story of Youtuber Jimmy Donaldson 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com