ഒരു വർഷം മുടങ്ങാതെ ബ്ലോഗ് എഴുതി; അമർനാഥ് ശങ്കർ ഇന്ത്യൻ ബുക്ക് ഓഫ് റിക്കാർഡ്സിൽ

amarnath-shankar-enters-indian-book-of-records-365-days-blogs
SHARE

ഓരോ നിമിഷവും ഓരോ ദിവസവും നന്ദി പ്രകാശിപ്പിക്കാൻ എന്തെങ്കിലുമൊക്കെ നമ്മുടെ ജീവിതത്തിലും സംഭവിക്കാറുണ്ട്. അതൊക്കെ, നമ്മൾ ഓർമിക്കാതെ കടന്നു പോകുമ്പോൾ, ഒരു വർഷത്തിലെ എല്ലാ ദിവസവും നന്ദി പ്രകാശിപ്പിച്ച് ബ്ലോഗ് എഴുതി ഇന്ത്യ ബുക്ക് ഓഫ് റിക്കാർഡ്സിൽ ഇടം നേടിയിരിക്കുകയാണ് മലയാളി സംരംഭകൻ അമർനാഥ് ശങ്കർ. 

#365daysofgratitude

2020 സെപ്റ്റംബർ മുതൽ 2021 സെപ്റ്റംബർ വരെയുള്ള ഒരു വർഷം തുടർച്ചയായി ബ്ലോഗ് എഴുതുകയായിരുന്നു അമർനാഥ്. ‘ഓരോ ദിവസവും സംഭവിക്കുന്ന ഏതെങ്കിലും ഒരു കാര്യത്തിനു നന്ദി പ്രകാശിപ്പിക്കുക എന്നതായിരുന്നു എന്റെ ബ്ലോഗിന്റെ ലക്ഷ്യം. പരിചയപ്പെടുന്നയാളുകൾ, വായിക്കുന്ന പുസ്തകങ്ങൾ, ചില ഓർമകൾ എന്നിങ്ങനെയായിരുന്നു ബ്ലോഗ് എഴുതിയിരുന്നത്.’ അമർനാഥ് പറയുന്നു. ഇംഗ്ലിഷിലും മലയാളത്തിലും ഒരേ സമയത്ത് എഴുതി. ഇൻസ്റ്റാഗ്രാം, ഫെയ്സ്ബുക് പേജുകളിലൂടെയായിരുന്നു അമർനാഥ് ബ്ലോഗ് എഴുതിയത്. ഇൻസ്റ്റാഗ്രാമിൽ ഇതേറെ ശ്രദ്ധ നേടി.

കോവിഡ് കാലം സൃഷ്ടിച്ച ഏകാന്തതയായിരുന്നു ഈ ബ്ലോഗ് ആരംഭിക്കുന്നതിനുള്ള പ്രധാന കാരണങ്ങളിലൊന്ന്. മുൻപ് സുഹൃത്തുക്കൾക്കും കുടുംബത്തിനുമൊപ്പം ആഘോഷിച്ചിരുന്ന പിറന്നാൾ ഒറ്റയ്ക്ക് ആഘോഷിക്കേണ്ടി വരിക, കഴിഞ്ഞ 7 വർഷം നിരന്തരം യാത്ര നടത്തിയിരുന്നയാൾ പെട്ടെന്ന് അതിൽ നിന്നെല്ലാം മാറി ഒറ്റയ്ക്കാവുക ഇതൊക്കെയായിരുന്നു അമർനാഥിനെ ചിന്തിപ്പിച്ചത്. ഓരോ കാര്യങ്ങളോടും ജീവിതത്തോടും നന്ദി പ്രകാശിപ്പിക്കണമെന്ന തോന്നൽ ഉണ്ടാകുന്നതും അങ്ങനെയാണ്. ‘കോവിഡ് കാലം എനിക്ക് സമ്മാനിച്ചത് ചിറകുകൾ വെട്ടി കൂട്ടിലടയ്ക്കപ്പെട്ട അവസ്ഥയാണ്. ഇങ്ങനെയൊരു ബ്ലോഗ് തുടങ്ങാൻ പ്രേരിപ്പിച്ചതും അതാണ്,’ ഓരോ ദിവസവും പോസിറ്റീവ് എനർജി നിറച്ച ബ്ലോഗിങ്ങിനെ കുറിച്ച് അമർനാഥിന്റെ വാക്കുകൾ. 

മുടങ്ങിയിട്ടില്ല, 365 ദിവസവും

എല്ലാ ദിവസവും രാത്രി 11 മണിയോടെയായിരുന്നു അമർനാഥ് തന്റെ ബ്ലോഗ് സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിരുന്നത്. ഒരു ദിവസവും മുടക്കില്ല എന്ന വലിയ ഉത്തരവാദിത്തം സ്വയം ഏറ്റെടുക്കുകയായിരുന്നുവെന്നും അദ്ദേഹം പറയുന്നു. ‘ഒരിക്കൽ കൊച്ചിയിൽ നിന്നു കോയമ്പത്തൂരിലേക്കുള്ള യാത്രയിലായിരുന്നു. രാത്രി കോയമ്പത്തൂരിൽ എത്തി ബ്ലോഗ് എഴുതി പോസ്റ്റ് ചെയ്യാമെന്നു കരുതിയായിരുന്നു യാത്ര. എന്നാൽ അന്ന് അപ്രതീക്ഷിതമായി പാലക്കാട് വച്ച് എന്റെ വാഹനം അപകടത്തിൽപ്പെട്ടു. വാഹനം തകർന്നു, മണിക്കൂറുകൾ അവിടെ നിന്ന് മാറാനാകാത്ത അവസ്ഥ. ഒടുവിൽ രാത്രി 11.30 ആയപ്പോൾ തകർന്ന വാഹനവുമായി സമീപത്തെ ഒരു തട്ടുകടയിൽ പോയി അവിടെ നിന്നു ബ്ലോഗ് എഴുതി പോസ്റ്റ് ചെയ്തു,’ ഒരു വർഷം കൃത്യമായി ബ്ലോഗ് എഴുതിയതിനെക്കുറിച്ച് അമർനാഥ് പറയുന്നതിങ്ങനെ. 

കൊച്ചി ആസ്ഥാനമായി ്രപവർത്തിക്കുന്ന മിഡിയ പ്രൊഡക്ഷൻ കമ്പനിയായ കാറ്റ് എന്റർടെയിൻമെന്റ്സിന്റെ സിഇഒ ആണ് അമർനാഥ്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കല്യാണ തേൻനിലാ...

MORE VIDEOS