തൊണ്ടക്കുഴിയിൽ വച്ച് കമ്പി വളയ്ക്കും; ഇത് ‘മിന്നൽ’ സോണി: വിഡിയോ

HIGHLIGHTS
  • പരിശീലനമില്ലാതെ ആരും ഇതൊന്നും അനുകരിക്കരുത്
  • ഗിന്നസ് വേൾഡ് റെക്കോർഡ് സ്വന്തമാക്കാനുള്ള പരിശീലനത്തിലാണിപ്പോൾ.
adventurous-performance-of-soni-soman-krishna
SHARE

മാർഷൽ ആർട്സ് പരിശീലനത്തിലൂടെ കോൺക്രീറ്റ് കമ്പി തൊണ്ടക്കുഴിയിൽ വച്ച് വളയ്ക്കുന്ന 24 കാരൻ സോണി  സോമൻ കൃഷ്ണയുടെ വിശേഷങ്ങൾ

‘ഈർക്കിൽ പിടിക്കാൻ കഴിയാത്ത പയ്യനായിരുന്നു. മിന്നൽ ഏറ്റെന്നാ തോന്നുന്നത്. ഇപ്പോൾ കമ്പി വളയ്ക്കും തൊണ്ടക്കുഴിയിൽ വച്ച്’ ചെട്ടികുളങ്ങര നടക്കാവ് സ്വദേശി സോണി സോമൻ കൃഷ്ണയെക്കുറിച്ച് നാട്ടിലും സോഷ്യൽ മീഡിയയിലും നിറയുന്ന കമന്റാണിത്. സ്നേഹത്തോടെ കൂട്ടുകാർ മിന്നൽ സോണിയെന്നു വിളിക്കാനും തുടങ്ങി. 12 വർഷത്തെ മാർഷൽ ആർട്സ് പഠനത്തിലൂടെ ചില പ്രകടനങ്ങൾ നടത്തി നാട്ടിൽ താരമായിരിക്കുകയാണ് സോണി.

8 എംഎംന്റെ 38 കോൺക്രീറ്റ് കമ്പികൾ 5 മിനിറ്റ് 23 സെക്കന്റ് തൊണ്ടക്കുഴിയിൽ കുത്തിവളച്ച് ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡ്,ഏഷ്യൻ ബുക്ക് ഓഫ് റെക്കോർഡിലും ഇടം നേടി. ഇതിനു പുറമെ 7 ഇഷ്ടിക ഒറ്റ ഇടിക്ക് പൊട്ടിക്കും. ഓട് തലയിൽ അടിച്ച് പൊട്ടിക്കും. സിനിമയിലെയും ചിത്രകഥകളിലെയും സൂപ്പർ താരങ്ങളായിരുന്നു ചെറുപ്പത്തിൽ സോണിയുടെയും റോൾ മോഡൽ. ഒരു ദിവസം ബ്രൂസിലിയുടെ സിനിമ കണ്ട് ക്രെയിസ് തോന്നിയതോടെ മാർഷൽ ആർട്സ് പഠിക്കാൻ തിരുമാനിച്ചു. 12 വർഷമായി മാർഷൽ ആർട്സ് പഠിച്ചും പരിശീലിച്ചുമാണ് അമാനുഷികമായ ചില കഴിവുകൾ നേടിയെടുത്തത്. ഇതിനിടയിൽ കംപ്യൂട്ടർ എൻജിനീയറിങ് പഠിക്കാൻ പോയെങ്കിലും മനസ്സു നിറയെ മാർഷൽ ആർട്സ് ആയിരുന്നു. 

ഒന്നര വർഷം കൊണ്ട് കോഴ്സിനോട് സലാം പറഞ്ഞ് വീണ്ടും മാർഷൽ ആർട്സ് മേഖലയിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. മാർഷൽ ആർട്സ് (എംഎംഎ) പഠിപ്പിക്കുന്ന ബ്ലാക്ക് ടൈഗേഴ്സ് ഫൈറ്റ് ക്ലബിന്റെ കോച്ചും ജില്ലാ കിക്ക് ബോക്സിങ് അസോസിയേഷൻ ജനറൽ സെക്രട്ടറിയും ജില്ലാ ടീം കോച്ചുമാണ് സോണി. ഇന്ത്യൻ ടീം മിക്സഡ് മാർഷൽ ആർട്സ് ബോക്‌സർ താരവുമാണ്. മിക്സഡ് മാർഷൽ ആർട്സ് കേരളത്തിൽ അധികം അറിയപ്പെടാത്ത ഒരു മാർഷൽ ആർട്സ് ആണ്. കുങ്ഫു, കരാട്ടെ, വുഷു, കളരി, ബ്രസീലിയൻ ജിജിട്സു,കേപേവേര, ബോക്സിങും ഉൾപ്പെടുന്നതാണ് മിക്സഡ് മാർഷൽ ആർട്സ്.

2017ൽ മുംബൈയിൽ നടന്ന ഇന്റർനാഷനൽ ഫൈറ്റ് ലീഗിൽ ഇറ്റലിയോടും ബ്രസിലിനോടും ഫൈറ്റ് ചെയ്ത് ഇന്റർനാഷനൽ  വെള്ളിമെഡൽ കരസ്ഥമാക്കി. 2019ൽ തായ്‌ലൻഡിൽ നടന്ന തായ്‌ലൻഡ് ഫൈറ്റ് ചാംപ്യൻഷിപ്പിൽ ഇന്ത്യയെ പ്രതിനിധികരിച്ചിരുന്നു. ഹരിയാന കുരുക്ഷേത്രയിൽ നടന്ന ഇന്റർനാഷനൽ പ്രോ കോംബാക്ട് ഫൈറ്റ് ലീഗിൽ ഇന്ത്യയെ പ്രതിനിധികരിച്ച് മത്സരിച്ചു. ബോക്സിങ്, മുആതായി എന്നിവയിൽ നാഷനൽ ഇന്റർനാഷനൽ മെഡൽ ജേതാവ് കൂടിയാണ്. ഭാരതിയാർ യൂണിവേഴ്സിറ്റിയിൽ ബിസിഎ വിദ്യാർഥിയായ സോണി പെരിങ്ങാല നടക്കാവ് ചാങ്കൂർ തേക്കേതിൽ സോമൻ്റെയും രമയുടെയും മകൻ ആണ്. പഠനത്തിനും മാർഷൽ ആർട്സിനും ഒപ്പം കായംകുളം കിങ്ഫുഡിൽ ഡെലിവറി ബോയിയായും ജോലി ചെയ്യുന്നുണ്ട്.

അനുകരിക്കരുതേ

ഏകവീര കളരിപ്പയറ്റ് അക്കാദമിയിലെ ഹരികൃഷ്ണൻ ഗുരുക്കൾ ആണ് മാർഷൽ ആർട്സിനൊപ്പം റെക്കോർഡ് സ്വന്തമാക്കണമെന്ന് ഉപദേശിച്ചത്.

ഒന്നര വർഷത്തെ കഠിന പരിശീലന കാലത്ത് കമ്പി കൊണ്ട് മുറിവുകൾ സംഭവിച്ചിരുന്നു. ഇത്രയും വർഷത്തെ പരിചയവും പരിശീലനവും കൊണ്ടാണ് ഇതൊക്കെ ചെയ്യുന്നത്. പരിശീലനമില്ലാതെ ആരും ഇതൊന്നും അനുകരിക്കരുതെന്നും സോണി ഓർമിപ്പിക്കുന്നു. ഗിന്നസ് വേൾഡ് റെക്കോർഡ് സ്വന്തമാക്കാനുള്ള പരിശീലനത്തിലാണിപ്പോൾ.

English Summary : Soni Soman Krishna's adventurous martal arts performance; Video

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN YUVA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പേടിയില്ല, ഇതും ഒരു തൊഴിൽ | Well of Death | Lady bike rider | Manorama Online

MORE VIDEOS
FROM ONMANORAMA