കേരളത്തിൽ സ്റ്റാൻഡ് അപ് കോമഡി വളരുന്നു; ഒരാളെ ചിരിപ്പിക്കുന്നത് എളുപ്പമാണോ?: ജോൺ ജോ അഭിമുഖം

HIGHLIGHTS
  • ഒരാൾ ഒറ്റയ്ക്കൊരു സ്റ്റേജിൽ നിന്നു സംസാരിച്ച് മറ്റുള്ളവരെ ചിരിപ്പിക്കണം
  • നമ്മൾ കണ്ടതോ കേട്ടതോ ആയ വിഷയങ്ങൾ അവതരിപ്പിക്കാം.
  • കൃത്യമായ ഇടവേളകളിൽ നല്ല തമാശ പൊട്ടിക്കണം.
john-joe-on-growth-of-stand-up-comedy-in-kerala
ജോൺ ജോ
SHARE

ആ സ്റ്റേജ് നിങ്ങളുടേതാണ്. ഒരു മൈക്ക് നിങ്ങൾക്ക് അവകാശമായുണ്ട്. ലോകത്തുള്ള എന്തു വിഷയവും നിങ്ങൾക്കു സംസാരിക്കാം. യുക്രെയ്ൻ – റഷ്യ വിഷയം മുതൽ വീട്ടിലെ മത്തിക്കറി പൂച്ച കട്ടോണ്ടുപോയ കാര്യം വരെ അവതരിപ്പിക്കാം. ഒരൊറ്റ കണ്ടിഷൻ : പ്രേക്ഷകർ ചിരിക്കണം. ചിരിച്ചാൽ ഹിറ്റ്. 

കേരളത്തിൽ ഇന്ന് സ്റ്റാൻഡ് അപ് കൊമേഡിയൻമാർ ആറാടുകയാണ്. ചുറ്റുമുള്ളതെല്ലാം ഇവർക്ക് വിഷയങ്ങളാണ്. എന്തു ചെറിയ കാര്യവും കയ്യിൽ കിട്ടിയാൽ 5 മിനിറ്റ് തട്ടിൽ തകർക്കാനുള്ള കിടിലം സ്ക്രിപ്റ്റാക്കി മാറ്റാൻ കഴിവുള്ളവർ. എന്നാൽ ഒരാളെ ചിരിപ്പിക്കുകയെന്നത് അത്ര എളുപ്പമാണോ ? മലയാളത്തിലെ സ്റ്റാൻഡ് അപ് കൊമേഡിയന്മാരിൽ ഒരാളായ തൃശൂർ സ്വദേശി ജോൺ ജോ പറയുന്നു… 

സ്വയം പരിചയപ്പെടുത്താമോ...

ഞാൻ ജോൺ ജോ. തൃശൂർ പേരാമംഗലത്താണ് വീട്. അച്ഛന്റെ പേര് ജോസ്.പി.സെബാസ്റ്റ്യന്‍. അമ്മ ജാൻസി. മാളാ മെറ്റ്സ് സ്കൂൾ ഓഫ് എൻജിനീയറിങ്ങിൽനിന്ന് ഇലക്ട്രിക്കൽ എൻജിനീയറിങ് പൂർത്തിയാക്കി. ഇന്ന് സ്റ്റാൻഡ് അപ് കോമേഡിയൻ എന്ന കരിയറുമായി മുന്നോട്ട്. 

john-joe-3

സ്റ്റാൻഡ് അപ് തുടക്കം

സിനിമയായിരുന്നു ആഗ്രഹം. ഇംഗ്ലിഷിലും ഹിന്ദിയിലും വർഷങ്ങൾക്കു മുന്‍പ് സ്റ്റാൻഡ് അപ് കോമഡി ഹിറ്റാണ്. അതൊക്കെ കാണുമായിരുന്നു. സിനിമയിൽ ചെറിയ വേഷങ്ങളിൽ മുഖം കാണിച്ചു പോകവെയാണ് ഇത്തരത്തിലൊരു കരിയർ വിശേഷം സുഹൃത്തു വഴി അറിയുന്നത്. ഒന്നു പരീക്ഷിക്കാൻ തന്നെ തീരുമാനിച്ചു. ആദ്യ പരിപാടി ഓൺലൈനായിട്ടായിരുന്നു. കേട്ടിരുന്നവർ ചിരിച്ചു. അതിന്റെ ആത്മവിശ്വാസത്തിൽ അതേ സ്ക്രിപ്റ്റ് തന്നെ പ്രേക്ഷകർക്കു മുന്നിൽ നേരിട്ട് അവതരിപ്പിച്ചു. പക്ഷേ ചീറ്റി പോയി. പിന്നീട് ഓപ്പൺ സ്റ്റേജിൽ എങ്ങനെ പരിപാടി അവതരിപ്പിക്കണമെന്നു പഠിച്ചു. ടിവി ഷോകളിൽ മുഖം കാണിച്ചു. മഴവിൽ മനോരമയിലെ ‘ഒരു ചിരി ഇരു ചിരി ബംബർ ചിരി’യിലൂടെ കൂടുതൽ പേരിലേക്കെത്തി.

സ്റ്റാൻഡ് അപ് കോമഡി എന്നാൽ…

ഒരാൾ ഒറ്റയ്ക്കൊരു സ്റ്റേജിൽ നിന്നു സംസാരിച്ച് മറ്റുള്ളവരെ ചിരിപ്പിക്കണം. നമ്മൾ കണ്ടതോ കേട്ടതോ ആയ വിഷയങ്ങൾ അവതരിപ്പിക്കാം. സംഭവിച്ചിട്ടില്ലാത്തതും സംഭവിക്കാൻ സാധ്യതയില്ലാത്തതുമായ കാര്യങ്ങളും പറയാം. പറയുന്ന രീതി പ്രധാനമാണ്. ജനങ്ങൾ ചിരിക്കുന്ന തരത്തിൽ അവതരിപ്പിക്കണം. അവർ ചിരിക്കുമ്പോൾ നമ്മൾ ഹാപ്പി. 

സ്ക്രിപ്റ്റ് എങ്ങനെ …

ഏതൊരു സ്റ്റേജ് കലയും പോലെ സ്ക്രിപ്റ്റ് ഇതിൽ അത്യാവശ്യമാണ്. അതിനൊരു വിഷയം കണ്ടെത്തണം. അതിലേക്ക് ലഭിക്കാവുന്ന പോയിന്റുകൾ കണ്ടെത്തി കൂട്ടി യോജിപ്പിക്കണം. ആ വിഷയത്തിനു യോജിച്ച സന്ദർഭങ്ങൾ കണ്ടെത്തുകയോ ഭാവനാപരമായി ഉണ്ടാക്കുകയോ ചെയ്യാം. ഒരു നാട്ടിലൊരു അമ്മാവൻ ഉണ്ടായിരുന്നു എന്നു പറയുന്നതിലും നല്ലത് എന്റെ ഒരു അമ്മാവൻ എന്നു പറയുന്നതല്ലേ. അത്തരത്തിലുള്ള ഇംപ്രവൈസേഷൻ ആവശ്യമാണ്. 

john-joe-1

സ്ക്രിപ്റ്റ് എഴുതി കഴിഞ്ഞ്…

സ്ക്രിപ്റ്റ് എഴുത്ത് അത്ര വേഗം തീരില്ല. പല തവണ വായിച്ച് ചെറുതാക്കണം. ചിരിക്കാനായി പ്രേക്ഷകർ ഒരുപാടു നേരം കാത്തിരിക്കില്ല. കൃത്യമായ ഇടവേളകളിൽ നല്ല തമാശ പൊട്ടിക്കണം. അവർക്ക് ചിരിക്കാനുള്ള സമയം കൊടുക്കണം. സുഹൃത്തുക്കളുടെ മുന്നിൽ പരിശീലിക്കുന്നത് നല്ലതാണ്. അവരുടെ നിർദേശങ്ങൾക്കനുസരിച്ചു മാറ്റങ്ങൾ വരുത്തണം.

കേരളത്തിൽ സ്റ്റാൻഡ് അപ് കോമഡി…

കരിയർ തിരഞ്ഞെടുത്തപ്പോൾ ഇതിനേപ്പറ്റി അറിയുന്നവർ വളരെ കുറവായിരുന്നു. ഇന്നു പ്രായമുള്ളവർ വരെ സ്റ്റാൻഡ് അപ് കോമഡി എന്ന പേരിൽ സ്റ്റേജിലെത്തിക്കഴി‍ഞ്ഞു. പലയിടങ്ങളിലും ടിക്കറ്റു വച്ച് ഷോകൾ നടത്താറുണ്ട്. എല്ലാ ടിക്കറ്റുകളും വിറ്റു പോകും. ചിരിക്കാനിഷ്ടമില്ലാത്തവർ ആരാണുള്ളത്. കേരളത്തിൽ സ്റ്റാൻ‍ഡ് അപ് കോമഡിയുടെ ഗ്രാഫ് മുകളിലേക്കാണ്. ഒരാൾക്ക് കരിയറായി തിരഞ്ഞെടുക്കാവുന്ന മേഖലയായി മാറിയിട്ടുണ്ട്. 

ആർക്കു പറ്റും…

എല്ലാവർക്കും പറയാൻ ഒരു കഥ കാണും. അതു എന്തു തരം കഥയാണെങ്കിലും ചിരിപ്പിക്കുന്ന തരത്തിൽ അവതരിപ്പിക്കാൻ കഴിയുന്നവർക്കു ഈ പണി പറ്റും. എന്നാൽ അത്ര എളുപ്പമല്ല. നന്നായി പരിശ്രമിക്കണം. ഒരു തവണ ഹിറ്റ് അവതരിപ്പിക്കാൻ കഴിയും. മുന്നോട്ടു പോകാൻ കൂടുതൽ പരിശ്രമിക്കം.

കഫേകളിലെ അവതരണം…

കൊച്ചി, തിരുവനന്തപുരം പോലുള്ള നഗരങ്ങളിൽ ഓപൺ മൈക്ക് ലഭിക്കും. കഫേകൾ കേന്ദ്രീകരിച്ചാണ് ഇവ കൂടുതലും. ഫൈനൽ പെർഫോമൻസിനു മുൻപ് നമുക്ക് അറിയില്ലാത്തവരുടെ മുന്നിൽ അവതരിപ്പിക്കാൻ ഇതിലൂടെ സാധിക്കും. 

വിഷയത്തേപ്പറ്റിയുള്ള അറിവ്…

നമ്മൾ അവതരിപ്പിക്കുന്ന വിഷയത്തിൽ നമുക്ക് നല്ല അറിവ് ഉണ്ടായിരിക്കണം. സങ്കൽപത്തിൽ പറയുന്ന കഥകളാണെങ്കിലും വസ്തുതകൾ തെറ്റിച്ചു പറയാൻ പാടില്ലല്ലോ. അറിയില്ലാത്ത വിഷയത്തേപ്പറ്റി സംസാരിക്കാൻ പോകാതിരിക്കുക. അതാണ് എനിക്ക് തരാനുള്ള ഉപദേശം.

john-joe-2

ഒരു തമാശ പറഞ്ഞിട്ടു പോ…

ഗായകരെ കാണുമ്പോൾ പാട്ടുപാടാൻ ആവശ്യപ്പെടുന്നതുപോലെ കാണുന്നവർ തമാശ പറയാൻ പറയും. തമാശകൾ അങ്ങനെ പെട്ടെന്നു വരുന്നവയല്ല. മറ്റേതു കല പോലെ ഇതിനു പിന്നിലും വലിയ അധ്വാനം ഉണ്ട്. അവ ഹിറ്റാകുമ്പോൾ വലിയ സന്തോഷമാണ്.

എൻജിനീയറിങ് കഴിഞ്ഞ് ഇതിലേക്ക്…

എൻജിനീയറിങ് കഴിഞ്ഞവർക്ക് ഇഷ്ട മേഖല തിരഞ്ഞെടുക്കാൻ അത്യാവശ്യം സമയം ലഭിക്കും. പിന്നെ 4 വർഷം അതു പഠിച്ചവർക്ക് പിന്നെ എന്തു പണിയുമെടുക്കാൻ കഴിയുമെന്നു തോന്നുന്നു. അതുകൊണ്ടാവും എല്ലാ മേഖലയിലും എൻജിനീയറിങ് പഠിച്ചവരെ കാണാൻ കഴിയുന്നത്. സ്റ്റാൻഡ് അപ് കോമഡിയിലെ പ്രധാന വിഷയങ്ങളിലൊന്നാണ് എൻജിനീയറിങ്ങും സപ്ലിയും.

വരുമാനം…

എനിക്ക് ജോ ജോക്സ് എന്ന പേരിൽ യുട്യൂബ് ചാനലുണ്ട്. അത്യാവശ്യം കാഴ്ചക്കാരൊക്കെ വന്നു തുടങ്ങിയിട്ടുണ്ട്. സ്റ്റാൻഡ് അപ് ആർട്ടിസ്റ്റുകൾ ചേർന്ന് കൊച്ചിൻ കോമഡി പ്രോജക്ട് എന്ന സംരംഭം തുടങ്ങിയിട്ടുണ്ട്. പരിപാടികൾ നടത്തുന്നു. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കല്യാണ തേൻനിലാ...

MORE VIDEOS