ADVERTISEMENT
മാർച്ച് കേരളത്തിൽ വേനലിന്റെ മാത്രമല്ല കലാലങ്ങളിൽ വിടപറയിലിന്റെ സമയം കൂടിയായിരുന്നു. ക്ലാസും തരവും പോലെ ഈ വിടപറയിലിന് പകിട്ടും പതിവും അല്ലറചില്ലറ മാറ്റങ്ങൾ വരുത്തിപ്പോരുന്നു. മൊബൈലും വാട്സാപും ഇ മെയിലും സജീവമാകും മുൻപ് ഓട്ടോഗ്രാഫുകളായിരുന്നു പത്താം ക്ലാസോടെയുള്ള സ്കൂളുകളിലെ വിടപറയലിലെ പ്രധാനതാരം. കെട്ടിലും മട്ടിലും പലവിധ പുതുമകളോടെ സ്കൂളുകളുടെ പരിസരത്തടക്കമുള്ള കടകളിൽ ജനുവരി പിറക്കുന്നതോടെ ഓട്ടോഗ്രാഫുകൾ എത്തിത്തുടങ്ങും. ബഹുവർണ നിറങ്ങളിലുള്ള കടലാസുകളുടെ എണ്ണവും വൃത്യസ്ഥമായ ആകൃതിയും എല്ലാം ചേർന്ന് അവയുടെ വിലയിലെ ഏറ്റക്കുറച്ചിലുകൾ നിർണയിച്ചു. പുതുവർഷത്തിൽ എത്തിത്തുടങ്ങുമെങ്കിലും ഫെബ്രുവരി  മൂന്നാം വാരത്തോടെയാവും കച്ചവടം കൊഴുക്കുക. ‘കഠിന’ ഹൃദയർ ആദ്യം ആവഴിക്കുള്ള നോട്ടം ഒഴിവാക്കുമെങ്കിലും കളം നിറയുന്നതോടെ ഇവരുടെ മനസ്സിന്റെ പിടിത്തം അഴിയും. ഓട്ടോഗ്രാഫുകളുടെ താളുകളിൽ എഴുതി നിറയ്ക്കാൻ പലവിധ വാചകങ്ങളുമായിട്ടാവും പിന്നെ  അവരടക്കം ഓരോരുത്തരുടെയും വരവ്. ‘സ്റ്റഡീഡ് വെൽ ആൻഡ് ഗോട്ട് ഡിസ്റ്റിംഗ്ഷൻ’, ‘വർക്ക് ഹാർഡ് ആൻഡ് ട്രസ്റ്റ് ഗോഡ്’ തുടങ്ങി വാചകങ്ങൾ പഠിപ്പിസ്റ്റുകൾ ഉള്ളിൽ ചിരിയോടെ ക്ലാസിലെ ശരാശരിക്കാരനുവരെ എഴുതിക്കൊടുക്കും. ‘പുതിയ പൂക്കളെ കാണുമ്പോൾ പഴയ പൂക്കളെ മറക്കരുതെ’, നിയെന്നെ മറന്നാലും ഞാൻ നിന്നെ മറക്കില്ല’, പുഞ്ചിരിക്കുന്ന പൂവിലുണ്ട് വഞ്ചനയുടെ ലാഞ്ചന’, ‘ഗോഡ് ഈസ് ലൗ’ തുടങ്ങി തലമുറകൾ കൈമാറിവന്ന  ഓട്ടോഗ്രാഫ് വാചകങ്ങളുടെ നെടുനീളൻ പട്ടികയിലെ നിത്യഹരിത നായകൻ ‘ബെസ്റ്റ് വിഷസ്’ ആയിരുന്നു. അധ്യാപകരും തികഞ്ഞ ഔപചാരികതയോടെ ഈ വാചകങ്ങൾ ശിഷ്യരുടെ ഓട്ടോഗ്രാഫുകളിൽ എഴുതി നിറച്ചു. തങ്ങൾ മനസ്സിൽ  അടക്കിസൂക്ഷിച്ചിരുന്ന ആഗ്രഹങ്ങൾ പെൺകുട്ടികൾ ഓട്ടോഗ്രാഫുകൾ നീട്ടിയപ്പോൾ ചിലരുടെ   ഇടയിൽ വാചകങ്ങളായി പുറത്തേക്കൊഴുകി. ലൗവിന്റെ ചിഹ്നങ്ങൾ പേജുകളിൽ ചിത്രങ്ങളായി വിരിഞ്ഞു. ‘ഒരു കൊച്ചു കല്യാണ മണ്ഡപത്തിൽ പുതു ജീവതത്തിന് തുടക്കമിടുമ്പോൾ വിളിക്കണെ’ എന്ന മട്ടിലുള്ള വാചകങ്ങളോടെയായിരുന്നു മോഹഭംഗക്കാർക്ക് പഥ്യം. വിരുതൻമാരിൽ ചിലർ എഴുതിയ ഡയലോഗുകൾ പുറംലോകം കാണും മുൻപേ പെൺക്കുട്ടികൾ പേജടക്കം കീറി ഒഴിവാക്കി. മാർച്ചിലെ മോഡൽ പരീക്ഷാദിനങ്ങളിലും പാഠപുസ്തകങ്ങളെക്കാൾ പ്രാധാന്യത്തോടെ ഓട്ടോഗ്രാഫുകൾ ക്ലാസ് മുറികളിൽ ചുറ്റിത്തിരഞ്ഞു. ആരേയും വിട്ടുപോയിട്ടില്ലെന്ന് ഉറപ്പാക്കിയായിരുന്നു കണക്കിന്റെ മോഡൽ പരീക്ഷയോടെ അവയുടെ മടക്കം. മാർച്ച് രണ്ടാം വാരം എസ്എസ്എൽസി പരീക്ഷ തുടങ്ങുന്നതോടെ ഓട്ടോഗ്രാഫുകൾ മേശയുടെ പുസ്തകപ്പെട്ടിയുടെ അടിത്തട്ടുകളിലേക്ക് മറയും. പിന്നെയുള്ള എട്ടു ദിവസം അവയുടെ പൊടുപോലും ഉണ്ടാവില്ല കണ്ടുപിടിക്കാൻ. പരീക്ഷച്ചൂടൊഴിഞ്ഞാൽ ഓർമകളുടെ മുകൾപരപ്പിലേക്ക് അവ തിരിച്ചെത്തും. കാലത്തിന്റെ ഏതു കോണിൽ വച്ചു മറിച്ചു നോക്കിയാലും പറയാൻ കഥകളേറെയുള്ള അക്ഷയഖനിയാണല്ലോ അവ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com