ADVERTISEMENT

‘മോഡലിങ്ങിന് നീയോ?, വേറെ പണിയൊന്നുമില്ലേ?, വെറുതെ സമയം കളയണോ?’ ഇത്തരം ചോദ്യങ്ങൾ ഒരുപാട് കേട്ടിട്ടുണ്ട് അഭിരാമി കൃഷ്ണന്‍. ഇരുണ്ട ചർമമുള്ളവർക്ക് മോഡലിങ്ങും അഭിനയവുമൊന്നും ചേരില്ല എന്നു വിശ്വസിക്കുന്ന നിരവധിപ്പേർ‌ ചുറ്റിലുമുള്ളപ്പോൾ ഈ ചോദ്യങ്ങൾക്ക് തുടരുമെന്ന് അഭിരാമിക്ക് അറിയാം. അതുകൊണ്ട് ആരോടും തർക്കിക്കാൻ അവൾ നിന്നില്ല. പ്രവൃത്തിയിലൂടെ മറുപടി നൽകാനായിരുന്നു ശ്രമം. പരിഹാസങ്ങളെയും അവഗണനകളെയും അതിന്റെ വഴിക്ക് വിട്ട് അഭിരാമി മുന്നോട്ട് നടന്നു. ഒടുവിൽ ആദ്യത്തെ സൗന്ദര്യമത്സരത്തിൽ വിജയകിരീടം ചൂടി പരിഹസിച്ചവർക്ക് അവള്‍ മറുപടി നൽകി. തന്റെ നിറത്തെ ഒരു പോരായ്മയായി കാണുന്നവരോട് അവൾ പറഞ്ഞു ‘ഞാൻ എന്നെ സ്നേഹിക്കുന്നു. എന്നിൽ വിശ്വസിക്കുന്നു. നിങ്ങൾ എന്തു കരുതുന്നുവെന്നത് എന്റെ പ്രശ്നമല്ല’. നിറത്തിന്റെ അടിസ്ഥാനത്തിൽ വ്യക്തികളെ വിലയിരുത്തുന്ന സമൂഹത്തിൽ നിന്ന് മോഡലിങ് സ്വപ്നങ്ങൾ യാഥാർഥ്യമാക്കാൻ ശ്രമിച്ചപ്പോൾ നേരിട്ട വെല്ലവിളികൾ അഭിരാമി പങ്കുവയ്ക്കുന്നു.

abhirami-krishnan-2

∙ പരിഹാസം, അവഗണന

ചെറുപ്പം മുതൽ അഭിനയത്തോട് താൽപര്യമുണ്ടായിരുന്നു. അതിനുവേണ്ടിയുള്ള ശ്രമങ്ങളാണ് മോഡലിങ്ങിലേക്ക് എത്തിച്ചത്. എന്നാൽ കാര്യങ്ങൾ എളുപ്പമായിരുന്നില്ല. ഇരുണ്ട ചർമം ആയതുകൊണ്ട് എന്റെ ശ്രമങ്ങള്‍ക്ക് കാര്യമായ പിന്തുണ കിട്ടിയിരുന്നില്ല. അഭിനേതാവാകണം, മോഡലിങ് ചെയ്യണം എന്നീ ആഗ്രഹം പങ്കുവച്ചാൽ പരിഹാസച്ചിരി കാണാം. ഇരുണ്ട നിറമുള്ളവരെ രണ്ടാം നിരക്കാരായി പരിഗണിക്കുന്ന സാഹചര്യം സമൂഹത്തിന്റെ വിവിധ മേഖലകളിൽ നിലനിൽക്കുന്നുണ്ട്. നൃത്തം ചെയ്യാനും സ്റ്റേജ് പ്രോഗ്രാമുകളിൽ പങ്കെടുക്കാനുമുള്ള ആഗ്രഹം ചെറുപ്പത്തിലേ ഉണ്ടായിരുന്നു. എന്നാൽ ഗ്രൂപ്പ് ഡാൻസ് ആണെങ്കിൽ എനിക്ക് എപ്പോഴും പുറകിലെ നിരയിലായിരിക്കും സ്ഥാനം. മേക്കപ് ഇട്ടാൽ ‘പുട്ടി ഇട്ടിട്ടുണ്ടല്ലോ, കാക്ക കുളിച്ചാൽ കൊക്കാകില്ല, മേക്കപ്പിനുമില്ലേ പരിധി’ എന്നൊക്കെയുള്ള കമന്റുകൾ കേൾക്കേണ്ടി വരും.

∙ തളരാതെ മുന്നോട്ട്

ഇത്തരം സാഹചര്യത്തിലാണു വളർന്നതെങ്കിലും ഞാൻ തളർന്നില്ല. ചിത്രങ്ങൾ അയച്ചു കൊടുത്തും ഒഡീഷനുകളിൽ പങ്കെടുത്തും അവസരങ്ങൾ തേടി. ഇതിനായി നടത്തിയ ഫോട്ടോഷൂട്ടുകളാണ് മോഡലിങ് താൽപര്യം വർധിപ്പിച്ചത്. വീട്ടുകാർക്ക് താൽപര്യം ഇല്ലാതിരുന്നിട്ടും ഫോട്ടോഷൂട്ടുകൾ നടത്തി സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുമായിരുന്നു. ബന്ധുക്കളിൽ നിന്നുൾപ്പടെ പലവിധ എതിർപ്പുകളും നേരിട്ടു. മോഡലിങ്ങിന്റെ ഭാഗമായി ധരിക്കുന്ന വസ്ത്രങ്ങളിൽ അസംതൃപ്തരായ നാട്ടുകാർ വരെയുണ്ട്.‌

abhirami-krishnan-4
മിസ് മില്ലേനിയൽ കേരള മത്സരത്തിനിടെ

ലെസ്ബിയൻ പ്രണയം പറയുന്ന ഒരു ഷൂട്ട് നാട്ടിലും വീട്ടിലുമൊക്കെ വലിയ ബഹളവും ചർച്ചയുമായി. ഇതൊരു പ്രൊഫഷനാണെന്നും  കലയുടെ ഭാഗമായതാണെന്നും പറഞ്ഞ‌് ചെയ്തതിൽ തെറ്റില്ല എന്ന നിലപാടിൽ ഞാൻ ഉറച്ചു നിന്നു. ഇതെല്ലാം വളരെ മോശവും മനസ്സ് മടുപ്പിക്കുന്നതുമായ അനുഭവം ആയിരുന്നെങ്കിലും മുന്നോട്ടു പോകാൻ തന്നെയായിരുന്നു തീരുമാനം. ഞാൻ ശ്രമങ്ങൾ തുടർന്നു. അങ്ങനെയാണ് മിസ് മില്ലേനിയൽ കേരള 2021 നെ കുറിച്ച് അറിയുന്നതും മത്സരിക്കാൻ തീരുമാനിച്ചതും.  

∙ മിസ് മില്ലേനിയൽ കേരള

ഒരു മികച്ച  മത്സരാനുഭവം എന്ന ആഗ്രഹത്തോടെയാണ് മിസ് മില്ലേനിയൽ പേജന്റിൽ പങ്കെടുത്തത്. അത്രയേറെ കഴിവുകൾ ഉള്ളവരായിരുന്നു ഓരോ മത്സരാർഥിയും. ശക്തമായ മത്സരമായിരുന്നു. ആദ്യത്തെ പേജന്റ് ആയതുകൊണ്ട് വിജയി ആകുമെന്ന പ്രതീക്ഷ ഉണ്ടായിരുന്നില്ല. എങ്കിലും ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാൻ ശ്രമിച്ചു. എല്ലാവരോടും നന്നായി പെരുമാറാനും മറ്റു മത്സരാർഥികൾക്ക് സാധ്യമായ സഹായങ്ങൾ ചെയ്യാനും ശ്രദ്ധിച്ചു.

∙ ഹർനാസ് സന്ധു

മിസ് യൂണിവേഴ്സ് ഹർനാസ് സന്ധുവാണ് എന്റെ റോൾ മോഡൽ. ഒരുപാട് അരക്ഷിത ചിന്തകളുള്ള വ്യക്തിയായിരുന്നു ഞാൻ. അതിനെ മറികടക്കാനും ‘സെല്‍ഫ് ലൗവ്’ എന്ന ആശയത്തിൽ ഉൾകൊണ്ട് മുന്നോട്ടു പോകാനും പ്രചോദനമായത് ഹർന്നാസിന്റെ പ്രകടനവും പ്രസംഗങ്ങളുമാണ്. പരമ്പരാഗത സങ്കൽപ്പങ്ങളെ തകർക്കുന്ന രീതിയാണ് ഹർനാസ് എപ്പോഴും പിന്തുടരുന്നത്.

∙ സെൽഫ് ലൗവ്

ഒരു കുട്ടി വളർന്നു വരുമ്പോഴേ ഒരുപാട് അരക്ഷിതമായ ചിന്തകൾ സമൂഹം അടിച്ചേൽപ്പിക്കുന്നു. വെള്ള നിറമാണ് സൗന്ദര്യം, തടിയുള്ളത് മോശമാണ്, ഇത്തരം വസ്ത്രങ്ങൾ ധരിക്കാൻ പാാടില്ല, അതു ചെയ്യാൻ നിനക്കാവില്ല.... അങ്ങനെ നീളുന്നു അവ. ഇതെല്ലാം കേട്ടും വിശ്വസിച്ചും കുട്ടികള്‍ വളരുന്നു. സമൂഹം പറയുന്നവ നമ്മുടെ കുറവുകളായി കണ്ട് ജീവിക്കുന്നു. അടുത്ത തലമുറയിലേക്ക് ഇവ കൈമാറുന്നു. 

abhirami-krishnan-3
മിസ് മില്ലേനിയൽ കേരള മത്സരത്തിൽ ഫസ്റ്റ് റണ്ണറപ്പ്, സെക്കന്റ് റണ്ണറപ്പ് സ്ഥാനത്ത് എത്തിയവരോടൊപ്പം അഭിരാമി

ഇങ്ങനെയല്ല നമ്മൾ ജീവിക്കേണ്ടതെന്ന് എല്ലാവരെയും ഓർമിപ്പിക്കാന്‍ ഞാൻ ആഗ്രഹിക്കുന്നു. നമുക്ക് നമ്മെ സ്നേഹിക്കാനാവണം. മറ്റുള്ളവർ കുറവുകളെന്നു പറയുന്നതിനെ നമ്മുടെ കരുത്താക്കി മാറ്റാനാവണം. അതിനായാൽ ഉയരങ്ങൾ കീഴടക്കാനാകും. എന്റെ ചർമത്തിന്റെ നിറവും സ്വഭാവവും എനിക്കിഷ്ടമാണ്. അതിനെ എന്റെ പ്രത്യേകതയായാണു ഞാൻ കാണുന്നത്. മറ്റുള്ളവർ പറയുന്നത് ഞാൻ കാര്യമാക്കുന്നില്ല.

∙ കുടുംബം

കൊല്ലത്തെ അഞ്ചല്‍ ആണ് സ്വദേശം. അച്ഛൻ രാമകൃഷ്ണൻ, അമ്മ ബിന്ദു, അനിയൻ കൈലാസ് കൃഷ്ണൻ, അനിയത്തി കാർത്തിക എന്നിവരാണ് വീട്ടിലെ അംഗങ്ങൾ. ഞാൻ ആർക്കിടെക്ചർ വിദ്യാർഥിനിയാണ്. ക്രിയാത്മകമായ പ്രൊഫഷനോടാണു താൽപര്യം. സിനിമയിൽ മികച്ച കഥാപാത്രങ്ങൾ ചെയ്യുക എന്നതാണ് സ്വപ്നം. നല്ല കുറച്ച് സുഹൃത്തുക്കളുണ്ട്. അവരുടെ പിന്തുണ വലിയ കരുത്താണ്. 

English Summary: Model Abhirami Krishnan on importance of self love

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT