ADVERTISEMENT

ഗൗതമിന്റെ അച്ഛന്റെ പേര് ശശി എന്നാണ്. പക്ഷേ ഗൗതമിനെ സംബന്ധിച്ചിടത്തോളം ‘ബംപര്‍’ എന്നൊരു അർഥം കൂടി ആ പേരിനുണ്ട്. അച്ഛനെയും അപ്പൂപ്പനെയുമൊക്കെ കഥാപാത്രമാക്കിയുള്ള കഥകളിലൂടെ ചിരിപ്പൂത്തിരി കത്തിച്ച് മഴവിൽ മനോരമ വേദിയിൽ ഗൗതം ബംപർ അടിക്കും. നാലു തവണ മാത്രമേ വേദിയിലെത്തിയിട്ടുള്ളൂ. അപ്പോഴെല്ലാം ബംപറുമായാണു മടങ്ങിയത്. ബിടെക്കിന്റെ സപ്ലി എഴുതിയെടുക്കാനുള്ള ശ്രമങ്ങള്‍ക്കിടെ, ലോക്ഡൗണിൽ വീട്ടിൽ കുടുങ്ങി ഇരിക്കുമ്പോഴാണ് തിരുവനന്തപുരം നന്തൻകോട് സ്വദേശി ഗൗതം ക്ലബ് ഹൗസിൽ സജീവമാകുന്നത്. അതു ബംബർ ചിരിയിലേക്ക് വഴിതുറന്നു. അക്കഥ ഗൗതം മനോരമ ഓൺലൈനോട് പങ്കുവയ്ക്കുന്നു.

∙ ക്ലബ് ഹൗസ് ടു ബംപർ ചിരി

ക്ലബ് ഹൗസ് ആപ് കേരളത്തിൽ തരംഗമായ സമയം. മലയാളി ഹൗസ് എന്ന ഗ്രൂപ്പിൽ ഗൗതം സജീവമായിരുന്നു. ഓരോരുത്തർക്കും രസകരമായ കഥകൾ പറയാനുള്ള ഇടമായിരുന്നു അത്. കുറച്ചധികം വെപ്രാളത്തോടെ, നിഷ്കളങ്കമായി സംസാരിക്കുന്ന ഗൗതം എന്ന പയ്യൻ ബംപർ ചിരിയുടെ പ്രൊഡ്യൂസർ ശ്രുതി പിള്ളയുടെ ശ്രദ്ധയിൽപ്പെട്ടു. ബംബർ ചിരിയിൽ പങ്കെടുക്കാനുള്ള ക്ഷണം കിട്ടി. ‘‘ആരോ എന്നെ പറ്റിക്കുന്നു എന്നാണ് തോന്നിയത്. ക്ലബ് ഹൗസിലെ സംസാരം മാത്രം കേട്ടിട്ട് മഴവിൽ മനോരമ പോലൊരു ചാനലിലെ ഹിറ്റ് പരിപാടിയിലേക്ക് ക്ഷണിക്കുന്നത് എന്നെ സംബന്ധിച്ച് വിശ്വസിക്കാവുന്നതിലും അപ്പുറമായിരുന്നു. എന്തായാലും വണ്ടർലയിൽ പോയി കുളിക്കണം എന്നു വിചാരിച്ചിരിക്കുകയായിരുന്നു. പറ്റിക്കപ്പെട്ടാലും സാരമില്ല അതു സാധിക്കുമല്ലോ എന്നു കരുതി എറണാകുളത്തേക്ക് വണ്ടി കയറി’’– അങ്ങനെ ഗൗതമിന്റെ ബംപർ ചിരി യാത്ര അവിടെ തുടങ്ങി. 

goutham-2

വണ്ടർല മനസ്സിൽ കണ്ട് സോപ്പും തോർത്തും ട്രൗസറുമൊക്കെ എടുത്ത് എറണാകുളത്തേക്ക് പുറപ്പെട്ടു. അരൂരിലെ സ്റ്റുഡിയോയിൽ എത്തി. സംഭവം സത്യം. പരിപാടിയുടെ ഷൂട്ട് നടക്കുന്നു. വേദിയിലേക്ക് കയറിക്കോളൂ എന്നായി. അങ്ങനെ ഒഡീഷനിലൂടെയല്ലാതെ ബംപർ ചിരിയിലേക്ക് എത്തി, വലിയ തയാറെടുപ്പുകള്‍ക്കൊന്നും നിൽക്കാതെ വേദിയിലേക്ക്. സത്യത്തിൽ എന്താണ് സ്റ്റാൻഡ് അപ് കോമഡി എന്നു പോലും അന്ന് അറിയില്ലായിരുന്നുവെന്ന് ഗൗതം പറയുന്നു. ‘‘ക്ലാസിൽ ഒന്നും മനസ്സിലാകാതെയുള്ള എന്റെ ഇരിപ്പ് കണ്ട് ടീച്ചർ പറയുന്ന സ്റ്റാൻഡ് അപ് മാത്രമാണ് ആകെ പരിചയമുള്ളത്. വേദിയിൽ നിന്ന് കോമഡി പറഞ്ഞ് യാതൊരു പരിചയവുമില്ല. എങ്കിലും തന്റെയും അച്ഛന്റെയും ജീവിതത്തിലെ ചില സംഭവങ്ങൾ പറഞ്ഞ് അന്നും ബംപർ അടിച്ചു’’ 

∙ അച്ഛൻ, അപ്പൂപ്പൻ കഥകൾ

അച്ഛനാണ് കഥകളിലെ പ്രധാന കഥാപാത്രം. ചിലപ്പോൾ അപ്പൂപ്പനെയും കൂട്ടും. ‘അച്ഛനെയും അപ്പൂപ്പനെയും വിറ്റ് ജീവിക്കുന്നവൻ’ എന്നാണ് ഗൗതം തന്നെക്കുറിച്ച് സ്വയം പറയുന്നത്. ഈ കഥകളിൽ എത്ര മാത്രം സത്യമുണ്ടെന്നു ചോദിച്ചാൽ സത്യമേ ഉള്ളുവെന്ന് ഗൗതമിന്റെ മറുപടി. അപ്പൂപ്പൻ വളരെ തമാശക്കാരനായിരുന്നു. വീട്ടുകാര്‍ പറഞ്ഞ് അറിഞ്ഞ അദ്ദേഹത്തിന്റെ കഥകൾ ഗൗതമിന്റേതായ രീതിയിൽ അവതരിപ്പിക്കുകയാണ് ചെയ്യുന്നത്. ശശി എന്ന അച്ഛന്റെ പേരിൽ താൻ സൗഹൃദ് സംഘത്തിൽ അറിയപ്പെടുന്നതും അതുണ്ടാക്കുന്ന രസകരമായ സംഭവങ്ങളും ഗൗതം അവതരിപ്പിച്ചിരുന്നു. എൽകെജി മുതലേ ശശി എന്നാണ് കൂട്ടുകാർ തന്നെ വിളിക്കുന്നതെന്ന് ഗൗതം പറയുന്നു. സ്റ്റേറ്റ് മെഡിക്കൽ ഓഫിസറായിരുന്ന അച്ഛൻ വിരമിച്ചശേഷം വക്കീലായി എൻറോൾ ചെയ്തു. അമ്മ ഗീത വീട്ടമ്മയാണ്. സഹോദരൻ ശ്രാവൺ കോളജ് ഓഫ് എൻജിനീയറിങ്ങിലെ ഒന്നാം വർഷ വിദ്യാർഥിയും. 

goutham-1

കുടുംബകഥകൾ പറഞ്ഞ് മകന്‍ പ്രശസ്തി നേടിയതിൽ വീട്ടുകാരുടെ പ്രതികരണം എങ്ങനെയായിരുന്നുവെന്ന് ചോദിച്ചാൽ ഗൗതം വീണ്ടും ബംപർ ചിരിയിലെ രസികനായി മാറും. ‘‘ലുലുമാളിനേക്കാൾ വലിയൊരു മാൾ ഞാന്‍ തുടങ്ങിയാലും വീട്ടിൽ വലിയ അനക്കമൊന്നും കാണില്ല. 100 കോടി സമ്പാദിച്ച്, ആർക്കെങ്കിലും കൊടുത്താലും ‘ആ ശരി’ എന്നു പറയും. വീട്ടില്‍ അന്നുമിന്നും നമുക്കൊരു വിലയുമില്ലല്ലോ. അവാർഡ് വാങ്ങി വന്ന എന്നോട് പോയി പാൽ വാങ്ങി വരാനാണ് പറഞ്ഞത്’’– ഗൗതത്തിന്റെ വാക്കുകളിൽ ചിരി പടർന്നു. വലിയ പ്രതികരണമൊന്നും കാണിക്കുന്നില്ലെങ്കിലും മനസ്സു കൊണ്ട് അവർ സന്തോഷിക്കുകയും മറ്റുള്ളവരോട് തന്നെക്കുറിച്ച് പറയുകയും ചെയ്യുന്നുണ്ടാവുമെന്നും ഗൗതം കൂട്ടിച്ചേർത്തു.

∙ ഭാഗ്യം

അപ്രതീക്ഷിതമായി ലഭിക്കുന്ന ആശയം മനസ്സിലിട്ട് വികസിപ്പിക്കും. അതിനെ പിന്നീട് വീട്ടുകാരുമായി ബന്ധിപ്പിക്കും. സ്ക്രിപ്റ്റായി എഴുതാറില്ല. അങ്ങനെ ചെയ്താൽ പഠിച്ച് പറയുന്നതു പോലെ തോന്നുമെന്നതാണ് കാരണം. സ്വയം പ്രചോദിപ്പിച്ച് മുന്നോട്ടു പോകാനാണു ശ്രമം. കൂട്ടുകാരുടെ പിന്തുണ കരുത്തേകുന്നു. ഇപ്പോൾ കിട്ടിയ അവസരത്തെ ഭാഗ്യമെന്ന് വിളിക്കാനാണു ഗൗതത്തിന് ഇഷ്ടം. സ്വയം സൃഷ്ടിച്ചെടുത്ത പരിമിതികളിൽ നോക്കി തളർന്നു നിൽക്കുന്ന സ്വഭാവമാണുള്ളത്. അതുകൊണ്ടു ഒരിടത്തും എത്തില്ലെന്നു ഗൗതം കരുതിയിരുന്നു. ‘‘കടുത്ത അപകർഷതാബോധമുള്ള വ്യക്തിയാണു ഞാൻ. രണ്ടു പേർ കൂടി നിൽക്കുന്നിടത്തേക്ക് സൺഗ്ലാസ് വച്ചു പോകാൻ പോലും ധൈര്യമില്ല. എന്റെ മുഖം ശരിയല്ല. യാതൊരു കഴിവും ഇല്ലാത്ത ആളാണു എന്നെല്ലാം കരുതിയിരുന്നു’’– സ്വയം ബന്ധിച്ചിടുന്ന ചിന്തകളുടെ തീവ്രത ഗൗതത്തിന്റെ വാക്കുകളിൽ നിറഞ്ഞു. 

goutha-1

ബംപർ ചിരിക്ക് പോകും മുമ്പ് സ്വയം വിലയിരുത്തി. പഠിക്കുന്ന സമയത്ത് കൂട്ടുകാർക്കൊപ്പമിരുന്ന് കഥകൾ പറയുമായിരുന്നു. അതു കേൾക്കാൻ അവർ കൂടി നിൽക്കും. ഇതെല്ലാം ആത്മവിശ്വാസം നൽകി. സ്വന്തം പരിമിതികൾ മനസ്സിലാക്കി അതെല്ലാം മറികടക്കാൻ നിരന്തരം ഗൗതം പരിശ്രമിക്കുന്നു. 

∙ സിനിമ

നാലു തവണ മാത്രമേ വേദിയിലെത്തിയിട്ടുള്ളുവെങ്കിലും ആളുകള്‍ തന്നെ തിരിച്ചറിയുന്നുണ്ട്. അതു സന്തോഷം നൽകുന്നു. മലയാളത്തിലെ പ്രമുഖരായ താരങ്ങളുടെ മുമ്പിൽ പ്രകടനത്തിന് അവസരം ലഭിച്ചു എന്നതാണ് ഗൗതം ഏറ്റവും ഭാഗ്യമായി കരുതുന്നത്. ബംപർ ചിരിയുടെ വിധികർത്താക്കളും അണിയറപ്രവർത്തകരും നല്‍കുന്ന പ്രചോദനം വളരെ വലുതാണ്. ഷോയിലെ ജനപ്രിയ താരത്തിനുള്ള അവാർഡ് കിട്ടിയത് സന്തോഷവും ആത്മവിശ്വാസവും വർധിപ്പിച്ചു.

ഒരിക്കൽ കേരള കലോത്സവത്തിൽ സ്കിറ്റിനും വഞ്ചിപ്പാട്ടിനും സമ്മാനം നേടിയിരുന്നു. അന്ന് അപർണാ ബാലമുരളിയിൽനിന്നു സമ്മാനം വാങ്ങുമ്പോഴാണ് സിനിമാ മോഹം മനസ്സിലേക്കു കയറിയത്. എന്നാൽ കഠിനാധ്വാനം ചെയ്യുന്ന സ്വഭാവമില്ലാത്തതുകൊണ്ട് അതു വെറും ആഗ്രഹമായി മനസ്സിലിരുന്നു. ഒരു തവണ ഓഡിഷനു പോയപ്പോൾ തട്ടിപ്പാണെന്നു മനസ്സിലായി. അങ്ങനെയിരിക്കുമ്പോഴാണ് ബംപർ ഭാഗ്യം തേടിയെത്തിയത്. പരിപാടിയിൽ അതിഥിയായി എത്തിയ പല സിനിമാ താരങ്ങളും ഗൗതമിന്റെ പ്രകടനത്തെ അഭിനന്ദിച്ചിരുന്നു. സിനിമാ സ്വപ്നത്തിന് കൂടുതൽ ആവേശമേകാൻ ഇതു സഹായിച്ചു. ‘ഒരു നൈലോണിന്റെ കയറിട്ട് തന്നാൽ മതി. ഞാനങ്ങ് പിടിച്ചു കയറിക്കോളാം അണ്ണാ’ എന്നാണ് ബംപർ ചിരിയിൽ അതിഥിയായി എത്തിയ സുരാജിനോട് ഗൗതം പറഞ്ഞത്. ഭാഗ്യമുണ്ടെങ്കിൽ എവിടെ നിന്നെങ്കിലും അങ്ങനെ ഒരു കയർ തേടി വരുമെന്നും അതിൽ പിടിച്ചു കയറി ബിഗ് സ്ക്രീനിലെത്താം എന്നുമുള്ള പ്രതീക്ഷയിലാണ് ഗൗതം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com