ADVERTISEMENT

'ബിഗ് ഫോര്‍' എന്നറിയപ്പെടുന്ന ലോകത്തെ പ്രധാന നാല് ഫാഷന്‍ ഷോകളില്‍ ഒന്നിലെങ്കിലും പങ്കെടുക്കുകയെന്നത് ലോകത്തെ ഏതൊരു മോഡലിന്റേയും സ്വപ്‌നമാണ്. ഇതില്‍ പാരിസിലും മിലാനിലും റാംപ് വാക്ക് നടത്തിയാണ് മലയാളിയായ അമിത് ഈപ്പന്‍ എബ്രഹാം കയ്യടി നേടുന്നത്. കോട്ടയം പാലായ്ക്കടുത്ത് മരങ്ങാട്ടുപ്പിള്ളിയിൽ ജനിച്ച് കോഴിക്കോടും കൊച്ചിയിലുമായി പഠിച്ചു വളര്‍ന്ന അമിത് 21 വയസിനുള്ളില്‍ മോഡലിങ്ങില്‍ ഇത്രയും വലിയ നേട്ടങ്ങള്‍ സ്വന്തമാക്കിയത് എങ്ങനെ? സാധാരണ ഒരു വിദ്യാര്‍ഥിയില്‍ നിന്നും അന്താരാഷ്ട്ര മോഡലിലേക്കുള്ള തന്റെ യാത്രയെക്കുറിച്ച് അമിത് മനോരമ ഓണ്‍ലൈനോട് സംസാരിക്കുന്നു.

∙ അമിതിനെ തേടി വന്ന മോഡലിങ്

മോഡലിങിന് പിന്നാലെ അമിത് പോയതിനേക്കാള്‍ മോഡലിങ് അമിതിനെ തേടി വരികയായിരുന്നു എന്നു വേണം പറയാന്‍. മുംബൈ NIFTല്‍ (നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്‌നോളജി) ആക്സസറി ഡിസൈന്‍ വിദ്യാര്‍ഥിയാണ് അമിത്. ഇതിനിടെ ഇന്‍സ്റ്റഗ്രാമില്‍ സുഹൃത്തുക്കള്‍ അയച്ച ഒരു മെസേജാണ് വഴിത്തിരിവായത്. അനിമ ക്രിയേറ്റീവ്‌സ് എന്ന മോഡലിങ് ഏജന്‍സിയുടെ മോഡലുകളെ തിരഞ്ഞുകൊണ്ടുള്ള ഒരു പരസ്യമായിരുന്നു അത്. വെറുതെ കൊടുത്തു നോക്കാം എന്നു ചിന്തയോടെ അപേക്ഷിച്ചു. ഇന്ത്യയിലെ മുന്‍നിര മോഡല്‍ ഏജന്‍സിയാണ് അനിമ ക്രിയേറ്റീവ്‌സ് എന്ന് തിരഞ്ഞെടുക്കപ്പെട്ട ശേഷമാണ് അമിത് അറിയുന്നത്.

കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ മുതല്‍ അനിമ ക്രിയേറ്റീവ്‌സിനൊപ്പം മോഡലിങ് ചെയ്യുന്നുണ്ട് അമിത്. തുടക്കത്തില്‍ ഇന്ത്യയ്ക്കകത്തു തന്നെയായിരുന്നു മോഡലിങ്. അമിതിന് വേണ്ട നിര്‍ദേശങ്ങള്‍ കൊടുത്ത് മറ്റു കമ്പനികളുമായി കരാര്‍ ഒപ്പുവെപ്പിക്കുന്ന മദര്‍ ഏജന്‍സിയാണ് ഇപ്പോള്‍ അനിമ ക്രിയേറ്റീവ്‌സ്.

amith-2

∙ രാജ്യാന്തര കരാര്‍

മോഡലിങ്ങിലെ വലിയ ഞെട്ടല്‍ അമിതിന് നല്‍കിയതും അനിമ ആയിരുന്നു. ഇക്കഴിഞ്ഞ ഏപ്രിലില്‍ അമിത് ക്ലാസില്‍ ഇരിക്കുമ്പോഴാണ് ഒരു വിഡിയോ കോള്‍ വരുന്നത്. മറു തലയ്ക്കല്‍ അനിമ ക്രിയേറ്റീവ്‌സിന്റെ സ്ഥാപകരായ മാര്‍ക് ലൂബ്രിക്കും ഗുനിത സ്‌റ്റോബും. അവരാണ് ഏജന്‍സിയുടെ ഇന്റര്‍നാഷനല്‍ പ്ലേസ്‌മെന്റ്‌സ് കൈകാര്യം ചെയ്യുന്നത്. സാധാരണ വിഡിയോ കോള്‍ വിളിക്കാറില്ല. ക്ലാസില്‍ നിന്നും പുറത്തിറങ്ങി കോള്‍ എടുത്തു. ലണ്ടനില്‍ ഒരു മീറ്റിങ്ങിനുശേഷം പുറത്തുവരികയാണ് അവർ. ഐ.എം.ജി. ലണ്ടന്‍, മിലാന്‍, പാരിസ് എന്നിവിടങ്ങളിലേക്ക് തന്നെ തിരഞ്ഞെടുത്തുവെന്ന് പറഞ്ഞു. അത് ശരിക്കും സ്വപ്‌നത്തില്‍ നിന്നും ജീവിതത്തിലേക്കുള്ള ഒരു കോളായിരുന്നു. ലോകത്തെവിടെയുമുള്ള മോഡലുകളുടേയും ഒരു സ്വപ്‌ന ഏജന്‍സിയാണ് ഐ.എം.ജി. അവരുമായി കരാറിലെത്തിയെന്നത് വിശ്വസിക്കാന്‍ പോലും അമിതിന് സമയമെടുത്തു. കരാറൊപ്പിട്ടത് വേറേതെങ്കിലും ഐ.എം.ജിയാവുമെന്ന് പോലും കരുതി. ഇന്ത്യയില്‍ മോഡലിങ് തുടങ്ങി ആറ് മാസത്തിനുള്ളില്‍ ഇത്ര വലിയ മോഡലിങ് ഏജന്‍സിയുമായി കരാര്‍ ഒപ്പുവെക്കുകയെന്നത് അമിതിന്റെ സ്വപ്‌നങ്ങളില്‍ പോലുമില്ലായിരുന്നു. അനിമ വഴി ഐ.എം.ജിയുമായി കരാര്‍ ഒപ്പുവെച്ചവരില്‍ അമിതിന് പുറമേ മറ്റൊരു ഒരു ഇന്ത്യക്കാരന്‍ മാത്രമേയുള്ളൂ. ജർമനിയില്‍ കള്‍ട്ട് എന്ന ഏജന്‍സിയുമായും സ്‌പെയിനില്‍ ട്രെന്‍ഡ്‌സ് എന്ന ഏജന്‍സിയുമായും അമിത് കരാറിലെത്തിയിട്ടുണ്ട്.

ഏപ്രിലില്‍ ഐ.എം.ജിയുമായി കരാര്‍ ഒപ്പു‌വച്ച് ജൂണ്‍ നാലിന് പാരിസിലേക്ക് പറന്നു. പാരിസ് ഫാഷന്‍ വീക്കായിരുന്നു രാജ്യാന്തര തലത്തിലെ ആദ്യ ഷോ. ആദ്യ ഷോയില്‍ അന്താരാഷ്ട്ര ഫാഷന്‍ ബ്രാന്‍ഡായ ലൂയി വിറ്റോണിനു വേണ്ടിയാണ് റാംപിലെത്തിയത്. നേരത്തെ ഒരൊറ്റ ഇന്ത്യന്‍ മോഡല്‍ മാത്രമാണ് ലൂയി വിറ്റോണിന് വേണ്ടി റാംപിലെത്തിയിട്ടുള്ളത്. അതുകൊണ്ടു അമിതിന് അതൊരു അഭിമാന നിമിഷമായിരുന്നു.

∙ ഫാഷന്‍ ഷോയിലെ കടമ്പകള്‍

കരാര്‍ ഒപ്പിട്ടാലും പാരിസ് ഫാഷന്‍ ഷോയില്‍ പങ്കെടുക്കാന്‍ പിന്നെയും കടമ്പകളുണ്ടായിരുന്നു. തങ്ങള്‍ക്ക് ആവശ്യമുള്ള മോഡലുകളെ തിരഞ്ഞെടുക്കുന്നത് ബ്രാന്‍ഡുകളാണ്. അതിനായി ഏജന്‍സികളോട് അവര്‍ ആദ്യം ഏതൊക്കെ മോഡലുകൾ കാസ്റ്റിംങിന് വരണമെന്ന് പറയും. മോഡലുകളെ തങ്ങളുടെ ഉത്പന്നങ്ങള്‍ അണിഞ്ഞ ശേഷമുള്ള റാംപ് വോക്കുമെല്ലാം നടത്തിയ ശേഷമാണ് ബ്രാന്‍ഡുകള്‍ തിരഞ്ഞെടുപ്പ് നടത്തുക. അതുകൊണ്ട് ഫാഷന്‍ വീക്കില്‍ പങ്കെടുക്കുകയെന്നതിന് പിന്നില്‍ മോഡലുകള്‍ക്കിടയില്‍ മത്സരമുണ്ട്. ചില ബ്രാന്‍ഡുകളൊക്കെ ഷോയുടെ തലേന്ന് 12 മണി വരെ ആരൊക്കെ തിരഞ്ഞെടുക്കപ്പെട്ടെന്ന് അറിയിക്കില്ല. എന്നാല്‍ ലൂയി വിറ്റോണ്‍ നേരത്ത തന്നെ അറിയിച്ചിരുന്നു.

ലൂയി വിറ്റോണിന്റെ ഒഡിഷന് പാരിസില്‍ വന്നപ്പോള്‍ അന്താരാഷ്ട്ര മോഡലുകളുടെ നീണ്ട വരിയാണ് അമിത് കണ്ടത്. ഏതാണ്ട് ഇരുന്നൂറിലേറെ മോഡലുകള്‍ ലൂയി വിറ്റോണിന്റെ പാരിസിലെ ആസ്ഥാനത്തിന് മുന്നില്‍ അവസരത്തിനായി വരി നില്‍ക്കുന്നു. ഒരേ സമയം മൂന്നു പേരെ വീതം മാത്രമാണ് അവര്‍ ഉള്ളിലേക്ക് വിളിച്ചാണ് തിരഞ്ഞെടുപ്പ് നടത്തുന്നത്. ഇവരില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട 72 പേരില്‍ ഒരാളായാണ് അമിത് പാരിസ് ഫാഷന്‍ വീക്കില്‍ പങ്കെടുത്തത്.

amith-3

അമേരിക്കന്‍ റാപ്പര്‍ കെന്‍ഡ്രിക് ലമാറിന്റെ പാട്ടാണ് അമിതിന്റെ പാരിസിലെ റാംപ് വാക്കിന് അകമ്പടിയായത്. പിന്നീടാണ് 14 ഗ്രാമി അവാര്‍ഡുകള്‍ നേടിയിട്ടുള്ള കെന്‍ഡ്രിക് ലമാര്‍ ലൈവായി ഷോയില്‍ പെര്‍ഫോം ചെയ്യുന്നുണ്ടെന്ന് അറിഞ്ഞത്. കെന്‍ഡ്രിക് ലമാറും ഷോക്ക് മുന്നോടിയായുള്ള റിഹേഴ്‌സലിന് എത്തിയിരുന്നു. റാംപ് വാക്കിന്റെ ഇരുവശത്തും ഷോ കാണാനിരുന്നവരുടെ കൂട്ടത്തിലിരുന്നായിരുന്നു അമേരിക്കന്‍ റാപ്പര്‍ പാട്ടു പാടിയത്. അദ്ദേഹത്തിന്റെ തൊട്ടടുത്താണ് സൂപ്പര്‍മോഡല്‍ നവോമി കാംപല്‍. ഇവരുടെ മുന്നിലൂടെ ലൂയി വിറ്റോണിനുവേണ്ടി അമിത് റാംപിലെത്തി. 

∙ മോഡലാവാന്‍ എന്തു ചെയ്യണം

ഈയൊരു ചോദ്യവുമായി നടക്കുന്ന ഒരുപാട് പേരുണ്ടാവും. കുറഞ്ഞകാലത്തെ വലിയ അനുഭവങ്ങളില്‍ നിന്നും അമിത് ചില കാര്യങ്ങള്‍ പങ്കുവച്ചു. മോഡലിങ്ങിന്റെ രാജ്യാന്തര വേദികളില്‍ ആരും പ്രത്യേകിച്ചൊന്നും പറഞ്ഞു തരില്ല. ഇങ്ങനെ ചെയ്യണം അങ്ങനെ ചെയ്യണമെന്നൊക്കെ പറയാന്‍ ആരുമുണ്ടാവില്ല. ശ്രദ്ധ നേടാനും വിജയിക്കാനുമുള്ള വഴികള്‍ നമ്മള്‍ തന്നെ കണ്ടെത്തണം. അത്തരം വെല്ലുവിളികളെ ആസ്വദിക്കാനും സാധിക്കണം.

രാജ്യാന്തര തലത്തിലുള്ള മോഡലിങ്ങിന് ഉയരം വളരെ പ്രധാനമാണ്. പുരുഷന്മാരെയാണെങ്കില്‍ ആറ് അടി രണ്ട് ഇഞ്ച് അല്ലെങ്കില്‍ മൂന്നിഞ്ച് ഉയരമുള്ളവരെയാണ് ഇവര്‍ തിരഞ്ഞെടുക്കാറുള്ളത്. അതിനേക്കാള്‍ കൂടുതല്‍ ഉയരമുള്ളവര്‍ക്കും കുറവ് ഉയരമുള്ളവര്‍ക്കും സാധ്യത കുറവാണ്. റണ്‍വേയില്‍ നടക്കുമ്പോള്‍ എല്ലാവര്‍ക്കും ഒരേ ഉയരം ഉണ്ടാവുമെന്നത് ഉറപ്പാക്കാന്‍ കൂടി വേണ്ടിയാണിത്.

ഈ ഉയരത്തിനൊപ്പം മെലിഞ്ഞ ശരീരപ്രകൃതിയും പ്രധാനമാണ്. പല അന്താരാഷ്ട്ര ബ്രാന്‍ഡുകളും വസ്ത്രങ്ങള്‍ ഒരുക്കുന്നത് ഈ അളവുകള്‍ മനസില്‍ കണ്ടാണ്. ബ്രാൻഡുകൾ മോഡലുകള്‍ക്കനുസരിച്ച് വസ്ത്രങ്ങള്‍ മാറ്റുകയല്ല മറിച്ച് തങ്ങളുടെ വസ്ത്രങ്ങള്‍ക്കു പറ്റിയ മോഡലുകളെ തിരഞ്ഞെടുക്കുകയേ ഉള്ളൂ. അമിത് മെലിഞ്ഞ ശരീര പ്രകൃതിയാണെങ്കിലും ഇത്ര പോലും മസ്‌കുലര്‍ ആയ ശരീരം ആവശ്യമില്ല. അതുകൊണ്ട് ജിമ്മിലാണെങ്കില്‍ പോലും ഭാരം എടുത്തുള്ള വ്യായാമങ്ങള്‍ ഒഴിവാക്കി മെലിയാന്‍ ശ്രമിക്കുകയാണിപ്പോൾ.

ഏറ്റവും നല്ല രീതിയില്‍ സ്വയം അവതരിപ്പിക്കാനുള്ള മിടുക്കാണ് ഒരു മോഡലിന് വേണ്ടത്. എവിടെയും മടിച്ചു നില്‍ക്കാനോ നാണിച്ചു നില്‍ക്കാനോ പാടില്ല. ആദ്യത്തെ മതിപ്പിന് വലിയ പ്രാധാന്യമുണ്ട്. അതേസമയം മറ്റുള്ളവരെ വെറുപ്പിക്കുന്ന രീതിയിലേക്ക് ആവേശം കാണിക്കാനും പാടില്ല. ഏറ്റവും നന്നായി സ്വയം അവതരിപ്പിക്കണമെങ്കില്‍ നമ്മുടെ ശരീരവും നല്ല പോലെ ശ്രദ്ധിക്കണം. മോഡലായാല്‍ മുഖവും ചര്‍മ്മവും മുടിയുമെല്ലാം പ്രത്യേകം ശ്രദ്ധിക്കേണ്ടി വരും.

എല്ലാവരോടും സംസാരിക്കാനും സൗഹൃദം ഉണ്ടാക്കാനും ശ്രമിക്കണം. എപ്പോഴും ശുഭാപ്തിവിശ്വാസം പുലർത്തണം. ഇത്തരം സൗഹൃദങ്ങളില്‍ നിന്നു പോലും മോഡലിങ് അവസരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്ന് അമിത് പറയുന്നു. ഒരു സുഹൃത്തിന്റെ ബര്‍ത്ത് ഡേ പാര്‍ട്ടിക്ക് പോയപ്പോള്‍ ഒരാളെ പരിചയപ്പെട്ടിരുന്നു. രണ്ട് ദിവസത്തിന് ശേഷമുള്ള ഷൂട്ടിന് അമിതിനെ ക്ഷണിച്ചു. നേരത്തെ തീരുമാനിച്ച മോഡലിനെ ഒഴിവാക്കിയാണ് അമിതിന് അവസരം നൽകിയത്. ആ പരിചയപ്പെടലാണ് കാര്യങ്ങൾ അവിടെ എത്തിച്ചത്. ആത്മവിശ്വാസവും പെരുമാറ്റവുമെല്ലാം മോഡലിങ്ങില്‍ വളരെ പ്രധാനമാണ്.

∙ എഫ് വണ്ണും ബൈക്കും 

ഫോര്‍മുല വണ്ണിന്റെ കട്ട ആരാധകനാണ് അമിത്. മുംബൈ കാര്‍ഗറിലുള്ള അമിതിന്റെ അപ്പാര്‍ട്ട്‌മെന്റില്‍ നിറയെ ഫോര്‍മുല 1 പോസ്റ്ററുകളാണ്. എഫ് വണ്‍ വിഡിയോ ഗെയിം മാത്രമാണു കളിക്കാറുള്ളത്. ഇഷ്ട ടീമും ഡ്രൈവറുമൊക്കെ സീസണ്‍ അനുസരിച്ച് മാറിക്കൊണ്ടിരിക്കും. ഇപ്പോള്‍ റെഡ്ബുള്‍ ഡ്രൈവറായ സെര്‍ജിയോ പെരസിനോടാണ് പ്രിയം.

കാറുകള്‍ക്കൊപ്പം ബൈക്കുകളോടും ഇഷ്ടമുണ്ട്. എന്നാലത് സൂപ്പര്‍ ബൈക്കുകളോടും സൂപ്പര്‍ കാറുകളോടുമല്ല. മറിച്ച് തനിക്കിഷ്ടപ്പെട്ട രീതിയിലേക്ക് ബൈക്കുകള്‍ മാറ്റി പണിയുന്നതിനോടാണ്. ചെറിയ തുകക്ക് വാങ്ങിയ ആദ്യ ബൈക്കായ പള്‍സര്‍ 150യെ കഫേ റൈസറായി മാറ്റി പണിതിരുന്നു. രൂപം മാറിയ പള്‍സറിനെ കൂടിയ തുകക്ക് വില്‍ക്കാനും അമിതിന് സാധിച്ചിട്ടുണ്ട്. ഇപ്പോഴുള്ള ഡ്യൂക്ക് 390യിലും അമിത് സ്വന്തം നിലക്ക് മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്.

∙ ആസ്വദിക്കുന്നു മോഡലിങ്

amith-4

മിലാനും പാരിസിനും പുറമേ ജര്‍മ്മനിയിലേക്കും അമിത് മോഡലിങ്ങിനായി പോയിരുന്നു. വരുന്ന സെപ്റ്റംബറില്‍ വുമണ്‍സ് പാരിസ് ഫാഷന്‍ വീക്കുണ്ട്. പ്രാധാന്യം സ്ത്രീകള്‍ക്കാണെങ്കിലും കുറച്ച് പുരുഷന്മാര്‍ക്കും അവസരം കിട്ടും. പിന്നെ അടുത്ത സീസണില്‍ ലണ്ടന്‍, മിലാന്‍, പാരിസ് ഫാഷന്‍ വീക്കുകളില്‍ പങ്കെടുക്കാനാണ് ശ്രമിക്കുന്നത്. ഇത്തവണ ഇംഗ്ലണ്ടിലേക്കുള്ള വിസ ലഭിക്കാന്‍ വൈകിയതിനാലാണ് ലണ്ടന്‍ ഫാഷന്‍ വീക്കില്‍ പങ്കെടുക്കാന്‍ സാധിക്കാതെ വന്നത്.

രാജ്യാന്തര മോഡലാവുക  എന്നത് അമിതിന്റെ ഏറ്റവും വിദൂരമായ സ്വപ്‌നത്തില്‍ പോലുമില്ലായിരുന്നു. എന്നാലിപ്പോൾ ആ സ്വപ്‌നത്തിലാണ് ഈ 21കാരന്‍ ജീവിക്കുന്നത്. ഇതിലും നല്ലൊരു ജോലിയെക്കുറിച്ച് ഇനി ചിന്തിക്കാന്‍ പോലുമാവില്ല. തന്റെ സ്വപ്‌ന ജീവിതം പരമാവധി ആസ്വദിക്കുകയാണ് അമിത് ഇപ്പോള്‍.

ബെര്‍ജര്‍ പെയിന്റ്‌സ് ഡി.ജി.എം സെജു കെ.ഈപ്പനാണ് അമിതിന്റെ പിതാവ്. മാതാവ് വിന്‍സി സെജു മാധ്യമ പ്രവർത്തകയാണ്. രോഹിത് ജോസ് എബ്രഹാം, ഋതിക് ടോം എബ്രഹാം എന്നിവരാണ് സഹോദരങ്ങൾ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com