Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സോണിയിൽനിന്നു രണ്ടു കിടിലൻ ആക്ഷൻ ക്യാമറകൾ കൂടി

sony-camera

ഓട്ടത്തിനിടയിൽപ്പോലും മിഴിവുറ്റ 4കെ യുഎച്ച്ഡി വിഡിയോയെടുക്കാവുന്ന അതുഗ്രൻ ആക്ഷൻ ക്യാമറ സോണി പുറത്തിറക്കി. 26800 രൂപ മുതലാണു വില. എഫ്ഡിആർ–എക്സ്3000 എന്നാണു മോഡലിനു പേര്. ഫുൾ എച്ച്ഡി വിഡിയോ റെക്കോർഡ് ചെയ്യാവുന്ന എച്ച്ഡിആർ–എഎസ്300 എന്ന മോഡലും പുറത്തിറക്കിയിട്ടുണ്ട്.

ബാലൻസ്ഡ് ഒപ്റ്റിക്കൽ സ്റ്റെഡിഷോട്ട് (ബോസ്) എന്ന പുതിയ ഫീച്ചറാണു പുതിയ ക്യാമറകളിലൂെട സോണി അവതരിപ്പിക്കുന്നത്. ക്യാമറയും ലെൻസും പ്രത്യേക രീതിയിലാണ് അടക്കംചെയ്തിരിക്കുന്ന പുതിയ ക്യാമറകൾ ഉപയോഗിച്ച് ചലിക്കുന്ന ദൃശ്യങ്ങൾ നന്നായി ഷൂട്ട് ചെയ്യാം. ഷെയ്ക്കോ മറ്റു തടസങ്ങളോ ഇല്ലാതെ വ്യക്തമായ വിഡിയോ കിട്ടുമെന്നു കമ്പനി അവകാശപ്പെടുന്നു.

ഇതിനൊപ്പം അവതരിപ്പിച്ച പുതിയ ലൈവ് റിമോട്ട് യൂണിറ്റ് നേരത്തെ പുറത്തിറക്കിയ ലൈവ് റിമോട്ടുകളേക്കാൾ 30 ശതമാനത്തോളം വലിപ്പക്കുറവുണ്ട്. കൊണ്ടുനടക്കാനുള്ള എളുപ്പംകൂടി പരിഗണിച്ചാണു പുതിയ രൂപകൽപ്പന. എഫ്ഡിആർ–എക്സ്3000 മോഡലിന്റെ ലൈവ് റിമോട്ട് വേരിയന്റിന് (എഫ്ഡിആർ–എക്സ്3000ആർ) 36800 രൂപ വില വരും. എച്ച്ഡിആർ–എഎസ്300നു വില 20100 രൂപയാണ്. ലൈവ് വ്യൂ റിമോട്ട് വേരിയന്റിന് 30100 രൂപയാകും.

സെപ്റ്റംബർ അവസാനത്തോടെ വടക്കേ അമേരിക്കൻ വിപണിയിൽ ക്യാമറകൾ എത്തും. ഇന്ത്യയിൽ എന്ന് എത്തുമെന്നു സോണി അറിയിച്ചിട്ടില്ല.