Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഉജ്ജ്വല ചിത്രങ്ങളെടുക്കാന്‍ നിക്കോണ്‍ D7500, അത്യുഗ്രൻ ഫീച്ചറുകൾ, വിലയോ?

nikon-7500-2

നിക്കോണ്‍ പുറത്തിറക്കിയ പുതിയ D7500 ക്യാമറ വാങ്ങുക എന്നത് ബുദ്ധിപൂര്‍വ്വമായ തീരുമാനമായിരിക്കുമോ ? ഈ ക്യാമറ ഏതു തരം ഫൊട്ടോഗ്രഫര്‍മാരെ ലക്ഷ്യമാക്കിയാണ് ഇറക്കിയിരിക്കുന്നതെന്നും പരിശോധിക്കാം. പുതിയ ക്യാമറയുടെ സുപ്രധാന ഫീച്ചറുകളില്‍ ഒന്ന്, പരിമിതികളോടു കൂടെയാണെങ്കിലും 30, 25, 24p ശേഷികളില്‍ 4K വിഡിയോ ഷൂട്ടു ചെയ്യാനുള്ള അതിന്റെ കഴിവാണ്. 

നിക്കോണിന്റെ തന്നെ, ഉജ്ജ്‌ല പ്രകടനം നടത്തി ധാരാളം പുകഴ്ത്തല്‍ ലഭിച്ച, നേരത്തെ കണ്ട, D500: http://bit.ly/2oy7WfU ക്യാമറയില്‍ നിന്നു കടം കൊണ്ടാണ് പുതിയ ക്യാമറ നിര്‍മിച്ചിരിക്കുന്നത് എന്നത് പുതിയ ക്യാമറയുടെ ഗുണനിലവാരത്തെ പറ്റിയുള്ള വിലയിരുത്തല്‍ തന്നെയാണ്. 

nikon-7500

പുതിയ ക്യാമറ നിക്കോണ്‍ DSLR ശ്രേണിയില്‍ എവിടെ നില്‍ക്കുന്നു?

D7200യുടെ പിന്‍ഗാമിയാണ് പുതിയ ക്യാമറ. നിക്കോണ്‍ പിന്തുടരുന്ന പേരിടില്‍ രീതി വച്ച് D7300 എന്ന പേരായിരുന്നു ക്യാമറയ്ക്കു കിട്ടേണ്ടത്. കമ്പനിയുടെ DX ശ്രേണിയിലെ ഇപ്പോഴത്തെ ഏറ്റവും നല്ല ക്യാമറ D500 ആണ്. അതിനു തൊട്ടു താഴെയായിരിക്കും പുതിയ ക്യാമറയുടെ സ്ഥാനം. 

D7200യ്ക്ക് 24.2MP സെന്‍സറായിരുന്നു ഉണ്ടായിരുന്നതെങ്കില്‍ പുതിയ ക്യാമറയ്ക്ക് D500ല്‍ കണ്ട അതേ 20.9MP CMOS, APS-C DX സെന്‍സറാണ് പിടിപ്പിച്ചിരിക്കുന്നത്. (മെഗാപിക്‌സലുകളുടെ എണ്ണം കൂടുന്നത് കൂടുതല്‍ നല്ല ക്യാറയാണ് എന്നതിന്റെ തെളിവായി കാണുന്നവര്‍ക്ക് ഇതൊരു വാര്‍ത്ത തന്നെ ആയിരിക്കും.) പരമാവധി ഷാര്‍പ്‌നെസ് കിട്ടുന്നുവെന്ന് ഉറപ്പുവരുത്താനായി ഒപ്റ്റിക്കല്‍ ലോ-പാസ് ഫില്‍റ്റര്‍ (OPLF) ഇല്ലാത്ത സെന്‍സര്‍ ആണ് ഉപയോഗിച്ചിരിക്കുന്നത്.

nikon-7500-3

D7200യെകാള്‍ 30 ശതമാനം കരുത്തു കൂടുതല്‍ D7500യ്ക്ക് ഉണ്ടെന്നാണ് നിക്കോണ്‍ പറയുന്നത്. എന്നാല്‍ പഴയ ക്യാമറയുടെ ഓട്ടോഫോക്കസ് സിസ്റ്റം തന്നെയാണ് പുതിയ ക്യാമറയിലും ഉപയോഗിച്ചിരിക്കുന്നതെന്നത് D500ന് ഒരു വെല്ലുവിളി ഉയര്‍ത്തരുതെന്ന മുന്‍കരുതലില്‍ നിന്നു തന്നെയാകണം.

ചില ഫീച്ചറുകള്‍ പരിശോധിക്കാം:

∙ 4K വിഡിയോ: DX സെന്‍സറില്‍ ലഭ്യമായ പ്രതലം മുഴുവന്‍ ഉപയോഗിച്ചല്ല 4K റെക്കോഡിങ്. D500ല്‍ കണ്ടതു പോലെ സെന്‍സറിന്റെ 1.5 ക്രോപില്‍ മാത്രമാണ് ഇതു സാധ്യമാകുന്നത്. (ഫുള്‍ഫ്രെയിം സെന്‍സറിന്റെ 2.25x ക്രോപ്.) 4K UHD ടൈംലാപ്‌സ് വിഡിയോയും ഷൂട്ടു ചെയ്യാം. തുടര്‍ച്ചയായി 29.59 മിനിറ്റാണു റെക്കോഡു ചെയ്യാവുന്നത്. വിഡിയോ ഷൂട്ടു ചെയ്യുമ്പോള്‍, D500ല്‍ കണ്ടതുപോലെ 3-ആക്‌സിസ് e-VR സാങ്കേതികവിദ്യയും ബോഡിയില്‍ തന്നെ ലഭ്യമാണ്.

∙ ടില്‍റ്റു ചെയ്യാവുന്ന ടച്‌സ്‌ക്രീന്‍: വിഡിയോ റെക്കോഡിങ് ശേഷി വന്ന ശേഷവും അനക്കാന്‍ വയ്യാത്ത എല്‍സിഡികളായിരുന്നു ക്യാമറാ നിര്‍മാതാക്കള്‍ കൂടുതല്‍ ക്യാമറകളിലും നല്‍കിയിരുന്നത്. എന്നാല്‍ തങ്ങള്‍ ഉപയോക്താക്കളുടെ അനിഷ്ടം ചോദിച്ചു വാങ്ങുകയാണെന്നു മനസിലായി തുടങ്ങിയതു കൊണ്ടു തന്നെയാകണം കൂടുതല്‍ ക്യാമറകള്‍ക്ക് ടില്‍റ്റു ചെയ്യാവുന്ന എല്‍സിഡികള്‍ നല്‍കി തുടങ്ങിയിരിക്കുന്നത്. D7500യുടെ എല്‍സിഡി തിരിക്കാമെന്നു മാത്രമല്ല ടച്‌ സ്‌ക്രീനുമാണ്. 

nikon-7500-4

∙ സെക്കന്‍ഡില്‍ 8 ഫ്രെയ്മുകള്‍ അരിഞ്ഞെടുക്കാം : പുതിയ പ്രോസസര്‍ ക്യാമറയ്ക്ക് ഒരു സെക്കന്‍ഡില്‍ എട്ടു ചിത്രങ്ങള്‍ വരെ പകര്‍ത്താം. (D7200ന് ഇത് സെക്കന്‍ഡില്‍ 6 ഫ്രെയിം ആയിരുന്നു.) ഇത് 50 14-ബിറ്റ് റോ ഫയലുകളോ, നൂറിലേറെ ജെപെയ്ഗുകളോ ഒരുമിച്ചു ഷ‌ട്ടുചെയ്യാം. സ്വാഭാവിക ISO 100-51,200 വരെയാണ്. 

∙ ഈ ക്യാമറ ആര്‍ക്ക്? : DSLR ആണ് കൈക്ക് ഇണങ്ങുന്നതെന്നും, തരക്കേടില്ലാത്ത DX സെന്‍സറുളള ബോഡി വാങ്ങണമെന്നും ഉള്ളവര്‍ക്ക് നിശ്ചയമായും പരിഗണിക്കാവുന്നതാണ് D7500. വന്യജീവി, സ്‌പോര്‍ട്‌സ് മേഖലയില്‍ മാത്രം പ്രവര്‍ത്തിക്കുന്നവരാണെങ്കില്‍ പ്രൊഫഷണലുകളെ ലക്ഷ്യമാക്കി നിര്‍മിച്ച D500 ആയിരിക്കും നല്ല ചോയ്‌സ്. എന്നാല്‍ എല്ലാത്തരം ചിത്രങ്ങളും എടുക്കാന്‍ താത്പര്യമുള്ളവര്‍ക്ക് D7500 ആയിരിക്കും നല്ലത്. ചിത്രത്തിന്റെ ക്വാളിറ്റിയില്‍ മാറ്റമില്ല എന്നതിനാല്‍ വിലകുറഞ്ഞ ബോഡി വാങ്ങുമ്പോള്‍ ലാഭിക്കുന്ന പൈസ ഒരു നല്ല ലെന്‍സിനോ ഫ്‌ളാഷിനോ ആയി മുടക്കുകയും ചെയ്യാം. ഫൊട്ടോഗ്രഫിയും പോസ്റ്റ് പ്രോസസിങും പഠിച്ചിട്ടുള്ളവര്‍ക്ക് ഈ ക്യാമറ ഉപയോഗിച്ചു ഉഗ്രന്‍ ചിത്രങ്ങള്‍ പകര്‍ത്താന്‍ സാധിക്കും.

D7200 ഇപ്പോഴും പരിഗണനാര്‍ഹമായ ബോഡിയാണ്. അല്‍പ്പം റെസലൂഷനും കൂടുതല്‍ ഉണ്ട്. ഈ ബോഡിയെ അപേക്ഷിച്ച് D7500യ്ക്ക് അല്‍പ്പം കൂടെ ആഴമുള്ള ഗ്രിപ്പും, ടില്‍റ്റു ചെയ്യാവുന്ന എല്‍സിഡി സ്‌ക്രീനും, ഒരു സെക്കന്‍ഡില്‍ കൂടുതല്‍ ഷോട്ടുകള്‍ എടുക്കാനുള്ള കഴിവും ഉണ്ട്. 

∙ വില : 1,249.95 ഡോളറാണ് D7500 ക്യാമറയുടെ ബോഡിക്കു മാത്രം. AF-S DX NIKKOR 18-140mm f/3.5-5.6G ED VR ലെന്‍സും കൂടെ വാങ്ങിയാല്‍ 1,749.95 ഡോളറും. ഈ ബോഡി വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ക്യാനന്‍ 80D പോലയുള്ള ക്യാമറകളും സോണിയുടെ a6300, a6500 തുടങ്ങിയ ക്യാമറകളും പരിഗണിച്ച ശേഷം ഉചിതമായ തീരുമാനത്തിലെത്താം.

∙ ഫുള്‍ഫ്രെയിം ബോഡി : ഈ വില മുടക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഫുള്‍ ഫ്രെയിം ബോഡിയായ നിക്കോണ്‍ D610യും പരിഗണിക്കാം. പഴയ മോഡല്‍ ആണെങ്കിലും ബോഡിയ്ക്കു മാത്രം ഇപ്പോള്‍ 80,00 രൂപയില്‍ താഴെ ചില ഓണ്‍ലൈന്‍ സ്റ്റോറുകളില്‍ ലഭ്യമാണ്. 

nikon-7500-1

ക്യാമറയെ പറ്റി വേണ്ടതെല്ലാം അറിയാന്‍ ഈ ലിങ്ക് ഉപയോഗിക്കുക.

ക്യാമറയില്‍ എടുത്ത സാമ്പ്ള്‍ ചിത്രങ്ങളും വിഡിയോയും കാണാന്‍ ഈ ലിങ്ക് ഉപയോഗിക്കുക.

Your Rating: