sections
MORE

നോക്കിയ ക്യാമറയ്ക്ക് ഇതെന്തു സംഭവിച്ചു, രഹസ്യക്കൂട്ട് നഷ്ടപ്പെട്ടോ? ഇത് ദയനീയം

nokia-8
SHARE

നോക്കിയ പ്യുവര്‍വ്യൂ 808 മൊബൈല്‍ ഫോണ്‍ ക്യാമറകളിലെ ചെറു വിപ്ലവമായിരുന്നു. പ്രത്യേകിച്ചും അന്നത്തെ അവരുടെ എതിരാളികളുടെ നിലവാരം വച്ച്. ആ ഫോണില്‍ കമ്പനി കുത്തിനിറയ്ക്കാന്‍ ശ്രമിച്ചത് അപ്‌സ്‌കെയ്‌ലിങ് മുതല്‍ നിരവധി സാങ്കേതിക വിദ്യകളാണ്. സിംബിയന്‍ ഒഎസുമായി ഇറങ്ങിയ ആ ഫോണിനെ എതിരാളികള്‍ക്ക് ഒഎസിന്റെ കാര്യം പറഞ്ഞ് തള്ളിക്കളയാനായി. പക്ഷേ, ഇപ്പോള്‍ നോക്കിയ 8 മോഡലുമായി വിപണിയിലേക്ക് തിരിച്ചു വരവിനു ശ്രമിക്കുമ്പോള്‍ ക്യാമറയെ പറ്റി ആരാധകര്‍ വലിയ പ്രതീക്ഷ വച്ചു പുലര്‍ത്തിയാല്‍ അവരെ കുറ്റം പറയാനാകില്ല.

പക്ഷേ, നോക്കിയ 8 ന്റെ ക്യാമറയ്ക്കു ലഭിച്ച ഡിഎക്‌സ്ഒ (DXO) റെയ്റ്റിങ് ഇന്നത്തെ നിലവാരം വച്ച് പരിതാപകരമാണ്. ഗൂഗിള്‍ പിക്‌സൽ (98), ഐഫോണ്‍ X(97), വാവെയ് മെയ്റ്റ് പ്രോ(97), ഐഫോണ്‍ 8 പ്ലസ് (94), സാംസങ് ഗ്യാലക്‌സി നോട്ട് 8 (94) മുന്നില്‍ നില്‍ക്കുന്ന ഈ ലിസ്റ്റില്‍ കേവലം 68 പോയിന്റ് മാത്രമാണ് നോക്കിയ 8ന് നേടാനായത്. ഹൈ എന്‍ഡ് ഫോണുകളുടെ നിലവാരം വച്ച് ഇത് വളരെ മോശമാണെന്നു പറായതെ വയ്യ. 

മുന്‍നിര നിര്‍മാതാക്കളെ ഒഴിവാക്കിയാലും രക്ഷയില്ല. ഷവോമി Mi നോട്ട് 3 (90), മെയ്‌സു പ്രോ 7 പ്ലസ് (71), ലാവ Z25 (70) എന്നീ മോഡലുകള്‍ക്കു പോലും പിന്നിലാണ് നോക്കിയ എന്നത് ഇരുത്തി ചിന്തിപ്പിച്ചേക്കും. ആധുനിക സ്മാര്‍ട്ട്‌ഫോണുകളില്‍ ക്യാമറയ്ക്കുള്ള പ്രാധാന്യം കുറച്ചു കാണാന്‍ സാധ്യമല്ല. 

മറ്റു പല മുന്‍നിര നിര്‍മാതാക്കളുടെ ഫോണുകളെയും പോലെ ഇരട്ട ക്യാമറാ സെറ്റ്-അപ് ആണ് നോക്കിയ 8നും. മറ്റാര്‍ക്കുമില്ലാത്ത, മുന്‍-പിന്‍ ക്യാമറകള്‍ ഒരുമിച്ചു പ്രവര്‍ത്തിപ്പിക്കുന്ന 'ബോതി' (bothie) മോഡും ഈ ഫോണിനുണ്ട്. 

ഡിഎക്ഒയുടെ നിരീക്ഷണത്തില്‍ നോക്കിയ 8ന്റെ ക്യാമറ ചിലതരം വെളിച്ചത്തില്‍ തരക്കേടില്ലാത്ത ചിത്രങ്ങള്‍ എടുക്കും. വൈറ്റ് ബാലന്‍സില്‍ സാമാന്യം കൃത്യതയും നല്ല എക്‌സ്‌പോഷറുമാണ്. എന്നാല്‍ സാചുറേഷനും ഫ്രെയ്മിന്റെ നടുക്കും അരികിലും കാണപ്പെടുന്ന നിറവ്യത്യാസവുമാണ് ക്യാമറയുടെ പ്രധാന ന്യൂനതകളില്‍ ചിലത്. ഓട്ടോ എച്ഡിആര്‍ മോഡില്‍ ചിത്രമെടുത്താല്‍ ഡൈനാമിക് റെയ്ഞ്ച് തരക്കേടില്ല. എന്നാല്‍ നല്ല വെട്ടത്തില്‍ പോലും നോയ്‌സ് ഉണ്ടെന്നത് നോക്കിയ വീണ്ടും ക്യാമറ നിര്‍മാണത്തിന്റെ ആശാന്‍ കളരിയിലേക്കു പോകണമെന്നു പറായന്‍ പ്രേരിപ്പിക്കും. വെളിച്ചം കുറയും തോറും വൈകല്ല്യങ്ങളും വര്‍ധിക്കും എന്നതാണ് നോക്കിയ ശ്രദ്ധിക്കേണ്ട കാര്യം.

നോക്കിയയുടെ ഫെയ്‌സ് (phase) ഡിറ്റക്‌ഷന്‍, കോണ്‍ട്രാസ്റ്റ് ഡിറ്റക്‌ഷന്‍, ലെയ്‌സര്‍ തുടങ്ങിയ ഓട്ടോഫോക്കസ് വിദ്യകള്‍, വെളിച്ചക്കുറവിലൊഴികെ, മിക്ക സാഹചര്യങ്ങളിലും കൃത്യത ഉറപ്പാക്കാന്‍ ഉതകുമെങ്കിലും മുകളില്‍ പറഞ്ഞ പ്രശ്‌നങ്ങള്‍ ക്യാമറയുടെ റെയ്റ്റിങിനെ പിന്നോട്ടടിക്കുന്നു.

ക്യാമറയുടെ എല്‍ഇഡി ഫ്‌ളാഷ് ഉപയോഗിച്ചെടുക്കുന്ന ചിത്രങ്ങള്‍ താരതമ്യെന മെച്ചമാണ്. എന്നാല്‍ പോട്ട്രെയ്റ്റുകളില്‍ 'റെഡ്-ഐ' ദൂഷ്യമുണ്ടെന്നതും പ്രശ്‌നമാണ്. വിഡിയോയില്‍ നോക്കിയ ഉപയോഗിച്ചിരിക്കുന്ന ഇമേജ് സ്റ്റബിലൈസേഷന്‍ ടെക്‌നീകിന് 2015ല്‍ സാംസങ് ഗ്യാലക്‌സി S6 Edge ല്‍ അവതരിപ്പിച്ച രീതിയോടാണ് സാമ്യമെന്നു പറഞ്ഞാല്‍ നോക്കിയ എത്ര വര്‍ഷം പിന്നിലാണെന്നു മനസ്സിലാകും. വിഡിയോ റെക്കോഡിങ്ങില്‍ മുന്‍നിര എതിരാളികളെ അപേക്ഷിച്ച് വിശദാംശങ്ങള്‍ പിടിച്ചെടുക്കുന്ന കാര്യത്തിലും നോക്കിയ പിന്നിലാണ്. നല്ല പ്രകാശമുള്ള സ്ഥലങ്ങളില്‍ എടുക്കുന്ന വിഡിയോ തരക്കേടില്ല. 

ഡിഎക്‌സ്ഒയുടെത് പക്ഷപാതരഹിതമായ റെയ്റ്റിങ് ആണെന്നു പറയാമെങ്കിലും ചില ഉപയോക്താക്കള്‍ക്ക് ചിത്രങ്ങളിലും വിഡിയോയിലും അത്ര സൂക്ഷ്മമായ മറ്റങ്ങള്‍ കണ്ടെത്താനാകണമെന്നില്ല. അതു കൊണ്ട് മറ്റു രീതിയില്‍ നോക്കിയ 8 നിങ്ങള്‍ക്ക് അനുയോജ്യമാണെങ്കില്‍ അതു പരിഗണിക്കാം.

പല മുന്‍നിര ഫോണുകള്‍ക്കും ശക്തി പകരുന്ന സ്‌നാപ്ഡ്രാഗണ്‍ 835 പ്രൊസസറുമായി എത്തുന്ന നോക്കിയ 8 ന്റെ ക്യാമറ ലെന്‍സുകള്‍ നിര്‍മിച്ചിരിക്കുന്നത് സാക്ഷാല്‍ കാള്‍ സൈസ് ആണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CAMERAS
SHOW MORE
FROM ONMANORAMA