sections
MORE

കംപ്യൂട്ടേഷണല്‍ ഫൊട്ടോഗ്രഫിയില്‍ വിവോ ഗൂഗിളിനെ മറികടന്നോ? എന്തു പ്രതീക്ഷിക്കാം

Vivo-Super-HDR-3
SHARE

ഡിജിറ്റല്‍ സാങ്കേതികവിദ്യ ആരുടെയും കുത്തകയല്ല എന്നു വിളിച്ചറിയിച്ചാണ് ചൈനീസ് കമ്പനിയായ വാവെയ് കുതിപ്പു തുടരുന്നത്. പ്രകടനത്തില്‍ അവരുടെ ഏറ്റവും മികച്ച മോഡല്‍ നിലവിലുള്ള ഒരു സ്മാര്‍ട് ഫോണിനു മുൻപിലും നാണിക്കേണ്ടതില്ല.

സ്മാര്‍ട് ഫോണ്‍ ക്യാമറയുടെ കാര്യത്തില്‍, പ്രത്യേകിച്ചും എച്ഡിആര്‍ ഫോട്ടോകള്‍ എടുക്കുന്ന കാര്യത്തില്‍ ഗൂഗിളിന്റെ ''എച്ഡിആര്‍ പ്ലസ്'' (HDR+) ആയിരുന്നു നിലവിലെ അളവുകോല്‍. ഗൂഗിളിന്റെ പിക്‌സല്‍ മോഡലുകള്‍ പുറത്തെടുക്കുന്ന കംപ്യൂട്ടേഷണല്‍ ഫൊട്ടോഗ്രഫി മികവിന്റെ ഒരു കാരണം എച്ഡിആര്‍പ്ലസിന്റെ സാന്നിധ്യമായിരുന്നു. ആപ്പിളിനു പോലും ഇതിനു തുല്ല്യമായി ഒന്നും ഉണ്ടാക്കാനായിട്ടില്ല. എന്നാല്‍, ഇപ്പോള്‍, വാവെയ്‌യെ പോലെ പല കാര്യങ്ങളിലും സ്വന്തം രീതിയില്‍ മികവു കാണിച്ചു തുടങ്ങിയ വിവോ, 'സൂപ്പര്‍-എച്ഡിആര്‍' എന്നൊരു ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുന്നു. 

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെ, ഫോട്ടോ എടുക്കുന്ന സീനിനെ വിശകലനം ചെയ്താണ് വിവോ ഇതു ചെയ്യുന്നത്. ഒരേസമയം 12 ഫോട്ടോകള്‍ എടുത്ത് അവയെ സംയോജിപ്പിച്ചാണ് വിവോ മികച്ച ചിത്രങ്ങള്‍ എടുക്കുന്നത്. ഗൂഗിളാകട്ടെ ഒൻപത് ചിത്രങ്ങള്‍ ഒരുമിച്ചെടുത്താണ് ചിത്രങ്ങള്‍ സൃഷ്ടിക്കുന്നത്. ഇരു കമ്പനികളും നോയ്‌സ്, എക്‌പോഷര്‍ വ്യതിയാനം ഇവയെല്ലാം കണക്കിലെടുത്ത് അന്തിമ ഫോട്ടോ ഉണ്ടാക്കുന്നു.

വിവോയുടെ സാംപിള്‍ ചിത്രങ്ങളില്‍ നിന്നു മനസ്സിലാകുന്നത് എച്ഡിആര്‍ ഫോട്ടോയാണെങ്കിലും, വളരെ സ്വാഭാവികത തോന്നിക്കുന്ന രീതിയില്‍ ചിത്രങ്ങള്‍ പ്രൊസസു ചെയ്‌തെടുക്കാന്‍ കമ്പനിയുടെ സോഫ്റ്റ്‌വെയറിനു സാധിച്ചിരിക്കുന്നു എന്നാണ്. ദൃശ്യത്തിന്റെ മൊത്തം എക്‌സ്‌പോഷര്‍ അഡ്ജസ്റ്റു ചെയ്യുന്ന രീതിയാണ്, ഗൂഗിള്‍ അടക്കമുള്ള കമ്പനികളുടെ നിലവിലുള്ള എച്ഡിആര്‍ ടെക്‌നോളജി ഉപയോഗിക്കുന്നതെങ്കില്‍, വിവോ സീനിലുള്ള വ്യത്യസ്ഥ ഘടകങ്ങളെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെ മനസ്സിലാക്കുന്നു. ഉദാഹരണത്തിന് ആകാശം, മനുഷ്യര്‍, മരം, മഞ്ഞ്, പാറ ഇവയെല്ലാം വിവോയുടെ ക്യാമറയ്ക്ക് തിരിച്ചറിയാനാകും. അതിനു ശേഷം സീനിന് അനുസരിച്ചുള്ള മികച്ച ടോണ്‍-മാപ്പിങ് രീതികളും സ്വീകരിക്കുന്നുവെന്ന് വിവോ പറയുന്നു. 

മൊബൈല്‍ ഫൊട്ടോഗ്രഫിയുടെ സൂക്ഷ്മഭേദങ്ങള്‍ അറിയാവുന്ന പല വിദഗ്ധരും ഇന്നുള്ള ഫോണുകളില്‍ ഗൂഗിള്‍ പിക്‌സല്‍ സീരിസിനോടുള്ള തങ്ങളുടെ ഇഷ്ടം മറച്ചു വയ്ക്കാറില്ല. എന്നാല്‍ ഇനിയിപ്പോള്‍ വിവോയെ മാറ്റി നിറുത്താനാവില്ല. ഈ ടെക്‌നോളജി ഏതു ഫോണിലാണ് വിവോ ആദ്യം കൊണ്ടുവരിക എന്നറിയില്ല. പക്വമായെങ്കില്‍, ഒരു പക്ഷേ, അടുത്ത് ഇറങ്ങിയേക്കാവുന്ന വിവോ V9 ഫോണില്‍ തന്നെ ഇതു കണ്ടേക്കാം. സ്‌നാപ്ഡ്രാഗണ്‍ 660 പ്രൊസസറും, 12+8MP ഇരട്ട ക്യാമറാ സെന്‍സറും ആണ് ഈ മോഡലിനു പറഞ്ഞു കേള്‍ക്കുന്ന സ്‌പെസിഫിക്കേഷന്‍സ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CAMERAS
SHOW MORE
FROM ONMANORAMA