sections
MORE

ഗോപ്രോ ഫ്യൂഷന്‍: 360 ഡിഗ്രി വിഡിയോ റെക്കോഡിങ്ങില്‍ പുതിയ ഉയരങ്ങള്‍ താണ്ടാം

gopro-360
SHARE

പ്രമുഖ ആക്‌ഷന്‍ ക്യാമറാ നിര്‍മാതാക്കളായ ഗോപ്രോയുടെ 360 ഡിഗ്രി ക്യാമറയാണ് ഫ്യൂഷന്‍. വര്‍ത്തുള വിഡിയോ റെക്കോഡിങ് ഒരു ഫാഷനായി മാറിക്കൊണ്ടിരിക്കെ തങ്ങള്‍ക്ക് അതിലെന്തു ചെയ്യാനാകുമെന്നു കാണിച്ചു തരാനാണ് ഗോപ്രോ ഈ ക്യമറ ഇറക്കിയത്. നിലവിലുള്ള പല കണ്‍സ്യൂമര്‍ നിലവാരമുള്ള 360 ക്യാമറകളെക്കാളും മികച്ച പ്രകടനമാണ് നടത്തുന്നതെന്നത് ഈ ക്യാമറയെ ആകര്‍ഷകമാക്കുന്നു. 

രണ്ടു 180 ഡിഗ്രി ക്യാമറകള്‍ അപ്പുറവും ഇപ്പുറവും പിടിപ്പിച്ചാണ് ഇതു നിര്‍മിച്ചിരിക്കുന്നത്. ഇരു വശത്തേക്കും കണ്‍തുറന്നിരിക്കുന്ന ഈ രണ്ടു ഫിഷ് ഐ ക്യാമറകളും ചിത്രീകരിക്കുന്ന ദൃശ്യങ്ങളും വിഡിയോയും തുന്നിച്ചേര്‍ത്ത് മികച്ച ക്ലിപ്പുകളും ഫോട്ടോകളും സൃഷ്ടിക്കാം. സാധാരണ ആക്‌ഷന്‍ ക്യാമറകളെ പോലെ ഇതും ഉപയോഗിക്കാം. ഗോപ്രോ തങ്ങളുടെ ഫ്യൂഷന്‍ ക്യാമറയില്‍ ഉപയോഗിച്ചിരിക്കുന്ന സ്റ്റബിലൈസേഷന്‍ രീതികള്‍ക്ക് പ്രത്യേക പ്രശംസ ലഭിക്കുന്നു. ഗിംബള്‍ ഉപയോഗിച്ചാലെന്നവണ്ണം തങ്ങളുടെ ക്യാമറയില്‍ എടുക്കുന്ന ക്ലിപ്പുകള്‍ക്ക് 'ചലന ദോഷം' കുറവായിരിക്കുമെന്നാണ് കമ്പനി പറയുന്നത്. രണ്ടു ക്യാമറകളും എടുക്കുന്ന ചിത്രങ്ങളും വിഡിയോയും സ്റ്റിച്ചു ചെയ്യുമ്പോള്‍ പലപ്പോഴും നല്ല ക്വാളിറ്റിയില്‍ തന്നെ ക്ലിപ്പുകള്‍ ലഭിക്കുമെങ്കിലും ചിലപ്പോഴെങ്കിലും സ്റ്റിച്ചിങ് കണ്ണില്‍ പെടുകയും അങ്ങനെ ഗുണമേന്മ കുറയുകയും ചെയ്യുന്നുണ്ട്. 

gopro-2

ക്യാമറ ഉപയോഗിക്കാന്‍ പഠിക്കേണ്ടതായിട്ടുണ്ട്. എന്നാല്‍ ഉപയോഗിക്കും തോറും ഇതിന്റെ സാധ്യതകളും കുറവുകളും ഉപയോക്താവിനു മനസ്സിലായിത്തുടങ്ങും. 5.2K റെസലൂഷനാണ് ക്യാമറയ്ക്കുള്ളത്. ഷാര്‍പ് റിസള്‍ട്ട് ആണു ലഭിക്കുന്നത്. എന്നാല്‍ ഇത് സെക്കന്‍ഡില്‍ 30 ഫ്രെയ്മുകളെ റെക്കോഡു ചെയ്യൂ. സെക്കന്‍ഡില്‍ 60 ഫ്രെയിം റെക്കോഡു ചെയ്യാന്‍ ശ്രമിച്ചാല്‍ റെസലൂഷന്‍ 3K ആയി താഴും. വിഡിയോ ഷാര്‍പ് ആണെന്ന തോന്നലും ഇല്ലാതാകും. 

സ്ലോമോഷന്‍ റെക്കോഡു ചെയ്യാനാണെങ്കില്‍ ഗോപ്രോയുടെ ആക്‌ഷന്‍ ക്യാമറകള്‍ വാങ്ങുന്നതായിരിക്കും ഉചിതം. സെക്കന്‍ഡില്‍ 240ഉം, 120 ഒക്കെ ഫ്രെയ്മുകള്‍ അവ റെക്കോഡു ചെയ്യുമല്ലോ. ഹീറോ 6 അത്തരം ഒരു ക്യാമറയാണ്. അമ്പരപ്പിക്കുന്ന, പ്രത്യേകിച്ചും ആദ്യം കാണുമ്പോള്‍ വര്‍ത്തുള വിഡിയോ റെക്കോഡു ചെയ്യാമെന്നതാണ് ഫ്യൂഷന്റെ ഗുണം. 

gopro-

കൂടെ കിട്ടുന്ന ഒവര്‍ക്യാപ്ചര്‍ എഡിറ്റിങ് സോഫ്റ്റ്‌വെയറും നല്ലതാണ്. സെല്‍ഫി സ്റ്റിക്കില്‍ ഉറപ്പിച്ചാണ് വിഡിയോ ഷൂട്ടു ചെയ്തതെങ്കില്‍ സ്റ്റിക് സോഫ്റ്റ്‌വെയര്‍ ഡിലീറ്റു ചെയ്യും. എന്നാല്‍ ഉപയോക്താവ് എപ്പോഴും കൈ പൊക്കി പിടിച്ചിരിക്കുന്നതായി തോന്നും. വേണമെങ്കില്‍ ഒവര്‍ക്യാപ്ചര്‍ ഉപയോഗിച്ച് ഫ്‌ളാറ്റ് വിഡിയോ സൃഷ്ടിക്കുയും ചെയ്യാം. നിലവില്‍ ഐഒഎസ് സപ്പോര്‍ട്ടാണ് ഇതിനുള്ളതെന്നത് ഒരു കുറവാണ്. മറ്റു ചില കുറവുകളും പ്രതീക്ഷിക്കാം. കാരണം 360 ഡിഗ്രി ഷൂട്ടിങ് അതിന്റെ ശൈശവ ദശയിലാണല്ലൊ. ഒന്നിലേറെ ക്യാമറകള്‍ ഒരുമിച്ചു ചേര്‍ത്ത് പിന്നീട് എഡിറ്റു ചെയ്താണ് പ്രൊഫഷണല്‍ 360 ഡിഗ്രി വിഡിയോ സൃഷ്ടിക്കുന്നതെങ്കില്‍ ഗോപ്രോ ഫ്യൂഷന്‍ പോലെയുള്ള ക്യാമറകള്‍ കമ്പക്കാര്‍ക്കു വേണ്ടിയുള്ളതാണ്. 

ഗോപ്രോ ഫ്യൂഷന്റെ ഏറ്റവും വലിയ കുറവ് വില തന്നെയാണ്. 699 ഡോളറാണ് വിലയിട്ടിരിക്കുന്നത്. എന്നാല്‍ ഇന്ത്യയില്‍ ആമസോണ്‍ വില്‍ക്കുന്നത് 79,900 രൂപയ്ക്കാണ്. ഇത്തരം ഒരു ക്യാമറയ്ക്ക് ഇതു വളരെ കൂടുതലാണ്.

go-pro-1

സാംസങ് ഗിയര്‍ 360യ്ക്ക് ഇത്രയധികം ഫീച്ചറുകള്‍ ഇല്ല. പക്ഷേ, അതിപ്പോള്‍ 20,000 രൂപയില്‍ താഴെ വാങ്ങാനാകും. എല്‍ജി 360 ക്യാമിന് 10,000 രൂപയ്ക്കു മുകളിലാണ് വില. എന്നാല്‍ ഇത് സാംസങ്ങിന്റെ ക്യാമറയേക്കാളും ഫീച്ചറുകള്‍ കുറവുള്ള ക്യാമറയാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CAMERAS
SHOW MORE
FROM ONMANORAMA