sections
MORE

വാവെയ്ക്ക് അഭിമാനിക്കാം; P20 യ്ക്ക് മുന്നിൽ ഐഫോൺ X, ഗ്യാലക്സി S9 പ്ലസ് കീഴടങ്ങി

Huawei-P20-Pro
SHARE

സ്മാര്‍ട് ഫോണ്‍ ക്യാമറകളില്‍ ആരും സങ്കല്‍പ്പിച്ചിട്ടില്ലാത്ത തരം സാങ്കേതികവിദ്യയും മികവുറ്റ പ്രകടനവുമായി വാവെയ്‌യുടെ P20 പ്രോ, P20 എന്നീ ഫോണുകള്‍ എത്തി. ശാസ്ത്രീയമായി ക്യാമറകളെയും ഫോണ്‍ ക്യാമറകളെയും അപഗ്രഥിക്കുന്ന DXO വെബ്‌സൈറ്റിന്റെ റേറ്റിങ്ങില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ ഈ ഫോണുകള്‍ നേടി. ഫൊട്ടോഗ്രഫിയില്‍ 114 പോയിന്റാണ് വാവെയ് P20 പ്രോയ്ക്കു കിട്ടിയതെങ്കില്‍ 107 പോയിന്റാണ് P20 മോഡലിനു കിട്ടിയിരിക്കുന്നത്. 104 പോയിന്റുള്ള സാംസങ് ഗ്യാലക്‌സി S9 പ്ലസ് ആണ് മൂന്നാം സ്ഥാനത്ത്. ഐഫോണ്‍ Xന് 101 പോയിന്റാണുള്ളത്. ഗൂഗിള്‍ പിക്‌സല്‍ 2 നാകട്ടെ 99 പോയിന്റും. 

വിഡിയോ റെക്കോഡിങ്ങില്‍ 98 പോയിന്റുമായി P20 പ്രോ ഒന്നാം സ്ഥാനത്താണ്. രണ്ടാം സ്ഥാനത്തുള്ള ഗൂഗിള്‍ പിക്‌സല്‍ 2ന് 96 പോയിന്റ് ആണ് കിട്ടിയിരിക്കുന്നത്. P20 മോഡലിന് 94 പോയിന്റും കിട്ടിയിട്ടുണ്ട്. ഐഫോണ്‍ Xന് 89 പോയന്റ്. ഗ്യാലക്‌സി S9 പ്ലസിന് 91 പോയിന്റും. 

സ്റ്റില്ലും വിഡിയോയും കൂടിയുള്ള പ്രകടനത്തിന്റെ മൊത്തം സ്‌കോറിലും ഒന്നും രണ്ടും സ്ഥാനം P20 പ്രോയും P20യും നേടിയിരിക്കുന്നു. 109 പോയിന്റ്ും 102 പോയിന്റുമാണ് യഥാക്രമം രണ്ടു ഫോണുകളും നേടിയിരിക്കുന്നത്. 

മികച്ച നേട്ടം

വാവെയ്ക്ക് ശരിക്കും അഭിമാനിക്കാവുന്ന നേട്ടമാണിത്. ആപ്പിള്‍ അടക്കമുള്ള കമ്പനികള്‍ ചിന്തിക്കാതിരുന്ന വഴിയെ വാവെയ് ചിന്തിച്ചതിന്റെ ഫലമാണ് ഈ നേട്ടം. ക്യാമറ നിര്‍മാണത്തിലെ അദ്വിതീയരായ ലൈക്കയെ അവരുടെ പങ്കാളികളാക്കിയതാണ് ക്യാമറയ്ക്കു പിന്നിലെ വിജയ രഹസ്യം. ആഢ്യത്തത്തിന്റെ പര്യായമായ ലൈക്ക എങ്ങനെ വാവെയ്‌യുമായി ഒരു കൂട്ടായ്മയ്ക്ക് തയാറായി എന്നത് ഇനിയും വെളിപ്പെടാത്ത ഒരു രഹസ്യമാണ്. രണ്ടു കമ്പനികളും ചേര്‍ന്ന് ക്യാമറ നിര്‍മാണത്തിനായി ഒരു ഗവേഷണശാലയും നടത്തുന്നുണ്ട്. ആദ്യമെല്ലാം ഈ കൂട്ടുകെട്ടിനെ പരിഹസിച്ചവര്‍ ഇപ്പോള്‍ അവരുടെ മികവിനു മുൻപില്‍ പകച്ചു നില്‍ക്കുകയാണ്. ഫൊട്ടോഗ്രഫര്‍മാരുടെ ഇടയിലെ ഒരു പറച്ചിലുണ്ട് 'ഒരു ലൈക്ക കൈയ്യില്‍ വയ്ക്കാന്‍ ആഗ്രഹിക്കാത്തവരുണ്ടോ!' എന്ന്. ലൈക്കയുടെ ക്യാമറകള്‍ക്കും ലെന്‍സുകള്‍ക്കും എല്ലാ കാലത്തും വില കൂടുതലായിരുന്നു. മികവോടെ ലൈക്ക ബ്രാന്‍ഡിങ്ങുമായി വാവെയ് ഫോണുകള്‍ എത്തുമ്പോള്‍ ആര്‍ക്കും ഇനി ഇതൊരു ചൈനീസ് ഫോണ്‍ ആണല്ലോ എന്നു പറഞ്ഞു നാണിക്കേണ്ടതില്ല. ഐഫോണിനെയും മറ്റും ബഹുദൂരം പിന്നിലാക്കിയാണ് വാവെയുടെ P20 പ്രോ ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുന്നത്. 

Huawei-P20-pro

ഇത് അപ്രതീക്ഷിതമായിരുന്നോ?

അല്ലേയല്ല. വാവെയ് മെയ്റ്റ് 10 പ്രോ പഴയ DXO ലിസ്റ്റില്‍ നാലാമതായിരുന്നു. ഫൊട്ടോഗ്രഫിയില്‍ 100 പോയിന്റും വിഡിയോയ്ക്ക് 91 പോയിന്റുമായി മൊത്തം 97 പോയിന്റ് ആണ് നേടിയിരുന്നത്. 

ശരിക്കും എന്താണു നടന്നിരിക്കുന്നത്?

ഐഫോണുകളെ പരിശോധിക്കുമ്പോള്‍ 5s മോഡലില്‍ നിന്ന് ഐഫോണ്‍ 6ല്‍ എത്തുമ്പോള്‍ ഫോട്ടോയ്ക്ക് ചെറിയൊരു മാറ്റം നമുക്കു കാണാം. അവിടെ നിന്ന് 6sല്‍ എത്തുമ്പോള്‍ വീണ്ടും ചെറിയൊരു മാറ്റം. അവിടെ നിന്ന് 7 പ്ലസില്‍ എത്തുമ്പോള്‍ വീണ്ടും അല്‍പ്പം മാറ്റം തോന്നും. എന്നാല്‍ ഐഫോണ്‍ 5sല്‍ നിന്ന് ഒറ്റച്ചാട്ടത്തിന് 7 പ്ലസിലെത്തിയതു പോലെയാണ് P20 പ്രോയുടെ പ്രകടനവ്യത്യാസമത്രെ. അതായത് രണ്ടു തലമുറ കഴിഞ്ഞതു പോലെ. നിലവിലുള്ള ക്യാമറ ഫോണുകളെക്കാള്‍ വ്യക്തമായ പ്രകടന മികവുമായാണ് വാവെയ് പി20 പ്രോ എത്തിയിരിക്കുന്നത് എന്നാണ് വിലയിരുത്തല്‍. അഭൂതപൂര്‍വ്വമായ രീതിയില്‍ 10ലേറെ പോയിന്റുകള്‍ക്കാണ് എതിരാളികളെ ഈ ഫോണ്‍ പിന്നിലാക്കിയിരിക്കുന്നത്. 

Huawei-P20-Lite-Blau-1

P20 പ്രോ ക്യാമറ സെറ്റ്-അപ്

മൂന്നു ക്യാമറകളാണ് ഈ ഫോണിനുള്ളത്. പ്രധാന ക്യാമറയ്ക്ക് 40MP റസലൂഷനാണ് ഉള്ളത്. f/1.8 അപേച്ചറുള്ള ഈ ക്യാമറാ സെന്‍സറിന് /1.73 വലിപ്പവും RGB ക്വാഡ് ബേയർ സ്ട്രക്ചറും ആണുള്ളത്. 27mm ഫോക്കല്‍ ലെങ്തും. രണ്ടാമത്തെ ക്യാമറ സെന്‍സല്‍ മോണോക്രോം ആണ്. 20MP റെസലൂഷന്‍. f/1.6 അപേച്ചര്‍. ഇതും 27mm ആണ്. മൂന്നാമത്തെത് ടെലി ലെന്‍സാണ്. ഇതിനും ഉണ്ട് മാറ്റം. 80mm ടെലി റീച്ചാണ് ഈ ക്യാമറ കൊണ്ടുവരുന്നത്. 8MPയാണ് റെസലൂഷന്‍. പ്രധാന സെന്‍സറില്‍ DSLRകളിലുള്ള PDAFആണ് ഓട്ടോഫോക്കസ് നിയന്ത്രിക്കുന്നത്. 4K വിഡിയോ റെക്കോഡു ചെയ്യാം. സെക്കന്‍ഡില്‍ 960 ഫ്രെയിം റെക്കോഡു ചെയ്ത് സൂപ്പര്‍ സ്ലോമോഷന്‍ വിഡിയോയും എടുക്കാം. കൂടുതല്‍ വിശദാംശങ്ങള്‍ പിന്നീട്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CAMERAS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA