sections
MORE

അമേരിക്കൻ കമ്പനിയെ ഷവോമി വിഴുങ്ങും; ചൈനീസ് കമ്പനികൾ ലോകം ഭരിക്കും?

Xiaomi-4
SHARE

ടെക്‌നോളജിയില്‍ ചൈനീസ് കമ്പനികളുടെ കുതിച്ചുകയറ്റം കണ്ടില്ലെന്നു നടിക്കാം. പക്ഷേ, ഇനി എത്ര കാലം? ചൈനയിലെ ജോലിക്കാരുടെ കുറഞ്ഞ ശമ്പളം മുതലാക്കാനാണ് ആപ്പിള്‍ അടക്കമുള്ള വിദേശ കമ്പനികള്‍ അവിടെ ഉപകരണങ്ങള്‍ നിര്‍മിച്ചു തുടങ്ങിയത്. ഇത് ചൈനീസ് കമ്പനികള്‍ക്കു ഗുണകരവും മറ്റു കമ്പനികള്‍ക്ക് തിരിച്ചടിയുമാകുന്ന കാലം ആഗതമാകുന്നുവെന്നും ഒരു കൂട്ടം ബിസിനസ് വിശകലന വിദഗ്ധര്‍ പ്രവചിക്കുന്നു.

ഏതാനും കാര്യങ്ങള്‍ കൂടെ പരിഗണിക്കാം: ഇപ്പോള്‍ ലോകത്തെ ഏറ്റവും സാങ്കേതികത്തികവുള്ള സ്മാര്‍ട് ഫോണ്‍ ചൈനയില്‍ നിന്നുള്ള വാവെയ് കമ്പനിയുടെ P20 പ്രോ ആണെന്നാണ് വിദഗ്ധര്‍ വിധിയെഴുതുന്നത്. വാവെയ് ആപ്പിളിനെയും സാംസങ്ങിനെയും പോലെ സ്വന്തമായി പ്രൊസസര്‍ നിര്‍മിക്കുന്നു. സ്വന്തമായ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ ഡവലപ്‌മെന്റില്‍ പോലും ശ്രദ്ധിക്കുന്നു.

നാളെ വാവെയ് കമ്പനിയുടെ രാശി മാറാം. സാങ്കേതിക മികവൊക്കെ ശരിയാണെങ്കിലും ഷവോമിയെ പോലെ വാവെയ്ക്ക് വിപണിയിൽ വിറ്റ് വന്‍ ലാഭം ഉണ്ടാക്കനാകുന്നുണ്ടോ എന്ന് അറിയില്ല. ഷവോമി അനുകരണ ആരോപണങ്ങളുടെ ശരശയ്യയിലാണിപ്പോൾ. അവര്‍ എന്തും കോപ്പിയടിക്കും. ഫോണുകളുടെയും മറ്റും ഡിസൈനും നിര്‍മാണ രീതിയിയുമടക്കം എന്തും കോപ്പിയടിക്കുമെന്നാണ് ആരോപണം. പക്ഷേ, അവര്‍ ലാഭം കൊയ്യുന്നുണ്ട്. ഇന്ത്യയടക്കം പല രാജ്യങ്ങളിലും വളരെയേറെപ്പേരുടെ വിശ്വാസവും അവരുടെ കൂടെയുണ്ട്. ടിവിയും ലാപ്‌ടോപ്പും അടക്കം പല ഇലക്ട്രോണിക് ഉപകരണങ്ങള്‍ നിര്‍മിക്കുകയും അവയിലൂടെ ഉപയോക്താക്കളുടെ വിശ്വാസമാര്‍ജ്ജിക്കുകയും ചെയ്യുന്നതു തുടരുന്നു. ഷവോമി 2011ലാണ് അവരുടെ ആദ്യത്തെ സ്മാര്‍ട് ഫോണ്‍ പുറത്തിറക്കുന്നത്. 2014ല്‍ ചൈനയിലും 2017ല്‍ ഇന്ത്യയിലും ഏറ്റവുമധികം വില്‍ക്കുന്ന സ്മാര്‍ട് ഫോണ്‍ കമ്പനിയായി അവര്‍ വളര്‍ന്നു. ഷവോമിയാണ് ലോകത്തെ നാലാമത്തെ ഏറ്റവും വിലപിടിപ്പുള്ള സ്റ്റാര്‍ട്ടപ് കമ്പനി. അവര്‍ ആക്ഷന്‍ ക്യാമറ നിര്‍മാണത്തിലെ മുമ്പന്‍മാരായ അമേരിക്കന്‍ കമ്പനി ഗോപ്രോയെ ഏറ്റെടുത്തേക്കുമെന്നാണ് പുതിയ വാര്‍ത്ത.

Xiaomi-plant-india

ക്യാമറ രംഗം വീക്ഷിക്കുന്നവര്‍ക്ക് അറിയാം പരമ്പരാഗത ക്യാമറകളില്‍ നിന്നു വ്യത്യസ്തമായ നീക്കവുമായാണ് ഗോപ്രോ എത്തിയത്. ബ്ലോഗിങും, വ്‌ളോഗിങും മുതല്‍ കുടുംബങ്ങളുടെ പിക്‌നിക്കുകളില്‍ വരെ ഇവ ഇടം പിടിച്ചു. എന്നാല്‍ ഒരുകാലത്ത് 10 ബില്ല്യന്‍ ഡോളറിലേറെ വിലമതിക്കപ്പെട്ടിരുന്ന ഗോപ്രോയുടെ മാര്‍ക്കറ്റ് മൂല്യം ഇപ്പോള്‍ 761 മില്ല്യന്‍ ഡോളറായി കൂപ്പുകുത്തി. ഡ്രോണ്‍ ബിസിനസ് പൂട്ടി. കുറച്ചു കാലമായി ഗോപ്രോ ആരെങ്കിലുമൊക്കെ ഏറ്റെടുത്തേക്കുമെന്ന് അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. ഷവോമി കമ്പനി ഗോപ്രോയെ ഏറ്റെടുക്കാനായി ചര്‍ച്ചകള്‍ നടത്തുകയാണെന്നാണ് കേള്‍ക്കുന്നത്. ഏകദേശം 1 ബില്ല്യന്‍ ഡോറിനായിരിക്കും കച്ചവടം ഉറപ്പിക്കാന്‍ ശ്രമിക്കുക. ഗോപ്രോയുടെ നല്ലകാലത്ത് കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് ബിസിനസിലെ ഒരു കണ്ണഞ്ചിപ്പിക്കുന്ന വിജയമായി കണ്ടിരുന്ന അമേരിക്കന്‍ കമ്പനിയാണ് ഇപ്പോള്‍ ചൈനീസ് മുതലാളിയുടെ കീഴിലായേക്കാമെന്നു കേള്‍ക്കുന്നത്. ഇത് ഒരു തുടക്കം മാത്രം. ചൈനീസ് കമ്പനികള്‍ ലോകമാര്‍ക്കറ്റില്‍ ഇനി ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ പരിപൂര്‍ണ്ണ ആധിപത്യം നേടിയാല്‍ അതില്‍ ഒരു തരിമ്പും അദ്ഭുതപ്പെടേണ്ടതില്ല എന്നാണ് ചില ബിസിനസ് നിരീക്ഷകര്‍ പറയുന്നത്.

ചൈനയിലെ പണിക്കൂലിയുടെ കുറവാണ് ലോകത്തെ ഇലക്ട്രോണിക് ഉപകരണ നിര്‍മാണ ഭീമന്മാരെ ചൈനയിലേക്ക് ആകര്‍ഷിച്ചത്. അടിസ്ഥാന സൗകര്യമുണ്ടാക്കിയ ശേഷം ഇന്ത്യ ക്ഷണിച്ചിരുന്നെങ്കില്‍ എല്ലാ പടിഞ്ഞാറന്‍ കമ്പനികളും ഇവിടേക്കു വരുമായിരുന്നുവെന്നാണ് പറയുന്നത്. ചൈനയെ അവിശ്വസിക്കുന്നവരാണ് മിക്കവാറും പടിഞ്ഞാറന്‍ രാജ്യങ്ങളെല്ലാം. എന്നാല്‍ ഇന്ത്യയിലെ ഒരു ബിസിനസ് രാജാവിനും രാഷ്ട്രീയ നേതാവിനും ഇത്തരം ഒരു ആശയം മനസ്സില്‍ വന്നില്ല. ഇതിന് ഒരു മറുപുറവും ഉണ്ട്. ചൈന ഇപ്പോള്‍ ഇലക്ട്രോണിക് വെയ്‌സ്റ്റിന്റെ ശവപ്പറമ്പായി തീര്‍ന്നിരിക്കുന്നു. അത്തരം ഒരു ദുരന്തം ഇന്ത്യയ്ക്ക് ഉണ്ടായില്ലെന്നും ആശ്വസിക്കാം.

gopro-

ആപ്പിളിന്റെ ഐഫോണ്‍ നിര്‍മിക്കുന്ന ചൈനീസ് കമ്പനിയായ ഫോക്‌സ്‌കോണ്‍ ആണ് ഗോപ്രോയും ഷവോമിയുടെ ഫോണുകൾ മുതല്‍ അമേരിക്കന്‍ സൈനികരുടെ ഹെല്‍മറ്റ് വരെ നിര്‍മിക്കാന്‍ സഹകരിക്കുന്നത്. കൂടാതെ, ഒപ്പോ, വിവോ, വണ്‍പ്ലസ് തുടങ്ങിയ ചൈനീസ് കമ്പനികളും കുതിപ്പിന് ഒരുങ്ങുകയാണത്രെ.

gopro-camera-on-helmet

ഇപ്പോള്‍ ചൈനയിലെ പണിക്കൂലി വര്‍ധിച്ചു തുടങ്ങിയിരിക്കുന്നു. കുറഞ്ഞ പണിക്കൂലി മുതലാക്കാൻ (തങ്ങളുടെ രാജ്യം ഇലക്ട്രോണിക് വെയ്‌സ്റ്റാല്‍ നശിക്കാതിരിക്കാനും) ഉള്ള പടിഞ്ഞാറന്‍ കമ്പനികളുടെ ശ്രമത്തിന് അറുതിയാകാറായി. ഇനിയൊരു 'മണ്ണിന്റെ മക്കള്‍' വാദം ചൈനയില്‍ വരികയാണെങ്കില്‍ വിദേശ കമ്പനികള്‍ പുറത്തായേക്കാം. അപ്പോള്‍ ചൈനീസ് കമ്പനികള്‍ മാത്രമാകാം വിപണിയിലെ താരങ്ങള്‍. ഉദാഹരണത്തിന് ഐഫോണ്‍ അമേരിക്കയില്‍ നിര്‍മിച്ചു നല്‍കാമെന്നു വച്ചാല്‍ ഇപ്പോഴത്തെതിനെക്കാള്‍ പലമടങ്ങു വിലയിടേണ്ടിവരും. (ഇന്ത്യയ്ക്ക് അപ്പോഴും ഒരു സാധ്യതയുണ്ട്. കൃത്യമായി ഇലക്ട്രോണിക് വെയ്‌സ്റ്റ് ഒഴിവാക്കാനുള്ള മാര്‍ഗങ്ങള്‍ കണ്ടുപിടിച്ചാല്‍ പണിക്കൂലിയുടെ കാര്യത്തില്‍ വിദേശ കമ്പനികളെ ആകര്‍ഷിക്കാം.)

ഷവോമി-ഗോപ്രോ കൈമാറ്റത്തിലേക്കു വന്നാല്‍, ഗോപ്രോയുടെ ക്യാമറാ ടെക്‌നോളജിയും മറ്റും ഷവോമിക്ക് തങ്ങളുടെ ഫോണുകളില്‍ ഉപയോഗിക്കാം. ഷവോമി ഗോപ്രോയെ വിഴുങ്ങുകയാണെങ്കില്‍ അത് ക്യാമറാ ടെക്‌നോളജി തങ്ങള്‍ക്ക് ഉപയോഗിക്കാൻ മാത്രമാകരുതേ, ക്യാമറാ ബ്രാന്‍ഡ് നിലനിറുത്തണേ എന്നാണ് ഗോപ്രോ പ്രേമികളുടെ ഇപ്പോഴത്തെ പ്രാര്‍ഥന. ഗോപ്രോ ക്യാമറകള്‍ക്ക് തരക്കേടില്ലാത്ത വിലയാണ് ഇപ്പോള്‍. വിലക്കുറവിലൂടെ ഉപയോക്താക്കളെ ആകര്‍ഷിക്കുന്ന ഷവോമിയുടെ കൈയ്യിലെത്തിയാല്‍ ഗോപ്രോ ആക്ഷന്‍ ക്യാമറ, ഷവോമി ഫോണുകള്‍ പോലെ കൂടുതല്‍ ആളുകളിലേക്ക് എത്തിയേക്കും.

Xiaomi-sale
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CAMERAS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA