sections
MORE

'ഗൂഗിള്‍ ക്ലിപ്‌സ്' നാളത്തെ ‘കണ്ണ്’, ലോകത്തെ ആദ്യ വിചിത്ര ഉപകരണവും

google-clips
SHARE

മനുഷ്യരെയടക്കം ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് നിയന്ത്രിക്കുന്ന കാലം ഇന്നു ജീവിച്ചിരിക്കുന്ന ചിലരെങ്കിലും കാണുമെന്ന് ഒരു കൂട്ടര്‍ പറയുമ്പോള്‍ മറ്റൊരു കൂട്ടര്‍ പറയുന്നത് ഇന്നു മനുഷ്യര്‍ ചെയ്യുന്ന മിക്കവാറും എല്ലാത്തരം ജോലികളും നിര്‍മിത ബുദ്ധി തന്നെ ചെയ്യുന്ന കാലം അധികം അകലെയല്ല എന്നാണ്.

ഏറ്റവും കുറഞ്ഞ അളവില്‍ മാത്രം മനുഷ്യരുടെ ഇടപെടലോടെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഫൊട്ടോഗ്രാഫറുടെ കുപ്പായം അണിഞ്ഞാല്‍ എന്തു സംഭവിക്കും? എന്തായാലും, നിര്‍മിത ബുദ്ധി ആദ്യമായി ഒരു ഫൊട്ടോഗ്രാഫറാകുന്നത് ഗൂഗിള്‍ ക്ലിപ്‌സിലൂടെയാണ്. 

സോഫ്റ്റ്‌വെയര്‍ ഭീമന്മാരായ മൈക്രോസോഫ്റ്റും ഗൂഗിളും പല ഇലക്ട്രോണിക് ഉപകരണങ്ങളും ഇറക്കാറുണ്ട്. ഇവയില്‍ പലതിനും വേണ്ട ശ്രദ്ധ പോലും കിട്ടാറുമില്ല. ഗൂഗിള്‍ കഴിഞ്ഞ വര്‍ഷം ഇറക്കിയ കുഞ്ഞു ക്യാമറയാണ് 'ക്ലിപ്‌സ്'. ഇന്ന് കൂടുതല്‍ ആളുകള്‍ക്കും ടെക്‌നോളജി എന്നു പറഞ്ഞാല്‍ സ്മാര്‍ട് ഫോണ്‍ ആണ്. മറ്റു ഇലക്ട്രോണിക് ഉപകരണങ്ങളെക്കുറിച്ച് അവര്‍ക്ക് കാര്യമായ അറിവുണ്ടായിരിക്കില്ല. എന്നാല്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ മികവില്‍ പ്രവര്‍ത്തിക്കുന്ന ഈ കൊച്ചു ക്യാമറയ്ക്ക് മറ്റുപകരണങ്ങള്‍ക്ക് ഇല്ലാത്ത ചില കഴിവുകള്‍ ഉണ്ടെന്നതാണ് ഇതിനെ വേര്‍തിരിച്ചു നിറുത്തുന്ന ഘടകം. ഇതു മുന്നോട്ടു വയ്ക്കുന്ന ആശയങ്ങള്‍ അറിയേണ്ടതു തന്നെയാണ്. ഈ ക്യാമറ സൃഷ്ടിച്ചത് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അല്ല. ഒരു നല്ല ഫോട്ടോ എങ്ങനെയായിരിക്കും എന്ന കാര്യം പ്രോഗ്രാമര്‍മാരും ഫൊട്ടോഗ്രഫി വിദഗ്ധരും ചേര്‍ന്നാണ് ഈ ക്യാമറയ്ക്കു പറഞ്ഞു കൊടുത്തിരിക്കുന്നത്.

ഈ ക്യാമറ സൗകര്യം നോക്കി എവിടെയെങ്കിലും വയ്ക്കാം. അല്ലെങ്കില്‍ എവിടെ വേണമെങ്കിലും പിടിപ്പിക്കാം. ക്യാമറ ഓണ്‍ ചെയ്യുക. ഇത്രയുമാണ് ഉടമയില്‍ നിന്നു പ്രതീക്ഷിക്കുന്നത്. അതിനു ശേഷം നിങ്ങള്‍ക്ക് അതു ക്ലിക്കു ചെയ്യുകയോ, സെല്‍ഫ് ടൈമര്‍ ഉപയോഗിച്ചു ചിത്രമെടുക്കുയോ ഒന്നും വേണ്ട. എപ്പോഴാണ് ചിത്രമെടുക്കേണ്ടതെന്ന് ക്യാമറയ്ക്ക് അറിയാം. ഈ അറിവ് വരുന്നത് ഗൂഗിളിന്റെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അല്‍ഗോറിതങ്ങളില്‍ നിന്നുമാണ്. ഈ ക്യാമറ വാങ്ങുമെന്ന് ഗൂഗിള്‍ കരുതുന്നത് മാതാപിതാക്കളോ, ഓമന മൃഗങ്ങളെ വളര്‍ത്തുന്നവരോ ആയിരിക്കുമെന്നാണ്. എന്നാല്‍ ഇത് മുന്നോട്ടു വയ്ക്കുന്ന ആശയങ്ങള്‍ എല്ലാ ടെക് പ്രേമികള്‍ക്കും താത്പര്യജനകമായിരിക്കും. കാരണം ഒരു ഭാവി ക്യാമറയുടെ എല്ലാം ഇതില്‍ കാണാം.

നിങ്ങള്‍ മാതാപിതാക്കളോ ഓമന മൃഗങ്ങളെ വളര്‍ത്തുന്നവരോ ആണെങ്കില്‍ മക്കളുടെയൊ, വളര്‍ത്തു മൃഗങ്ങളുടെയൊ ഫോട്ടോ എടുക്കുമ്പോള്‍ ഒരു ചിത്രത്തില്‍ പോലും നിങ്ങള്‍ കാണില്ല. കാരണം നിങ്ങള്‍ എപ്പോഴും ഫോട്ടോ എടുക്കുകയാണല്ലൊ. എന്നാല്‍, ഒരു സ്മാര്‍ട്ട്‌ഫോണ്‍ ക്യാമറയോ, ക്യാമറയോ എടുത്ത് വികൃതി കാട്ടിയിരിക്കുന്ന കുട്ടിയുടെ നേരെ ചൂണ്ടുമ്പോള്‍ തന്നെ കുട്ടി തന്റെ പ്രവര്‍ത്തി അവസാനിപ്പിച്ചേക്കാം. ക്യാമറ കാണുമ്പോള്‍ അവരുടെ ശ്രദ്ധ വ്യതിചലിക്കുകയോ, അവര്‍ കൂടുതല്‍ സന്ദേഹമുള്ളവരാകുകയോ ചെയ്യാം. ഈ പ്രശ്‌നങ്ങളെല്ലാം ഒരടിക്കു പരിഹരിക്കുകയാണ് ക്ലിപ്‌സ് ചെയ്യുന്നത്. കാരണം നിങ്ങള്‍ക്ക് ക്യാമറ കുട്ടിക്കും നിങ്ങളുടെ മുഖത്തിനുമിടയിൽ പിടിക്കേണ്ട കാര്യമില്ല. 

ഓണ്‍ ആയി കഴിഞ്ഞാല്‍ ക്യാമറയിലെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കാണാന്‍ ശ്രമിക്കുന്ന കാര്യങ്ങളില്‍ ഒന്ന് ചലനമാണ്. അതിനു പരിചയമുള്ള ആളുകളെയും മൃഗങ്ങളെയും കൂടുതല്‍ ശ്രദ്ധിക്കുകയും ചെയ്യും. അതായത് നിങ്ങള്‍ ക്യാമറ കുറച്ചു നാളായി ഉപയോഗിക്കുകയാണെങ്കില്‍ വീട്ടില്‍ വരുന്ന വിരുന്നുകാരെക്കാളേറെ വീട്ടിലുള്ളവരെ ക്യാമറയ്ക്കു തിരിച്ചറിയാനാകും! കൂടുതല്‍ തവണ കണ്ട മുഖങ്ങളെ അത് മനസ്സിലാക്കുന്നു. ക്ലിപ്‌സിന്റെ ഫോട്ടോ എടുക്കല്‍ യാന്ത്രികമല്ല. എന്നു പറഞ്ഞാല്‍ സമയാസമയങ്ങളില്‍ കുറച്ചു ഫോട്ടോ എടുത്തു തരികയല്ല അതു ചെയ്യുന്നത്. ക്യാമറയുടെ ലെന്‍സിനു മുൻപില്‍ എന്തെങ്കിലും ഉണ്ടെങ്കില്‍, ഉദാഹരണത്തിന് കുട്ടിയുടെ കൈ,‌ ക്യാമറ ഫോട്ടോ എടുക്കില്ല. നല്ല പ്രകാശം പരിഗണിച്ചേ ചിത്രങ്ങളേ പകര്‍ത്തൂ. ഈ ക്യാമറയ്ക്ക് അധികം റെയ്ഞ്ച് ഇല്ല. മൂന്നു മുതല്‍ എട്ടടി വരെയാണ് ഇത് നന്നായി പ്രവര്‍ത്തിക്കുന്നത്. 

എന്നാല്‍ ചില കാര്യങ്ങളില്‍ സങ്കീര്‍ണ്ണതയും ഉണ്ട്. നിലവില്‍ ക്യാമറ ഉത്സാഹാവസ്ഥയെ ആണ് ചിത്രീകരിക്കാന്‍ ശ്രമിക്കുക. സന്തോഷമുള്ള മുഖഭാവങ്ങളേ ക്യാമറ പകര്‍ത്തൂ. ഒരാള്‍ ദുഃഖിതനോ, കരയുന്നവനോ, ദേഷ്യമുള്ളവനോ, ഉറക്കച്ചടുവുള്ളവനോ, മുഷിഞ്ഞിരിക്കുന്നവനോ ആണെങ്കില്‍ ക്യാമറ കണ്ടഭാവം നടിക്കില്ല. ഒരു കുട്ടി വളര്‍ന്നുവന്ന് ഈ ചിത്രങ്ങള്‍ കാണുമ്പോള്‍ തന്റെ ജീവിതം എത്ര സന്തോഷമയമായിരുന്നുവെന്ന് ചിന്തിച്ചേക്കാം.

എന്നാല്‍ സന്തോഷം പകര്‍ത്തുന്ന ഈ രീതി ചില ഉജ്ജ്വലമായ ഫൊട്ടോഗ്രഫി സാഹചര്യങ്ങളെ വിട്ടുകളയുന്നുവെന്ന് ഗൂഗിളിനെ പലരും അറിയിച്ചു. ഒരു കുട്ടിയടെ ജീവിതം സന്തോഷ-ദുഃഖ മിശ്രണം തന്നെയാണല്ലോ. ഇതില്‍ പലതും ചിത്രീകരിക്കപ്പെടാവുന്നതുമാണ്. ഫോട്ടോ എന്ന നിലയില്‍ ഒരു പക്ഷേ, അവയ്ക്കുള്ള മികവ് കൂടുതലുമായിരിക്കാം. പെട്ടെന്നു വരുന്ന ദുഃഖമൊക്കെ പകര്‍ത്തുന്നതാണ് നല്ലതെന്നാണ് ഒരുകൂട്ടം മാതാപിതാക്കള്‍ പറയുന്നത്. പ്രിയപ്പെട്ട ബലൂണ്‍ പൊട്ടുമ്പോള്‍ കുട്ടിയുടെ മുഖത്തുണ്ടാകുന്ന സ്വാഭാവിക ഭാവങ്ങള്‍ ചിത്രീകരിക്കാം എന്നാണ് അവര്‍ പറയുന്നത്. ആദ്യമായി ഒരു ക്രിസ്മസ് അപ്പൂപ്പന്റെ മുഖംമൂടിവച്ചു തങ്ങളെ കാണുമ്പോള്‍ കുട്ടിയുടെ ഭാവവും മറ്റും ഒരു പക്ഷ‌േ പകര്‍ത്തപ്പെടാന്‍ പല മാതാപിതാക്കളും ആഗ്രഹിക്കുന്നുണ്ടാകണം. 

പ്രതികരണങ്ങള്‍ പഠിച്ച ശേഷം ഒരു പുതിയ സെറ്റിങ്‌സ് കൊണ്ടുവരാനാണ് ഗൂഗിള്‍ ശ്രമിക്കുന്നത്. മുഖഭാവത്തില്‍ വരുന്ന മാറ്റങ്ങള്‍ പകര്‍ത്താന്‍ അനുവദിക്കുന്ന രീതിയിലായിരിക്കും ക്യാമറയുടെ പ്രവര്‍ത്തനങ്ങള്‍. എന്തായാലും ഇപ്പോള്‍ സന്തോഷം മാത്രമെ ഗൂഗിള്‍ ക്ലിപ്‌സ് പകര്‍ത്തുകയുള്ളു. കൂടാതെ ഭാര്യാ-ഭര്‍ത്താക്കന്മാര്‍ തമ്മിലുള്ള അടിപിടിയും ഇപ്പോള്‍ ക്യാമറ പകര്‍ത്തില്ല! ഓഫിസില്‍ നിന്ന് നല്ല വഴക്കു കിട്ടി വന്നിരിക്കുമ്പോളുള്ള മുഖഭാവവും ഇപ്പോള്‍ ക്യാമറ പകര്‍ത്തില്ല.

ഈ ക്യാമറ എന്തുകൊണ്ടാണ് സന്തോഷം പകര്‍ത്തുന്ന ഒന്നായി തീര്‍ന്നതെന്നും പരിശോധിക്കാം. സോഷ്യല്‍ മീഡിയയിലും മറ്റും പോസ്റ്റു ചെയ്യപ്പെടുന്ന ചിത്രങ്ങള്‍ നോക്കിയാല്‍ കാണാം അവ എത്രമാത്രം ചിട്ടപ്പെടുത്തല്‍ നടത്തിയ ശേഷമാണ് ഇട്ടിരിക്കുന്നതെന്ന്. തങ്ങളുടെ നല്ലതല്ലാത്ത ഭാവങ്ങളൊന്നും ആരും പോസ്റ്റു ചെയ്യാറില്ല. തന്റെ ജീവിതം ഒരു സന്തോഷമയമായ കാര്യമാണെന്നാണ് എന്ന ഭാവമാണ് മിക്ക പോസ്റ്റുകള്‍ക്കും അല്ലെ? എന്നാല്‍, ജീവിതം അങ്ങനെയല്ല താനും. അതായത് നമ്മുടെ ജീവിതം വല്ലാതെ സന്തോഷം പിടിച്ച ഒന്നാണെന്ന് നമ്മള്‍ മറ്റുള്ളവരോടു പറയാന്‍ ആഗ്രഹിക്കുന്നു. സുന്ദരമായി ജീവിക്കുന്നതിന്റെ ഉത്തമോദാഹരണമാണ് നാം എന്ന് മറ്റുള്ളവരോടു പ്രഖ്യാപിക്കുന്നു. പഠനങ്ങള്‍ പറയുന്നത് ഈ സന്തുഷ്ട മുഖഭാവങ്ങള്‍ അന്യരില്‍ ദുഃഖവും അസൂയയും വളര്‍ത്തുന്നു എന്നാണ്. 

നമ്മള്‍ എന്തുകൊണ്ടാണ് ഫോട്ടോകളും വിഡിയോയും പകര്‍ത്തുന്നതെന്നതും പഠനവിധേയമാണ്. എന്തിനാണ് അതു ചെയ്യുന്നത്? ജീവിതത്തിന്റെ സമ്മിശ്ര ഭാവങ്ങള്‍ ഉള്‍ക്കൊള്ളിക്കാന്‍ ആരും ശ്രമിക്കാറില്ലെന്നും കാണാം. ജീവിതത്തിലെ സന്തോഷകരമെന്നു തോന്നുന്ന കാര്യങ്ങളാണ് പകര്‍ത്തി വയ്ക്കാന്‍ ശ്രമിക്കുന്നത്. ജീവിതത്തിലെ ദുഃഖകരവും ഇരുണ്ടതുമായ നിമിഷങ്ങളെ പകര്‍ത്താതിരിക്കുക വഴി അവ മറന്നു പോകട്ടെ എന്നായിരിക്കാം ചിന്ത. ഇതിലൊന്നും കൃത്യമായ ഉത്തരം ഇപ്പോള്‍ കണ്ടെത്തിയിട്ടില്ല. എന്നാല്‍ നമ്മളുടെ സോഷ്യല്‍ മീഡിയ ഇടപെടലുകളില്‍ സുചിന്തിതമായ തിരഞ്ഞെടുപ്പു നടക്കുന്നുണ്ട്. നമ്മളെ പറ്റി ആളുകള്‍ എന്തു ധരിക്കണം എന്നതിനെക്കുറിച്ചുള്ള ഒരു സ്വയം പ്രഖ്യാപനമാണ് നമ്മളുടെ ഓരോ ഫോട്ടോ അല്ലെങ്കില്‍ വിഡിയോ പോസ്റ്റും.

ഈ പശ്ചാത്തലത്തില്‍ ഗൂഗിള്‍ ക്ലിപ്‌സ് ദുഃഖഭാവങ്ങളും പകര്‍ത്താന്‍ തുടങ്ങിയാല്‍ ആളുകള്‍ക്ക് ഇഷ്ടപ്പെടുമോ എന്നും കണ്ടറിയേണ്ടതാണ്. എന്തായാലും സ്ട്രീറ്റ് ക്യാമറകളെയും മറ്റും പോലെ പൂര്‍ണ്ണമായും യാന്ത്രികമല്ലാതെയും മനുഷ്യ ഇടപെടല്‍ കുറച്ച് 'ബുദ്ധിപൂര്‍വ്വം' ഫോട്ടോ പകര്‍ത്തുന്ന ക്ലിപ്‌സ് ഭാവിയില്‍ വന്നേക്കാവുന്ന സ്വയം തീരുമാനം എടുക്കാന്‍ കഴിവുള്ള ക്യാമറകളുടെ ആദ്യ പടിയാണെന്നു വിശ്വസിക്കാനാണ് പലരും ആഗ്രഹിക്കുന്നത്. 

മൈക്രോസോഫ്റ്റും, ഗൂഗിളും ഇറക്കിയ പല ഹാര്‍ഡ്‌വെയറും സാമ്പത്തികമായി പരാജയമായിരുന്നു. ക്ലിപ്‌സും ആ വഴിക്കു പോകാനാണു വഴി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CAMERAS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA