sections
MORE

ക്യാനന്‍ ഷൂട്ടര്‍മാര്‍ക്ക് ശുഭവാർത്ത; പുതിയ 70-200 ലെന്‍സുകള്‍ എത്തി!

Canon-EF-70-200mm
SHARE

ക്യാനന്‍ പുതിയ 70-200 ലെന്‍സ് പുറത്തിറക്കുന്നുവെന്നു പറഞ്ഞപ്പോള്‍ പല ക്യാനന്‍ പ്രൊഫഷണലുകളും പറഞ്ഞത്, കൃത്യതയുടെയും പക്വതയുടെയും ഉരകല്ലായ തങ്ങളുടെ പ്രിയപ്പെട്ട ക്യാനന്‍ EF 70-200mm f/2.8L IS II USM ലെന്‍സിന് എന്തു മാറ്റം വരുത്താനാണ് കമ്പനി പോകുന്നതെന്നാണ്. 

എന്നാല്‍, ഉജ്ജ്വലമായ പഴയ ലെന്‍സിന് ചില മിനുക്കുപണികല്‍ മാത്രം നടത്തി പുതിയ EF 70-200mm F2.8L IS III USM ലെന്‍സുമായി എത്തിയിരിക്കുകയാണ് ക്യാനന്‍. എന്തൊക്കെയാണു പ്രധാന മാറ്റങ്ങളെന്നു നോക്കാം:

ഷാര്‍പ്‌നെസില്‍ അല്‍പം വര്‍ധന പ്രതീക്ഷിക്കാമെന്നാണ് കമ്പനി പറയുന്നത്. പുതിയ ക്യാനന്‍ DSLR കളിലെ ഇലക്ട്രോണിക്‌സുമായി ബന്ധിപ്പിക്കുമ്പോള്‍ ഈ ലെന്‍സിനു പ്രകടന വ്യത്യാസം കാണുമെന്നാണ് അവര്‍ ഉറപ്പു പറയുന്നത്. പഴയ ലെന്‍സ് കേട്ടിരുന്ന ഒരു പഴി ബാക് ലിറ്റ് സീനുകള്‍ ഷൂട്ടു ചെയ്യുമ്പോള്‍ അല്‍പം ഫെളെയറും ഗോസ്റ്റിങും കണ്ടിരുന്നുവെന്നതാണ്. ഇതു രണ്ടും തങ്ങള്‍ പുതിയ ലെന്‍സ് കോട്ടിങ്ങിലൂടെ പിഴുതു കളഞ്ഞുവെന്നാണ് ക്യാനന്‍ അവകാശപ്പെടുന്നത്. പ്രതിഫലനത്തെ നേരിടാനായി എയര്‍ സ്ഫിയര്‍ കോട്ടിങ് എന്ന പുതിയ കോട്ടിങ്ങാണ് ക്യാനന്‍ ഉപയോഗിച്ചിരിക്കുന്നത്. പഴയ ലെന്‍സിന്റെ അതേ ഒപ്ടിക്കല്‍ സമവാക്യങ്ങള്‍ തന്നെയാണ് പുതിയ ലെന്‍സിനും ഉപയോഗിച്ചരിക്കുന്നത്. 3.5 സ്റ്റോപ് ഇമേജ് സ്റ്റബിലൈസേഷന്‍ തന്നെയാണ് പുതിയ ലെന്‍സിനും.

നിങ്ങള്‍ താരതമ്യേന പുതിയ ക്യാനന്‍ DSLR ആണ് ഉപയോഗിക്കുന്നതെങ്കില്‍ പ്രകടനത്തില്‍ വ്യത്യാസം കാണാം. പ്രൊഫഷണലുകളുടെ 2099 ഡോളര്‍ പോയതു തന്നെ! കാരണം അതാണ് ലെന്‍സിന് കമ്പനി ഇട്ടരിക്കുന്ന വില. ഇന്ത്യയിലെ വില വെളിപ്പെടുത്തിയിട്ടില്ല.

ക്യാനന്‍ EF 70-200mm F4L IS II

ക്യാനന്റെ വില കുറഞ്ഞ 70-200 ലെന്‍സാണ് EF 70-200mm F4L IS II. ഒരു സ്റ്റോപ് അപേര്‍ച്ചര്‍ നഷ്ടം സഹിക്കാമെന്നുള്ളവര്‍ക്ക് അത്യുജ്വലമായ പ്രകടനമാണ് ഈ ലെന്‍സ് നല്‍കുന്നത്. ആദ്യം പറഞ്ഞ ലെന്‍സിനെക്കാള്‍ ഭാരക്കുറവ് ഉണ്ടെന്നതും ചില ഷൂട്ടര്‍മാരെ സംബന്ധിച്ച് ഈ ലെന്‍സ് ഒരു സ്വപ്‌നസാക്ഷാത്കാരം തന്നെയാണ്. (പക്കാ പ്രൊഫഷണലുകള്‍ ഇങ്ങോട്ടു നോക്കേണ്ട. ഒരു സ്‌റ്റോപ് പ്രകാശവും അലിഞ്ഞു പോകുന്ന പശ്ചാത്തലവും 2.8 ലെന്‍സിന്റെ കൂടപ്പിറപ്പാണ്. ഒരു ഗംഭീര ചിത്രം നഷ്ടെപ്പെടാന്‍ അതുമതിയല്ലോ കാരണം!)

എന്നാല്‍ പഴയ f/4 ലെന്‍സ് ഉപയോഗിക്കുന്നവര്‍ക്ക് ഇത് ഉഗ്രന്‍ അപ്‌ഗ്രേഡു തന്നെയായരിക്കും നല്‍കുക. ഈ ലെന്‍സിന് ഒപ്ടിക്കല്‍ എലമെന്റുകള്‍ക്കും മെക്കാനിക്കല്‍ എലമെന്റുകള്‍ക്കും മാറ്റമുണ്ട്. പഴയ ലെന്‍സിന്റെ പലതും റിവൈസു ചെയ്താണ് ഇറക്കിയിരിക്കുന്നത്. മള്‍ട്ടി കോട്ടിങ് ആണ് പ്രധാന മാറ്റങ്ങളിലൊന്ന്. ഫ്‌ളെയറിനു പ്രതിരോധം ചമയ്ക്കുകയായിരിക്കും പുതിയ കോട്ടിങ്ങിന്റെ പണി.

5 സ്റ്റോപ് വരെ ഇമേജ് സ്റ്റബിലൈസേഷന്‍ കിട്ടുമെന്നതും ആകര്‍ഷകമായ ഘടകമാണ്. മോഡ് 3 പുതിയ വാതിലുകള്‍ തുറന്നിടുന്നു. ഒരു മീറ്റര്‍ ആണ് മിനിമം ഫോക്കസിങ് ഡിസ്റ്റന്‍സ്. കേവലം 3.5-ഇഞ്ച് മുതല്‍ 5-ഇഞ്ച് വരെ വലിപ്പമുള്ള വസ്തുക്കള്‍ കൊണ്ട് ഫ്രെയിം നിറയ്ക്കാമെന്നതു കൊണ്ട്, ഒരു മാക്രോ ലെന്‍സ് കൊണ്ടു നടക്കണമെന്നു നിര്‍ബന്ധമില്ലെന്നും കാണാം. ഒരു എക്‌സ്‌റ്റെന്‍ഷന്‍ ട്യൂബ് ബാഗില്‍ ഇട്ടാല്‍ മാക്രോ ഷൂട്ടര്‍മാര്‍ക്ക് മറ്റൊരു ലെന്‍സ് ഇല്ലാതെ പല പണിയും ചെയ്യാന്‍ സാധിച്ചേക്കും.

ഒന്‍പതു ഡയഫ്രം ബ്ലെയ്ഡുകളാണ് പുതിയ ലെന്‍സിനുള്ളത്. പഴയ ലെന്‍സിനാകട്ടെ അവ 8 മാത്രമായിരുന്നു. ഇതാകട്ടെ മെച്ചപ്പെട്ട ബോ-കെ നല്‍കുമെന്നാണ് ക്യാനന്‍ പറയുന്നത്. 72mm ഫില്‍റ്റര്‍ ത്രെഡ് ആണ് ലെന്‍സിന്. പുതിയ ലെന്‍സ് ഹുഡും ട്രൈപ്പോഡ് മൗണ്ടും ഇറക്കിയിട്ടുണ്ട്. ഈ ലെന്‍സ് സ്വന്തമാക്കാന്‍ 1299 ഡോളര്‍ മുടക്കേണ്ടി വരും. 

രണ്ടു ലെന്‍സുകളുടെയും ഫ്‌ളൂറൈന്‍ കോട്ടിങ് ക്ലീനിങ് എളുപ്പമാക്കും. പുതിയ ക്യാമറ ബോഡി ഉപയോഗിക്കുന്നവര്‍ക്ക് രണ്ടു ലെന്‍സുകളും മികച്ച പ്രകടനം നല്‍കുമെന്നാണ് കരുതുന്നത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CAMERAS
SHOW MORE
FROM ONMANORAMA