sections
MORE

സ്മാര്‍ട്ഫോണിനപ്പുറം ഒരു ക്യാമറ വെണമെന്നുള്ളവർക്ക് മികച്ച ചോയിസെത്തി!

sony-rx-100
SHARE

പ്രൊഫഷണലുകളോ ഫോട്ടോഗ്രാഫി പഠിക്കാന്‍ ശ്രമിക്കുന്നവരോ അല്ലാത്ത മിക്ക ആളുകള്‍ക്കും വേണ്ട ക്യാമറ അവരുടെ പോക്കറ്റില്‍ തന്നെ എപ്പോഴുമുണ്ട്, സ്മാര്‍ട്ഫോണ്‍. കോംപാക്ട് ക്യാമറാ ബിസിനസിന്റെ കൂമ്പു കരിഞ്ഞു കഴിഞ്ഞു. എന്നാല്‍ സ്മാര്‍ട്ഫോണിനപ്പുറം ഒരു ക്യാമറ വേണം എന്നു തീരുമാനിക്കുന്നവര്‍ക്കായി ചില മോഡലുകള്‍ ഇറക്കാറുണ്ട്. ക്യാമറാ നിര്‍മാണത്തില്‍ ഇപ്പോള്‍ ഏറ്റവും മികവു കാണിക്കുന്ന കമ്പനികളില്‍ ഒന്നായ സോണി ഇറക്കിയ പുതിയ കോംപാക്ട് ക്യാമറയായ സൈബര്‍-ഷോട്ട് RX VI വ്ലോഗര്‍മാര്‍ക്കും താൽപര്യമുള്ള ഒരു ക്യാമറയായിരിക്കും.

സോണിയുടെ RX-100 സീരിസ്, നല്ലതും ചീത്തയും തിരിച്ചറിയാവുന്ന ക്യാമറാ പ്രേമികളുടെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. RX-100 VIയുടെ ഏറ്റവും വലിയ മാറ്റങ്ങളില്‍ ഒന്ന് അതിന്റെ ലെന്‍സാണ്--24-200mm f/2.8-4.5 ആണ് സൂം. RX-100 V വരെയുള്ള മോഡലുകളുടെ സൂം 70mm വരെ ആയിരുന്നു. പക്ഷെ, സൂം റേഞ്ച് വര്‍ദ്ധിപ്പിച്ചപ്പോള്‍ അപര്‍ചര്‍ നഷ്ടം സംഭിവച്ചിരിക്കുന്നതായി കാണാം. പക്ഷേ, ഇന്നു വരെ ഇറങ്ങിയതില്‍ വച്ച് ഏറ്റവും ഉപകാരപ്രദമായ RX-100 ഏറ്റവും പുതിയ മോഡല്‍ തന്നെയാണ്.

ഈ ക്യാമറയില്‍ പിടിപ്പിച്ചിട്ടുള്ള സോണിയുടെ പുതുക്കിയ BIONZ X™ പ്രൊസസറാകട്ടെ സെക്കന്‍ഡില്‍ 24 ഫ്രെയിം ഷൂട്ടു ചെയ്യാന്‍ സഹായിക്കുന്നതാണ്. ജെയ്‌പെഗ് (jpeg) ഫോട്ടോകളാണു ഷൂട്ടു ചെയ്യുന്നതെങ്കില്‍ തുടര്‍ച്ചയായി 233 ഇമെജുകള്‍ റെക്കോർഡു ചെയ്യാം.

RX-100 ആറാമന്റെ ഏറ്റവും വലിയ മികവുകളിലൊന്ന് അതിന്റെ 4K ഷൂട്ടിങ്ങിനുള്ള കഴിവാണ്. സെക്കന്‍ഡില്‍ 30 ഫ്രെയിം വരെ റെക്കോർഡു ചെയ്യാം. ഈ വിഡിയോ 5K വിഡിയോയില്‍ നിന്ന് ഓവര്‍സാമ്പിള്‍ ചെയ്തതാണ് എന്നത് വിഡിയോയിലെ നോയ്‌സും മറ്റും കുറയ്ക്കുകയും ചെയ്യും. 1080px വിഡിയോ സെക്കന്‍ഡില്‍ 120 ഫ്രെയിം റെക്കോർഡു ചെയ്യാം. സെക്കന്‍ഡില്‍ 960 ഫ്രെയിം റെക്കോർഡു ചെയ്യാനും സാധിക്കും.

ടില്‍റ്റു ചെയ്യാവുന്ന എല്‍സിഡി സ്‌ക്രീന്‍ ടച്ച്‌സ്‌ക്രീനാണ്. ഇലക്ട്രോണിക് വ്യൂഫൈന്‍ഡറും ഉണ്ട്. മികച്ച ഒരു കോംപാക്ട് ക്യാമറയില്‍ നിന്ന് ഈ കാലത്ത് പ്രതീക്ഷിക്കുന്ന ഫീച്ചറുകളെല്ലാം തന്നെ ഇതില്‍ സോണി ഒരുക്കിയിട്ടുണ്ട്. അതുകൊണ്ടു തന്നെ ഒരു തുടക്ക DSLRനെക്കാള്‍ വളരെയധികം വിലയും നല്‍കണം. 1200 ഡോളറാണ് ഇതിന്റെ വില. നന്നെ ഒതുക്കമുള്ള, പക്ഷെ, ഒരു സ്മാര്‍ട്ട്‌ഫോണിനെക്കാള്‍ ഉപകാരപ്രദമായ ഒരു ക്യാമറ വാങ്ങാന്‍ അന്വേഷിക്കുന്നവര്‍ക്ക് പരിഗണിക്കാന്‍ ഉത്തമാണ് ഈ മോഡല്‍. ക്യാമറയെപ്പറ്റി വേണ്ടതെല്ലാം അറിയാനും ക്യാമറയില്‍ എടുത്ത സാമ്പിള്‍ ചിത്രങ്ങളും വിഡിയോയും കാണാനും ഈ ലിങ്ക് ഉപയോഗിക്കുക

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CAMERAS
SHOW MORE
FROM ONMANORAMA