sections
MORE

എതിരാളികളുടെ ഉറക്കം കെടുത്തി ഷവോമിയുടെ ഗിംബള്‍

gimbal-1
SHARE

സ്മാര്‍ട് ഫോണ്‍ നിര്‍മeണത്തില്‍ പാദമുദ്ര പതിപ്പിച്ച ശേഷം, കുതിച്ചുയരുന്ന ചൈനീസ് കമ്പനി ഷവോമിയുടെ ശ്രദ്ധ മറ്റു പല ഉപകരണങ്ങളുടെ നിര്‍മാണത്തിലേക്കും തിരിക്കുകയാണ്. അവരുടെ ടിവിയും ഹിറ്റായിക്കഴിഞ്ഞു. പവര്‍ബാങ്ക്, ഹെഡ്‌ഫോണ്‍, എംഐ ബാന്‍ഡ് തുടങ്ങി പല ഉപകരണങ്ങളും നിര്‍മിച്ച് കുറെയാളുകളുടെയെങ്കിലും ഇഷ്ടം പിടിച്ചെടുത്ത കമ്പനി അത്ര അപ്രതീക്ഷിതമായി അല്ല സ്മാർട് ഫോൺ ഗിംബള്‍ നിര്‍മാണത്തിലേക്കും തിരിയുന്നത്. കാരണം നേരത്തെ തന്നെ കമ്പനി ഗോപ്രോ പോലെയുള്ള ആക്ഷന്‍ ക്യാമറകള്‍ുക്കു ചേരുന്ന ഗിംബളുകള്‍ നിര്‍മിച്ചു വില്‍ക്കുന്നുണ്ടായിരുന്നു. 

എന്തിനാണ് ഗിംബള്‍?

സ്മാര്‍ട് ഫോണ്‍ ഉപയോഗിച്ച് വിഡിയോ ഷൂട്ടു ചെയ്തിട്ടുള്ളവര്‍ക്കറിയാം അവ വേണമെങ്കില്‍ സ്വന്തം ഫോണിലോ, കംപ്യൂട്ടറിലൊ ഒക്കെയിട്ടു കാണാം, അല്ലെങ്കില്‍ വീട്ടുകാരെയോ കൂട്ടുകാരെയോ ഒക്കെ കാണിക്കാം. അതിനപ്പുറം ഒന്നിനും കൊള്ളില്ല. ഫോണ്‍ കൈയ്യിലിരുന്ന് വിറച്ചു തുള്ളി വിഡിയോ ആകെ വൃത്തികേടായിരിക്കുന്നു. കൈയ്യില്‍ പിടിച്ച് ഫോണെന്നല്ല, ക്യാമറ ഉപയോഗിച്ച് വിഡിയോ ഷൂട്ടു ചെയ്താലും ഏതാണ്ട് ഇങ്ങനെയൊക്കെയായരിക്കും അനുഭവം. ഇതിനൊരു പ്രതിവിധിയായാണ് ഫോട്ടോഗ്രാഫര്‍മാരും മറ്റും ഗിംബളുകളും സ്റ്റെഡി ക്യാമുകളും മറ്റും ഉപയോഗിച്ച് വിഡിയോയുടെ കുലുക്കം ഒഴിവാക്കുന്നതും ഫ്രെയിം നേരെ നിറുത്തുന്നതും. 

സ്മാര്‍ട് ഫോണ്‍ ഉപയോഗിച്ച് കൊച്ചു സിനിമ ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ഇത്തരമൊരു ഉപകരണം വളരെ ഉപകാരപ്രദമായിരിക്കും. പൂര്‍ണ്ണമായും മെക്കാനിക്കലായ സ്റ്റെഡി-ഉപകരണങ്ങളെ പോലെയല്ലാതെ ബാറ്ററി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഗിംബളുകള്‍ ഉണ്ടെങ്കില്‍- നന്നായി ഉപയോഗിക്കാന്‍ പഠിച്ചാല്‍- കൂടുതല്‍ മികവുറ്റ വിഡിയോ ഷൂട്ടു ചെയ്യാന്‍ സാധിച്ചേക്കും.

gimbal

എന്താണ് ഷവോമിയുടെ വില്‍പ്പന തന്ത്രം?

വില തന്നെ. 20,000 രൂപയൊക്കെ വിലയുണ്ടായിരുന്ന മറ്റു കമ്പനികളുടെ സ്മാര്‍ട് ഫോണ്‍ ഗിംബളുകള്‍ക്ക് ഇപ്പോള്‍ പോലും വില 12,000 രൂപയൊക്കെയാണ്. ഷവോമി തങ്ങളുടെ കന്നി ഗിംബള്‍ ഏകദേശം 7,000 രൂപയ്ക്കായിരിക്കും ഇന്ത്യന്‍ വിപണിയിലെത്തുക എന്നു കരുതുന്നു. നിലവിലുള്ള പല ഗിംബളുകളെക്കഴിഞ്ഞും നല്ല പ്രകടനവും പ്രതീക്ഷിക്കുന്നു. 

4K റെസലൂഷനും ഫോണില്‍ തന്നെയുള്ള ഒപ്ടിക്കലും ഇലക്ട്രോണിക്കുമായ ഇമേജ് സ്റ്റബിലൈസേഷനുമൊക്കെ പുതിയ മോഡലുകളിലുണ്ട്. വിഡിയോ റെക്കോഡിങ്ങില്‍ ഏറ്റവും നല്ല സ്റ്റബിലൈസേഷന്‍ കാണിച്ചു കഴിഞ്ഞ വര്‍ഷം ഞെട്ടിച്ചത് ഗൂഗിളിന്റെ പിക്‌സല്‍ ഫോണുകളായിരുന്നു. എന്നാല്‍, മികച്ച സ്റ്റബിലൈസേഷനുള്ള ഫോണുകള്‍ക്കൊപ്പവും ഗിംബള്‍ ഉപയോഗിച്ചാല്‍ കൂടുതല്‍ മികവ് വിഡിയോയ്ക്കു ലഭിക്കും. കൂടാതെ, പല ആംഗിളുകളിലും ഫോണ്‍ ചെരിച്ച് അഭ്യാസം കാണിക്കുകയും ചെയ്യാം!

തങ്ങളുടെ കീഴിലുള്ള മിജിയ (Mijia) എന്ന ബ്രാന്‍ഡിലൂടെയാണ് ഷവോമി ഗിംബള്‍ പുറത്തിറക്കിയിരിക്കുന്നത്. 86mm വരെ വലിപ്പവും 200 ഗ്രാം വരെ ഭാരവുമുള്ള ഫോണുകള്‍ സ്വീകരിക്കാന്‍ സജ്ജമാണ് ഷവോമിയുടെ ഗിംബള്‍. നിലവിലുള്ള മിക്ക ഫോണുകള്‍ക്കും അനുയോജ്യമാണ് ഷവോമിയുടെ ഗിംബള്‍. 

പുതിയ ഗിംബളിന്റെ ബാറ്ററി 5,000 mAh ആണ്. ഇതാകട്ടെ, പലര്‍ക്കും ഒരു ദിവസത്തെ ഷൂട്ടിങിനു മതിയായേക്കുമെന്നാണ് കരുതുന്നത്. വിഡിയോ ഷൂട്ടു ചെയ്യുമ്പോള്‍ പല ഫോണുകളുടെയും ബാറ്ററിയും പെട്ടെന്നു തീരും. ഇതിനും ഷവോമിയ്ക്ക് പരിഹാരമുണ്ട്. ഷവോമിയുടെ ഗിംബളില്‍ നിന്ന് ഫോണുകള്‍ക്ക് എപ്പോഴും ഒരു പവര്‍ബാങ്കില്‍ നിന്ന് എന്നപോലെ സിപ്പു ചെയ്തുകൊണ്ടിരിക്കാം! (ഷവോമി അല്ല കെട്ടോ ഈ ഫീച്ചര്‍ ആദ്യമായി കൊണ്ടുവരുന്ന ഗിംബള്‍ നിര്‍മാതാവ്.) ഫോണ്‍ ചാര്‍ജു ചെയ്യാന്‍ ഉപയോഗിക്കുന്നില്ലെങ്കില്‍ ഏകദേശം 16 മണിക്കൂര്‍ വരെ തങ്ങളുടെ ഗിംബള്‍ ഉപയോഗിക്കാമെന്നാണ് ഷവോമി പറയുന്നത്. ഗിംബളിന് 476 ഗ്രാം ഭാരമാണുള്ളത്.

gimbal-2

3-ആക്‌സിസ് സ്റ്റബിലൈസേഷനാണ് ഷവോമി നല്‍കുന്നത്. ഷവോമിയുടെ ആപ്പിലൂടെ 360 ഡിഗ്രി ഓട്ടോ-ട്രാക്കിങ് ഫങ്ഷനും ഗിംബളിനുണ്ട്. ഈ മാസം 16ന് ചൈനയില്‍ കടകളിലെത്തുന്ന ഗിംബള്‍ മറ്റു രാജ്യങ്ങളിലേക്ക് എന്നെത്തുമെന്ന് ഷവോമി വ്യക്തമാക്കിയിട്ടില്ല.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CAMERAS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA