sections
MORE

വീണ്ടും ലൈറ്റ് വിസ്മയം: 9 ക്യാമറാ സ്മാര്‍ട് ഫോണ്‍; 64 MP ചിത്രം

light-camera
SHARE

നമ്മള്‍ നേരത്തെ കണ്ട ലൈറ്റ് L16 ക്യാമറ വിപണിയിൽ വലിയ ചലനമൊന്നും ഉണ്ടാക്കിയില്ല. ആശയം ഗംഭീരമെന്നു തോന്നിച്ചെങ്കിലും പ്രാവര്‍ത്തികമാക്കുന്നതിലെ പാളിച്ചകള്‍ അവരെ പിന്നോട്ടടിച്ചു. ടെസ്റ്റു ചെയ്ത പലരും അതൊരു പാതിവെന്ത പ്രൊഡക്ടാണ് എന്നാണ് പറഞ്ഞത്. ക്യാമറ സ്വപ്‌നം ഇനിയും ലൈറ്റ് കമ്പനി താലോലിക്കുന്നുണ്ടോ എന്നറിയില്ല, പക്ഷേ അവര്‍ പുതിയ പ്രൊജക്ടകുകളിലേക്ക് കടക്കുകയാണ്. അഞ്ചു മുതൽ ഒൻപതു ക്യാമറകള്‍ വരെ പിന്നില്‍ പിടിപ്പിച്ച സ്മാര്‍ട് ഫോണുകള്‍ കമ്പനി ഈ വര്‍ഷം ഉണ്ടാക്കാന്‍ തുടങ്ങുമെന്നാണ് പറയുന്നത്. എന്നാല്‍, മുൻപു പുറത്തു വന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം അവര്‍ മറ്റു സ്മാര്‍ട് ഫോണ്‍ നിര്‍മാതക്കള്‍ക്ക് തങ്ങളുടെ ടെക്‌നോളജി ഉപയോഗിക്കാന്‍ നല്‍കുമെന്നാണു കേട്ടിരുന്നത്. ഒരു പക്ഷേ, അവര്‍ സ്വന്തം ഫോണ്‍ നിര്‍മിക്കാനും മറ്റുള്ളവരെ തങ്ങളുടെ ടെക്‌നോളജി ഉപയോഗിക്കാന്‍ സഹായിക്കാനും സാധ്യതയുണ്ടെന്നു വേണം കരുതാന്‍.

വാഷിങ്ടൺ പോസ്റ്റാണ് ലൈറ്റ് കമ്പനിയുടെ പുതിയ ലക്ഷ്യത്തെ കുറിച്ചുള്ള വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്. ഒന്‍പതു ക്യാമറ മൊഡ്യൂളുകള്‍ അലങ്കരിക്കുന്ന ഒരു ഫോണ്‍ ആയിരിക്കും ലൈറ്റിന്റെ ഏറ്റവും പ്രധാനപ്പെട്ട മോഡല്‍. ഈ സ്മാര്‍ട് ഫോണിന് 64-മെഗാപിക്‌സല്‍ ചിത്രങ്ങള്‍ വരെ എടുക്കാനുള്ള ശേഷിയുണ്ടെന്നാണ് വാര്‍ത്തകള്‍ പറയുന്നത്. വെളിച്ചക്കുറവില്‍ ചിത്രമെടുക്കുമ്പോഴുള്ള മികവും, പല ക്യാമറകളില്‍ നിന്നെടുക്കുന്ന ചിത്രങ്ങള്‍ സംയോജിപ്പിച്ച് ഒറ്റ ഫോട്ടോയുണ്ടാക്കാനുള്ള കഴിവും ഈ ഫോണിന് ഉണ്ടായിരിക്കും. ഈ വര്‍ഷം കമ്പനി ഇതിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങളെ കുറിച്ചുള്ള കൂടുതല്‍ കാര്യങ്ങള്‍ പുറത്തുവിടും.

2015ല്‍ ആണ് ലൈറ്റ് ആദ്യമായി ക്യാമറ ടെക്‌നോളജിയുടെ നിലവിലുള്ള വാതില്‍ ചിവിട്ടിത്തുറന്ന് കടന്നു വന്നത്. 2017ല്‍ ക്യാമറ പുറത്തിറക്കിയെങ്കിലും അത് പല രീതിയിലും ഫൊട്ടോഗ്രഫി പ്രേമികളെ നിരാശപ്പെടുത്തി. അനന്ത സാധ്യതകള്‍ നിലനില്‍ക്കുന്നുവെങ്കിലും പുറത്തിറക്കിയ ക്യാമറയ്ക്ക് ഫോട്ടോ പ്രോസസിങ്ങിലടക്കം പലതരം കുഴപ്പങ്ങള്‍ കണ്ടെത്തുകയായിരുന്നു.

ലൈറ്റിന്റെ സ്മാര്‍ട് ഫോണ്‍ നിര്‍മിക്കുന്നത് ആപ്പിളിന്റെ ഐഫോണ്‍ അടക്കം നിരവധി വമ്പന്‍ പ്രൊഡക്ടുകള്‍ നിര്‍മിച്ചു തഴമ്പിച്ച കമ്പനിയായ ഫോക്‌സ്‌കോണ്‍ ആണ്. സ്മാര്‍ട് ഫോണുകള്‍ക്ക് ഇരട്ട ക്യാമറ എന്ന ആശയം ഒരു പക്ഷേ ലൈറ്റില്‍ നിന്നു കടമെടുത്തതായിരിക്കാം. പക്ഷേ, വാവെയ് കമ്പനിയും ആപ്പിളുമൊക്കെ ഇത്തരം ക്യാമറ ഫോണുകളുടെ നിര്‍മാണത്തില്‍ തനതു വഴിയിലാണ്. ഉദാഹരണത്തിന് വാവെ-ലൈക്ക സഖ്യം നിര്‍മിക്കുന്ന ക്യാമറ മൊഡ്യൂളുകളില്‍ ഒരു മോണോക്രോം സെന്‍സറും പിടിപ്പിക്കുന്നു. ഇത് ലൈറ്റ് കമ്പനിയുടെ ചിന്തയില്‍ ഉണ്ടായതല്ല. 

ലൈറ്റിന്റെ L16 ക്യാമറയുടെ പരാജയത്തിന്റെ ഒരു കാരണം അതിന്റെ വിലയായിരുന്നു. 2,000 ഡോളര്‍ വിലയിട്ട ക്യാമറയില്‍ ചിത്രമെടുപ്പു സുഖമല്ലെന്ന പരാതി അതിന്റെ നിര്‍മാതാക്കള്‍ക്കു നല്ലതല്ല. എന്തായാലും സൂചനകള്‍ പ്രകാരം, തങ്ങളുടെ സ്മാര്‍ട് ഫോണിനും നല്ല വിലയിടാനാണ് ലൈറ്റ് ഉദ്ദേശിക്കുന്നതത്രെ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CAMERAS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA