sections
MORE

DSLRകളുടെ മരണമണി മുഴങ്ങുന്നു; നിക്കോണ്‍ ചെയ്യാൻ പോകുന്നതെന്ത്?

nikon
SHARE

ഒതുക്കവും ഇന്‍-ബോഡി ഇമേജ് സ്റ്റബിലൈസേഷനും തുടങ്ങി നിരവധി മികവുകളുള്ള മിറര്‍ലെസ് ക്യാമറകള്‍ വിപണിയില്‍ എത്തിയിരുന്നെങ്കിലും അവ DSLRകള്‍ക്ക് ഇതുവരെ കനത്ത വെല്ലുവിളി ഉയര്‍ത്തിയിരുന്നില്ല. അതിനു കാരണം പ്രധാന DSLR നിര്‍മാതാക്കളായ ക്യാനനും നിക്കോണും മിറര്‍ലെസ് രംഗത്തേക്ക് ഗൗരവത്തോടെ കടന്നു വരാത്തതായിരുന്നു അതിന്റെ കാരണം. എന്നാല്‍, ഈ രണ്ടു കമ്പനികളും തങ്ങള്‍ ഈ വര്‍ഷം തന്നെ മിറര്‍ലെസ് ക്യാമറകള്‍ ഇറക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ക്യാനന് ഇപ്പോള്‍ ഒരു APS-C മിറര്‍ലെസ് സിസ്റ്റവും, നിക്കോണിന് ഒരു CX മിറര്‍ലെസ് സിസ്റ്റവും ഉണ്ടെങ്കിലും ഇവ പ്രൊഫഷണലുകളുടെ DSLRകളിലുള്ള ശ്രദ്ധ പറിച്ചു മാറ്റാന്‍ പര്യാപ്തമായിരുന്നില്ല. 

ക്യാനന്‍ ഈ വര്‍ഷം മിറര്‍ലെസ് രംഗത്തേക്ക് വീറോടെ കടന്നു വരുമോ എന്നു കണ്ടറിയണം. സോണി A7 III ക്യാനന്റെ സ്വപ്‌നങ്ങള്‍ക്ക് വെല്ലുവിളിയാകുമെന്നാണ് കരുതുന്നത്. ക്യാമറ നിര്‍മാണത്തിലെ എക്കാലത്തെയും കരുത്തരില്‍ ഒരാളായ ക്യാനന്‍ സോണിയേക്കാള്‍ മോശം ക്യാമറ ഇറക്കിയാല്‍ ഉപഭോക്താക്കൾ കൂടോടെ ചുവടുമാറ്റുമോ, സോഷ്യല്‍ മീഡിയ വെറുതെ വിടുമോ തുടങ്ങിയ കാര്യങ്ങള്‍ ക്യാനനെ ഈ വര്‍ഷം അവരുടെ ഗൗരവമുള്ള മിറര്‍ലെസ് ക്യാമറ ഇറക്കുന്നതില്‍ നിന്ന് പിന്തിരിപ്പിച്ചേക്കുമെ‌ന്നും പറയുന്നവരുണ്ട്.

എന്തായാലും അവരുടെ 101-ാം പിറന്നാള്‍ ഈ മാസം 25ന് ആഘോഷിക്കന്‍ ഒരുങ്ങുന്ന നിക്കോണ്‍, മിറര്‍ലെസ് ക്യാമറ ഈ വര്‍ഷം ഇറക്കുമെന്ന് ഉറപ്പായിരിക്കുന്നു. ഒരു പക്ഷേ, ഈ മാസം തന്നെ ക്യാമറ അവതരിപ്പിച്ചേക്കുമെന്നാണ് പറയുന്നത്. ക്യാമറ എന്നല്ല, ക്യാമറകള്‍ എന്നു പറയാമത്രെ. കാരണം രണ്ടു മേഡലുകള്‍ പ്രതീക്ഷിക്കുന്നു. രണ്ടും ഫുള്‍ഫ്രെയിം ക്യാമറകൾ ആയിരിക്കുമെന്നാണ് കേള്‍ക്കുന്നത്. ഒന്നിന് 45MP-48MP വരെ റെസലൂഷനുള്ള സെന്‍സറും, രണ്ടാമത്തെതിന് 24MP അല്ലെങ്കില്‍ 25MP സെന്‍സറായിരിക്കുമെന്നു പറയുന്നു. 5-ആക്‌സിസ് ഇന്‍-ബോഡി ഇമേജ് സ്റ്റബിലൈസേഷനാണ് പ്രധാന ഫീച്ചറുകളിലൊന്ന്. 4K വിഡിയോ, 9 fps ഷൂട്ടിങ് സ്പീഡ് തുടങ്ങിയവയും പ്രതീക്ഷിക്കുന്നു. കൈയ്യിണക്കം മുന്നില്‍ക്കണ്ടാണ് നിര്‍മാണമെ‌ന്നു പറയുന്നു. രണ്ടു ബോഡികള്‍ക്കും ഒപ്പം നല്‍കുന്ന കിറ്റ് ലെന്‍സ് 24-70mm f/4 ആയിരിക്കും. 50mm, 35mm എന്നിങ്ങനെ രണ്ടു പ്രൈം ലെന്‍സുകളെങ്കിലും ഇറക്കിയേക്കുമെന്നും പറയുന്നു.

ഇവയൊന്നും പക്കാ നിക്കോണ്‍ പ്രൊഫഷണല്‍ ഷൂട്ടര്‍മാരെ പറ്റമായി മിറര്‍ലെസ് സിസ്റ്റത്തിലേക്ക് ചേക്കേറാന്‍ ക്ഷണിക്കാന്‍ പര്യാപ്തമല്ലെന്ന കാര്യം കമ്പനിക്കും അറിയാം. അതിനാല്‍ അവര്‍ക്കായി നിലവിലുള്ള F-മൗണ്ട് ലെന്‍സുകള്‍ ഉപയോഗിക്കാന്‍ അനുവദിക്കുന്ന ഒരു ഗംഭീര അഡാപ്റ്ററും ഇറക്കും. എന്നാല്‍, മിറര്‍ലെസ് സിസ്റ്റത്തിനുതകുന്ന f2.8 സൂം ലെന്‍സുകള്‍ ഇറങ്ങുന്നതു വരെ ഒരു പക്ഷേ പ്രൊഫഷണലുകള്‍ ഈ ബോഡിയെ അവരുടെ രണ്ടാം സിസ്റ്റമായി ആയിരിക്കും കാണുക. പക്ഷേ, സമി പ്രൊഫഷണലുകള്‍ക്ക് ഈ സിസ്റ്റം ധാരാളം മതിയായേക്കുമെന്നാണ് കരുതുന്നത്.

കൂടിയ റെസലൂഷനുള്ള ബോഡിയും കിറ്റ് ലെന്‍സും കൂടെ വാങ്ങണമെങ്കില്‍ 4,000 ഡോളര്‍ മുടക്കേണ്ടിവരുമെന്നു കരുതുന്നു. കുറഞ്ഞ റെസലൂഷനുള്ള സിസ്റ്റം മതിയെങ്കില്‍, 3,000 ഡോളര്‍ ആയിരിക്കാം വില. ഈ ക്യാമറകള്‍ ഇറങ്ങുന്നതെ DSLRകള്‍ രംഗം വിടില്ല. അടുത്ത അഞ്ചു വര്‍ഷത്തേക്കെങ്കിലും അവ വിപണിയിൽ സജീവമായിരിക്കും. പക്ഷേ, DSLR യുഗത്തിന്റെ ഒടുക്കത്തിന്റെ തുടക്കമായിരിക്കുമിതെന്നാണ് നിരീക്ഷിക്കപ്പെടുന്നത്. വിഡിയോ ഷൂട്ടു ചെയ്യാന്‍ താത്പര്യമുള്ളവര്‍ക്കും മറ്റും DSLRകളെക്കാള്‍ മികച്ചതായിരിക്കും മിറര്‍ലെസ് ക്യാമറകള്‍.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CAMERAS
SHOW MORE
FROM ONMANORAMA