sections
MORE

ചരിത്രത്തിനു സാക്ഷി അന്ന് വിക്ടറും F3 യും; ഇന്ന് അരവിന്ദും D5 ഉം

idukki-dam-photo-1
SHARE

കാലം കാത്തു വച്ചതെന്നു പറയുന്നത് ഇതാണ്. ചരിത്രം അതിന്റെ വഴിയേ അരവിന്ദ് ബാലയെ കൈപിടിച്ചു നടത്തി. കഴിഞ്ഞ തിങ്കളാഴ്ച വരെ ഡാം തുറക്കുന്നതിന്റെ ചിത്രമെടുക്കാൻ മലയാള മനോരമയുടെ ഫൊട്ടോഗ്രഫർ അരവിന്ദ് ബാല ചെറുതോണിയിൽ ഉണ്ടായിരുന്നു, ബുധനാഴ്ച തിരുവനന്തപുരത്തെ വീട്ടിലേക്കു പോകാനൊരുങ്ങിയപ്പോഴാണ് മഴ വീണ്ടും കനത്തത്. വ്യാഴാഴ്ച പുലർന്നതു തന്നെ ഉരുൾപൊട്ടലിന്റെ ദുരന്തവാർത്തയുമായാണ്. മനസ്സിൽ കരഞ്ഞുകൊണ്ടാണ് അവൻ അടിമാലിയിലെ വിലാപത്തിലേക്കു ചെന്നിറങ്ങിയത്. 10.15 ഓടെയാണ് സന്ദേശം എത്തിയത്- 11 മണിക്ക് ഡാം തുറക്കും!

idukki-dam-1

ഒന്നര മണിക്കൂറോളം യാത്രയുണ്ട് ചെറുതോണിക്ക്. എന്തായാലും പോകാൻ ഉറപ്പിച്ചു. 10.45 ന് കാറിൽ കയറുമ്പോൾ, ഡാം തുറക്കുന്ന സമയം 12 മണിയിലേക്ക് മാറ്റിയെന്ന് അറിയിപ്പു വന്നു. മനസ്സിനൊപ്പം കാറും പറന്നു, എന്നിട്ടും 12.10 നാണ് ബാല ചെറുതോണിയിലെത്തിയത്. പക്ഷേ, ഡാം തുറക്കുന്ന സമയം 12.30 ലേക്ക് വീണ്ടും മാറ്റി.

idukki-dam

‘വിക്ടർ ജോർജിന്റെ ചരിത്ര ചിത്രത്തിനൊപ്പം വയ്ക്കാൻ ഇനി അരവിന്ദ് ബാലയുടെ ചിത്രം കൂടി. ഇനി ഒരു പെരുമഴക്കാലത്ത് ഇടുക്കി അണക്കെട്ട് നിറഞ്ഞു തുറക്കും വരെ ചരിത്രത്തിന് ഈ ചിത്രവും കൂട്ട്! വിക്ടർ ചേട്ടനും അരവിന്ദ് ബാലയ്ക്കും സലാം... ആഗ്രഹവും അർപ്പണവും ഉണ്ടെങ്കിൽ കാലവും കാത്തു നിൽക്കും!’ - വെള്ളിയാഴ്ച മലയാള മനോരമ പത്രത്തിൽ വന്ന ആ ചിത്രത്തെക്കുറിച്ച് ഫെയ്സ്ബുക്കിൽ സുഹൃത്തുക്കൾ കുറിച്ചിട്ട വാക്കുകളാണിത്.

idukki-dam-2

1992ൽ ചെറുതോണി ഡാം തുറക്കുന്ന ചരിത്ര ചിത്രം വിക്ടർ ജോർജ് പകർത്തിയത് നിക്കോൺ എഫ്3 ക്യാമറയില്‍ ആയിരുന്നുവെങ്കിൽ കഴിഞ്ഞ ദിവസം അരവിന്ദ് ബാല പകർത്തിയത് നിക്കോണിന്റെ തന്നെ ഡി 5 ക്യാമറയിലാണ്. 26 വർഷത്തിനിടെ ക്യാമറ, ഫൊട്ടോഗ്രഫി ടെക്നോളജിയിൽ എന്തുമാത്രം മാറ്റങ്ങളാണ് വന്നിരിക്കുന്നത്. രണ്ടു ക്യാമറകളെയും ഒന്നു പരിചയപ്പെടാം.

നിക്കോണ്‍ F3 (1992)

നിക്കോണ്‍ F3 കമ്പനി ഇറക്കിയ ഏറ്റവു നല്ല മാനുവല്‍ ക്യാമറയാണ്. നിക്കോണിന്റെ ക്യാമറ നിര്‍മാണത്തിന്റെ പാരമ്പര്യം മുഴുവന്‍ പിന്‍ബലം നല്‍കിയ ഒരു ബോഡി ആയിരുന്നുവത്. ഓട്ടോഫോക്കസ് ക്യാമറകളുടെ വരവിനു മുൻപ് നിക്കോണ്‍ ഇറക്കിയ ഏറ്റവും നല്ല ക്യാമറ എന്നു വേണമെങ്കില്‍ പറയാം.

FM2 യെ അപേക്ഷിച്ച് ഇതിന് അപേര്‍ച്ചര്‍ പ്രയോറിറ്റി മോഡുണ്ടെന്നതാണ് ഇതിനെ വേര്‍തിരിച്ചു നിര്‍ത്തിയത്. 1980ല്‍ ആണ് നിക്കോണ്‍ ഈ ബോഡി അവതരിപ്പിച്ചത്. ആ കാലത്തെ നിക്കോണ്‍ ക്യാമറകളുടെ നിര്‍മാണ മികവിന്റെ മകുടോദാഹരണവുമായിരുന്നു ഈ ബോഡി. ഒരു ഓട്ടോഫോക്കസ് മോഡലും പിന്നീട് അവതരിപ്പിച്ചു (F3AF).

nikon-f3

പ്രശസ്തമായ മാനുവല്‍ മോഡലിന് ഒന്നിലേറെ വേരിയന്റുകള്‍ ഉണ്ടായിരുന്നു: F3HP, F3/T, F3P, F3H. എഫ് സീരിസില്‍ പിന്നെ F4, F5 (നിക്കോണിന്റെ ഏറ്റവും പ്രശസ്തമായ ഓട്ടോഫോക്കസ് ഫിലിം ക്യാമറ, F6 എന്നീ ബോഡികള്‍ കൂടി ഇറക്കുകയും ചെയ്തിരുന്നു.

ഷട്ടര്‍സ്പീഡ് എല്‍സിഡിയില്‍ കാണിച്ചിരുന്നുവെന്നതും അപേര്‍ച്ചര്‍ ഡിറെക്ട് റീഡ് ഔട്ട് ഫീച്ചറും മൈക്രോ പ്രിസവും F3 മോഡലിനെ ഒരു കുലീന ക്യാമറയാക്കി.

നിക്കോണ്‍ D5 (2018)

പ്രഫഷനല്‍ DSLRകളിലെ രാജാവാണ് നിക്കോണ്‍ D5. 20MP FX സെന്‍സര്‍ ആണ് ഇതിലുള്ളത്. D4s (11fps) നു പകരമാണ് D5 എത്തിയത്. നിക്കോണ്‍ സിസ്റ്റം ഉപയോഗിക്കുന്ന പ്രഫഷനല്‍ വന്യജീവി, സ്‌പോര്‍ട്‌സ് ഫൊട്ടോഗ്രഫര്‍മാരുടെ കയ്യില്‍ പ്രൗഢിയോടെ ഇരിക്കുന്ന ഈ ക്യാമറയ്ക്ക്, 153 ഓട്ടോഫോക്കസ് പോയിന്റുകളുള്ള ഫോക്കസിങ് മൊഡ്യൂള്‍ ഉണ്ട്. 4K വിഡിയോ ഷൂട്ടു ചെയ്യാനുള്ള ശേഷിയുമുണ്ട്.

nikon-d5

നിക്കോണിന്റെ ചരിത്രത്തിലെ ഏറ്റവും ശക്തമായ പ്രോസസിങ് എന്‍ജിനാണ് ഇതിലുള്ളത്. EXPEED 5 എന്നു പേരിട്ടിരിക്കുന്ന പ്രോസസറിന് ഈ ക്യാമറ ജനറേറ്റു ചെയ്യുന്ന ഡേറ്റ സുഗമമായി കൈകാര്യം ചെയ്യാനാകും.

ഫീച്ചറുകള്‍

∙ സഹജമായ (native) ISO 100-102,400 പരമാവധി ബൂസ്റ്റ് ചെയ്യാവുന്ന ISO 3,280,000! ഇതൊരു റെക്കോർഡ് ആണ്
∙ 99 ക്രോസ്-ഹാച്ഡ് ഫോക്കസ് സെന്‍സറുകളോടു കൂടിയ 153 പോയിന്റ് AF മോഡ്യൂള്‍
∙ മൊത്തം പുതുക്കിയ 180K pixel RGB AF മൊഡ്യൂള്‍ (153 ഫോക്കസ് പോയിന്റുകളില്‍ 55 AF പോയിന്റുകള്‍ ഫൊട്ടോഗ്രഫര്‍ക്കു തിരഞ്ഞെടുക്കാവുന്നവയാണ്)
∙ തുടര്‍ച്ചയായി 200 ഫ്രെയിം വരെ 14-ബിറ്റ് ലോസ്‌ലെസ് റോ+ജെയ്‌പെഗ് പടങ്ങള്‍ ഷൂട്ടു ചെയ്യുവാനുള്ള കഴിവ്
∙ സെക്കന്‍ഡില്‍ 12 ഫുള്‍ഫ്രെയിം റോ പടം ഷൂട്ടു ചെയ്യാം. (മിറര്‍ ലോക്കു ചെയ്ത് AF ഓഫ് ചെയ്താണെങ്കില്‍ സെക്കന്‍ഡില്‍ 14 ഫ്രെയിം.)
∙ 3.2', 2359K ടച്‌സ്‌ക്രീന്‍ LCD. പ്ലേബാക്കില്‍ പടം സൂം മൊബൈല്‍ഫോണുകളിലേതു പോലെ സൂം ചെയ്യാം. പക്ഷേ മാന്യൂവിലേക്കു പോകുമ്പോള്‍ ഹാര്‍ഡ്‌വെയര്‍ ബട്ടണുകളേ വര്‍ക്ക് ചെയ്യൂ.
∙ ക്യാമറയ്ക്കു രണ്ടു വേര്‍ഷനുണ്ട്. തമ്മിലുള്ള വ്യത്യാസം ഒരു മോഡല്‍ രണ്ട് XQD കാര്‍ഡുകള്‍ക്കുള്ള സ്ലോട്ടാണുള്ളതെങ്കില്‍ രണ്ടാമത്തെ മോഡലില്‍ രണ്ടു CF കാര്‍ഡുകളാണിടാവുന്നത്. (ഈ ശ്രേണിയില്‍ D4s വരെയുള്ള മോഡലുകളില്‍ CF കാര്‍ഡുകളാണ് ഉപോയോഗിച്ചിരുന്നത്.)
∙ എത്ര വളഞ്ഞു തിരിഞ്ഞു പോകുന്ന സബ്ജക്ടിനെയും താരതമ്യേന വെളിച്ചക്കുറവുള്ളപ്പോള്‍ പോലും ട്രാക്ക് ചെയ്യാം.
∙ 4K UHD (3840 x 2160) വിഡിയോ ഷൂട്ടിങ്ങിനുള്ള കഴിവ്. വിഡിയോ റെസലൂഷനുകള്‍: 3840 x 2160 (30p/25p/24p), 1920 x 1080 (60p/50p/30p/25p/24p), 1280 x 720 (60p/50p)
∙ ബാറ്ററിക്ക് ഒരു ചാര്‍ജില്‍ 3780 പടം വരെ എടുക്കാനാകുമെന്നാണ് കമ്പനി പറയുന്നത് - ബോഡിക്കുമാത്രം 1400 ഗ്രാമിലേറെ ഭാരമുണ്ട് (ബാറ്ററിയോടു കൂടി).

dam-idukki-5

നിക്കോണ്‍ D5 ഏറ്റവും മികച്ച DSLR ക്യാമറയാണോ? ആണെന്നും അല്ലെന്നും വാദിക്കാം. ഇന്നു തിരഞ്ഞെടുക്കാന്‍ ധാരാളം മോഡലുകളുണ്ട്. D5നെ വേണമെങ്കില്‍ നിക്കോണ്‍ ബ്രാന്‍ഡ് ഇഷ്ടപ്പെടുന്നവരുടെ ഉത്തമ സ്‌പോര്‍ട്‌സ്/വന്യജീവി ഫൊട്ടോഗ്രഫി ക്യാമറ എന്നു വിളിക്കാം. കൂടുതല്‍ റെസലൂഷന്‍ ആവശ്യമുള്ളവര്‍ക്ക്, അല്ലെങ്കില്‍ സ്റ്റുഡിയോയില്‍ ഉപയോഗിക്കാന്‍ D800/E/810 തുടങ്ങിയ മോഡലുകള്‍ക്കു വേണമെങ്കില്‍ പ്രഥമ പരിഗണന നല്‍കാം. മാധ്യമ സ്ഥാപനങ്ങളെയും പ്രഫഷനലുകളെയും മനസ്സില്‍വച്ചു നിര്‍മിച്ച D5 ഇന്നു നിക്കോണ്‍ കമ്പനിക്കു ക്യാമറ നിര്‍മാണത്തിലുള്ള കഴിവിന്റെ ആകെത്തുകയാണെന്നു പറയാം.

വിക്ടർ ജോർജിന്റെ ഇഷ്ട ക്യാമറ നിക്കോണ്‍ എഫ്എം 2

നിക്കോണ്‍ കമ്പനിയുടെ ഒരു കാലത്തെ ഏറ്റവും മികച്ച ക്യാമറകളില്‍ ഒന്നായിരുന്നു FM2. 1/4000 വരെ ഷട്ടര്‍ സ്പീഡും 1/250 വരെ ഫ്‌ളാഷ് സിങ്ക് സ്പീഡും ഉണ്ടായിരുന്ന ഈ ക്യാമറാ ബോഡി നിര്‍മാണത്തികവിന്റെ പര്യായമായിരുന്നു. ആജീവനാന്തം ഉപയോഗിക്കാന്‍ പാകത്തിന് ഉറപ്പോടെ ഉണ്ടാക്കിയതായിരുന്നു ഇത്. ഷട്ടര്‍ കേടായാല്‍ മാറ്റിവയ്ക്കണമെന്നതൊഴിച്ചാല്‍ പൂര്‍ണമായും സര്‍വീസു ചെയ്യാവുന്ന, എത്ര കാലം വേണമെങ്കിലും ഉപയോഗിക്കാവുന്ന രീതിയിലായിരുന്നു നിര്‍മാണം.

nikon-fm2

പ്രഫഷനല്‍ ഷൂട്ടര്‍മാര്‍ക്ക് ഇത്തരം ഒരു ബോഡി വാങ്ങിയാല്‍ പിന്നെ ക്യാമറയെക്കുറിച്ചാലോചിച്ചു സമയം കളയേണ്ട കാര്യമുണ്ടായിരുന്നില്ല. അന്നത്തെ ഫൊട്ടോഗ്രഫര്‍മാരില്‍ പലരും മാനുവല്‍ എക്‌സ്‌പോഷറിന്റെ ഉസ്താദുമാരായിരുന്നു. ഫൊട്ടോഗ്രഫി കൂടുതല്‍ ലളിതമായിരുന്നുവെന്നു വേണമെങ്കിൽ പറയാം. നിക്കോണ്‍ FM2 ന് അതിന്റെ സെന്റര്‍ വെയ്റ്റഡ് മീറ്ററിങ് വര്‍ക്കു ചെയ്യാനായി ഒരു ബാറ്ററി വേണമെന്നല്ലാതെ ക്യാമറയുടെ ഒരു ഓപ്പറേഷനും ബാറ്ററി ആവശ്യമായിരുന്നില്ല.

പലരും ക്യാമറ വാങ്ങിക്കഴിഞ്ഞാല്‍ ബാറ്ററി ഊരിക്കളയുക പോലും ചെയ്തിരുന്നു. അതൊന്നും മാനുവലായി വൈന്‍ഡ് ചെയ്യുകയും ഷട്ടര്‍ കുലയ്ക്കുകയും ചെയ്യുന്ന ക്യാമറയുടെ ഓപ്പറേഷനെ ബാധിക്കുമായിരുന്നില്ല. ഒരു തരം ഓട്ടമേഷനും ഇല്ലാതിരുന്ന ഈ ക്യാമറയുടെ ലെന്‍സുകളും മാനുവലായി ഫോക്കസ് ചെയ്യണമായിരുന്നു. (എന്നാല്‍ തുരുതുരെ പടമെടുക്കേണ്ടവര്‍ക്ക് ഒരു മോട്ടൊര്‍ഡ്രൈവ് വാങ്ങി പിടിപ്പിക്കാമായിരുന്നു.) 1982 മുതല്‍ 2001 വരെയായിരുന്നു നിക്കോണ്‍ ഈ ക്യാമറ നിര്‍മിച്ചിരുന്നത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CAMERAS
SHOW MORE
FROM ONMANORAMA