sections
MORE

അമേരിക്കയില്‍ നിക്കോണെയും ക്യാനനെയും പിന്തള്ളി സോണി

sony-camera
SHARE

ലോക ക്യാമറാ വിപണിയില്‍ വളരെ തിളക്കമുള്ള വിജയമാഘോഷിക്കുകയാണ് സോണി ഇപ്പോള്‍. ഫുള്‍ഫ്രെയിം ക്യാമറകള്‍, മികച്ച ക്യാമറ അന്വേഷിക്കുന്നവര്‍ ഉപയോഗിക്കുന്നതാണ്. മീഡിയം ഫോര്‍മാറ്റ് ക്യാമറകള്‍ ഇവയെക്കാള്‍ മികച്ച ചിത്രങ്ങള്‍ എടുക്കുമെങ്കിലും അവ കൊണ്ടുനടക്കുക എളുപ്പമല്ല എന്നതിനാല്‍ പലരും ഫുള്‍ഫ്രെയിം സെന്‍സറുകളുള്ള ക്യാമറകള്‍ മതിയെന്നു വയ്ക്കുന്നു. കഴിഞ്ഞ ആറു മാസത്തിനിടെ അമേരിക്കയില്‍ ലെന്‍സ് മാറ്റാവുന്ന ഫുള്‍ഫ്രെയിം ക്യാമറകള്‍, DSLR അല്ലെങ്കില്‍ മിറര്‍ലെസ്, ഏറ്റവുമധികം വിറ്റത് തങ്ങളാണെന്ന് സോണി പറയുന്നു. മൊത്തം ലഭിച്ച കാശിന്റെ കാര്യത്തിലും വിറ്റ ക്യാമറകളുടെ എണ്ണത്തിലും ആ റെക്കോഡ് തങ്ങള്‍ക്കാണെന്നാണ് കമ്പനി പറയുന്നത്. ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട ക്യാമറ വിപണികളില്‍ ഒന്നായ അമേരിക്കിയില്‍ വിജയം നേടുക എന്നത് നിസാരകാര്യമല്ല. 

അതു കൂടാതെ ലോകത്തെ മിറര്‍ലെസ് ക്യാമറകളുടെ വില്‍പനയിലും സോണിയാണ് മുന്നില്‍. സോണിയുടെ a6000 ക്യാമറയാണ് സോണിയെ മുന്നിലെത്തിച്ചതിനു പിന്നിലെന്നു കണക്കുകള്‍ കാണിക്കുന്നു. ആല്‍ഫാ 7 സീരിസിലുള്ള ഫുള്‍ ഫ്രെയിം ക്യാമറകളും ഇപ്പോള്‍ സോണിയെ പ്രൊഫഷണലുകളുടെ പ്രിയപ്പെട്ടതാക്കുന്നുവെന്നാണ് പുതിയ വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്.

സോണിയുടെ കുതിപ്പിനു തടയിടാനാകുമോ എന്നറിയാനായി ക്യാനനും നിക്കോണും ഈ വര്‍ഷം അവരുടെ മിറര്‍ലെസ് ക്യാമറകള്‍ വിപണിയിലെത്തിക്കും. ഈ മാസം തന്നെ നിക്കോണ്‍ അവരുടെ രണ്ടു മിറര്‍ലെസ് ക്യാമറകള്‍ പുറത്തിറക്കുമെന്ന് അറിയിച്ചിട്ടുണ്ട്. നിക്കോണ്‍ Z6, Z7 എന്നായിരിക്കാം അവയുടെ നാമകരണമെന്നാണ് അറിയുന്നത്. Z6 ഒരു 24MP സെന്‍സറുള്ള ക്യാമറയും Z7, 45MP റെസലൂഷനുള്ള ക്യാമറയുമായിരിക്കുമെന്നാണ് കേള്‍ക്കുന്നത്. ഇവയ്‌ക്കൊപ്പം മൂന്നോ, നാലോ ലെന്‍സുകളും ഇറക്കും.

ക്യാനനും തങ്ങളുടെ ആദ്യ ഫുള്‍ഫ്രെയിം മിറര്‍ലെസ് ക്യാമറകള്‍ ഈ വര്‍ഷം തന്നെ അവതരിപ്പിക്കുമെന്ന് കേള്‍ക്കുന്നു. എന്നാല്‍, അവര്‍ ഒരു ഹൈ റെസലൂഷന്‍ ക്യാമറ ഇറക്കില്ലെന്നാണ് ആദ്യ സൂചനകള്‍. ഏകദേശം 30MP ആയിരിക്കാം അവരുടെ പരമാവധി റെസലൂഷനുള്ള ക്യാമറയെന്നാണ് അഭ്യൂഹം. കുറഞ്ഞ റെസലൂഷനുള്ളത് 24MP ആയിരിക്കും. ഇവയുടെയും ടെസ്റ്റിങ് തുടങ്ങിക്കഴിഞ്ഞതായാണ് വാര്‍ത്തകള്‍.

തങ്ങളുടെ വിജയം ആഘോഷിക്കാനായി സോണി ഒരു 'ബീ ആല്‍ഫാ' (ഒരു ആല്‍ഫാ ക്യാമറാ ഉടമയാകൂ) എന്ന പരസ്യ പ്രചാരണവും തുടങ്ങി. ഇന്ത്യയിലും നിരവധി പ്രോഫഷണല്‍ ഫൊട്ടോഗ്രാഫര്‍മാര്‍ സോണി സിസ്റ്റത്തിലേക്കു കുടിയേറിക്കഴിഞ്ഞു. സ്റ്റില്ലും വിഡിയോയും ഏകദേശം ഒരേ ഗുണനിലവാരത്തോടെ പകര്‍ത്താമെന്നതാണ് സോണിയെ ആകര്‍ഷകമാക്കുന്നത്. ഈ മികവ് ക്യാനന്റെയും നിക്കോണിന്റെയും മിറര്‍ലെസ് സിസ്റ്റങ്ങള്‍ കൊണ്ടുവരുന്നില്ലെങ്കില്‍ സോണി ഇരു കമ്പനികളെയും വരും വര്‍ഷങ്ങളില്‍ ബഹുദൂരം പിന്തള്ളും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CAMERAS
SHOW MORE
FROM ONMANORAMA