sections
MORE

ക്യാനന്റെ ആദ്യ ഫുള്‍ ഫ്രെയിം മിറര്‍ലെസ് ക്യാമറ എത്തി

eos-r-canon
SHARE

നിക്കോണ്‍ ആദ്യ ഫുള്‍ ഫ്രെയിം മിറര്‍ലെസ് ക്യാമറ ഇറക്കി രണ്ടാഴ്ചയ്ക്കുള്ളില്‍ തന്നെ മുഖ്യ എതിരാളികളായ ക്യാനനും അവരുടെ ആദ്യ ഫുള്‍ ഫ്രെയിം മിറര്‍ലെസ് ക്യാമറയുമായി എത്തി- EOS R. പുതിയ RF മൗണ്ടാണ് ക്യാമറയ്ക്കുളളത്. 30.3 എംപി എഫക്ടീവ് മെഗാപിക്‌സല്‍സാണ് ക്യാമറയുടെ സീമോസ് സെന്‍സറിന്റെ റെസലൂഷന്‍. ഡിജിക് 8 ആണ് പ്രൊസസര്‍. ക്യാമറയുടെ പ്രധാന ഫീച്ചറുകളില്‍ എടുത്തു പറയേണ്ടത് ക്യാനന്റെ വിശ്രുതവും വിശ്വസനീയവുമായ ഡ്യൂവല്‍ പിക്‌സല്‍ ഒട്ടോഫോക്കസിന്റെ സാന്നിധ്യമാണ്. ഇതിനാകട്ടെ തിരഞ്ഞെടുക്കാവുന്ന 5,655 ഓട്ടോഫോക്കസ് പോയിന്റുകളുമുണ്ട്! F/1.2 ലെന്‍സ് ഉപയോഗിച്ചു ചിത്രങ്ങളെടുക്കുന്നെങ്കില്‍ ഓട്ടോഫോക്കസിങ്ങില്‍ എതിരാളികളെ കവച്ചു വയ്ക്കുന്ന പ്രകടനം നടത്തും - 6EV ആണ് ശേഷി. ക്യാമറയുടെ സ്വാഭാവിക ISO 100-40,000 ആണെങ്കില്‍ ഇത് ISO 50-102,400 വരെ ബൂസ്റ്റു ചെയ്യാം. ഷട്ടര്‍ സ്പീഡ് 1/8000 വരെയാണെങ്കില്‍ സിങ്ക് സ്പീഡ് 1/200ആണ്.

ബോഡിക്ക് നിര്‍മാണ മികവുണ്ട്. മഗ്നീഷ്യം അലോയം ബോഡിക്ക് വെതര്‍ സീല്‍ഡാണ്. ഇലക്ട്രോണിക് വ്യൂഫൈന്‍ഡറിന്റെ റെസലൂഷന്‍ 3.69 മില്യൻ ഡോട്‌സ് ആണ്. ടില്‍റ്റു ചെയ്യാവുന്ന 3.2-ഇഞ്ച് ടച്ച് സ്‌ക്രീന്‍ എല്‍സിഡിയുമുണ്ട്. ക്യാമറയ്ക്ക് ഒരു മെമ്മറി കാര്‍ഡ് സ്ലോട്ടെയുള്ളു. 

സെക്കന്‍ഡില്‍ 8 ഫ്രെയിമാണ് പരമാവധി ഷൂട്ടിങ് സ്പീഡ്. ട്രാക്കിങ് പ്രയോരിറ്റിയിലേക്കു മാറിയാല്‍ ഷൂട്ടിങ് സ്പീഡ് സെക്കന്‍ഡില്‍ 3 ഫ്രെയിമാകും. തുടര്‍ച്ചയായി 47 റോ ഫോട്ടോസ് എടുക്കാമെന്നത് ഒരു നേട്ടമാണ്. ബാറ്ററിയുടെ റെയ്റ്റിങ് 370 ഷോട്ടുകളാണ്. ഇലക്ട്രോണിക് വ്യൂ ഫൈന്‍ഡര്‍ ഉപയോഗിച്ചാല്‍ അത് 350 ആയി കുറയും. ബാറ്ററി ഗ്രിപ്പുണ്ട്. അതുപയോഗിച്ചാല്‍ ബാറ്ററി ലൈഫ് ഗണ്യമായി വര്‍ധിപ്പിക്കാം.

വിഡിയോ ഷൂട്ടിങ്ങിലേക്കു കടക്കുമ്പോള്‍ കാര്യങ്ങള്‍ മോശമാകുന്നതു കാണാം. പുതിയ ക്യാമറയ്ക്ക് 4K/30p വിഡിയോ 1.7x ക്രോപ് ഫാക്ടറിലെ റെക്കോഡു ചെയ്യാനൊക്കു. (ഏകദേശം ഇതേ വിലയുള്ള സോണിയുടെയും നിക്കോണിന്റെയും മിറര്‍ലെസ് ക്യാമറകള്‍ക്ക് മുഴുവന്‍ സെന്‍സറും ഉപയോഗിച്ച ‌വിഡിയോ റെക്കോഡു ചെയ്യാം.) ഉപയോക്താക്കള്‍ക്ക് ALL-I അല്ലെങ്കില്‍ IPB കംപ്രഷന്‍ ഉപയോഗിക്കണം. ഫുള്‍ എച്ഡി വിഡിയോ 60 fps വരെ റെക്കോഡു ചെയ്യാം. ക്യാമറ ബോഡിയുടെ വില 2229 ഡോളറായിരിക്കും.

eos-r-backopen-d

ലെന്‍സുകള്‍

നിക്കോണ്‍ അവരുടെ രണ്ടു മിറര്‍ലെസ് ക്യാമറകള്‍ക്കൊപ്പം മൂന്നു ലെന്‍സുകള്‍ ഇറക്കിയപ്പോള്‍ ക്യാനന്‍ നാലു ലെന്‍സുകള്‍ ഇറക്കി. ലെന്‍സുകള്‍ കടലാസിലെങ്കിലും നിക്കോണെ വെല്ലുന്നവയാണ്. രണ്ടു ലെന്‍സുകള്‍ പ്രൊഫഷണല്‍ നിലവാരമുള്ളവയാണ്. 

ലെന്‍സുകളിലെ താരം RF 28-70mm F2L USM ആണ്. F2 സ്ഥിര അപേര്‍ചറായ ഒരു ലെന്‍സ് ഫൊട്ടോഗ്രാഫര്‍മാരുടെ സ്വപ്‌ന ലെന്‍സുകളിലൊന്നാണ്. എന്നാല്‍ ഇതുപയോഗിക്കുന്നത് കുട്ടിക്കളിയല്ല. ഈ ഭീമന്റെ ഭാരം 1430 ഗ്രാമാണ്. (ക്യാനന്‍ DSLR ഷൂട്ടര്‍മാരുടെ ഇപ്പോഴത്തെ ഏറ്റവും പ്രിയപ്പെട്ട മിഡ് റെഞ്ച് സൂമായ EF 24-70mm F2.8 IIനെക്കാള്‍ 77 ശതമാനമാണ് ഭാരക്കൂടുതല്‍!) 13 ഗ്രൂപ്പുകളിലായി 19 എലമെന്റുകളാണ് ഇതിനുള്ളത്. ഫില്‍റ്റര്‍ ത്രെഡ് 95mm ആണ്. ക്യാനന്റെ അഭിമാന നേട്ടങ്ങളിലൊന്നായി തീരാം ഈ ലെന്‍സ്. (പക്ഷേ, മിറര്‍ലെസ് സങ്കല്‍പം കൂടുതല്‍ ഭാരം കുറഞ്ഞ സിസ്റ്റം എന്നതിലൂന്നിയായിരുന്നു ഉരുത്തിരിഞ്ഞു വന്നത് എന്നോര്‍ക്കുമ്പോഴാണ് ഈ ലെന്‍സിന്റെ ഭാരവും മറ്റും കണക്കിലെടുക്കേണ്ടി വരുന്നത്.) വില 2,999 ഡോളര്‍!

രണ്ടാമത്തെ പ്രൊഫഷണല്‍ ലെന്‍സ് RF 50mm F1.2 ആണ്. ഇതും ഉറപ്പുള്ള ലെന്‍സുകളുടെ ഒരു സമ്മേളനമാണ്. ഒൻപതു ഗ്രൂപ്പുകളിലായി 15 എലമെന്റ്‌സ് ചേര്‍ത്തു വച്ചാണ് ക്യാനന്‍ ഇത് നിര്‍മിച്ചിരിക്കുന്നത്. 950 ഗ്രാമാണ് ഭാരം. വില 2,299 ഡോളര്‍

ക്യാമറയ്‌ക്കൊപ്പം കിറ്റായി വാങ്ങാവുന്ന ലെന്‍സ് RF 24-105mm F4L IS USM ആണ്. ഈ ലെന്‍സും പുതിയ ബോഡിയും ഉപയോഗിക്കുകയാണെങ്കില്‍ DSLRകളെക്കാള്‍ വളരെ ഭാരക്കുറവും വലിപ്പക്കുറവും അനുഭവപ്പെടും.

ലെന്‍സിന്റെ വില 1099 ഡോളറാണ്. എന്നാല്‍ ബോഡിക്കൊപ്പം വാങ്ങിയാല്‍ രണ്ടിനും കൂടെ 3399 ആയിരിക്കും വില. 

നാലാമത്തെ ലെന്‍സ് RF 35mm F1.8 Macro IS STM ആണ്. മാക്രോ ശേഷിയുള്ള ഈ ലെന്‍സിന് വില 499 ഡോളറായിരിക്കും. ഇവയ്‌ക്കൊപ്പം ഇപ്പോള്‍ നിലവിലുള്ള ക്യാനന്‍ ലെന്‍സുകള്‍ പുതിയ ബോഡിയില്‍ ഉപയോഗിക്കാനുള്ള കണ്‍വേര്‍ട്ടറുകളും ഇറക്കിയിട്ടുണ്ട്.

ക്ഷമാപണസ്വരം

ഇവ അവതരിപ്പിച്ചപ്പോള്‍ ക്യാനന്‍ എടുത്തു പറഞ്ഞ കാര്യം ഇത് പുതിയ സിസ്റ്റത്തിലേക്കുള്ള അവരുടെ പ്രവേശനം മാത്രമാണെന്നാണ്. ക്യാനന്‍ അവതരിപ്പിച്ച ക്യാമറ ബോഡി പലര്‍ക്കും നിരാശ ജനിപ്പിച്ചു. നിക്കോണും സോണിയും നല്‍കുന്ന പല ഫീച്ചറുകളും ഈ ബോഡിയിലില്ല എന്നതാണ് അതിനു കാരണം. മിറര്‍ലെസ് ക്യാമറകള്‍ക്കു സുപ്രധാനമായ ഇന്‍-ബോഡി സ്‌റ്റെബിലൈസേഷന്റെ അഭാവവും, 4K വിഡിയോ ക്രോപ് മോഡിലെ ഷൂട്ടു ചെയ്യാവൂ എന്നതും ഒരു മെമ്മറി കാര്‍ഡേ ഉപയോഗിക്കാവൂ എന്നതും വളരെ നിരാശാജനകമാണെന്നതാണ് കാരണം. ക്യാനന്‍ അധികം താമസിയാതെ മറ്റൊരു ബോഡി ഇറക്കിയേക്കുമെന്നു കരുതുന്നു. പ്രതികരണങ്ങള്‍ പഠിച്ച ശേഷമായിരിക്കാം അടുത്ത ക്യാമറ ഇറക്കുക. 

eos-r-cr-3q-d

EOS R സിസ്റ്റത്തെക്കുറിച്ച് വേണ്ടതെല്ലാം അറിയാനും പുതിയ ക്യാമറയില്‍ എടുത്ത സാംപിള്‍ ചിത്രങ്ങളും വിഡിയോയും കാണാനും ഈ ലിങ്ക് ഉപയോഗിക്കുക.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CAMERAS
SHOW MORE
FROM ONMANORAMA