sections
MORE

ക്യാമറ: ഐഫോണ്‍ XS മാക്‌സിനേക്കാൾ മികച്ചത് വാവെയ് P20 പ്രോ

iphone-xs-max-p20
SHARE

ക്യാമറകളുടെയും സ്മാര്‍ട് ഫോണ്‍ ക്യാമറകളുടെയും സെന്‍സറുകളെ ശാസ്ത്രീയമായി അപഗ്രഥിച്ച് മാര്‍ക്കിടുന്ന ഡിഎക്‌സോ മാര്‍ക്കിന്റെ കണ്ടെത്തല്‍ പ്രകാരം ഈ വര്‍ഷത്തെ ഏറ്റവും മികച്ച ഐഫോണ്‍ മോഡലായ ഐഫോണ്‍ XS മാക്‌സിന്, കഴിഞ്ഞ വര്‍ഷത്തെ വാവെയുടെ ഫ്‌ളാഗ്ഷിപ് മോഡലായ P20 പ്രോയ്ക്കു പിന്നിലാണ് സ്ഥാനം. ഒരു പക്ഷേ, ഡിഎക്‌സോ റാങ്കിങിന്റെ ചരിത്രത്തില്‍ ആദ്യമായിരിക്കും ഇങ്ങനെ സംഭവിക്കുന്നത്. ഡിഎക്‌സോ റാങ്കിങ്ങില്‍, പുതിയ ഐഫോണ്‍ മോഡല്‍ ഏറ്റവും മുന്നിലെത്തുകയാണ് പതിവ്. ഐഫോണിനു മുന്നില്‍ ഫോണുകള്‍ കയറാറുണ്ടായിരുന്നെങ്കിലും പുതിയ മോഡലുകള്‍ അവതരിപ്പിക്കുമ്പോള്‍ ആപ്പിളിന്റെ അഭിമാന ഉൽപ്പന്നമായ ഐഫോണ്‍ ഏറ്റവും മുന്നിലെത്തിയിരുന്നു. ആ പതിവ് ഈ വര്‍ഷം തെറ്റിയിരിക്കുന്നു.

എന്നാല്‍, കഴിഞ്ഞ വര്‍ഷത്തെ ഐഫോണ്‍ Xനെയും ഇന്ന് ലോകത്തുള്ള മറ്റെല്ലാ ഫോണ്‍ ക്യാമറകളെക്കാളും മുന്നിലാണ് ഐഫോണ്‍ XSന്റെ ഇരട്ട ക്യാമറ സിസ്റ്റമെന്നാണ് ഡിഎക്‌സോ പറയുന്നത്. DXOMarks മൊത്തം പോയിന്റ്‌സില്‍ ഇപ്പോഴത്തെ ആദ്യ സ്ഥാനക്കാര്‍ ഈ മോഡലുകളാണ്:

∙ വാവെയ് P20 പ്രോ - 109 പോയിന്റ്
∙ ആപ്പിള്‍ ഐഫോണ്‍ XS മാക്‌സ് - 105 പോയിന്റ്
∙ എച്ടിസി U12+ - 103 പോയിന്റ്
∙ സാംസങ് ഗ്യാലക്‌സി നോട്ട് - 103 പോയിന്റ്

ഐഫോൺ XS മാക്‌സിന്റെ ഫോട്ടോ മികവിനെ പുകഴ്ത്താനും ഡിഎക്‌സോ ടീം മറന്നില്ല- ഫോണിന്റെ സ്മാര്‍ട് എച്ഡിആര്‍, അഡ്വാന്‍സ്ഡ് ബോ-കെ ഡെപ്ത് തുടങ്ങിയ ഫീച്ചറുകള്‍ മികച്ചതാണെന്ന് അവര്‍ എടുത്തു പറഞ്ഞു.

ഫോട്ടോയുടെ കാര്യത്തിലും വിഡിയോയുടെ കാര്യത്തിലും P20 പ്രോ ഒന്നാം സ്ഥാനത്താണ്. ഫോട്ടോയുടെ കാര്യത്തില്‍ അവര്‍ക്ക് 114 പോയിന്റും വിഡിയോയുടെ കാര്യത്തില്‍ 98 പോയിന്റുമാണ്. ഐഫോണ്‍ XS മാക്‌സിന് ഇത് യഥാക്രമം 110 ഉം, 96 ഉം ആണ്.
വാവെയ് P20 പ്രോയുടെ പിന്‍ക്യാമറ സിസ്റ്റം മൂന്നു ക്യാമറകളടങ്ങുന്നതാണ്. വാവെയും, ക്യാമറ നിര്‍മ്മാണത്തിലെ അതുല്യ പ്രതിഭകളായ ലൈക്കയും ചേര്‍ന്നാണ് ഇതു നിര്‍മിച്ചിരിക്കുന്നത്. താമസിയാതെ വിപണിയിലെത്താന്‍ പോകുന്ന വാവെയ് മെയ്റ്റ് 20 പ്രോയും മൂന്നു ക്യാമറ സിസ്റ്റമായിരിക്കും ഉപയോഗിക്കുന്നതെന്നും അത് P20 പ്രോയുടെ ക്യാമറയെക്കാള്‍ മെച്ചപ്പെട്ട പ്രകടനം നടത്തുമെന്നും ചില അവകാശവാദങ്ങളുണ്ട്.

താമസിയാതെ ഇറങ്ങാന്‍ പോകുന്ന മറ്റൊരു പ്രധാന മോഡല്‍ ഗൂഗിള്‍ പിക്‌സല്‍ XL ആണ്. ഒറ്റ ക്യാമറ കൊണ്ട് മാജിക് കാണിക്കുന്നതാണ് പിക്‌സല്‍ ഫോണിന്റെ ഇതുവരെ കണ്ട പ്രത്യേകത. നിരവധി ഫോട്ടോഗ്രാഫര്‍മാരുടെ പ്രിയ ഫോണാണ് പിക്‌സല്‍ XL. കംപ്യൂട്ടേഷണല്‍ ഫൊട്ടോഗ്രഫിയില്‍ ഗൂഗിളിന്റെ കഴിവ് ഏറെ പ്രശംസ നേടിയിട്ടുണ്ട്. ഈ വര്‍ഷത്തെ ഐഫോണിന്റെ സ്മാര്‍ട് എച്ഡിആര്‍ ഫീച്ചര്‍ ഗൂഗിളിന്റെ പാത ആപ്പിളും പിന്തുടരുന്നുവെന്നു കാണിക്കുന്നുവെന്ന് ടെക് നിരൂപകര്‍ വിലയിരുത്തുന്നു. ഇപ്പോള്‍ മൂന്നാം റാങ്കിലുള്ള എച്ടിസിയാണ് ഗൂഗിളിന്റെ ഈ വര്‍ഷത്തെ പിക്‌സല്‍ മോഡലുകള്‍ നിര്‍മിക്കുന്നത്.

അതേസമയം, ഐഫോണ്‍ XS മാക്‌സിന്റെയും XSന്റെയും ക്യാമറ സിസ്റ്റം തമ്മില്‍ മാറ്റമില്ലെന്നാണ് ആപ്പിള്‍ പറയുന്നത്. അതു ശരിയാണെങ്കില്‍ XS മോഡലും ഇപ്പോഴത്തെ റാങ്കിങ്ങില്‍ രണ്ടാം സ്ഥാനത്തെത്തും. അതിന്റെ റിസള്‍ട്ട് ഇപ്പോള്‍ പ്രസിദ്ധീകരിച്ചിട്ടില്ല.
മുന്‍പന്തിയിലുള്ള ഫോണുകള്‍ക്കെല്ലാം വന്‍ വിലയാണ്. വില കുറഞ്ഞ, എ്നാല്‍ നല്ല ഡിഎക്‌സോ മാര്‍ക്കുള്ള മോഡലുകള്‍ ഏതൊക്കെയാണെന്നു നോക്കാം.

∙ ഷവോമി Mi 8 - 99 പോയിന്റ്
∙ ഷവോമി Mi MIX 2S - 97 പോയിന്റ്
∙ വണ്‍പ്ലസ് 6 - 96 പോയിന്റ്. (താമസിയാതെ ഇറങ്ങുന്ന വണ്‍പ്ലസ് 6Tയും മികച്ച പ്രകടനം നടത്തുമെന്നു കരുതാം.)

ഡിഎക്‌സോമാര്‍ക്കില്‍ വലിയ കാര്യമില്ലെന്ന് വിശ്വസിക്കുന്നവരും ഉണ്ട്. എന്തായാലും ഏതാനും പോയിന്റുകൾ വ്യത്യാസം ഫോട്ടോയില്‍ വലിയ മാറ്റമൊന്നും കൊണ്ടുവരില്ല.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CAMERAS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA