sections
MORE

ക്യാമറ കമ്പനികള്‍ ഇനി എത്രകാലം? സ്മാര്‍ട് ഫോണ്‍ ക്യാമറ മതിയോ?

Pic-2-manual-Mode
SHARE

കഴിഞ്ഞ വര്‍ഷം ലോകത്ത് ഏകദേശം 1.3 ട്രില്ല്യന്‍ ഫോട്ടോകള്‍ എടുക്കപ്പെട്ടു എന്നാണ് കണക്കുകള്‍ പറയുന്നത്. ഇവയില്‍ സിംഹഭാഗവും സ്മാര്‍ട് ഫോണുകളിലാണ് എടുക്കപ്പെട്ടത്. 2013ല്‍ ഇത് 660 ബില്ല്യന്‍ ആയിരുന്നു. സ്മാര്‍ട് ഫോണുകള്‍ ക്യാമറ നിര്‍മാതാക്കള്‍ക്ക് ശരിക്കും ഭീഷണിയാകുകയാണെന്നാണ് പുതിയ വാര്‍ത്തകള്‍ പറയുന്നത്.

കാല്‍ക്യുലേറ്ററുകള്‍, വോയ്‌സ് റെക്കോര്‍ഡറുകള്‍, മ്യൂസിക്-വിഡിയോ പ്ലെയറുകള്‍ തുടങ്ങി ഒരുപറ്റം ഉപകരണങ്ങളെ ഇല്ലായ്മ ചെയ്താണ് സ്മാര്‍ട് ഫോണുകള്‍ വളര്‍ന്നത്. എങ്കിലും കഴിഞ്ഞ പത്തു വര്‍ഷത്തിനിടെ ഫോട്ടോഗ്രഫിയില്‍ കൊണ്ടുവന്ന മാറ്റങ്ങളാണ് അദ്ഭുതകരം. ഗൂഗിള്‍, ആപ്പിള്‍, വാവെയ്, സാംസങ് എന്നീ കമ്പനികള്‍ പ്രത്യേകിച്ചും ഫോണ്‍ ക്യാമറയെ മറ്റൊരു തലത്തിലേക്ക് ഉയര്‍ത്തി.

tamron-lens

ഫോണ്‍ ക്യാമറകളില്‍ കഴിഞ്ഞ വര്‍ഷം വരെ ഗൂഗിള്‍ പിക്‌സലിന് ഒരു സവിശേഷ സ്ഥാനമായിരുന്നു ഫൊട്ടോഗ്രഫി അറിയാവുന്നവര്‍ നല്‍കിയിരുന്നത്. കംപ്യൂട്ടേഷണല്‍ ഫൊട്ടോഗ്രഫി ഏറ്റവുമധികം മുന്നോട്ടു കൊണ്ടുപോയത് അവരായിരുന്നു. ഈ വര്‍ഷത്തെ ഐഫോണുകള്‍ ഒരു പരിധിവരെ ഒപ്പമെത്തിയിട്ടുണ്ടെന്നാണ് ആദ്യ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. സ്മാര്‍ട് ഫോണ്‍ ക്യാമറ നിര്‍മാണത്തില്‍ സ്വന്തം വഴി വെട്ടിത്തുറന്ന കമ്പനിയാണ് വാവെയ്. 

ക്യാമറ നിര്‍മാണത്തിലെ, പ്രത്യേകിച്ചും ലെന്‍സ് നിര്‍മാണത്തിലെ അതികായകരായ ലൈക്കയുമായി ചേര്‍ന്നാണ് വാവെയ് അവരുടെ മുന്തിയ ഫോണുകളുടെ ക്യാമറകള്‍ നിര്‍മിച്ചിരിക്കുന്നത്. സ്മാര്‍ട് ഫോണ്‍ ക്യാമറ നിര്‍മാണത്തിനു മാത്രമായി ഇരുകമ്പനികളും ചേര്‍ന്ന് ഒരു ഗവേഷണശാല പോലും നടത്തുന്നുമുണ്ട്. ലൈക്കാ നിര്‍മിത ലെന്‍സിലെടുക്കുന്ന, വാവെയ് P 20 പ്രോയുടെ ക്യാമറയിലെടുക്കുന്ന ചിത്രങ്ങള്‍ ലോകത്തെ ഏറ്റവും നല്ല സ്മാര്‍ട് ഫോണ്‍ പടങ്ങള്‍ തന്നെയാണെന്നാണ് ഡിഎക്‌സോ മാര്‍ക്ക് വിലയിരുത്തല്‍ പറയുന്നത്.

എന്താണ് കംപ്യൂട്ടേഷണല്‍ ഫൊട്ടോഗ്രഫിയും പരമ്പരാഗത ഫൊട്ടോഗ്രഫിയും തമ്മിലുള്ള വ്യത്യാസം? പരമ്പരാഗത ഫൊട്ടോഗ്രഫിയില്‍ ഹാര്‍ഡ്‌വെയറിനാണ് പ്രാധാന്യം. കംപ്യൂട്ടേഷണല്‍ ഫൊട്ടോഗ്രഫിയാകട്ടെ സോഫ്റ്റ്‌വെയര്‍ തന്ത്രങ്ങളാണ് ഫോട്ടോ മികവുള്ളതാക്കുന്നത്.

Nikon-mirrorless-camera

ക്യാമറ നിര്‍മാണം കുറയുന്നു

ജപ്പാന്‍ കേന്ദ്രീകൃതമായി പ്രവര്‍ത്തിക്കുന്ന ക്യാമറ ഇമേജിങ് പ്രൊഡക്ട്‌സ് അസോസിയേഷന്റെ (CIPA) കണക്കു പ്രകാരം 2012ല്‍ ഏകദേശം 100 മില്ല്യന്‍ ക്യാമറകളാണ് വിപണിയിലെത്തിയതെങ്കില്‍ 2017ല്‍ അത് 25 മില്ല്യന്‍ ആയി ഇടിഞ്ഞു. കൂടാതെ, അത് വീണ്ടും മൂക്കുകുത്തി വീഴുമെന്നും ഗവേഷകര്‍ പറയുന്നു. ഈ വര്‍ഷം ജൂലൈയില്‍ ഡിജിറ്റല്‍ ക്യാമറകളുടെ ഷിപ്‌മെന്റ് കഴിഞ്ഞ വര്‍ഷത്തേതില്‍ നിന്ന് 23 ശതമാനം ഇടിഞ്ഞിരിക്കുന്നു.

മറുവശത്ത് അടുത്ത അഞ്ചു വര്‍ഷത്തിനിടെ ഇന്ത്യയില്‍ മാത്രം 1 ബില്ല്യന്‍ സ്മാര്‍ട് ഫോണുകള്‍ വില്‍ക്കപ്പെടുനമെന്ന് ഹോങ്കോങ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കൗണ്ടര്‍പോയിന്റ് റിസേര്‍ച് പറയുന്നു.

ക്യാമറ നിര്‍മാതാക്കള്‍ പൂട്ടിപ്പോകാതിരിക്കണമെങ്കില്‍ അവര്‍ എത്രയും വേഗം സ്മാര്‍ട് ഫോണുകള്‍ക്കുള്ള ലെന്‍സ് നിര്‍മാണത്തിലേര്‍പ്പെടണമെന്നാണ്. ലൈക്കയും സോണിയും അതു ചെയ്തു തുടങ്ങിയിരിക്കുന്നു. ക്യാമറ നിര്‍മാതാക്കള്‍ക്ക് വേണമെങ്കില്‍ സ്മാര്‍ട് ഫോണ്‍ നിര്‍മാതാക്കളുമായി സഹകരിച്ചു പ്രവര്‍ത്തിക്കുക പോലും ചെയ്യാം. സ്മാര്‍ട് ഫോണ്‍ ക്യാമറയുടെ പ്രവര്‍ത്തനം ഓരോ വര്‍ഷവും സൂക്ഷ്മാമായി വിലയിരുത്തപ്പെടുന്നു എന്നതിനാല്‍ അത്തരം ഒരു സഖ്യത്തിന് അര്‍ഥമുണ്ട്. വാവെയ്-ലൈക്കാ കൂട്ടുകെട്ടു തന്നെയാണ് ഉദാഹരണം.

google-pixel-3-xl-camera

തത്കാലം ഡിഎസ്എല്‍ആര്‍, മിറര്‍ലെസ് ക്യാമറകള്‍ക്കും ചില സവിശേഷ പോയിന്റ് ആന്‍ഡ് ഷൂട്ട് ക്യാമറകള്‍ക്കും കുറച്ച് ആവശ്യക്കാരുണ്ട്. പ്രൊഫെഷണലുകള്‍ക്കും മറ്റും വേണ്ട ക്യാമറകളുടെ എണ്ണം വളരെ കുറവായിരിക്കുമല്ലോ. അതു കൊണ്ട് ഒരു കമ്പനിക്കും പിടിച്ചു നില്‍ക്കാനാകില്ല. ബഹുഭൂരിപക്ഷം ഉപയോക്താക്കള്‍ക്കും സ്മാര്‍ട് ഫോണ്‍ ക്യാമറ മതി. ഭാരിച്ച മറ്റൊരുപകരണം ചുമക്കുക എന്നത് വലിയൊരു ശതമാനം ആളുകള്‍ക്കും വേണ്ടാത്ത കാര്യമാണ്. അത് ക്യാമറ വില്‍പനയില്‍ വ്യക്തമായി പ്രതിഫലിച്ചു കഴിഞ്ഞുതാനും. പ്രമുഖ ക്യാമറ നിര്‍മാതാവായ നിക്കോണ്‍ അവരുടെ ചൈനയിലെ ഫാക്ടറിക്ക് കഴിഞ്ഞവര്‍ഷം തന്നെ താഴിട്ടിരുന്നല്ലോ. ബ്രസീലില്‍ നിന്നും അവരുടെ ഔദ്യോഗിക വില്‍പ്പനക്കാരെ നിക്കോണ്‍ പിന്‍വലിച്ചു കഴിഞ്ഞു. ക്യാമറ കമ്പനികള്‍ക്ക് പിടിച്ചു നില്‍ക്കണമെങ്കില്‍ പുതിയ തന്ത്രങ്ങള്‍ മെനയണമെന്ന ചുമരെഴുത്ത് സ്പഷ്ടമാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CAMERAS
SHOW MORE
FROM ONMANORAMA