sections
MORE

സ്മാര്‍ട് ഫോണ്‍ ക്യാമറകളുടെ ക്വാളിറ്റി അത്ര മികച്ചതോ?

google-pixel-3-cooking-video
SHARE

തുടക്കത്തില്‍ ഫോണ്‍ ഉപയോഗിച്ചു ചെയ്യാവുന്ന നിരവധി കാര്യങ്ങളില്‍ ഒന്നായിരുന്നു ഫോട്ടോ എടുക്കുക എന്നത്. വലിയ അവകാശവാദങ്ങളൊന്നും ആദ്യകാല ഫോണ്‍ നിര്‍മാതാക്കളൊന്നും നടത്തിയില്ലെന്നും കാണാം. പക്ഷേ, കാലക്രമത്തില്‍ ഫോണുകളിലെ ഏറ്റവും പ്രാധാന്യമുള്ള ഒന്നായി തീരുകയായിരുന്നു അതിന്റെ ക്യാമറകള്‍. ഒറ്റ ക്യാമറയെക്കാള്‍ മികച്ച ചിത്രമെടുക്കുമെന്നു പറഞ്ഞ് രണ്ടും മൂന്നും, ഇപ്പോള്‍ ഇതാ അഞ്ചും വരെ ക്യാമറകളുള്ള ഫോണുകള്‍ എത്താന്‍ പോകുന്നു.

സ്മാര്‍ട് ഫോണ്‍ ക്യാമറയുടെ വരവോടെ ഫൊട്ടോഗ്രഫിയില്‍ കംപ്യൂട്ടേഷണല്‍ ഫൊട്ടോഗ്രഫി എന്ന മറ്റൊരു അധ്യായവും തുറന്നു. അലസരായ പരമ്പരാഗത ക്യാമറ നിര്‍മാതാക്കളെ പോലെയല്ലാതെ കംപ്യൂട്ടേഷണല്‍ ഫൊട്ടോഗ്രഫിക്കു പിന്നില്‍ പ്രവര്‍ത്തിക്കുന്ന എൻജിനീയര്‍മാര്‍ ധാരാളം മാറ്റങ്ങള്‍ കൊണ്ടുവരുന്നു. പലരെയും അദ്ഭുതപ്പെടുത്താന്‍ പോന്ന തരത്തിലുള്ള ചിത്രങ്ങളെടുക്കാന്‍ ഇവ മതിയാകും താനും. പക്ഷേ, സ്മാര്‍ട് ഫോണ്‍ ക്യാമറകള്‍ക്ക് ഈ വിളിച്ചുകൂവുന്ന മികവൊന്നുമില്ലെന്നു പറയുന്നവരും ഉണ്ട്. ഏറ്റവും അവസാനം അത്തരമൊരു നിരീക്ഷണം നടത്തിയിരിക്കുന്നത് ബിസിനസ് ഇന്‍സൈഡറിന്റെ ബെന്‍ ഗില്‍ബര്‍ട്ട് ആണ്.

ഈ വര്‍ഷമിറങ്ങിയ ഗൂഗിളിന്റെ പിക്‌സല്‍ 3 സ്മാര്‍ട് ഫോണിന്റെ ക്യാമറ ഉപയോഗിച്ചു ചിത്രീകരിച്ച ഒരു വിഡിയോ എടുത്തുകാണിച്ചുകൊണ്ടാണ് ബെന്‍ തന്റെ വാദം സ്ഥാപിക്കാന്‍ ശ്രമിക്കുന്നത്. ഈ വര്‍ഷത്തെ പിക്‌സല്‍ ഫോണിന് ഏറ്റവും പുതിയ ഐഫോണുകളെക്കാള്‍ മികച്ച ക്യാമറകളാണുള്ളത് എന്നാണ് വിലയിരുത്തല്‍. പിക്‌സല്‍ 3യില്‍ ഷൂട്ടു ചെയ്ത ഒരു കുക്കിയുടെ ചിത്രം എടുത്തു കാണിച്ചിട്ട് അദ്ദേഹം പറയുന്നത് ക്യാമറയുടെ മികവ് തെളിയിക്കാന്‍ ഈ ചിത്രം മതിയെന്നാണ്. പക്ഷേ, പിക്‌സല്‍ 3യില്‍ എടുക്കുന്ന ഫോട്ടോകളെ പോലെയല്ലാതെ, ഇതില്‍ റെക്കോഡു ചെയ്യുന്ന വിഡിയോയ്ക്ക് പരമ്പരാഗത ക്യാമറയില്‍ ചിത്രീകരിക്കുന്ന ഷോട്ടുകളുടെ മികവില്ലെന്നാണ് അദ്ദേഹത്തിന്റെ വാദം. വിശ്രുത ഫുഡ് ചാനലായ ബോണ്‍ അപെറ്റിറ്റ് (Bon Appétit) പുറത്തുവിട്ട ഒരു വിഡിയോയുടെ ക്വാളിറ്റിയാണ് അദ്ദേഹത്തെ കൊണ്ട് ലേഖനം എഴുതിച്ചതെന്നും പറയുന്നുണ്ട്.

സ്ഥിരമായി ഈ ചാനലിലെ വിഡിയോകള്‍ കണ്ടിരുന്ന അദ്ദേഹം പെട്ടെന്ന് വിഡിയോ ക്വാളിറ്റി കുറഞ്ഞതായി തോന്നുകയും തുടര്‍ന്ന് ഡിസ്‌ക്രിപ്ഷനില്‍ നോക്കിയപ്പോള്‍ അത് ഗൂഗിള്‍ പിക്‌സലില്‍ ചിത്രീകരിച്ചതായി കണ്ടെത്തുകയുമായിരുന്നു. ഇത്തരം ചാനലുകള്‍ക്ക് വിഡിയോ ക്വാളിറ്റി വളരെ നിര്‍ണ്ണായകമാണ്. താങ്ക്‌സ്ഗിവിങ് ടര്‍ക്കി ഉണ്ടാക്കുന്ന ഈ വിഡിയോയാണ് അദ്ദേഹത്തെ ക്വാളിറ്റിയില്‍ നിരാശപ്പെടുത്തിയത്.

മുന്‍ വിഡിയോകളുമായി ഇതിന്റെ ഗുണനിലവാരം നിരാശാജനകമാണെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. ബോണ്‍ അപെറ്റിറ്റിന്റെ സ്ഥിരം വിഡോയ സെറ്റ്-അപ്പില്‍ ചിത്രീകരിച്ചതല്ല ഇതെന്ന് വ്യക്തമാണ്- ഫ്രെയിം റെയ്റ്റ് വ്യത്യാസപ്പെടുന്നു, ഫോക്കസിനു സ്ഥിരതയില്ല, വിഡിയൊയില്‍ നോയ്‌സുമുണ്ട്. ഇത് ഒട്ടും പ്രൊഫഷണല്‍ ലുക്ക് തരുന്നില്ലെന്നും അദ്ദേഹം വാദിക്കുന്നു. തനിക്കുമാത്രമല്ല ഇത് അനുഭവപ്പെട്ടതെന്നും വിഡിയോയ്ക്കു താഴെയുള്ള കമന്റുകളും ഇതിന് ഊന്നല്‍ നല്‍കുന്നുവെന്നുമാണ് പറയുന്നത്.

എന്നാല്‍, താന്‍ പിക്‌സല്‍ 3യുടെ വിഡിയോ ക്വാളിറ്റി മികച്ചതല്ലെന്നല്ല പറഞ്ഞുവരുന്നതെന്നും ഇത്തരം പ്രൊഫഷണല്‍ വിഡിയോ ചിത്രീകരിക്കാന്‍ മാത്രം മികവ് ഇല്ലെന്നു മാത്രമാണ് പറയുന്നതെന്നും അദ്ദേഹം പറയുന്നു. വീട്ടിലും മറ്റും ചിത്രീകരിക്കുന്ന വിഡിയോയ്ക്ക് ഇത് ധാരാളം മതിയാകുമെന്നും അദ്ദേഹം ഓര്‍മിപ്പിക്കുന്നു.

ബെന്‍ പറഞ്ഞതില്‍ കാര്യമില്ലാതില്ല. ഈ വര്‍ഷത്തെ ഫോണ്‍ ക്യാമറകളും പരമ്പരാഗത ക്യാമറകളുടെ ക്വാളിറ്റിയെ പൂര്‍ണ്ണമായും തകര്‍ത്തെറിയുന്ന തരത്തിലെത്തിയിട്ടില്ല. വെളിച്ചക്കുറവിലും മറ്റും മികവോടെ പ്രവര്‍ത്തിക്കാന്‍ അവയ്ക്കു സാധ്യമല്ല. ലെന്‍സുകളുടെ പരിമിതിയും ചില സന്ദര്‍ഭങ്ങളില്‍ അവയെ ഒറ്റിക്കൊടുക്കും. പക്ഷേ, കഴിഞ്ഞ പത്തു വര്‍ഷമായി ഫൊട്ടോഗ്രഫിയില്‍ വന്ന മാറ്റങ്ങള്‍ ശ്രദ്ധിച്ചാല്‍ മനസിലാകുന്നത് സ്മാര്‍ട് ഫോണ്‍ ഫൊട്ടോഗ്രഫിയില്‍ വന്ന മികവുകളാണ്. എങ്കിലും അവയ്ക്ക് വലിയ സെന്‍സറുള്ള പരമ്പരാഗത ക്യാമറകള്‍ക്ക് ഒപ്പമെത്താന്‍ കഴിഞ്ഞിട്ടില്ല. അപ്പോള്‍ പരമ്പരാഗത ക്യാമറ നിര്‍മാതാക്കളെല്ലാം മികച്ചതോ? ഇവ തമ്മിലുള്ള സുപ്രധാനമായ വ്യത്യാസം ഇവയിലെ സെന്‍സറുകളുടെ വലുപ്പമാണ്. DSLR, മിറര്‍ലെസ് തുടങ്ങിയ ക്യാമറകളില്‍ വിലുപ്പം കൂടിയ സെന്‍സറുകള്‍ ഉപയോഗിക്കുന്നു. സ്മാര്‍ട് ഫോണുകളില്‍ നന്നെ ചെറിയ സെന്‍സറുകളാണ് ഉപയോഗിക്കുന്നത്. വലിയ സെന്‍സര്‍ ഉപയോഗിച്ചാല്‍ ലെന്‍സുകള്‍ക്കും അതിനനുസരിച്ച് വലിപ്പം കൂട്ടേണ്ടിവരും. ഫോണിന് മൊത്തത്തില്‍ വലുപ്പം കൂടും. ഇതു ഫിസിക്‌സ് ആണ്. എന്നാല്‍ ചെറിയ സെന്‍സറും സോഫ്റ്റ്‌വെയറും ഉപയോഗിച്ചാണ് സ്മാര്‍ട് ഫോണ്‍ ചിത്രങ്ങളും വിഡിയോയുമൊക്കെ എടുക്കുന്നത്.

എനിക്കു കുറച്ചു തറവാട്ടു സ്വത്തു കിട്ടിയിട്ടുണ്ടെന്നു പറഞ്ഞിരിക്കുന്ന ഒരു കാരണവരെ പോലെയാണ് പരമ്പരാഗത ക്യാമറകള്‍. (വലിയ സെന്‍സറിനെ ഉള്‍ക്കൊള്ളിക്കാനുള്ള ശേഷിയാണ് ഇവയെ മികച്ചതാക്കുന്നത്.) എന്നാല്‍, കാരണവരുടെ വീടിനടുത്ത് കുടിലില്‍ പിറന്നയാള്‍ പണിയെടുത്ത് കാരണവര്‍ക്കുള്ള വരുമാനത്തിനടുത്ത് നേടുന്നതു പോലെയാണ് സ്മാര്‍ട് ഫോണ്‍ ക്യാമറകളുടെ ഇപ്പോഴത്തെ കാര്യം. വരും വര്‍ഷങ്ങളില്‍ ഇവര്‍ തമ്മിലുള്ള അന്തരം വീണ്ടും കുറയും. പക്ഷേ, ചില സന്ദര്‍ഭങ്ങളില്‍ ക്യാമറകള്‍ മുന്നിട്ടു നല്‍ക്കും. കൂടാതെ, കാരണവര്‍ ചുവരെഴുത്തുകള്‍ വായിച്ച് പണിക്കു പോകാന്‍ തുടങ്ങിക്കൂടായ്കയുമില്ല. എന്നു പറഞ്ഞാല്‍ കാലോചിതമായ സാങ്കേതികവിദ്യയെ ഉള്‍ക്കൊള്ളിച്ച് ക്യാമറകള്‍ ഇറങ്ങില്ലെന്നും പറയാനാവില്ല. അങ്ങനെ സംഭവിച്ചില്ലെങ്കില്‍ ക്യാമറാ നിര്‍മാണം പ്രതിസന്ധിയിലേക്കു തന്നെയാണ് നീങ്ങുന്നത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CAMERAS
SHOW MORE
FROM ONMANORAMA