sections
MORE

'നൈറ്റ് സൈറ്റ്' ഫൊട്ടോഗ്രഫി ഗൂഗിൾ പിക്‌സലിനെ തോൽപിക്കാനാരുണ്ട്?

pixel-3
SHARE

ഗൂഗിള്‍ പിക്‌സല്‍ ഫോണുകള്‍ മൂന്നു വര്‍ഷം മുമ്പ് അവതരിപ്പിക്കുന്ന കാലം തൊട്ട് ഒരു പറ്റം ടെക് പ്രേമികള്‍ക്ക് ക്യാമറാ ഫോണ്‍ എന്നു പറഞ്ഞാല്‍ പിക്‌സല്‍ തന്നെയായിരുന്നു. കംപ്യൂട്ടേഷണല്‍ ഫൊട്ടോഗ്രഫിയില്‍ ഗൂഗിള്‍ കൊണ്ടുവന്ന മികവുകള്‍ പിക്‌സല്‍ മോഡലുകള്‍ക്കായിരുന്നു കിട്ടിയിരുന്നത്. തുടര്‍ന്നുള്ള വര്‍ഷങ്ങളിലും ഗൂഗിളിന്റെ എൻജിനീയര്‍മാര്‍ മികവ് കൊണ്ടുവന്നിരുന്നു. എന്നാൽ, അവയൊന്നും ഈ വര്‍ഷത്തെ 'രാത്രിക്കാഴ്ച' (Night Sight) ഫീച്ചറിനോളം വരില്ല. വെളിച്ചം കുറഞ്ഞയിടങ്ങളില്‍ ഫോട്ടോ എടുക്കുന്ന കാര്യത്തില്‍ ഇതോടെ മറ്റെല്ലാ ഫോണുകളെയും പാടെ നിഷ്പ്രഭമാക്കുന്ന പ്രകടനമാണ് ഗൂഗിളിന്റെ രാത്രിക്കാഴ്ചയുള്ള പിക്‌സല്‍ ഫോണുകള്‍ നടത്തുന്നത്.

ഇരുളുള്ള സ്ഥലങ്ങളില്‍ ഫ്‌ളാഷോ, ട്രൈപ്പോഡോ ഇല്ലാതെ 'നൈറ്റ് സൈറ്റ്' ഉപയോഗിച്ച് എടുക്കുന്ന ഫോട്ടോകള്‍ ടെക് പ്രേമികള്‍ക്ക് വിസ്മയമാകുകയാണ്. കംപ്യൂട്ടേഷണല്‍ ഫൊട്ടോഗ്രഫിയിലെ ഇതുവരെയുള്ള മുന്നേറ്റത്തിലെ സുവര്‍ണ ഏടുകളില്‍ ഒന്നാണിത് എന്നു നിസംശയം പറയാം. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ മികവും എച്ഡിആര്‍ ഫൊട്ടോഗ്രഫിയിലെ ചില സാധ്യതകളും ഒന്നിപ്പിച്ചാണ് ഗൂഗിളിന്റെ എഞ്ചിനീയര്‍മാര്‍ വിസ്മയം തീര്‍ത്തിരിക്കുന്നത്.

ഐഫോണ്‍ XS ഉം പിക്‌സല്‍ 3 യും ഒരേ സീന്‍ ഷൂട്ടു ചെയ്തിരിക്കുന്നതുകണ്ടാല്‍ മതി ഈ വ്യത്യാസം തിരിച്ചറിയാന്‍. പുതിയ ഫീച്ചര്‍ ഉപയോഗിച്ച് നിങ്ങള്‍ക്ക്, സ്വാഭാവികമെന്നു തോന്നിക്കുന്ന ഫോട്ടോകള്‍ ഇരുള്‍ വീണു തുടങ്ങുമ്പോഴും എടുക്കാം. അവ, ഷാര്‍പ്പ് ആയിരിക്കും, മറ്റു ക്യാമറാ ഫോണുകളെ അപേക്ഷിച്ച് നോയ്‌സ് തുടങ്ങിയ വൈകല്യങ്ങള്‍ ഇല്ലാത്തതുമായിരിക്കും. ഇത് സെല്‍ഫി ക്യാമറയിലും ഇണക്കിയിരിക്കുന്നു. പിക്‌സല്‍ ഒന്നാം തലമുറ മുതല്‍ മൂന്നാം തലമുറ വരെയുള്ള എല്ലാ ഫോണുകള്‍ക്കും ഈ ഫീച്ചര്‍ ലഭിക്കുമെന്നത് പിക്‌സല്‍ ഉടമകളെ ആവേശഭരിതരാക്കിയേക്കും.

വെളിച്ചക്കുറവ് ക്യാമറാ ഫോണുകളുടെ ചെറിയ സെന്‍സറുകള്‍ക്ക് താങ്ങാന്‍ പ്രയാസമാണ്. വെളിച്ചത്തിന്റെ ലെവല്‍ 30 ലക്‌സില്‍ എത്തുമ്പോള്‍ വിയര്‍ത്തു തുടങ്ങും. എന്നാല്‍ 3 ലക്‌സിനും, 0.3 ലക്‌സിനും ഒറ്റ ഷട്ടര്‍ അമര്‍ത്തലില്‍, മറ്റു ലൈറ്റിങ് ഒന്നുമില്ലാതെ ഫോട്ടോ എടുക്കുന്ന ഫീച്ചര്‍ സൃഷ്ടിക്കാനാണ് ഗൂഗിളിന്റെ മിടുക്കന്മാരായ എൻജിനിയര്‍മാര്‍ ശ്രമിച്ചിരിക്കുന്നത്. എന്നാല്‍, വെളിച്ചം മൂന്നു ലക്‌സിനു താഴെപ്പോയാല്‍ ഓട്ടോഫോക്കസിന് അതിന്റെ കടമ ചെയ്യാനാവില്ല എന്ന് ഗൂഗിള്‍ പറയുന്നു. മേശപ്പുറത്തിരിക്കുന്ന താക്കോല്‍ കാണാന്‍ വയ്യാത്ത അത്ര ഇരുട്ടാണ് 0.3 ലക്‌സിലേത്. അപ്പോള്‍പ്പിന്നെ സ്മാര്‍ട്ഫോണിന്റെ ഓട്ടോഫോക്കസിനെ പഴി പറഞ്ഞിട്ടു കാര്യമില്ല. ഷട്ടര്‍ സ്പീഡ് 1/15ല്‍ 15 ഷോട്ടുകളും, 1 സെക്കന്‍ഡ് എക്‌സ്‌പോഷറുള്ള ആറു ഷോട്ടുകളുമെടുത്ത് സംയോജിപ്പിച്ചാണ് നൈറ്റ് സൈറ്റ് ഫോട്ടോ തുന്നിയെടുക്കുന്നത്. എന്നാല്‍ ഇവിടെ ഓര്‍ക്കേണ്ട ഒരു കാര്യം ഈ മോഡ് ചലിക്കാത്ത വസ്തുക്കളിലെ നന്നായി പ്രവര്‍ത്തിക്കൂ. ഫോട്ടോ എടുക്കുമ്പോള്‍ അനങ്ങിയാല്‍ ചിത്രം മോശമാകും. വരും വര്‍ഷങ്ങളില്‍ ഈ ടെക്‌നിക് കൂടുതല്‍ മിനുക്കി എടുത്തേക്കാം. പക്ഷേ, ചലിക്കാത്ത വസ്തുക്കളുടെ ചിത്രമെടുക്കൽ ഇപ്പോഴേ അദ്ഭുതകരമാണ്. 

പുതിയ ഫീച്ചറിന്റെ മികവു കണ്ട് ടെക് റിവ്യൂവര്‍ മാര്‍ക്കെസ് ബ്രൗണ്‍ലീ (Marques Brownlee) പറഞ്ഞത്, 'ദൈവമേ, ഇതു മാജിക് തന്നെ എന്നാണ്. ഈ ഫീച്ചര്‍ റിവ്യൂ ചെയ്യാനെത്തിയ എല്ലാ റിവ്യൂവര്‍മാരും 'വാ പൊളിച്ചു' നിന്നു പോയി എന്നാണ് റിപ്പോര്‍ട്ട്. കാരണം സ്മാര്‍ട്ഫോണുകളിലുള്ള ചെറിയ സെന്‍സറുകള്‍ വെളിച്ചക്കുറവില്‍ ചിത്രമെടുക്കുമ്പോള്‍ നോയ്‌സ് വന്ന് വികൃതമായ ചിത്രങ്ങളാണ് ലഭിക്കുക. എഐ ഇതില്‍ പ്രയോജനപ്പെടുത്തുന്നുണ്ടെങ്കിലും ഇത് കംപ്യൂട്ടേഷണല്‍ ഫൊട്ടോഗ്രഫിയുടെയും മെഷീന്‍ ലേണിങിന്റെയും പുരോഗതിയാണ് കാണിക്കുന്നത്.

ഗൂഗിളിന്റെ ഇത്രനാള്‍ ഉണ്ടായിരുന്ന എച്ഡിആര്‍പ്ലസ് എന്ന ഫീച്ചറിന്റെ ഏറ്റവും പുതുക്കിയ പതിപ്പാണ് ഇതെന്നും പറയാം. എച്ഡിആര്‍പ്ലസ് 2014ല്‍ ആണ് അവതരിപ്പിച്ചത്. ചുരുങ്ങിയ കാലത്തിനുള്ളില്‍ ഗൂഗിളിന്റെ എൻജിനീയര്‍മാര്‍ കൈവരിച്ച പുരോഗതി മനസിലാക്കാം. എച്ഡിആര്‍പ്ലസിനെ അനുകരിച്ചാണ് ആപ്പിള്‍ ഈ വര്‍ഷത്തെ ഐഫോണ്‍ മോഡലുകളില്‍ അവതരിപ്പിച്ച സ്മാര്‍ട് എച്ഡിആര്‍ ഫീച്ചര്‍. എന്നാൽ, നൈറ്റ് സൈറ്റ് അതിനെ 'പുകച്ചു കളയും'.

പിക്‌സല്‍ ഫോണുകളുടെ ഹാര്‍ഡ്‌വെയര്‍ പ്രശ്‌നങ്ങളാണ് അതിനെ ഉപയോക്താക്കളുടെ പ്രിയങ്കരമാക്കാത്തത്. എന്നാല്‍, ഈ ഫീച്ചര്‍ ആസ്വദിക്കാന്‍ പിക്‌സല്‍ മോഡലുകള്‍ തന്നെ വേണമെന്നില്ല. വണ്‍പ്ലസ് 6, വണ്‍പ്ലസ് 6T മോഡലുകളുടെ ക്യാമറയ്ക്കും ഇതു ലഭിക്കുമെന്ന് ഇപ്പോള്‍ത്തന്നെ അറിവായിട്ടുണ്ട്. കൂടുതല്‍ ആന്‍ഡ്രോയിഡ് ഫോണ്‍ നിര്‍മാതാക്കളും ഈ ഫീച്ചര്‍ താമസിയാതെ നല്‍കിയേക്കും. ഐഒഎസില്‍ ഇത് ഗൂഗിളിന്റെ ആപ്പു വഴി എത്തുന്ന കാര്യം തള്ളിക്കളയാന്‍ പറ്റില്ല. അല്ലെങ്കില്‍, അടുത്ത വര്‍ഷമെങ്കിലും ആപ്പിളിന്റെ എൻജിനിയര്‍മാര്‍ക്ക് ഇത്തരം ഒന്ന് കൊണ്ടുവരാനാകണേ എന്നു പ്രാര്‍ത്ഥിക്കുക. എന്തായാലും, സോഫ്റ്റ്‌വെയറിലൂടെ ഫൊട്ടോഗ്രഫി കൈവരിച്ച വലിയ വിജയങ്ങളിലൊന്നാണിത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CAMERAS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA