sections
MORE

പിക്‌സൽ 3, സോണി A7 RIII‌: രാത്രിയില്‍ ഏറ്റുമുട്ടുന്നതു കാണണോ?

sony-vs
SHARE

വെളിച്ചക്കുറവ് സ്മാര്‍ട് ഫോണ്‍ ക്യാമറകളുടെ സെന്‍സറിന്റെ കഴിവില്ലായ്മ വെളിച്ചത്തുകൊണ്ടുവരുന്നത് എല്ലാവരും കണ്ടിട്ടുണ്ടാവുമല്ലോ. വെളിച്ചക്കുറവില്‍ ഒരിക്കലും മികച്ച ഡിഎസ്എൽആർ-മിറര്‍ലെസ് ക്യാമറകളെ വെല്ലാന്‍ സ്മാര്‍ട് ഫോണുകള്‍ക്കാവില്ല എന്നായിരുന്നു കഴിഞ്ഞ വര്‍ഷം വരെ കേട്ടിരുന്ന വാദം. ഇപ്പോഴിതാ പുതിയ ഗൂഗിള്‍ പിക്‌സല്‍ ഫോണ്‍ സോണിയുടെ ഏറ്റവും വിലകൂടിയ മിറര്‍ലെസ് ബോഡികളിലൊന്നായ A7RIIIയുമായി ഏറ്റുമുട്ടുന്നു. ഫൊട്ടോഗ്രഫി പ്രേമികള്‍ മാത്രമല്ല, സാങ്കേതികവിദ്യാ പ്രേമികളും ഇതു കാണേണ്ടതാണ്.

ഇനി, ഫൊട്ടോഗ്രഫി പ്രേമികള്‍ അല്ലാത്തവര്‍ക്കായി സോണി A7 RIIIയെ പരിചയപ്പെടുത്താം: ലോകത്തെ ഇന്നത്തെ ഏറ്റവും മികച്ച മിറര്‍ലെസ് ഡിഎസ്എൽആർ ക്യാമറകളില്‍ ഒന്നാണിത്. നിലവില്‍ ലഭ്യമായ ഏറ്റവും നല്ല സെന്‍സര്‍ ടെക്‌നോളജിയുമായാണ് 42MP റെസലൂഷനുള്ള ഈ ക്യാമറ നിര്‍മിച്ചിരിക്കുന്നത്. റെസലൂഷന്റെ കാര്യത്തില്‍ നിക്കോണ്‍ D850, Z7, ക്യാനന്‍ 5DSR തുടങ്ങിയ ഏറ്റവും മികച്ച ക്യാമറകള്‍ക്കൊപ്പമോ മുകളിലോ ആണ് ഇതിന്റെ സ്ഥാനം. ബോഡിയ്ക്കു മാത്രം വില ഏകദേശം 2,60,000 രൂപയാണ്. സോണി SEL1635 16-35mm f/2.8GM (ഏകദേശം 1,83,000 രൂപ വില) ലെന്‍സും കൂടെ ഉപയോഗിക്കാമെന്നു വച്ചാല്‍ വില അഞ്ചു ലക്ഷം രൂപയ്ക്കു മുകളിലായിരിക്കും മൊത്തം ചെലവ്. ലോങ് എക്‌സ്‌പോഷര്‍ ഫൊട്ടോഗ്രഫിയാണെങ്കില്‍ ഉറപ്പുള്ള ട്രൈപ്പോഡും മിക്കവരും കൂടെ കരുതും.

Sony-A7R-III

ഗൂഗിള്‍ പിക്‌സല്‍ 3 ഇപ്പോള്‍ വില്‍ക്കുന്നത് ഏകദേശം 68,000 രൂപയ്ക്കാണ്. ഒറ്റ ക്യാമറയാണ് ഇതിനുള്ളത്. പിയറെ ടി. ലാംബെര്‍ട്ട് എന്ന യുട്യൂബറാണ് സോണിയുടെ അഭിമാന ക്യാമറയെയും പിക്‌സല്‍ 3 ഫോണിനെയും വെളിച്ചക്കുറവില്‍ ഏറ്റുമുട്ടിക്കുന്നത്.

ഫോണില്‍ നിന്നു ലഭിക്കുന്നത് അമ്പരപ്പിക്കുന്ന റിസള്‍ട്ടുകളാണെന്നാണ് അദ്ദേഹം പറയുന്നത്. പിക്‌സല്‍ ഫോണിന്റെ മികവല്ല ഇതിനു പിന്നില്‍. നമ്മള്‍ നേരത്തെ കണ്ട 'നൈറ്റ് സൈറ്റ്' എന്ന കംപ്യൂട്ടേഷണല്‍ ഫൊട്ടോഗ്രഫിയുടെ മികവാണിത്. ഇത് ഭാവിയില്‍ വളരെയധികം ആന്‍ഡ്രോയിഡ് ഫോണുകളില്‍ ലഭ്യമായേക്കും. പിക്‌സല്‍ ഫോണില്‍ സംഭവിക്കുന്നത് ഫൊട്ടോഗ്രഫിയുടെ ഭാവിയാണെന്നാണ് പിയറെ പറയുന്നത്. ക്യാമറകളിലും നമുക്ക് നിരവധി ചിത്രങ്ങളെടുത്ത് അവയെ സംയോജിപ്പിക്കാം. പക്ഷേ, അതിന് വീണ്ടും ചിത്രങ്ങളുമായി കംപ്യൂട്ടറിനു മുന്നില്‍ ഇരിക്കണം. ഫോണാകട്ടെ എച്ഡിആര്‍ മോഡ് അപ്ലൈ ചെയ്തു ഫോട്ടോ അപ്പോള്‍ തന്നെ തരുന്നു. ഫോണിലെ ആക്‌സിലറോമീറ്റര്‍ കൈക്കുണ്ടാകാവുന്ന അനക്കങ്ങളും പരിഗണിക്കുന്നു. എന്നാൽ രാത്രി ലൈറ്റുകളിലൊന്ന് ക്യാമറയും ലെന്‍സും ചേര്‍ന്ന് സൃഷ്ടിക്കുന്ന സ്റ്റാര്‍ എഫെക്ട് പിക്‌സല്‍ ഫോണിനുണ്ടാക്കാനാകുന്നില്ല.

മൂന്നു മുതല്‍ അഞ്ചു വര്‍ഷത്തിനുള്ളില്‍ അസ്‌ട്രോഫൊട്ടോഗ്രഫിയില്‍ പോലും ഞെട്ടിക്കുന്ന മാറ്റങ്ങള്‍ സംഭവിക്കുമെന്ന് പിയറെ പ്രവചിക്കുന്നു. മികച്ച ക്യാമറാ ഫോണ്‍ എന്ന പേര് ഐഫോണുകളില്‍ നിന്ന് ആന്‍ഡ്രോയിഡിലേക്കു വരികയാണ്. ക്യാമറയുടെ കാര്യത്തില്‍ ഇപ്പോള്‍ സുവ്യക്തമായ ഗുണം മികച്ച ആന്‍ഡ്രോയിഡ് ഫോണുകള്‍ക്കുണ്ട്. DXO മാര്‍ക്കില്‍ ഒന്നാം സ്ഥാനത്ത് വാവെയ് P20 പ്രോ തുടരുന്നു. പിക്‌സല്‍ 3, വാവെയ് മെയ്റ്റ് 20 പ്രോ തുടങ്ങിയവയുടെ റെയിറ്റിങ് ഉടനെ വരുമെന്നു കരുതുന്നു. അടുത്ത വര്‍ഷങ്ങളില്‍ ഫോണ്‍ വാങ്ങുന്നവര്‍ പരിഗണിക്കാനിടയുള്ള കാര്യങ്ങളിലൊന്നായിരിക്കാം ക്യാമറയുടെ മികവ്. ആപ്പിൾ എൻജിനീയര്‍മാര്‍ അവസരത്തിനൊത്ത് ഉയരുന്നില്ലെങ്കില്‍ വരും വര്‍ഷങ്ങളില്‍ ആന്‍ഡ്രോയിഡ് ഫോണ്‍ വാങ്ങുന്നവരുടെ എണ്ണം കൂടുമെന്ന് ഉറപ്പാണ്.

google-pixel-3-xl-camera

ഇതൊക്കെയാണെങ്കിലും പിക്‌സല്‍ 3 അല്ലെങ്കില്‍ പിക്‌സല്‍ 3 എക്‌സ്എല്‍ വാങ്ങുന്ന കാര്യം പരിഗണിക്കണോ? ഗൂഗിളിന്റെ പിക്‌സല്‍ ഹാര്‍ഡ്‌വെയര്‍ മൂന്നാം തലമുറയിലേക്കു കടന്നിരിക്കുകയാണ്. പക്ഷേ, ഇതൊരിക്കലും ഒരു സ്ഥരിത കൈവരിക്കുന്നതായി തോന്നിയിട്ടില്ല. മികച്ച ഫോണാണെങ്കിലും ചെറിയ റിസ്‌ക് ഇതു വാങ്ങുമ്പോള്‍ എടുക്കേണ്ടി വരും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CAMERAS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA