sections
MORE

വിവോയുടെ ഈ ആശയം നടപ്പിലായാൽ സെല്‍ഫി ക്യാമറകള്‍ ഓര്‍മയാകും

vivo
SHARE

ചൈനീസ് ഫോണ്‍ നിര്‍മാണകമ്പനികള്‍ മോഷണവും പുതിയ ഫീച്ചറുകൾ കൊണ്ടുവരുന്നതും ഒരുമിച്ചു കൊണ്ടുപോകാന്‍ ശ്രമിക്കുകയാണെന്നു പറയേണ്ടിവരും. പല മികച്ച ഫോണുകളുടെയും ഡിസൈനും മറ്റും കോപ്പിയടിക്കുന്ന രീതി തുടരുന്നുണ്ടെങ്കിലും അവരുടെ ഡിസൈനിങ്-എൻജിനീയറിങ് ടീമിന്റെ കുട്ടുകെട്ടുകള്‍ ആരും പരീക്ഷിക്കാത്ത ആശയങ്ങള്‍ അവതരിപ്പിക്കാനും ശ്രമിക്കാറുണ്ട്. അത്തരമൊരു പരീക്ഷണവുമായാണ് വിവോയുടെ NEX2 മോഡല്‍ എത്തുന്നതെന്നാണ് അഭ്യുഹങ്ങള്‍ പറയുന്നത്. ഈ ആശയം വിജയിച്ചാല്‍ ഫോണിനു മുന്നില്‍ അണിനിരത്തുന്ന സെല്‍ഫി ക്യാമറകള്‍ പഴങ്കഥയായേക്കാം.

സെല്‍ഫികള്‍ക്കും വിഡിയോ കോളിനും ഫെയ്‌സ് ഐഡിക്കും മറ്റുമാണ് മുന്നില്‍ ക്യാമറകള്‍ പിടിപ്പിക്കുന്നത്. ഫോണിനു പിന്നില്‍ മികച്ച ക്യാമറകള്‍ ഉള്ളപ്പോഴാണ് മുന്നില്‍ വീണ്ടും ക്യാമറ സിസ്റ്റം. അതും പലപ്പോഴും പിന്‍ ക്യാമറകളെക്കാള്‍ കുറഞ്ഞ സ്‌പെസിഫിക്കേഷനുള്ള ക്യാമറ സിസ്റ്റം പിടിപ്പിക്കേണ്ടി വരുന്നത്. പിന്‍ ക്യാമറകള്‍ തന്നെ സെല്‍ഫിക്കും വിഡിയോ കോളിനും ഫെയ്‌സ്‌ഐഡിക്കുമായി ഉപയോഗിച്ചാലോ എന്നാണ് വിവോ പരിശോധിക്കുന്നത്. അതെങ്ങനെ ശരിയാകും? വിവോയുടെ എൻജിനീയര്‍മാര്‍ പിന്നിലൊരു സ്‌ക്രീന്‍ കൂടി കൊണ്ടുവരുന്നു!

NEX 2 ന് പിന്നില്‍ അല്‍പ്പം ചെറിയൊരു സ്‌ക്രീന്‍ പിടിപ്പിച്ചാണ് സെല്‍ഫി ക്യാമറ പ്രശ്‌നം വിവോ പരിഹരിക്കുന്നത്. ഇതോടെ മികച്ച പിന്‍ക്യാമറ സിസ്റ്റം തന്നെ സെല്‍ഫികളെടുക്കാനും വിഡിയോ കോളിനും ഫേഷ്യല്‍ റെക്കഗ്നിഷനു വേണ്ടിയും ഉപയോഗിക്കാമെന്നു വരുന്നു. ഒരു വെടിക്കു രണ്ടു പക്ഷികളെയാണ് വിവോ വീഴ്ത്തുന്നതെന്നും കാണാം. മുന്‍ക്യാമറ സിസ്റ്റം ആവശ്യമില്ലാതെ വരുമ്പോള്‍ ആപ്പിള്‍ അവതരിപ്പിച്ചെങ്കിലും പിന്നീട് ആന്‍ഡ്രോയിഡ് നിര്‍മാതാക്കളും ഏറ്റെടുത്ത വിലക്ഷണമായ നോച്ചിനോടും വിടപറയാമെന്നതാണ് രണ്ടാമത്തെ ഗുണം. ഇതിലൂടെ മുന്‍സ്‌ക്രീനിന് ഒരറ്റം മുതല്‍ മറ്റേയറ്റം വരെ പരന്നൊഴുകാനാകും.

പിന്നില്‍ മറ്റൊരു സ്‌ക്രീന്‍ എന്ന ആശയം മികച്ചതാണെങ്കിലും ഇതിനു സംഭവിച്ചേക്കാവുന്ന ഒരു കുറവ് വിഡിയോ കോള്‍ വിളിക്കുമ്പോള്‍ പിന്നിലെ സ്‌ക്രീനില്‍ മാത്രമല്ലെ കാണാനാകൂ എന്നതാണ്. രണ്ടാം സ്‌ക്രീന്‍ അത്ര മികച്ചതാണെങ്കില്‍ കുഴപ്പമുണ്ടാവില്ല.

മികച്ച സ്‌പെസിഫിക്കേഷനാണ് വിവോ NEX 2 ന് പ്രതീക്ഷിക്കുന്നത്. സ്‌നാപ്ഡ്രാഗണ്‍ 835 പ്രോസസറും, 10 ജിബി റാമും, 128 ജിബി സംഭരണശേഷിയും, അമോലെഡ് ഡിസ്‌പ്ലെയുമുള്ള കരുത്തന്‍ സ്മാര്‍ട് ഫോണായിരിക്കും വിവോ അവതരിപ്പിക്കുക.

VIVO-NEX-2-Specs-696x349

ടീസര്‍ വിഡിയോകള്‍ നിരീക്ഷിക്കുമ്പോള്‍ തോന്നുന്നത് വിവോ NEX 2 ൽ മൂന്നു പിന്‍ ക്യാമറകൾ ഉണ്ടാകുമെന്നാണ്. ഇവയ്ക്കൊപ്പം വര്‍ത്തുളാകൃതിയില്‍ ക്രമീകരിച്ച എല്‍ഇഡി ഫ്‌ളാഷുകളും പ്രതീക്ഷിക്കുന്നു. ഡിസംബര്‍ 11ന് ഈ ഫോണ്‍ പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കുന്നു. പക്ഷേ, ഊഹാപോഹങ്ങള്‍ ശരിയാണെങ്കില്‍ 2018ലെ ഏറ്റവും മികച്ച ഹാന്‍ഡ്‌സെറ്റുകളുടെ കൂട്ടത്തിലായരിക്കും വിവോ NEX 2ന്റെ സ്ഥാനം എന്നാണ് സൂചന.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CAMERAS
SHOW MORE
FROM ONMANORAMA