sections
MORE

മൊബൈൽ ഫൊട്ടോഗ്രഫി വിപ്ലവം, പുതിയ ക്യാമറ ടെക്നോളജിയുമായി ഷവോമി

xiaomi-phone
SHARE

ആപ്പിളിന്റെ നൂറു കണക്കിന് എൻജിനീയര്‍മാരാണ് ഐഫോണിന്റെ ക്യാമറ നിര്‍മാണത്തില്‍ മാത്രം ശ്രദ്ധിച്ചു ജോലി ചെയ്യുന്നത്. ചൈനീസ് കമ്പനിയായ വാവെയും ജര്‍മ്മന്‍ ക്യാമറ നിര്‍മാതാവ് ലൈക്കയും ഒത്തു ചേര്‍ന്ന് കംപ്യൂട്ടേഷണല്‍ ഫൊട്ടോഗ്രഫിയുടെ സാധ്യതകള്‍ ചൂഷണം ചെയ്യാന്‍ ഒരു കൂട്ടം എൻജിനീയര്‍മാരെ നിയോഗിച്ചിട്ടുണ്ട്. ഗൂഗിളും ഇതിനായി നിരവധി എൻജിനീയര്‍മാരെ നിയോഗിച്ചിരിക്കുന്നു. ഇവരെല്ലാം നേട്ടങ്ങള്‍ കൊയ്യുന്നത് ടെക് ലോകം ശ്രദ്ധിക്കുന്നുമുണ്ട്. എന്നാല്‍ ചൈനീസ് സ്മാര്‍ട് ഫോണ്‍ നിര്‍മാതാവായ ഷവോമി ഈ വര്‍ഷമാദ്യം തങ്ങളും ഒരു പറ്റം എൻജിനീയര്‍മാരെ ക്യാമറ സാങ്കേതികവിദ്യ വികസിപ്പിക്കാന്‍ മാത്രമായി നിയോഗിക്കുന്നുവെന്നു പറഞ്ഞപ്പോള്‍ അവര്‍ എന്തു ചെയ്യാന്‍ പോകുന്നുവെന്ന് അദ്ഭുതപ്പെട്ടവര്‍ക്ക് ഇതാ ഉത്തരം ലഭിച്ചു തുടങ്ങുന്നു.

ഡീപ് എക്‌സ്‌പോഷര്‍

ഡീപ്എക്‌സ്‌പോഷര്‍ ('DeepExposure') എന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് നെറ്റ്‌വര്‍ക്കിലൂടെ നിലവാരം കുറഞ്ഞ ഫോട്ടോകളെ മെഷീന്‍ ലേണിങ്ങിന്റെ സഹായത്തോടെ മികച്ചതാക്കാന്‍ സാധിക്കുമെന്നു കാണിച്ചു തരുന്ന ഒരു പ്രബന്ധമാണ് ഷവോമിയുടെ എഐ ലാബ്‌സും ഫോട്ടോ ഗവേഷകരും ചേര്‍ന്ന് പുറത്തു വിട്ടത്. അവരുടെ അല്‍ഗോറിതത്തിന് ഫോട്ടോയിലെ വിശദാംശങ്ങളെയും മങ്ങിയ കളറുകളും ബ്രൈറ്റ്‌നസുമൊക്കെ ശരിയാക്കാനാകുമെന്നാണ് അവര്‍ പറയുന്നത്.

ഡീപ്എക്‌സ്‌പോഷര്‍ ഒരു മോശം ചിത്രത്തെ പല സെഗ്‌മെന്റുകളായി വിഭജിച്ചു കണ്ട് അതിന് മൊത്തത്തിലും ചില ഭാഗങ്ങളിലും വേണ്ട മാറ്റങ്ങള്‍ വരുത്താന്‍ കഴിയുന്ന ഒന്നാണെന്ന് അവര്‍ പറയുന്നു. ഒരു ചിത്രത്തെ ഇങ്ങനെ വിഭജിച്ചു കണ്ട് പോരായ്മകള്‍ തിരുത്തി ബ്ലെന്‍ഡു ചെയ്ത് ഒറ്റച്ചിത്രമാക്കാനുള്ള ശേഷിയാണ് ഡീപ്എക്‌സ്‌പോഷറിനുള്ളതെന്ന് ഷവോമി ഗവേഷകര്‍ പറയുന്നു.

മറ്റങ്ങള്‍ക്കു ശേഷം പുതുക്കി ലഭിക്കുന്ന ചിത്രം എക്‌സ്‌പോഷറിന്റെ, വിശദാംശങ്ങളുടെ കാര്യത്തിൽ മികവു പുലര്‍ത്തും. ഇത് സ്മാര്‍ട് ഫോണ്‍ ഫൊട്ടോഗ്രഫിയില്‍ പുതിയൊരു അധ്യായം തുറന്നേക്കാമെന്നാണ് പറയുന്നത്. തങ്ങളുടെ എഐ പ്രവര്‍ത്തിക്കുന്ന ഫോണുകളില്‍ അധികം താമസിയാതെ ഇത് പരീക്ഷിച്ചു നോക്കുകയും ചെയ്‌തേക്കാം. ധാരാളം അറിവും സമയവും വേണ്ടതിനാല്‍ സാധാരണക്കാര്‍ക്ക് അവര്‍ എടുക്കുന്ന ഫോട്ടോകളിലെ ദൂഷ്യങ്ങളെ മറ്റാന്‍ സാധിക്കുന്നില്ല. പക്ഷേ, ഡീപ്എക്‌സ്‌പോഷര്‍ ഇതെല്ലാം ഓട്ടോമാറ്റിക്കായി ഓരോരുത്തര്‍ക്കും ചെയ്തു നല്‍കുമെന്ന് ഷവോമി പറഞ്ഞു.

ഈ പഠനം തെളിയിക്കുന്നത് ഭാവിയില്‍ ഫോട്ടോയുടെ ടോണും കോണ്‍ട്രാസ്റ്റും ഈ രീതിയില്‍ മെച്ചപ്പെടുത്താനുമായേക്കും എന്നാണ്. ഷവോമി പുറത്തുവിട്ട പ്രബന്ധം ഇവിടെ വായിക്കാം.

48എംപി സ്മര്‍ട് ഫോണ്‍ ക്യാമറ

ക്യാമറാ ടീമിന്റെ ഒരു സുപ്രധാന നേട്ടം 48 എംപി പിന്‍ക്യാമറയുള്ള ഒരു ഫോണ്‍ ഇറക്കാനുള്ള ശ്രമമാണ്. ചൈനീസ് സാമൂഹ്യമാധ്യമമായ വെയ്‌ബോയില്‍, ഷവോമിയുടെ സഹസ്ഥാപകനും പ്രസിഡന്റുമായ ലിന്‍ ബിന്‍ കാണിച്ച 48 എംപി ക്യാമറാ മൊഡ്യൂളാണ് ഇതിനു തെളിവ്. ഈ ക്യാമറയുള്ള ഫോണ്‍ 2019ല്‍ തന്നെ പുറത്തിറക്കുമെന്നാണ് കമ്പനി പറയുന്നത്. ഒരു മൊബൈല്‍ഫോണ്‍ ക്യാമറ മൊഡ്യൂളില്‍ വരുന്ന ഏറ്റവുമധികം റെസലൂഷനുള്ള സെന്‍സറായിരിക്കും ഇത്. നോക്കിയയുടെ 808 പ്യൂവര്‍വ്യൂ ആണ് മെഗാപിക്‌സല്‍ കൗണ്ടിലൂടെ ആദ്യം ശ്രദ്ധ പിടിച്ച ഫോണ്‍. 41എംപി സെന്‍സറായിരുന്നു അത്. പുതിയതായി പുറത്തിറിക്കിയ വാവെയ് മെയ്റ്റ് 20 പ്രോയ്ക്കും 40എംപി ക്വാഡ് ബെയര്‍ അറേഞ്ച്‌മെന്റുളള ക്യാമറ ഉണ്ട്.

ഷവോമിയുടെ ഫോണും മികച്ച ഡിജിറ്റല്‍ സൂം കൊണ്ടുവരുമെന്നു പ്രതീക്ഷിക്കുന്നു. പിക്‌സല്‍-ബിന്നിങ് സാങ്കേതികവിദ്യയിലൂടെ നോയ്‌സ് കുറഞ്ഞ ഫോട്ടോയും എടുത്തേക്കുമെന്നു കരുതുന്നു. കംപ്യൂട്ടേഷണല്‍ ഫൊട്ടോഗ്രഫിയിലെ മറ്റു മികവുകളും ഇതില്‍ പ്രതീക്ഷിക്കുന്നു.

ഈ വര്‍ഷമാദ്യം സോണി പുറത്തിറക്കിയ 48 എംപി സെന്‍സറായിരിക്കാം (Sony IMX586 quad-Bayer model) ഉപയോഗിച്ചിരിക്കുന്നത് എന്നാണ് കരുതുന്നത്. എന്നാല്‍, ഇതില്‍ ഒരു പിക്‌സലിന്റെ വലുപ്പം കേവലം 0.8µm മാത്രമാണ് എന്നതിനാല്‍ ഇതേ സ്‌പെസിഫിക്കേഷനുള്ള സാംസങ്ങിന്റെ സെന്‍സര്‍ (Samsung's Bright GM1 ) ഉപയോഗിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. ഈ സെന്‍സറിന്റെ ബലത്തില്‍ മാത്രമായിരിക്കുമോ ഷവോമിയുടെ ഫോണ്‍ ഇറങ്ങുക എന്നറിയില്ല. റെസലൂഷന്‍ കുറഞ്ഞ ടെലി, വൈഡ് തുടങ്ങിയ ലെന്‍സുകളുടെ പടയും കൂടെ കണ്ടേക്കാം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CAMERAS
SHOW MORE
FROM ONMANORAMA