sections
MORE

ആ ഭാഗ്യം കിട്ടിയത് മാംഗളൂരുകാരന്, ഇഷാ അംബാനി കല്ല്യാണ ത്രില്ലിൽ വിവേക്

isha-ambani-vivek
SHARE

ഡിസംബര്‍ ഒന്നു മുതല്‍ പതിനഞ്ചു വരെയുള്ള ഡേറ്റ് ബുക്കു ചെയ്യുന്നതായി മാംഗളൂരുകാരനായ ഫോട്ടോഗ്രാഫര്‍ വിവേക് വിക്ടര്‍ സിക്യുയേറയോട് ഈ വര്‍ഷം ജൂണില്‍ ഒരാള്‍ വിളിച്ചു പറഞ്ഞു. ഒപ്പം അദ്ദേഹം ചെയ്ത വര്‍ക്കുകളുടെ കുറച്ചു സാംപിള്‍ അയച്ചു കൊടുക്കാനും ആവശ്യപ്പെട്ടു. അപ്പോള്‍ത്തന്നെ അദ്ദേഹത്തിന്റെ സേവനം ഉറപ്പിച്ചുവെന്നു പറഞ്ഞുവെങ്കിലും ആരുടെ കല്ല്യാണത്തിനാണ് തന്നെ ബുക്കു ചെയ്തിരിക്കുന്നതെന്ന് ഒക്ടോബര്‍ മാസം വരെ അദ്ദേഹത്തിനു അറിയില്ലായിരുന്നു. ഒക്ടോബറില്‍ അദ്ദേഹത്തിനു മനസ്സിലായി താനാണ് ഇഷാ അംബാനി-ആനന്ദ് പിരമള്‍ വിവാഹം ഷൂട്ടു ചെയ്യാന്‍ പോകുന്നതെന്ന്! താനടക്കം 17 പേരുടെ ടീമുമായാണ് അദ്ദേഹം 15 ദിവസത്തെ ഷൂട്ടിങ് നടത്തിയത്. ടീമിലെ മറ്റംഗങ്ങളോട് ഒക്ടോബറില്‍ പോലും ആരുടെ കല്ല്യാണമാണ് ഷൂട്ടു ചെയ്യാന്‍ പോകുന്നതെന്ന് അദ്ദേഹം പറഞ്ഞില്ല.

താന്‍ ഷൂട്ടു ചെയ്യാന്‍ പോകുന്ന കല്ല്യാണത്തെക്കുറിച്ച് ആദ്യം അറിഞ്ഞപ്പോള്‍ വിവേക് ആനന്ദപുളകിതനായി. രണ്ടു ദിവസമെടുത്തു ഈ വാര്‍ത്ത ദഹിക്കാന്‍. തന്നെ തിരഞ്ഞെടുത്തത് എന്തു കാരണം കൊണ്ടാണെന്ന് എത്ര ആലോചിച്ചിട്ടും പിടികിട്ടിയുമില്ല. എത്രയധികം സെലബ്രിറ്റി ഫോട്ടോഗ്രാഫര്‍മാരാണുള്ളത്. തന്റെ കഴിവുകൊണ്ടാണ് താന്‍ തിരഞ്ഞെടുക്കപ്പെട്ടതെന്നു മനസ്സിലായപ്പോള്‍ വളരെ സന്തോഷം തോന്നിയെന്ന് 47-കാരനായ വിവേക് പറയുന്നു. ലോകത്തെ ഏറ്റവും മികച്ച വെഡിങ് ഫോട്ടോഗ്രാഫര്‍ പോലും കൊതിക്കുന്ന ഒരു അവസരമാണ് അദ്ദേഹത്തെ തേടി വന്നത്.

വിവേകും അദ്ദേഹത്തിന്റെ പാര്‍ട്ണര്‍ ശങ്കര്‍ കട്‌വേയും ചേര്‍ന്നു തുടങ്ങിയ ലക്‌സെ ക്യാപ്‌ച്വേഴ്‌സ് (Luxe Captures) കമ്പനിയില്‍ നിന്ന് 17 പേരുടെ ടീമാണ് കല്ല്യാണം ചിത്രീകരിക്കാന്‍ പോയത്. വിവേകും, ശങ്കറും മറ്റു നാലു പേരു ചേര്‍ന്നാണ് സ്റ്റില്‍ ഫൊട്ടോഗ്രഫി ഷൂട്ടു ചെയ്തത്. മുംബൈയിലും ഉദയ്പൂരിലുമുള്ള പല വേദികളിലും അവര്‍ ഷൂട്ടു ചെയ്തു. ടീമിലെ മറ്റ് ഏഴു പേര്‍ വിഡിയോഗ്രാഫിയും ഡ്രോണ്‍ ഷൂട്ടിങും നടത്തി. ബാക്കിയുള്ളവര്‍ സഹായികളായി.

ഇസെഡ് പ്ലസ് (Z plus) സുരക്ഷ ഒരുക്കിയിരുന്നതു കൊണ്ട് ഫോട്ടോഗ്രാഫര്‍മാര്‍ക്ക് നീക്കം എളുപ്പമായിരുന്നില്ല. വിവേകിനും ശങ്കറിനും മാത്രം പ്രത്യേക ഐഡന്റിറ്റി കാര്‍ഡുകള്‍ നല്‍കിയിരുന്നു. അതുകൊണ്ട് തങ്ങള്‍ക്ക് പല വേദികളിലെത്താനും ദമ്പതികള്‍ക്കും കുടുംബങ്ങള്‍ക്കും സെലിബ്രിറ്റികള്‍ക്കും അടുത്തെത്താനുമായെന്ന് അദ്ദേഹം പറയുന്നു.

ഏറ്റവും രസകരമായ അനുഭവങ്ങളിലൊന്ന് അദ്ദേഹം ഓര്‍ത്തെടുക്കുന്നു. എല്ലാം മറന്ന് ഫോട്ടോ എടുത്തെടുത്തു പോയ അദ്ദേഹം ഒരിടത്തു വച്ച് അമിതാഭ് ബച്ചന്റെയും രജനീകാന്തിന്റെയും ഇടയ്ക്കാണു താന്‍ നില്‍ക്കുന്നതെന്നു മാനസിലാക്കി. ഇരുവരെയും അദ്ദേഹത്തിന് അത്രമേല്‍ ഇഷ്ടവുമായിരുന്നു. തനിക്ക് കുനിഞ്ഞ് അവരുടെ പാദങ്ങളില്‍ സ്പര്‍ശിക്കാതിരിക്കാനാകുമായിരുന്നില്ല എന്ന് അദ്ദേഹം പറയുന്നു. അങ്ങനെ ചെയ്തപ്പോള്‍ ഇരു മെഗാസ്റ്റാറുകളും പുഞ്ചിരിച്ചുവെന്നും അദ്ദേഹം ഓര്‍ത്തെടുക്കുന്നു.

ഇതൊരു സ്വപ്ന സാഫല്യമാണ്. ഇത്ര വലിയൊരു കല്ല്യാണം ഇതിനു മുൻപ് കവറു ചെയ്തിട്ടില്ല. ഈ കല്ല്യാണപരിപാടിയെക്കുറിച്ചുള്ള കാര്യങ്ങള്‍ രഹസ്യാത്മകമായിരിക്കുമെന്ന് അദ്ദേഹത്തിന് എഴുതി നല്‍കേണ്ടി വന്നു. അതില്‍ അദ്ദേഹത്തിനു കിട്ടിയ പ്രതിഫലവും ഉള്‍പ്പെടും.

isha-ambani

ഷൂട്ടിങ്

പതിനഞ്ചു ദിവസങ്ങള്‍ക്കുള്ളില്‍ അടിച്ചു കൂട്ടിയത് 1.2 ലക്ഷം ഫോട്ടോകളാണ്. ഇതാകട്ടെ 30 ടിബി ഹാര്‍ഡ് ഡിസ്‌ക് സ്‌പെയ്‌സ് അപഹരിച്ചു. കല്ല്യാണം കൂടാതെ ഡിസംബര്‍ 2, 3 തിയതികളില്‍ മുംബൈയില്‍ നടന്ന പിരമളുടെ വാസ്തു പൂജ, ഹൗസ് വാമിങ് എന്നിവയും ഉദയ്പൂരിലെ സിറ്റി പാലസില്‍ വിവാഹത്തിനു മുന്നോടിയായി 8, 9 തിയതികളില്‍ നടത്തിയ ചടങ്ങുകളും അവര്‍ കവർ ചെയ്തു. തുടര്‍ന്ന് 12ന് വധുവിന്റെ പിതാവ് മുകേഷ് അംബാനിയുടെ ആന്റിലിയയില്‍ നടന്ന ചടങ്ങുകളും 13നു പിരമള്‍ കുടുംബം നടത്തിയ റിസപ്ഷനും 14ന് അംബാനി കുടുംബം മുംബൈയിലെ ജിയോ ഗാര്‍ഡന്‍സില്‍ ഒരുക്കിയ വിരുന്നും കവര്‍ ചെയ്തു. ചടങ്ങുകള്‍ക്കായി തങ്ങള്‍ മികച്ച ക്യാമറകളും ഡ്രോണുകളും ഉപയോഗിച്ചതായി വിവേക് പറഞ്ഞു.

എന്തായിരിക്കാം വിവേകിനെ ക്ഷണിക്കാനുള്ള കാരണം?

ഇന്ത്യയിലെ പ്രമുഖ ഫൊട്ടോഗ്രഫി മാസികയായ 'ബെറ്റര്‍ ഫൊട്ടോഗ്രഫി' നടത്തിയ 'ബെസ്റ്റ് വെഡിങ് ഫോട്ടോഗ്രാഫര്‍ അവാര്‍ഡ്' 2010, 2011, 2012, 2014 വര്‍ഷങ്ങളില്‍ അദ്ദേഹമാണ് നേടിയത്. അംബാനി കുടുംബവുമായും പിരമള്‍ കുടുംബവുമായും അടുപ്പമുള്ള അദ്ദേഹത്തിന്റെ ഒരു ബന്ധുക്കാരനായിരിക്കാം അദ്ദേഹത്തിന്റെ പേര് ഇരു കുടുംബങ്ങളോടും പറഞ്ഞതെന്നും വാര്‍ത്തകളുണ്ട്.

എങ്ങനെയാണ് ഫൊട്ടോഗ്രഫിയിലേക്ക് എത്തിയത്?

പണമില്ലാത്തതിനാല്‍ പഠനം കോളജ് തലത്തില്‍ ഉപേക്ഷിക്കേണ്ടി വന്നയാളാണ് വിവേക്. തുടര്‍ന്ന് ഒരു പെട്രോള്‍ പമ്പില്‍ അസിസ്റ്റന്റായി ജോലി നോക്കി. തന്റെയൊരു കൂട്ടുകാരന്റെ വാക്കു കേട്ട്, താന്‍ സെക്യൂരിറ്റി ഡെപോസിറ്റായി പെട്രോള്‍ പമ്പ് മാനേജരെ ഏല്‍പ്പിച്ച തുക തിരിച്ചു വാങ്ങി 7,000 രൂപ വിലയുള്ള ഒരു ക്യാമറ വാങ്ങി തുടങ്ങിയതാണ് അദ്ദേഹത്തന്റെ യാത്ര. സെക്യൂരിറ്റി തുക തിരിച്ചു വാങ്ങണമെങ്കില്‍ ജോലി ഉപേക്ഷിക്കണമായിരുന്നു. അത് അന്നൊരു സാഹസപ്രവര്‍ത്തിയായിരുന്നു. പക്ഷേ, തിരിഞ്ഞു നോക്കുമ്പോള്‍ കാണിച്ച സാഹസം ഇപ്പോള്‍ തന്നെ സന്തോഷവാനാക്കുന്നുവെന്ന് വിവേക് പറയുന്നു.

തന്റെ ആദ്യ സ്റ്റുഡിയോ 1997ലാണ് അദ്ദേഹം തുടങ്ങുന്നത്. മാംഗളൂരുവില്‍ തുടങ്ങിയ വിവേക് സ്റ്റുഡിയോ പെട്ടെന്നു തന്നെ പേരെടുത്തു. പ്രത്യേകിച്ചും അവിടെയുള്ള ക്രിസ്ത്യന്‍ കുടുംബങ്ങള്‍ക്കിടയില്‍ വിവേകിന് നല്ല പേരായി. വിദേശത്തടക്കം ഇതുവരെ വിവേക് 1,300 ലേറെ കല്ല്യാണങ്ങളാണ് കവർ ചെയ്തിരിക്കുന്നത്. വിവാഹിതനും മൂന്നു കുട്ടികളുടെ പിതാവുമായ വിവേക് പതിനഞ്ചിലേറെ രാജ്യങ്ങളില്‍ ഇതുവരെ കല്ല്യാണ ഫോട്ടോ എടുക്കാന്‍ പോയിട്ടുണ്ട്.

vivek-team

വിവേക് സ്റ്റുഡിയോ ഇപ്പോള്‍ അദ്ദേഹത്തിന്റെ സഹോദരന്‍ വിനയ് ആണ് നടത്തിക്കൊണ്ടു പോകുന്നത്. ലക്‌സെ ക്യാപ്‌ചേഴ്‌സ് തുടങ്ങിയത് ഈ വര്‍ഷം ജൂണിലാണ്. ആഢംബര വിവാഹങ്ങളുടെ സാധ്യത മനസ്സിലാക്കാനാണ് ഇതു തുടങ്ങിയത്. ജൂണില്‍ അറിഞ്ഞിരുന്നില്ലെങ്കില്‍ പോലും ആദ്യം നേടിയ വര്‍ക്ക് ഇഷാ-ആനന്ദ് കല്ല്യാണത്തിന്റെതായിരുന്നു. ആകാശ് അംബാനി, ശ്ലോക മേത്ത കല്ല്യാണം കവറു ചെയ്യാന്‍ കിട്ടുമോ എന്ന ചോദ്യത്തിന് തന്നെ ഇതുവരെ ക്ഷണിച്ചിട്ടില്ലെന്നും അതു കിട്ടിയാല്‍ അതീവ സന്തുഷ്ടനായിരിക്കുമെന്നും വിവേക് പറഞ്ഞു.

വിവേകിന്റേതു കൂടാതെ മറ്റൊരു ഇന്ത്യന്‍ ഫൊട്ടോഗ്രഫി ടീമും ബ്രിട്ടൻ‍, ഇറ്റലി തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള സെലബ്രിറ്റി ഫോട്ടോഗ്രാഫര്‍മാരും ഇഷാ-ആനന്ദ് കല്ല്യാണത്തിന് ഷൂട്ടു ചെയ്യാന്‍ എത്തിയിരുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CAMERAS
SHOW MORE
FROM ONMANORAMA