sections
MORE

'ഐഫോണ്‍ XR ഏറ്റവും മികച്ച ഒറ്റ ക്യാമറ സ്മാര്‍ട് ഫോണ്‍'

iPhone-XR-Camera
SHARE

ഒറ്റ ക്യാമറയുള്ള സ്മാര്‍ട് ഫോണുകള്‍ ഓര്‍മയായി തുടങ്ങുന്ന കാലമാണിത്. വേണ്ടവിധം ഉപയോഗിക്കാൻ അറിയാവുന്നവരുടെ എണ്ണം കുറവാണെങ്കിലും ഒന്നിലേറെ ക്യാമറകള്‍ പിന്നിലില്ലെങ്കില്‍ എന്തൊ കുറവുണ്ടെന്നു കരുതുന്നവരാണ് സ്മാര്‍ട് ഫോണ്‍ നിര്‍മാതാക്കളും ഉപയോക്താക്കളും. പിന്‍ക്യാമറകളുടെ എണ്ണം ഓരോ വര്‍ഷവും വര്‍ധിക്കുകയുമാണ്. അഞ്ചു പിന്‍ ക്യാമറകളുള്ള നോക്കിയ പ്യൂവര്‍വ്യൂ 2019 ആദ്യം തന്നെ വിപണിയിൽ എത്തുമെന്നാണ് അഭ്യൂഹങ്ങള്‍ പറയുന്നത്.

ക്യാമറ പ്രളയത്തിന്റെ ഒഴുക്കിനെതിരെ നീന്തുന്ന ഒരു കമ്പനിയാണ് ഗൂഗിള്‍. ഒറ്റ ക്യാമറകൊണ്ട് വേണ്ട മികവ് ഒപ്പിയെടുക്കാമെന്നു തന്നെയാണ് 2018 വരെ കമ്പനി ചിന്തിച്ചിരിക്കുന്നതെന്നും കാണാം. എന്നാല്‍ ആപ്പിളും ആ വഴി ഈ വര്‍ഷം പരീക്ഷിച്ചിരുന്നു, അവരുടെ ഐഫോണ്‍ XR മോഡലില്‍. ഡിഎക്‌സ്ഒ റാങ്കിങില്‍ ഒറ്റ ക്യാമറ സെറ്റ്-അപ് ഉള്ള ഫോണുകളില്‍ 101 പോയിന്റുമായി ഒന്നാം സ്ഥാനത്തു നിന്നിരുന്നത് ഗൂഗിള്‍ പിക്‌സല്‍ 3 ആയിരുന്നു. എന്നാല്‍, ഐഫോണ്‍ XR ഇപ്പോള്‍ 101 പോയിന്റ് തന്നെ നേടിയതായി ഡിഎക്‌സ്ഒ പറയുന്നു. 

എന്നാല്‍, നോയ്‌സ് പ്രകടനത്തിലും ആര്‍ട്ടിഫാക്ട്‌സിലും മെച്ചപ്പെട്ട പ്രകടനം നടത്തിയ ഐഫോണ്‍ XR, പിക്‌സലിനെക്കാള്‍ മികച്ച പ്രകടനം നടത്തുന്നതായി ഡിഎക്‌സ്ഒ പറയുന്നു. (ഇതെഴുതുന്ന സമയത്ത് വെബ്‌സൈറ്റില്‍ അവര്‍ പറയുന്നത് 'പിക്‌സല്‍ 2 നോടു താരതമ്യം ചെയ്യുമ്പോള്‍' എന്നാണ്. അതു തെറ്റായിരിക്കണം. പിക്‌സല്‍ 3 എന്ന് ആയിരിക്കണം ഉദ്ദേശിച്ചത്.)

ഫൊട്ടോഗ്രഫിയില്‍ 103 പോയിന്റുകളാണ് ഇരു മോഡലുകളും നേടിയിരിക്കുന്നത്. വിഡിയോയില്‍ ഐഫോണ്‍ XR മോഡല്‍ 96 പോയിന്റ് നേടിയപ്പോള്‍, പിക്‌സല്‍ 3യ്ക്ക് 98 പോയിന്റുണ്ട്. ഈ വര്‍ഷം ആപ്പിളും ഗൂഗിളിനെപ്പോലെ എച്ച്ഡിആര്‍ ഫൊട്ടോഗ്രഫി അവരുടെ ക്യാമറകളോട് സമന്വയിപ്പിക്കുകയായിരുന്നു.

ഈ വര്‍ഷത്തെ ഡിഎക്‌സ്ഒ റാങ്കിങ്ങില്‍, ഒന്നാം സ്ഥാനത്ത് 2018 ആദ്യം പുറത്തിറക്കിയ വാവെയ് P20 പ്രോ ആണ്. രണ്ടാം സ്ഥാനത്ത് ഐഫോണ്‍ XS മാക്‌സ് ഉണ്ട്. 103 പോയിന്റ് വീതം നേടിയ എച്ച്ടിസി U12+, സാംസങ് ഗ്യാലക്‌സി നോട്ട് 9, ഷവോമി Mi മിക്‌സ് 3 എന്നിവ മൂന്നും നാലും അഞ്ചും സ്ഥാനങ്ങളിലുണ്ട്. എന്നാല്‍, ഡിഎക്‌സ്ഒ 2018ലെ ഏറ്റവും മികച്ച ക്യാമറ ഫോണ്‍ എന്ന് മറ്റു പല റിവ്യൂവര്‍മാരും വിലയിരുത്തുന്ന ഫോണ്‍ ടെസ്റ്റു ചെയ്തില്ലെന്ന ആരോപണവുമുണ്ട്. വാവെയ് മെയ്റ്റ് 20 പ്രോ ആയിരിക്കാം 2018 ലെ ഫോണുകളില്‍ ഒന്നാം സ്ഥാനത്ത് എത്തേണ്ടിയിരുന്നതെന്ന് ചില റിവ്യൂവര്‍മാര്‍ വിശ്വസിക്കുന്നു. എന്തായാലും, വാവെയ് മെയ്റ്റ് 30 പ്രോ 2019ല്‍ ഈ ഫോണുകളെയെല്ലാം തോല്‍പ്പിക്കുന്ന തരം പ്രടനം നടത്തുമെന്നും കരുതുന്നു. 

പക്ഷേ, ഡിഎക്‌സ്ഒ റേറ്റിങ് അക്ഷരാര്‍ഥത്തില്‍ എടുക്കേണ്ട ഒരു കാര്യവുമില്ല. കൂടാതെ മിനിമം ഫൊട്ടോഗ്രഫി അറിവുള്ളവരായിരിക്കും ഈ ഫോണുകളുടെ മികവ് പരമാവധി ചൂഷണം ചെയ്ത് ചിത്രങ്ങളെടുക്കുക. ഒറ്റ ക്യാമറ ഉപയോഗിച്ച് കംപ്യൂട്ടേഷണല്‍ ഫൊട്ടോഗ്രഫിയിലൂടെ മികവു നിലനിര്‍ത്തുന്ന ഗൂഗിള്‍ പിക്‌സല്‍ സീരിസിനേക്കാള്‍ കുറച്ചു മുന്നിലാണ് ഐഫോണ്‍ XR എന്ന് ഡിഎക്‌സ്ഒ പറയുന്നു. പോര്‍ട്രെയ്റ്റ് ലെന്‍സ്, ബോകെ തുടങ്ങിയവയൊന്നും പരിഗണിക്കുന്നില്ലെങ്കില്‍ ഐഫോണ്‍ XR, പിക്‌സല്‍ 3 തുടങ്ങിയ ഫോണുകള്‍ നിശ്ചയമായും പരിഗണിക്കാവുന്നവയാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CAMERAS
SHOW MORE
FROM ONMANORAMA