sections
MORE

5 പിന്‍ ക്യാമറകളുമായി നോക്കിയ 9 പ്യൂവര്‍വ്യൂ; ആവേശം കൊള്ളേണ്ടതുണ്ടോ?

Nokia-9-PureView-leak
SHARE

നോക്കിയയുടെ ഏറ്റവും പുതിയ ക്യാമറ ഫോൺ നോക്കിയ 9 പ്യൂവര്‍വ്യൂ ഈ വർഷം ആദ്യത്തിൽ തന്നെ പുറത്തിറങ്ങുമെന്ന് റിപ്പോർട്ട്. 5 പിന്‍ ക്യാമറകളുള്ള ഫോണാണ് അവതരിപ്പിക്കുന്നത്. ഹാൻഡ്സെറ്റിന്റെ ചിത്രങ്ങളും വിഡിയോകളും പുറത്തുവന്നിട്ടുണ്ട്. എന്നാൽ കൂടുതൽ വിവരങ്ങൾ നോക്കിയ നിര്‍മാതാക്കളായ എച്ച്എംഡി ഗ്ലോബല്‍ പുറത്തുവിട്ടിട്ടില്ല.

നോക്കിയയുടെ ക്യാമറ ഫോൺ ചരിത്രം

നോക്കിയ 808 പ്യൂവര്‍വ്യൂ ചരിത്രത്തിലിടം പിടിച്ച ക്യാമറ ഫോണുകളിലൊന്നാണ്. അന്നത്തെ ഐഫോണോ മറ്റേതെങ്കിലും ഫോണോ ക്യാമറയുടെ പ്രകടനത്തിന്റെ കാര്യത്തില്‍ ആ മോഡലിന് അടുത്തെത്തുമായിരുന്നില്ല. സിംബിയന്‍ സിസ്റ്റത്തിലാണ് ഫോണ്‍ പ്രവര്‍ത്തിക്കുന്നതെന്നു പറഞ്ഞാണ് എതിരാളികള്‍ പുറം കൈക്കു തട്ടിക്കളഞ്ഞത്. വര്‍ഷങ്ങളായി ആ ക്യാമറയ്ക്കായി പണിയെടുത്ത എൻജിനീയര്‍മാരും ആള്‍ക്കൂട്ടത്തില്‍ മറഞ്ഞു. അവര്‍ 2012ല്‍ കൊണ്ടുവന്ന സാങ്കേതികവിദ്യ പൊലിപ്പിച്ചിരുന്നെങ്കില്‍ സ്മാര്‍ട് ഫോണ്‍ ക്യമറ ഇന്ന് പുതിയ ഉയരങ്ങളിലെത്തിയേനെ. എന്തായാലും നോക്കിയയ്ക്കും അവരുടെ അന്നത്തെ എൻജിനീയര്‍മാര്‍ക്കും അഭിമാനിക്കാവുന്ന ഒരു കാര്യം ലോകം കംപ്യൂട്ടേഷണല്‍ ഫൊട്ടോഗ്രഫിയുടെ മികവ് ആദ്യമായി ഇത്രയധികം പേരിലേക്ക് എത്തിച്ചത് അവരാണെന്നതാണ്. ആ കമ്പനി ഇന്നില്ല. എച്എംഡി ഗ്ലോബല്‍ എന്ന കമ്പനിയാണ് നോക്കിയ എന്ന ബ്രാന്‍ഡ് നെയിം വാങ്ങിയത്. കഴിഞ്ഞ വര്‍ഷം നോക്കിയയുടെ പ്രശസ്തമായ ചില ഫോണുകളുടെ പേരുകളും അവര്‍ വാങ്ങി- പ്യൂവര്‍വ്യൂ ഉള്‍പ്പെടെ.


പ്യൂവര്‍വ്യൂ സീരിസില്‍ ആദ്യമായി ഇറക്കുന്ന ഫോണാണ് നോക്കിയ 9 പ്യൂവര്‍വ്യൂ. അഞ്ചു പിന്‍ ക്യാമറകളായിരിക്കും ഇതിന്റെ പ്രത്യേകത. നേരത്തെ, ഫോണിന്റെ പിന്നില്‍ വര്‍ത്തുളാകൃതിയില്‍ സജീകരിച്ച ഏഴു ദ്വാരങ്ങളായിരുന്നു ഇതിന്റെതെന്നു പറഞ്ഞ് പ്രചരിച്ച ക്യാമറ സിസ്റ്റത്തിന്റെ ചിത്രം. മധ്യത്തിൽ ഒന്നും ചുറ്റും ആറു ദ്വാരങ്ങളും. പ്യൂവര്‍വ്യൂവിന്റെതെന്നു പറഞ്ഞ് ഇപ്പോള്‍ ഒരു വിഡിയോ ആണ് പ്രചരിക്കുന്നത്. ഇത് ഈ മോഡലിന്റെ പ്രചാരണത്തിനായി കമ്പനി തന്നെ നിര്‍മിച്ചതായിരിക്കാമെന്നാണ് ഊഹം. ഇതിലും ആ ക്യാമറ സജീകരണം തന്നെയാണുള്ളത്. ഇതില്‍ അഞ്ചു ക്യാമറ മൊഡ്യൂളുകളും, ഒരു ഡെപ്ത് സെന്‍സറും, ഒരു ഫ്ലാഷുമാണുള്ളതെന്നു കരുതുന്നു.

പ്രമോ വിഡിയോയില്‍ പറയുന്നത് അവരുടെ ഫോണ്‍ പത്തിരട്ടി വെളിച്ചം ശേഖരിക്കുമെന്നാണ്. എന്നാല്‍, ഇത് ഏതു ഫോണിനെ അപേക്ഷിച്ച് എന്നൊന്നും അറിയില്ല. ഫോട്ടോ എടുത്തുകഴിഞ്ഞ് പിന്നീടു ഫോക്കസ് സെറ്റ് ചെയ്യാവുന്ന റീ ഫോക്കസ്, എച്ച്ഡിആര്‍, വിശദാംശങ്ങള്‍ ഒപ്പിയെടുക്കുന്നതില്‍ അതുല്യമായ പ്രകടനം തുടങ്ങിയവയൊക്കെയാണ് വിഡിയോയില്‍ പറയുന്ന കാര്യങ്ങള്‍. ഈ പഞ്ച ക്യാമറ സെറ്റ്-അപ്പില്‍ ഓരോ മൊഡ്യൂളും എന്തു ചെയ്യുന്നുവെന്നും നോക്കിയ പറഞ്ഞിട്ടില്ല. എന്തായാലും ക്വാളിറ്റിയുടെ കാര്യത്തില്‍ ഗൗരവത്തിലെടുക്കാവുന്ന ഒരു കാര്യം ക്യാമറ ലെന്‍സ് സൈസ് (Zeiss) നിര്‍മിച്ചതാണ് എന്നതാണ്. ലോകത്ത് ഏറ്റവുമധികം ബഹുമാനിക്കപ്പെടുന്ന ലെന്‍സ് നിര്‍മാണ കമ്പനികളില്‍ ഒന്നാണ് സൈസ്. (സൈസിന്റെ സ്വന്തം, മള്‍ട്ടി-ലെന്‍സ് സൂം ക്യാമറ ടെക്‌നോളജി നോക്കിയ കടമെടുത്തിരിക്കുകയാണെന്നും ചില വാദങ്ങളുണ്ട്.) ഒരേ സമയം അഞ്ചു ഫോട്ടോ എടുക്കാനുള്ള കഴിവ് ഈ ക്യാമറ സെറ്റ്-അപ്പിനുണ്ടെന്ന് ചില അഭ്യൂഹങ്ങള്‍ പറയുന്നു. ഇതിലൂടെ വെളിച്ചക്കുറവുള്ള സമയത്ത് എടുക്കുന്ന ചിത്രങ്ങള്‍ക്ക് മികവു കൊണ്ടുവരാനാകും. അഞ്ചു ലെന്‍സുകളുടെ സഹകരണത്താല്‍ മികച്ച ഓഗ്‌മെന്റഡ് റിയാലിറ്റിയും ത്രിമാനതയും പ്രവര്‍ത്തിക്കുമെന്ന് കരുതുന്നു. ലെന്‍സുകള്‍ വ്യത്യസ്ത കാര്യങ്ങള്‍ക്ക് ഉപയോഗിക്കാവുന്നവയാണെന്നും അഭ്യൂഹങ്ങള്‍ പറയുന്നു. പ്രധാന ക്യാമറ, ടെലീ ഫോട്ടോ, ബ്ലാക് ആന്‍ഡ് വൈറ്റ്, കളര്‍, ബ്ലേര്‍, മള്‍ട്ടി-ലെന്‍സ് പിക്‌സല്‍ സിന്തെസിസ് എന്നിവയാണ് ലെന്‍സുകള്‍ക്കു പറഞ്ഞു കേള്‍ക്കുന്ന റോളുകള്‍.

ഫോണിനെക്കുറിച്ചുളള മറ്റ് അഭ്യൂഹങ്ങള്‍ ഇവയാണ്: പെട്ടിയില്‍ നിന്നു പുറത്തെടുക്കുമ്പോള്‍ തന്നെ ആന്‍ഡ്രോയിഡ് 9 പൈ (ആന്‍ഡ്രോയിഡ് വണ്‍) ഓപ്പറേറ്റിങ് സിസ്റ്റമായിരിക്കും. ക്വാല്‍കം സ്‌നാപ്ഡ്രാഗണ്‍ 845 പ്രൊസസറായിരിക്കും ശക്തി പകരുന്നത്. (കഴിഞ്ഞ വര്‍ഷത്തെ ഈ പ്രൊസസര്‍ ഫോണിന്റെ മാറ്റു കെടുത്തുമോ?) 5.99-ഇഞ്ച് 2K HDR10 പ്യൂവര്‍ ഡിസ്‌പ്ലെ (PureDisplay) സ്‌ക്രീനായിരിക്കും ഇതിനുള്ളത്. നോക്കിയ 7 ഹാന്‍ഡ്‌സെറ്റില്‍ ഈ ഡിസ്‌പ്ലെയായിരുന്നു ഉണ്ടായിരുന്നത്. എസ്ഡിആര്‍ വിഡിയോ എച്ഡിആര്‍ ആയിക്കാണിക്കാനുള്ള ശേഷി ഇതിനു കണ്ടേക്കും. ബെസല്‍ ചെറുതാക്കിയ ഡിസ്‌പ്ലെയ്ക്ക് ഉള്ളിൽ തന്നെയായിരിക്കും ഫിംഗര്‍പ്രിന്റ് സ്‌കാനറും. ചീ വയര്‍ലെസ് ചാര്‍ജിങ് ഫീച്ചറും ഉണ്ടായിരിക്കും. 6 ജിബി റാമും, 128 ജിബി സംഭരണശേഷിയുമുള്ള മോഡലായിരിക്കാം ഇറക്കുകയെന്നും കേള്‍ക്കുന്നു.

സിഇഎസ് 2019ല്‍ നോക്കിയ 9 പ്യൂവര്‍വ്യൂ പുറത്തിറക്കുമെന്നു കരുതുന്നു. നോക്കിയ 8 സിറോക്കൊയെക്കാള്‍ വില കൂടുതലായിരിക്കും ഇതിന്. നോക്കിയ 8 സിറോക്കൊയ്ക്ക് 49,999 രൂപയായിരുന്നു വില.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CAMERAS
SHOW MORE
FROM ONMANORAMA