ADVERTISEMENT

എന്തു പ്രഹസനമാടാ സജീ…? കുമ്പളങ്ങി നൈറ്റ്സിലെ ഈ ഡയലോഗ് പടമെടുപ്പിലും കടമെടുക്കാം. പലരും മൊബൈൽ ഫോണിൽ ചിത്രങ്ങളെടുക്കുന്നത് പ്രഹസനമാണെന്നു തോന്നാറില്ലേ? ആർക്കോ വേണ്ടി എടുക്കുന്നതു പോലെ.

 

‘ഡാ ഞാനീ പടം ഫോണിലെടുത്തതാ…’ എന്ന് അഭിമാനത്തോടെ ചിലപ്പോൾ നമ്മൾ പറയാറില്ലേ? നിങ്ങൾക്കു നല്ലതെന്നു തോന്നുന്ന എന്തോ സംഗതി ആ പടത്തിലുണ്ടാകും. നമ്മളെല്ലാവരും യാത്ര ചെയ്യുന്നവരാണ്. ഓരോ ട്രിപ്പിലും നാം എത്ര പടങ്ങളാണ് എടുക്കുന്നത്! പ്രിയപ്പെട്ടവർക്ക് ആ ലൊക്കേഷൻ കാണിച്ചു കൊടുക്കാനും സോഷ്യൽമീഡിയയിൽ പോസ്റ്റ് ചെയ്യാനും എടുക്കുന്ന പടങ്ങൾ കുറച്ചുകൂടി മെച്ചപ്പെടുത്തിയാലോ…?

 

Pic-1
ചിത്രം: ഒന്ന്

നല്ല ഫോട്ടോഗ്രാഫ് പകർത്തുന്നതിനു പ്രത്യേകിച്ചു നിയമങ്ങൾ ഒന്നുമില്ലെന്നറിയാമല്ലോ. നന്നായി പടമെടുക്കണം എന്നേയുള്ളൂ. താഴെ ഉദാഹരണമായി കൊടുത്തിരിക്കുന്നത് ഗംഭീര പടങ്ങളൊന്നുമല്ല. പക്ഷേ, ചില കാര്യങ്ങൾ മനസ്സിലാക്കാൻ ഈ ചിത്രങ്ങൾകൊണ്ടു പറ്റും. നിങ്ങളിൽ പലരും അതിഗംഭീര പടങ്ങളെടുക്കുന്നവരുമായിരിക്കും. എന്നാലും ചില ടിപ്പുകൾ നോക്കാം.

PIc-2
ചിത്രം: രണ്ട്

 

Pic-3
ചിത്രം: മൂന്ന്

ചിത്രം ഒന്ന് 

 

ചിത്രം നാല്

മറയൂരിലെ ഒരു കരിമ്പു പാടമാണിത്. നീലമലകളും കരിമ്പിൻപൂക്കളും ചിത്രത്തിനു ഭംഗിയേറ്റുന്നു. ചിത്രം രണ്ട് നോക്കുക. ഇതേ സ്ഥലത്തിന്റെ മറ്റൊരു ആംഗിൾ ആണിത്. ഈ ചിത്രത്തിലും മേൽപ്പറഞ്ഞ ഘടകങ്ങളുണ്ട്. പക്ഷേ,  ആ പ്രകൃതി എങ്ങനെയുണ്ട് എന്നറിയാൻ ഒന്നുകൂടി നല്ലത് ചിത്രം ഒന്നാണെന്നു കാണാം. (ഒരാൾ ആ ഗ്രാമവഴിയിലൂടെ നടന്നുവന്നിരുന്നെങ്കിൽ കുറച്ചുകൂടി നന്നാകുമായിരുന്നു). 

Pic-5
ചിത്രം: അഞ്ച്

 

Pic-6
ചിത്രം: ആറ്

ഈ ചിത്രങ്ങൾ ഒരു കാര്യം പറയുന്നു. ലാൻഡ്സ്കേപ് ഫൊട്ടോഗ്രഫിയിൽ വൈഡ് പടങ്ങളാണ് കുറച്ചുകൂടി നല്ലത്. ചിത്രം രണ്ട് കുറച്ചു ക്ലോസ് ആണ്. കരിമ്പിൻപൂക്കളെ തൊട്ടുതലോടിയൊരു ഗ്രാമവഴിയുണ്ട് എന്നൊക്കെ സാഹിത്യം കാച്ചാതെത്തന്നെ പടത്തിൽ നിന്നു കാര്യം പിടികിട്ടും. നമുക്കു പരിചിതമായ സംഗതികൾ പടത്തിൽ കൂടുതലായി ഉൾപ്പെടുത്തുക. ഉദാഹരണം വഴിതന്നെ. കരിമ്പിൻപൂക്കൾ എല്ലാവരും കണ്ടുകാണില്ലെങ്കിലും വഴി അങ്ങനെയല്ലല്ലോ.

 

Pic-7
ചിത്രം: ഏഴ്

ചിത്രം മൂന്ന് നാല്- ഫ്രെയിം എങ്ങനെയാകണം

 

Pic-8
ചിത്രം: എട്ട്

പലരും മൊബൈൽ ഫോൺ കുത്തനെ പിടിച്ചാണു പടമെടുക്കുക. അങ്ങനെയെടുത്ത ഒരു പടമാണ് ചിത്രം നാല്. നല്ല ഡീറ്റയിൽസ് കിട്ടേണ്ട വല്ലതുമാണെങ്കിൽ മാത്രം കുത്തനെ ഫ്രെയിം ചെയ്യുക. അല്ലെങ്കിൽ തിരശ്ചീനമായിത്തന്നെ ഫ്രെയിം സെറ്റ് ചെയ്യുക. ചിത്രം മൂന്നിൽ ആ ക്ഷേത്രത്തിന്റെ കൂടുതൽ കാഴ്ച കിട്ടുന്നുണ്ട്. കുറച്ചുകൂടി പിന്നോക്കം പോയി  വൈഡ് ആക്കാമായിരുന്നു ഈ ഫ്രെയിം, എങ്കിലും വെർട്ടിക്കൽ ഫ്രെയിമിനെക്കാൾ ആ കെട്ടിടസമുച്ചയത്തിന്റെ സ്വഭാവം കിട്ടുക ചിത്രം മൂന്നിലാണ്. അപ്പോൾ ഇനി ക്യാമറ എടുക്കുമ്പോൾ കുത്തനെ വേണോ എന്ന് ആലോചിക്കുക.

 

Pic-9
ചിത്രം: ഒൻപത്

ഒരു ഒബ്ജക്ടിനെ ഉൾക്കൊള്ളിക്കുക

 

drop-water-macro-lens

ഭംഗിയുള്ള പല പടങ്ങൾക്കും ജീവനുണ്ടാകില്ല. കാരണം ലളിതം. അതിൽ ഒരു ഒബ്ജക്ടിന്റെ അഭാവമുണ്ടായിരിക്കും. നമ്മൾ പടമെടുക്കുമ്പോൾ ഭംഗിയും ലൈഫും വേണം. ചിത്രം അഞ്ചും ആറും താരതമ്യം ചെയ്തുനോക്കുക. അഞ്ചിൽ സ്ഥലത്തിനു ഭംഗിക്കുറവൊന്നുമില്ല. എന്നാൽ ഒരാൾ കുടചൂടി ആ വഴി നടന്നുപോകുമ്പോൾ അല്ലേ ചിത്രത്തിനൊരു ജീവൻ വയ്ക്കുന്നത്? ആരും കുടചൂടി നടക്കാനില്ലെങ്കിൽ നിങ്ങളുടെ സുഹൃത്തിനെത്തന്നെ അങ്ങോട്ടു പറഞ്ഞയക്കാം.

 

Pic-11
ചിത്രം: പതിനൊന്ന്

ഫ്രയിം ചെയ്യാൻ പറ്റിയില്ലെങ്കിലോ

 

വേഗത്തിലോടുന്ന ഒരു ട്രയിനിൽനിന്നാകാം നല്ലൊരു സായാഹ്നക്കാഴ്ച നിങ്ങൾക്കു കിട്ടുക. ഓരോ തവണ പടമെടുക്കുമ്പോഴും പാളത്തിനപ്പുറത്തെ മരങ്ങളും മറ്റും ഫ്രെയിമിൽ വന്നു രസമില്ലാതാക്കുന്ന അനുഭവം പലർക്കുമുണ്ടാകും. മൊബൈൽ ക്യാമറ ഓട്ടത്തിൽ അത്ര പെട്ടെന്നു ഫോക്കസ് ചെയ്യുകയില്ല. അതുകൊണ്ടുതന്നെ നമുക്കിഷ്ടപ്പെട്ട ഫ്രെയിം കിട്ടാതാകും. അതിനൊരു എളുപ്പവഴിയുണ്ട്. അനക്കാതെ നല്ലൊരു വീഡിയോ പിടിക്കുക. ശേഷം മരവും കമ്പിയും ഒന്നുമില്ലാത്ത ഫ്രെയിമിന്റെ സ്ക്രീൻഷോട്ട് എടുക്കുക. ചിത്രം ഏഴ് അങ്ങനെ പകർത്തിയ സായാഹ്നക്കാഴ്ചയാണ്. സ്റ്റിൽ ഫോട്ടോ എടുക്കുന്നതിന് അടുത്ത് ഗുണമേൻമ സ്ക്രീൻഷോട്ടുകൾക്കുമുണ്ടെന്നു കണ്ടാലറിയുമല്ലോ.

 

വെറൈറ്റിയല്ലേ

 

നമുക്കു പരിചയമുള്ള വസ്തുവിനെ അതേപോലെ പകർത്തുന്നതിൽ എന്താണു ഹീറോയിസം…? ഉദാഹരണം ചക്ക. ഇതു ചക്കയാണ് എന്നു പറഞ്ഞുകൊടുക്കാൻ പടം പകർത്തേണ്ട കാര്യമുണ്ടോ.. അന്നേരം ചക്കയുടെ വ്യത്യസ്തമായ പടങ്ങളെടുക്കാം. ചിത്രം എട്ട്. ചക്കമുള്ള് മാത്രമേയുളളൂ. നമ്മൾ കാണുന്ന വസ്തുക്കളുടെ വേറിട്ടൊരു ആംഗിൾ എപ്പോഴും രസകരമായിരിക്കും.

 

കാത്തിരിക്കുക

 

ജലാശയങ്ങളുടെ പടത്തിൽ പ്രതിഫലനത്തിനു വലിയ റോളുണ്ട്. ഒന്നുകിൽ അതിരാവിലെ ചെന്നു പടമെടുക്കുക. നീലമലകളും പച്ചപ്പും ജലാശയത്തിൽ പ്രതിഫലിക്കുന്നു പകർത്താം. അല്ലെങ്കിൽ ഓളങ്ങളടങ്ങുന്നതുവരെ കാത്തിരിക്കാം (സമയമുണ്ടെങ്കിൽ )- ചിത്രം ഒൻപത്.

 

വസ്തുക്കളുടെ അടുത്തുപോകുക

 

ഒരു ശലഭത്തിന്റെ അല്ലെങ്കിൽ ഒരു ജീവിയുടെ പടം ഫോണിലെടുക്കണം. ഫോണിനു ടെലി ലെൻസുണ്ടോ…?  ഇല്ല. അപ്പോൾ നാം ഫോണുമായി ആ ജീവിയുടെ അടുത്തു ചെല്ലണം. (കുത്തു കിട്ടുന്ന കടന്നലോ മറ്റോ ആണെങ്കിൽ ഈ വാദം ആപ്ലിക്കബിൾ അല്ലെന്നറിയാമല്ലോ ലേ). ദൂരെ നിന്നു പടമെടുക്കുന്നത് പ്രഹസനമാകും. ജീവിയുടെ ഒരു ഡീറ്റയിൽസും കിട്ടുകയില്ല. ധൈര്യത്തോടെ ജീവിയുടെ അടുത്തേക്കു നടന്നടുക്കു. പറന്നുപോയാൽ പോകട്ടെ, എന്തായാലും ദൂരെനിന്നു പകർത്തുന്നതിനെക്കാൾ സംതൃപ്തി നിങ്ങൾക്കു കിട്ടും തീർച്ച. ഇനി നല്ലൊരു പടം കിട്ടിയാലോ…?  ചിത്രത്തിൽ വളരെ അടുത്തുനിന്നാണ് ഇവനെ പകർത്തിയത്. കാലിലെ മുള്ളും തലയിലെ കൊമ്പും വരെ കാണുന്നില്ലേ…? അപകടകാരിയല്ലെങ്കിൽ അടുത്തുചെന്നുതന്നെ പടമെടുക്കാം, കൂടുതൽ ഡീറ്റയിൽസ് ഉൾക്കൊള്ളിക്കാം. 

 

ലീഡിങ് ലൈനുകൾ

 

പ്രകൃതിക്ക് ഒരു പാറ്റേൺ ഉണ്ടെന്നറിയാമല്ലോ. പടങ്ങളിൽ ഇതുൾപ്പെടുത്താം. ഫൊട്ടോഗ്രഫിയിൽ ഈ പാറ്റേണുകളെ വേണമെങ്കിൽ ലീഡിങ് ലൈനുകൾ എന്നു പറയാം. ചിത്രം പതിനൊന്നിൽ അത്തരം ലീഡിങ് ലൈനുകൾ കാണാം. സാധാരണയായി ഒരു ഒബ്ജക്ടിലേക്കാണ് ആ ലൈനുകൾ ചേർക്കേണ്ടത്. ഉദാഹരണത്തിന് നമ്മുടെ കണ്ണ് ആദ്യം പായുക ആ ലൈനുകളിലൂടെയാണ്. ഇവിടെ ലൈനുകളുടെ അറ്റത്ത് ഒരു ആളുണ്ടായിരുന്നെങ്കിൽ അയാളിലേക്കാണ് നമ്മുടെ ശ്രദ്ധ മുഴുവൻ പോകുക. നിങ്ങളുടെ പടത്തിൽ ഇത്തരം ലൈനുകൾ കണ്ടെത്തുക. അമ്പലച്ചുമരുകളിലെ വിളക്കുവരികൾ, പടവുകൾ തുടങ്ങി നിങ്ങൾക്കു പരിചയമുള്ളിടങ്ങളിലെല്ലാം സൂക്ഷിച്ചുനോക്കിയാൽ കാണാം ലീഡിങ് ലൈനുകൾ.

 

വീണ്ടും പറയുന്നു ഫൊട്ടോഗ്രഫി മെച്ചപ്പെടുത്താൻ ഇന്നയിന്ന റൂളുകൾ ഒന്നുമില്ല. ചില കാര്യങ്ങളിൽ ശ്രദ്ധിച്ചാൽ നല്ല പടങ്ങളെടുക്കാം. ഇല്ലെങ്കിൽ പ്രഹസനം പോലെ പടമെടുത്തു നമ്മുടെ മെമ്മറി കാർഡു നിറയ്ക്കാം. പടങ്ങളെല്ലാം സാംസങ് നോട്ട് ഫോർ ഉപയോഗിച്ച് എടുത്തവയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com