sections
MORE

കാനോൺ ക്യാമറാ പ്രേമികളെ കാത്തിരിക്കുന്നത് സന്തോഷ വാർത്തയോ?

HIGHLIGHTS
  • 15 ആർ എഫ് ലെൻസുകളാണ് കാനോണിൽ നിന്നും 2021 നകം പ്രതീക്ഷിക്കുന്നത്
canon
SHARE

ഈ വർഷം മിറർലെസ്സ് വിപണിയിലെ കൊടുമ്പിരികൊണ്ടിരിക്കുന്ന ബ്രാൻഡ് യുദ്ധത്തിൽ മുന്നേറാൻ ആർഎഫ് (RF) മൗണ്ട് മിറർലെസ്സ് ക്യാമറാ ലെന്സുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണെന്ന് കാനോൺ അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ കാനോണിൽ നിന്നും 2019ൽ ഒരു ഇ.എഫ് ലെൻസ് പോലും പ്രതീക്ഷിക്കേണ്ടതില്ല. എന്നാൽ കാനോൺ പുറത്തിറക്കാനൊരുങ്ങുന്ന മിറർലെസ് ലെൻസുകളെ ഏറെ പ്രതീക്ഷയോടെയാണ് കാനോൺ ക്യാമറാ പ്രേമികൾ കാത്തിരിക്കുന്നത്. നിക്കോൺ പുറത്തിറക്കിയത് പോലെ വരാനിരിക്കുന്ന ലെൻസുകളുടെ ഒരു ഉദ്ദേശ പട്ടിക പുറത്തിറക്കാൻ കാനോണിന് കഴിഞ്ഞിട്ടില്ലെങ്കിലും വരുന്ന മൂന്നു വർഷത്തിനുള്ളിൽ നിരവധി മികച്ച ലെൻസുകൾ കാനോണിൽ നിന്നും പ്രതീക്ഷിക്കാം. (നിക്കോണിന്റെ ലെൻസ് സാധ്യതാ പട്ടിക അനുസരിച്ച് 2021 വരെയുള്ള മൂന്നു വർഷക്കാലയളവിൽ 23 മിറർലെസ്സ് ക്യാമറാ മൗണ്ട് ലെൻസുകളാണ് വിപണിയിലെത്തുക).

canon1
കാനോൺ ഇ ഒ എസ് ആർ ക്യാമറക്കായി ഇത് വരെ പുറത്തിറക്കിയ നാല് ആർ എഫ് ലെൻസുകൾ

ഇതിനകം കാനോൺ പ്രഖ്യാപിച്ചിട്ടുള്ള നാല് ആർഎഫ് ലെൻസുകളാണ് 24-105 എം.എം.- എഫ് / 4എൽ, 28-70 എം.എം.- എഫ് / 2എൽ , 50 എം.എം.- എഫ് / 1.2എൽ , 35എം.എം.- എഫ് / 1.8 മാക്രോ എന്നിവ. ഈ നാലു ലെൻസുകളുടെ കൂട്ടത്തിലേക്ക് 16-35 എം.എം.- എഫ്/2.8എൽ , 24-70 എം.എം.- എഫ്/2.8എൽ ,70-200 എം.എം.- എഫ്/2.8എൽ  ഐഎസ്, 105എം.എം.- എഫ്/ 1.4എൽ , 85 എം.എം.- എഫ്/ 1.8 എസ്. ടി.എം; കൂടാതെ ഒരു  മാക്രോ ലെൻസ്, നോൺ- എൽ കിറ്റ് ലെൻസ് എന്നീ ഏഴു ലെൻസുകളാണ് (ഈ പട്ടിക സൂചനകൾ അനുസരിച്ചുള്ളതാണ് ഇതിൽ മാറ്റങ്ങൾ വന്നേക്കാം) വീണ്ടും വരുമെന്ന് പ്രതീക്ഷിക്കുന്നത്. ഇതോടെ വരും വർഷങ്ങളിൽ പതിനൊന്നോളം ആർഎഫ് ലെൻസുകൾ കാനോണിൽ നിന്നുമെത്തും. ഈ സാധ്യതാ പട്ടിക വിപണിയിലെ മത്സരത്തിന്റെ കാഠിന്യം അനുസരിച്ച് വികസിക്കാനോ ചുരുങ്ങാനോ സാധ്യതകളുണ്ട്.

canon2

ഈ വർഷം കാനോണിൽ നിന്നും ഇഒഎസ്ആർ അധിഷ്ഠിത ബോഡിയിൽ ഒരു എൻട്രി ലെവൽ ക്യാമറ പുറത്തിറങ്ങുമെന്നും സൂചനയുണ്ട്. എന്തായാലും ഏകദേശം 15 ആർ എഫ് ലെൻസുകളാണ് കാനോണിൽ നിന്നും 2021 നകം പ്രതീക്ഷിക്കുന്നത്. ഈ വർഷം ആർ എഫ് ലെൻസുകളുടെ നിർമാണത്തിൽ സജീവമാകുന്ന കാനോൺ 2020 ആദ്യം മുതൽ പുതിയ ഇ എഫ് മൗണ്ട് ലെൻസുകൾ വിപണിയിലെത്തിക്കും. അതായത് മിറർലെസ്സിനൊപ്പം ഡിഎസ്എൽ ആർ ക്യാമറാ & ലെൻസ് വിപണിയെയും സജീവമാക്കി നിർത്താനാണ് കാനോൺ ശ്രമിക്കുന്നത്.

പുതുതായി പ്രഖ്യാപിച്ചിരുന്ന കാനോൺ ആർഎഫ് ലെൻസുകളിൽ മൂന്നു കാനോൺ ആർഎഫ് ലെൻസുകളും സവിശേഷമായ എൽ-സീരീസ് ഒപ്റ്റിക്സ് ശ്രേണിയിൽപ്പെടുത്താവുന്നവയാണ്. മികച്ച ചിത്രങ്ങളും വിഡിയോകളും സമ്മാനിക്കുന്ന ഈ ലെൻസുകൾ, പൊടിയിൽ നിന്നുള്ള സംരക്ഷണം, വാട്ടർ റെസിസ്റ്റന്റ് എന്നീ നിർമാണസവിശേഷതകളോടെയാണ് വിപണിയിയിലെത്തുന്നത്. നാലു പുതിയ ആർ എഫ് (RF) ലെൻസുകളും കസ്റ്റമൈസേഷൻ സാധ്യമാകുന്ന കൺട്രോൾ വളയത്താൽ സവിശേഷമാക്കപ്പെട്ടിരിക്കുന്നു. ഫോട്ടോഗ്രാഫർമാർക്ക് ഇഷ്ടാനുസരണം എക്സ്പോഷർ കോംപൻസേഷൻ, ഷട്ടർ സ്പീഡ്, അപ്പെർച്ചർ അല്ലെങ്കിൽ ഐഎസ്ഒ എന്നിവ ക്രമീകരിക്കാൻ ഈ കൺട്രോൾ റിങ് അനുവദിക്കുന്നു.

canon3
കാനോൺ 28-70 എം.എം.- എഫ്/2എൽ സ്റ്റാൻഡേർഡ് സൂം ലെൻസ്

കാനോൺ   ആർഎഫ്  28-70 എംഎം-എഫ്/  2 എൽ  USM ലെൻസ്, എഫ്/  2 അപ്പേർച്ചറോടെ എത്തുന്ന  ലോകത്തിലെ ആദ്യത്തെ സ്റ്റാൻഡേർഡ് സൂം ലെൻസാണെന്നാണ് കാനോൺ  അവകാശപ്പെടുന്നത്  അതിശയകരമായ ബൊക്കെ ലഭിക്കുന്ന വലിയ അപ്പേർച്ചർ ഉപയോഗിച്ച് വിവാഹങ്ങൾ, പോർട്രെയ്റ്റുകൾ എന്നിവ പകർത്താൻ ഈ ലെൻസ്   മികച്ചതാണ്. ലാൻഡ്സ്കേപ്പുകൾ പകർത്തുവാനും ആർഎഫ്  28-70എംഎം-എഫ്/  2 എൽ  USM ലെൻസ് ഫലപ്രദമായി ഉപയോഗിക്കാനാകും.  കാനോണിൽ നിന്നുള്ള  ഈ പുതിയ ലെൻസ്, സമാനമായ ഫോക്കൽ ലെംഗ്തോട് കൂടിയ EF- സീരീസ് ലെൻസുകളേക്കാൾ  മികച്ച ഒപ്റ്റിക്കൽ ഇമേജ് ക്വാളിറ്റിയും ഷാർപ്നെസും നൽകുന്നു. ഏറ്റവും ജനപ്രീതിയുള്ളതും മികച്ചതുമായ എഫ്  24-70 എംഎം എഫ് / 2.8L II USM ലെന്സുകളുമായി നടത്തിയ താരതമ്യ പഠനത്തിലാണ് ഈ ആർഎഫ് ലെൻസ് മുൻപന്തിയിലാണെന്നു കണ്ടെത്തിയത്.

canon4
കാനോൺ ആർ എഫ് 50 എംഎം-എഫ് 1.2 എൽ യു.എസ്.എം. ലെൻസ്

ഓരോ പോർട്രൈറ് ഫോട്ടോഗ്രാഫറൻമാരും ആഗ്രഹിക്കുന്ന ലെൻസാണ് കാനോൺ ആർ എഫ് 50 എംഎം-എഫ്  1.2 എൽ യു.എസ്.എം. ലെൻസ്. വലിയ  എഫ് / 1.2 അപ്പെർച്ചറോട് കൂടിയ ലെൻസിൽ ഉപയോഗിച്ചിരിക്കുന്ന  കാനോണിന്റെ  എയർ സ്ഫിയർ കോട്ടിങ്  (എഎസ് സി) ടെക്നോളജി; നിക്കോണിന്റെ ആന്റി റിഫ്ലെവീവ് നാനോ ക്രിസ്റ്റൽ കോട്ടിങിന് സമാനമായി ഫ്ലെയർ, ഗോസ്റ്റിങ്ങ് എന്നിവ ഫലപ്രദമായി കുറയ്ക്കാൻ സഹായിക്കും. 0.59 ഇഞ്ച് മുതൽ  അകലെയുള്ള വസ്തുക്കൾ ഫുൾ ഫ്രെയിം സെൻസറുകളിൽ കൃത്യതയോടെ പകർത്താൻ ഈ ലെൻസ് സഹായിക്കും.

പുതിയ EOS R ക്യാമറക്ക് ഒരു ഓൾ റൗണ്ട് യൂട്ടിലിറ്റി ലെൻസ് ആവശ്യപ്പെടുന്ന ഫോട്ടോഗ്രാഫർമാരെ തൃപ്തിപ്പെടുത്തുന്ന ലെൻസാണ് കാനോൺ ആർ എഫ്  24-105 എം എം-എഫ് /4 എൽ IS USM ലെൻസ്. ലെൻസുകളേക്കാൾ കൂടുതൽ കാണണം. ഇ എഫ് 24-105എംഎം എഫ് / 4 എൽ IS II USM നേക്കാൾ ഒൻപതു ശതമാനം നീളം കുറഞ്ഞ ഈ കോംപാക്ട് ലെൻസ് നാനോ യുഎസ്എം സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തിയിരിക്കുന്ന ആദ്യത്തെ എൽ-സീരീസ് ലെൻസാണ്. ചെറിയ ചിപ്പ് ആകൃതിയിലുള്ള അൾട്രാസോണിക് മോട്ടർ ഉയർന്ന വേഗത്തിൽ, മിഴിവേറിയ ചിത്രങ്ങൾ പകർത്താൻ സഹായിക്കുന്നതിനൊപ്പം നിശബ്ദവുമായ പ്രവർത്തനവും ഫുൾ ടൈം മാനുവൽ ഫോക്കസ് (വൺ  ഷോട്ട് AF ഉപയോഗിക്കുമ്പോൾ) സൗകര്യവും നൽകുവാനായി രൂപകൽപ്പന ചെയ്തിരിക്കുന്നു.

canon5
കാനോൺ ആർ എഫ് 24-105 എംഎം-എഫ്/4 എൽ യുഎസ്എം ലെൻസ്

വേഗതയേറിയ വൈഡ് ആംഗിൾ സിംഗിൾ ഫോക്കസ് ലെൻസായ കാനോൺ ആർ.എഫ് 35 എംഎം -എഫ് / 1.8 മാക്രോ IS STM ലെൻസ് പോക്കറ്റിന് താങ്ങാനാവുന്ന ബജറ്റിലുള്ള കോംപാക്റ്റ് ലെൻസ് സ്വന്തമാക്കാൻ ശ്രമിക്കുന്ന ഫോട്ടോഗ്രാഫർമാർക്കുള്ള മികച്ച ഓപ്ഷനാണ്. പൂക്കൾ, ഭക്ഷണവസ്തുക്കൾ, ഷഡ്പദങ്ങൾ തുടങ്ങിയയുടെ മാക്രോ ഫോട്ടോഗ്രാഫി ഏറെ എളുപ്പത്തിൽ ഈ ലെൻസ് ഉപയോഗിച്ച്  പകർത്താൻ കഴിയും.

മറ്റു മിറർലെസ്സ് ക്യാമറാ നിർമാതാക്കളേക്കാൾ ഏറെ പിന്നിലാണ് നിലവിൽ കാനോണിന്റെയും നിക്കോണിന്റെയും സ്ഥാനം. സോണി പോലെയുള്ള  ക്യാമറാ ബ്രാൻഡുകൾ കേരളത്തിലെ പരമ്പരാഗത ബ്രാൻഡുകളേക്കാൾ മിറർലെസ്സ് ക്യാമറാ വിപണിയിൽ ഏറെ ദൂരം പിന്നിട്ടു കഴിഞ്ഞതിനാൽ നിക്കോണിനും കാനോണിനും ക്യാമറാ വിപണിയിൽ വീണ്ടും സജീവമാകാൻ ഏറെ വിയർപ്പൊഴുക്കേണ്ടതായി വരും. അത്തരത്തിലൊരു നീക്കമാണ് ഒരു വർഷക്കാലം മറ്റെല്ലാം മാറ്റിവച്ചു കൊണ്ട് മിറർലെസ്സ് വിപണിയിൽ ശ്രദ്ധിക്കാനുള്ള കാനോണിന്റെ ശ്രമത്തെ ക്യാമറാ വിപണി നോക്കിക്കാണുന്നത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CAMERAS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA