ADVERTISEMENT

ക്യാമറകളെയും മൊബൈല്‍ ഫോണ്‍ ക്യാമറകളെയും ശാസ്ത്രീയമായി അപഗ്രഥിച്ച് ശേഷിക്കനുസരിച്ച് റാങ്ക് നല്‍കുന്ന വെബ്‌സൈറ്റായ ഡിഎക്‌സ്ഒമാര്‍ക്ക്, സെല്‍ഫി ക്യാമറകളെയും വിലയിരുത്താന്‍ തുടങ്ങിയിരിക്കുന്നു. പന്ത്രണ്ടു ഫോണുകളെയാണ് ആദ്യം ടെസ്റ്റു ചെയ്തിരിക്കുന്നത്. ഇവയില്‍ മൊത്തം സ്‌കോറിന്റെ കാര്യത്തില്‍ ഗൂഗിള്‍ പിക്‌സല്‍ 3യും (92 പോയിന്റ്), സാംസങ് ഗ്യാലക്‌സി നോട്ട് 9നും (92 പോയിന്റ്) സംയുക്തമായി ഒന്നാം സ്ഥാനത്തും, ഷവോമി MI മിക്‌സ് (83 പോയിന്റ്) രണ്ടാം സ്ഥാനത്തും, ഐഫോണ്‍ XS മാക്‌സ് (81 പോയിന്റ്) മൂന്നാം സ്ഥാനത്തും ആണുള്ളത്. ഒന്നും രണ്ടും സ്ഥാനക്കാര്‍ തമ്മിലുള്ള അന്തരം വളരെ വലുതാണെന്നു കാണാം. ഏറ്റവും മികച്ച മുന്‍ ക്യാമറ സിസ്റ്റങ്ങളില്‍ ഒന്നായി ഒന്നര വര്‍ഷം മുൻപു കണ്ടിരുന്ന ഐഫോണ്‍ X ഏഴാം സ്ഥാനത്താണുള്ളത്.

 

ഫോട്ടോയില്‍ ഒന്നാം സ്ഥാനം പിക്‌സല്‍ 3യ്ക്ക്

 

ഒന്നാം സ്ഥാനത്തുള്ള പിക്‌സല്‍ 3യും ഗ്യാലക്‌സി നോട്ട് 9നും മൊത്തം ഒരേ പോയിന്റാണ് കിട്ടിയിരിക്കുന്നതെങ്കിലും അവ തമ്മിലും വ്യത്യാസമുണ്ട്. മികച്ച ഫോക്കസിങ് സംവിധാനം പിക്‌സലിനാണെങ്കില്‍ മികച്ച എക്‌സ്‌പോഷറും കളറും ഗ്യാലക്‌സി നോട്ട് 9നാണെന്ന് ഡിഎക്‌സ്ഒ പറയുന്നു. സെല്‍ഫികള്‍ എടുക്കുമ്പോള്‍ കൂടുതല്‍ സ്വാഭാവികതയുള്ള ചിത്രം ഗ്യാലക്‌സി നോട്ട് 9ന്റെതാണ്. എന്നാല്‍, വെളിച്ചക്കുറവുള്ള സ്ഥലത്തുവച്ച് എടുക്കുന്ന സെല്‍ഫി പിക്‌സല്‍ 3യുടെതാണു മികച്ചത്. വെളിച്ചക്കുറവില്‍ സാംസങ്ങിന്റെ ഫോണില്‍ വിശദാംശങ്ങള്‍ കുറവാണ്. പക്ഷേ, കൂടുതല്‍ ക്ലീന്‍ ഫോട്ടോ അവരുടെതാണ്. എന്നാല്‍ മൊത്തത്തിലുള്ള പ്രകടനം നോക്കിയാല്‍ പിക്‌സലിന്റെ ഫോട്ടോകള്‍ക്ക് ഒരു നെല്ലിട മുന്‍തൂക്കം നല്‍കാമെന്ന് അവര്‍ പറയുന്നു. ഈ കാരണങ്ങള്‍ കൊണ്ട് സെല്‍ഫി ഫോട്ടോയുടെ മാത്രം കാര്യമെടുത്താല്‍ ഗൂഗിള്‍ പിക്‌സല്‍ 3യ്ക്കാണ് ഒന്നാം സ്ഥാനം–99 പോയിന്റ്. ഗ്യാലക്‌സി നോട്ട് 9ന് 96 പോയിന്റാണ് നല്‍കിയിരിക്കുന്നത്. ഷവോമിയാണ് Mi മിക്‌സാണ് മൂന്നാം സ്ഥാനത്ത്-83 പോയിന്റ്. 81 പോയിന്റുമായി ഐഫോണ്‍ XS മാക്‌സ് നാലാം സ്ഥാനത്തുണ്ട്.

 

വിഡിയോയില്‍ ഒന്നാം സ്ഥാനം നോട്ട് 9ന്

 

മുന്‍ക്യാമറ ഉപയോഗിച്ച് എടുക്കുന്ന വിഡിയോയുടെ കാര്യത്തില്‍ ഒന്നാം സ്ഥാനം ഗ്യാലക്‌സി നോട്ട് 9നാണ് - 86 പോയിന്റ്. മികച്ച സ്റ്റബിലൈസേഷന്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നതാണ് ഇതിനു കാരണം. രണ്ടാം സ്ഥാനത്തുള്ളത് ഷവോമി Mi മിക്സ് ആണ്-85 പോയിന്റ്. മൂന്നാം സ്ഥാനത്ത് പിക്‌സല്‍ 3യാണ്- 83 പോയിന്റ്. 82 പോയിന്റുളള ഐഫോണ്‍ XS മാക്‌സാണ് നാലാം സ്ഥാനത്ത്.

 

പിന്‍ ക്യാമറകളുടെ കാര്യത്തില്‍ ഒന്നാം സ്ഥാനത്തുള്ള വാവെയ് മെയ്റ്റ് 20 പ്രോയും P20 പ്രോയും പിന്നിലാണ്. മൊത്തം സ്‌കോറിന്റെ കാര്യത്തില്‍ മെയ്റ്റ് 20 പ്രോ, ഗൂഗിള്‍ പിക്‌സല്‍ 2നു പിന്നില്‍ ഏഴാം സ്ഥാനത്താണ്. P20 പ്രോ ഒൻപതാം സ്ഥാനത്താണ്. പല വിലകളുള്ള ഫോണുകളെ ഉള്‍പ്പെടുത്തുന്നതിന്റെ ഭാഗമായി ഇന്റെക്‌സ് അക്വാ സെല്‍ഫിയെയും വിലയിരുത്തിയിട്ടുണ്ട്. ലഭിച്ച മൊത്തം സ്‌കോര്‍ 22 ആണ്. ഇന്റക്‌സിന്റെ ഫോട്ടോ സ്‌കോര്‍ 17ഉം, വിഡിയോ സ്‌കോര്‍ 29മാണ്. 

 

ഐഫോണ്‍ XS മാക്‌സ്, പ്രകാശമുള്ള സ്ഥലത്ത് വളരെ മികച്ച പ്രകടനം പുറത്തെടുക്കുമെങ്കിലും പ്രകാശം കുറയുന്നതനുസരിച്ച് പ്രകടനവും കുറയുന്നതു കാണാമെന്ന് ഡിഎക്‌സ്ഒ നിരീക്ഷിക്കുന്നു. ഈ മോഡലിനോട് സമാനമായ പ്രകടനമാണ് മൊത്തം 81 പോയിന്റ് നേടിയ സാംസങ് ഗ്യാലക്‌സി S9 നടത്തിയിരിക്കുന്നത്. ഐഫോണ്‍ Xന് മൊത്തം സ്‌കോര്‍ 71 ആണ്. ഗൂഗിള്‍ പിക്‌സല്‍ 2ന് ആറാം സ്ഥാനമാണുള്ളത്-77 പോയിന്റ്. കൂടുതല്‍ ഫോണുകളുടെ ടെസ്റ്റ് നടത്തുന്നതോടെ ഈ റാങ്കിങ്ങില്‍ മാറ്റം വരാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com