sections
MORE

രൂപരേഖ 'ഫോട്ടോ' ആക്കി മാറ്റുന്ന മാന്ത്രികവിദ്യയുമായി എന്‍വിഡിയ

Waterfill-capture
SHARE

ജീവിച്ചിരുന്നിട്ടില്ലാത്തവരുടെ ചിത്രങ്ങള്‍ സൃഷ്ടിക്കുന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റെ റിപ്പോർട്ട് വായിച്ചത്‌  ഓര്‍ക്കുമല്ലോ. അതുപോലെ തന്നെ താത്പര്യജനകമായ മറ്റൊരു മാന്ത്രികവിദ്യയുമായി എത്തിയിരിക്കുകയാണ് പ്രമുഖ ടെക്‌നോളജി കമ്പനിയായ എന്‍വിഡിയ. തങ്ങളുടെ പുതിയ ആപ്പില്‍ വെറുതെ വരച്ചു കൊടുത്താല്‍ യാഥാര്‍തഥ്യമെന്നു തോന്നിക്കുന്ന 'ഫോട്ടാകള്‍' സൃഷ്ടിക്കുകയാണ് ഇതു ചെയ്യുന്നത്. അധികം വൈകാതെ ഏതാനും വരകള്‍ മാത്രം വരച്ചാല്‍ സുന്ദരമായ ലാന്‍ഡ്‌സ്‌കെയ്പ് ചിത്രം ഇഷ്ടാനുസരണം സൃഷ്ടിച്ചെടുക്കാവുന്ന കാലമാണു വരുന്നതെന്നു കാണാം.

മൂന്നു ടൂളുകളാണ് ഇവിടെ ഉപയോക്താവിനു ആപ്പില്‍ ലഭിക്കുന്നത്. പെയിന്റ് ബക്കറ്റ്, പെന്‍,  പെന്‍സില്‍ എന്നിവയാണു കിട്ടുന്നത്. ഇതു മാത്രം മതി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനെകൊണ്ട് ഭാവനയിലുള്ള ഒരു ലാന്‍ഡ്‌സെകെയ്പ് മിശ്രണം ചെയ്യിച്ചെടുക്കാന്‍! ഉപയോക്താവു നല്‍കുന്ന കമാന്‍ഡുകള്‍ ഉപയോഗിച്ച് ഓരോ ചിത്രവും അനന്യമായി സൃഷ്ടിച്ചെടുക്കാനും എന്‍വിഡിയയുടെ ആര്‍ട്ടിഫിഷ്യന്‍ ഇന്റലിജന്‍സിനു സാധിക്കും. നിങ്ങള്‍ വെള്ളച്ചാട്ടം സെലക്ടു ചെയ്ത് മുകളില്‍ നിന്ന് താഴേക്കു വരച്ചാല്‍ ഉടനെ വെള്ളച്ചാട്ടം പ്രത്യക്ഷപ്പെടുകയായി. പെയിന്റ് ബക്കറ്റ് ഉപയോഗിച്ച് ഒരു വൃത്തം വരച്ചാല്‍ മേഘങ്ങളുമായി. 

രണ്ടു പേര്‍ ഒരുമിച്ചു വരുത്തുന്ന മാറ്റങ്ങൾ ഉള്‍ക്കൊള്ളിക്കാനും പുതിയ സാങ്കേതികവിദ്യയ്ക്കാകും. തങ്ങളുടെ ന്യൂറല്‍ നെറ്റ്‌വര്‍ക്കിനു പരിശീലനം നല്‍കാന്‍ കമ്പനി ഉപയോഗിച്ചിരിക്കുന്നത് ഫ്‌ളിക്കറിന്റെ ക്രീയേറ്റീവ് കോമണ്‍സില്‍ നിന്നുള്ള ഫോട്ടോകളാണ്. ആപ്പിനുള്ളില്‍ നിന്നു തന്നെ കാലാവസ്ഥയും യഥേഷ്ടം മാറ്റാം! മരങ്ങളുടെ ഇല പൊഴിക്കുകയോ പൂക്കാലം വരുത്തുകയോ മഴയും മഞ്ഞും പൊഴിക്കുകയോ എന്തും ചെയ്യാം!

സിനിമയും മറ്റും സംവിധാനം ചെയ്യുന്നവര്‍ക്ക് ഇത് ഏറെ ഉപകരിക്കുമെന്ന് കരുതുന്നു. സര്‍ഗശേഷിക്കു മറ്റൊരു വാതില്‍ കൂടെ തുറക്കുന്നു. പരമ്പരാഗത ഫൊട്ടോഗ്രഫിക്ക് ഇതൊക്കെ കഴിയുമ്പോള്‍ എന്തു പ്രാധാന്യമായിരിക്കും ബാക്കിയുണ്ടാകുക എന്നു കണ്ടറിയേണ്ടിയിരിക്കുന്നു. വൃത്തിയുള്ള, വേണ്ട ഭാവം പോലും നല്‍കാവുന്ന ഫോട്ടോകള്‍ ആവശ്യാനുസരണം സൃഷ്ടിച്ചെടുക്കാവുന്ന കാലമാണ് ആഗതമാകുന്നത്. ഡൈനാമിക് റെയ്ഞ്ചിനെക്കുറിച്ചോര്‍ത്തും ആരും ഉറക്കം നഷ്ടപ്പെടുത്തേണ്ട!

മോശമായിപ്പോയ ഫോട്ടോ ശരിയാക്കിയെടുക്കാനും എന്‍വിഡിയുടെ സഹായം

കഴിഞ്ഞവര്‍ഷം കമ്പനി കാണിച്ച മറ്റൊരു സാധ്യതയും കൂടെ പരിചയപ്പെടാം. എന്തെങ്കിലും രീതിയിലുള്ള ദൂഷ്യങ്ങള്‍ വന്ന ഫോട്ടോകള്‍ ശരിയാക്കിയെടുക്കാനും ഇതുപകരിക്കും. ഇല്ലാത്ത പിക്‌സലുകള്‍ ചേര്‍ക്കുകയും ദ്വാരം വീണെങ്കില്‍ അവിടെ സമീപ പ്രദേശത്തെ മനസ്സിലാക്കി വേണ്ട മാറ്റങ്ങള്‍ വരുത്താനുമൊക്കെ ഇതിനു സാധിക്കും. ഇമേജ് ഇന്‍പെയ്ന്റിങ് ('image inpainting') എന്നാണ് കമ്പനി ഇതിനെ വിളിക്കുന്നത്. ഫോട്ടോയില്‍ വേണ്ടാത്ത ഭാഗങ്ങള്‍ നീക്കം ചെയ്ത് പകരം കംപ്യൂട്ടര്‍ സൃഷ്ടിക്കുന്ന ഭാഗങ്ങള്‍ കൂട്ടിച്ചേര്‍ക്കുകയും ചെയ്യാം. ഡീപ് ലേണിങ്ങിന്റെ മറ്റൊരു പ്രകടനമാണിത്. പോസ്റ്റ് പ്രോസസിങ് ചെയ്തു കൊടുക്കുന്നവര്‍ക്ക് നല്ല പണം നല്‍കേണ്ട പല കാര്യങ്ങളും മാന്ത്രികമായി ചെയ്യാന്‍ കഴിവുള്ള ടൂളുകളാണ് ഇവിടെ അവതരിപ്പിച്ചിരിക്കുന്നത്. ഡീപ് ലേണിങ്ങിന്റെ ഈ ശേഷി ആദ്യമായി ലോകത്തിനു മുന്നില്‍ അവതരിപ്പിച്ചത് തങ്ങളാണെന്നു കരുതുന്നുവെന്ന് എന്‍വിഡിയ പറഞ്ഞിരുന്നു. 

ആര്‍ട്ടിഫിഷ്യലിന്റെ ഇടപെടലോടെ ഫൊട്ടോഗ്രഫിയിലും വിഡിയോഗ്രഫിയിലും സമൂല മാറ്റം അടുത്ത പതിറ്റാണ്ടുകള്‍ക്കുള്ളില്‍ തന്നെ വരുമെന്നാണ് വിശ്വസിക്കപ്പെടുന്നത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CAMERAS
SHOW MORE
FROM ONMANORAMA