ADVERTISEMENT

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ഇവാ എന്ന റോബോട്ട് ലോകത്തെ ആദ്യത്തെ വെഡിങ് ഫോട്ടോഗ്രാഫറായി. ഇവാ എന്ന ഹ്യൂമനോയിഡിന് കല്യാണ സത്കാരത്തിനു എത്തിയവരോട് സംസാരിക്കാനും സാധിക്കും. എന്തായാലും ബ്രിട്ടനിലെ ഗ്യാരി, മെഗന്‍ ദമ്പതികളാണ് ലോകത്ത് ആദ്യമായി ഒരു റോബോട്ടിനെ കല്യാണ ഫോട്ടോഗ്രാഫറായി വിളിച്ച് പേരെടുത്തത്. ആദ്യമെ പറയട്ടെ, ഇവാ പ്രധാന ഫോട്ടോഗ്രാഫര്‍ ആയിരുന്നില്ല. (ലോകത്തെവിടെയുമുള്ള വെഡിങ് ഫോട്ടോഗ്രഫര്‍മാര്‍ക്ക് തത്കാലം ശ്വാസം വിടാം!) ഇവാ എന്തായാലും അതിഥികള്‍ക്കിടയിലും ഒരു ഹിറ്റായിരുന്നു. യുകെ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന സര്‍വിസ് റോബോട്‌സ് എന്ന കമ്പനിയാണ് റോബോട്ടിനു പിന്നില്‍. ഈ സേവനം തുടങ്ങിയത് 2019 ഫെബ്രുവരിയിലാണ്.

 

അഞ്ചടി പൊക്കമുള്ള ഇവാ, ഇന്‍ഫ്രാറെഡ് സെന്‍സറുപയോഗിച്ച് വെഡിങ് ഹോളില്‍ സഞ്ചരിക്കും. ആദ്യമെ തന്നെ കെട്ടിടത്തിന്റെ സ്മാര്‍ട് മാപിങ് നടത്തി 'തലയില്‍' സൂക്ഷിച്ച ശേഷമാണ് തന്റെ ജോലി ഇവാ തുടങ്ങുന്നത്. ഫേഷ്യല്‍ റെക്കഗ്നിഷന്‍ ഉപയോഗിച്ച് ആളുകളെ തിരിച്ചറിയുകയും ചെയ്യുന്നു. താങ്കളുടെ ഫോട്ടോ എടുത്തോട്ടെ എന്നു മര്യാദാപൂര്‍വ്വം ആരാഞ്ഞ ശേഷമാണ് ഒന്നോ, അതിലേറെയോ ആളുകളുടെ ചിത്രങ്ങള്‍ പകര്‍ത്തുന്നത്. തങ്ങളുടെ കല്യാണത്തിന്റെ പ്രധാന പ്രത്യേകതകളില്‍ ഒന്ന് ഇതായിരുന്നു. കല്യാണത്തിയവരില്‍ പലരും ഇപ്പോഴും ഈ അനുഭവത്തെക്കുറിച്ച് സംസാരിച്ചുകൊണ്ടിരിക്കുന്നുവെന്നു ഗ്യാരി പറയുന്നു.

 

ഇവാ 'ഫോട്ടോ ബൂത്ത്' സങ്കല്‍പത്തില്‍ നര്‍മിച്ചതാണ്. ആളുകള്‍ക്ക് വിവിധ സ്റ്റൈലിലുള്ള ഫോട്ടോകള്‍ എടുപ്പിക്കാം. 23.8-ഇഞ്ച് വലുപ്പമുള്ള ടച്‌സ്‌ക്രീനില്‍ സ്വന്തം ചിത്രം കണ്ട ശേഷം ഷൂട്ടു ചെയ്യാന്‍ ആവശ്യപ്പെടാം. പോര്‍ട്രയെറ്റുകളാണെങ്കില്‍ തന്റെ മുഖം എങ്ങനെ വരണമെന്നു തീരുമാനിക്കാനുള്ള അവസരമാണ് റോബോട്ട് നല്‍കുന്നത്. ഇത് മിക്കവര്‍ക്കും സ്വാഗതാര്‍ഹമായിരിക്കുമെന്ന് എടുത്തു പറയേണ്ട കാര്യമില്ലല്ലോ. എടുക്കുന്ന ചിത്രം അപ്പോള്‍ തന്നെ വേദിക്കടുത്തുള്ള സജ്ജീകിരിക്കുന്ന പ്രിന്ററില്‍ നിന്നു വാങ്ങുകയോ, ഓണ്‍ലൈന്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലേക്ക് നേരിട്ട് അപ്‌ലോഡു ചെയ്യുകയോ ചെയ്യാം.

 

വിദേശ രാജ്യങ്ങളിലുള്ള ഫോട്ടോ ബൂത്ത് സങ്കല്‍പം പലര്‍ക്കും അനാകര്‍ഷകമായതിനാലാണ് ഈ ആശയം തങ്ങള്‍ അവതരിപ്പിക്കുന്നതെന്ന് സര്‍വീസ് റോബോട്‌സ് പറയുന്നു. പുതിയതും ഓര്‍മയില്‍ തങ്ങിനില്‍ക്കുന്നതുമായ അനുഭവമാണ് ഇന്നു പലര്‍ക്കും വേണ്ടത്. ആദ്യമായി ഇത്തരമൊരു അനുഭവം കിട്ടുന്ന അതിഥികളുടെ മനസ്സില്‍നിന്ന് അതൊരിക്കലും മായില്ല. ആരുടെ കല്യാണത്തിനാണോ ഇതു കണ്ടത് ആ ദമ്പതികളെയും മറക്കില്ല– അവര്‍ പറയുന്നു. അതിഥികള്‍ കസേരയില്‍ നിന്ന് എഴുന്നേറ്റു നില്‍ക്കണമെന്നൊന്നുമില്ല തുടങ്ങിയ ഗുണങ്ങളും ഇതിനുണ്ട്.

 

തത്കാലം പ്രധാന വെഡിങ് ഫോട്ടോഗ്രാഫര്‍മാരുടെ ജോലിക്കു പകരമല്ല ഇവായുടെ സേവനങ്ങള്‍. ഗ്യാരിയും മെഗാനും മറ്റൊരു ഫോട്ടോഗ്രാറെയും വിളിച്ചിരുന്നു. ക്യാന്‍ഡിഡ് ഷോട്ടുകളാണ് ഇത്തരം റോബോട്ടുകള്‍ ഇപ്പോള്‍ പ്രധാനമായി എടുക്കുന്നത്. വെഡിങ്ങിന് പുതുമ വേണമെന്നുള്ളവര്‍ക്കാണ് ഇതു പ്രാധാനമായും ആകര്‍ഷകം. എന്നിരിക്കിലും ഫൊട്ടോഗ്രാഫി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ കൈകളിലേക്കു പോകുന്ന നാള്‍ അതിവിദൂരമല്ല എന്നാണ് പറയുന്നത്. യന്ത്ര-മനുഷ്യ പൊരുത്തത്തിന്റെ ഉത്തമോദാഹരണങ്ങളിലൊന്നായിരുന്ന ഫൊട്ടോഗ്രാഫി, മനുഷ്യന്റെ ഇടനിലയില്ലാതെ യന്ത്രങ്ങള്‍ തന്നെ ചെയ്യുന്ന കാലമെത്താന്‍ പതിറ്റാണ്ടുകള്‍ മാത്രം മതിയാകുമെന്നു വിശ്വസിക്കുന്നവരുണ്ട്. മനുഷ്യമനസ്സിന്റെ കല യന്ത്രത്തിനു പുനഃസൃഷ്ടിക്കാനാവില്ലെന്നു വിശ്വസിക്കുന്നവര്‍ ഇന്നുമുണ്ടെങ്കിലും അവസാനച്ചിരി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെതും ശാസ്ത്രത്തിന്റെതുമാകുമെന്നാണ് ചില ചുവരെഴുത്തുകള്‍ പറയുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com