sections
MORE

മഴക്കാലത്ത് ക്യാമറ സൂക്ഷിക്കാൻ ചില എളുപ്പ വഴികള്‍

camera-rain
SHARE

മഴയെ നാമെല്ലാം കാത്തിരിക്കുകയാണല്ലോ. പ്രകൃതിക്കു പുതുജീവൻ നൽകുന്ന മഴ ക്യാമറകൾക്കു വിരുന്നാണെങ്കിലും സൂക്ഷിച്ചില്ലെങ്കിൽ 'പണികിട്ടും'. മഴക്കാലത്ത് ലെൻസുകളിലും സെൻസറിലും ഈർപ്പം കയറുകയും പൂപ്പൽ പിടിക്കുകയും ചെയ്യും. പടത്തിന്റെ ക്വാളിറ്റിയെ ബാധിക്കുംവിധം ലെൻസുകളിൽ പൂപ്പൽ പടരാറുണ്ട്. ഈ മഴക്കാലത്ത് നിങ്ങളുടെ ഉപകരണത്തെ എങ്ങനെ പരിപാലിക്കാം..

∙ മഴയത്തു ക്യാമറ കഴിവതും പുറത്തെടുക്കാതിരിക്കുക. എല്ലാർക്കും ഇതു സാധിക്കണമെന്നില്ല. ജോലിയുടെ ഭാഗമായി മഴയിലും വെയിലത്തും ക്യാമറ കയ്യിലേന്തേണ്ടിവരും. എന്നാലും സാധ്യമെങ്കിൽ മഴയത്ത് ക്യാമറ എടുക്കാതിരിക്കുക. അഥവാ എടുക്കുകയാണെങ്കിൽ കുടയോ ഓൾ വെതർ ക്യാമറ കേയ്സുകളോ  ഉപയോഗിക്കുക. 

∙ ഇനി മഴ കൊണ്ടാലും ക്യാമറ അതേപോലെ ബാഗിൽ വയ്ക്കാതെ നല്ല ഉണങ്ങിയ തുണികൊണ്ടു ബോഡിയിലെ ഓരോ തുള്ളിയും തുടച്ചുമാറ്റുക. ലെൻസിന്റെ ഔട്ടർ ബോഡിയിൽ മാത്രമല്ല സൂം ചെയ്യുമ്പോൾ ഉള്ളിലും മഴത്തുള്ളികൾ പറ്റാറുണ്ട്. ഇവ ലെൻസ് സൂം ചെയ്ത അവസ്ഥയിൽത്തന്നെ ക്ലീൻ ചെയ്ത് ബാഗിൽ വയ്ക്കുക.

∙ മഴയുള്ളപ്പോൾ ലെൻസുകൾ മാറ്റിമാറ്റി ഉപയോഗിക്കുന്നതു കുറയ്ക്ക്കുക. അഥവാ മാറ്റുകയാണെങ്കിൽ സുരക്ഷിതമായ സ്ഥലത്തുവച്ചു ചെയ്യുക. ക്യാമറബോഡി താഴേക്കു പിടിച്ച് ലെൻസ് മാറ്റുക. സെൻസർ അടങ്ങുന്ന ഉൾഭാഗങ്ങളിലേക്ക് അബദ്ധവശാൽപോലും വെള്ളത്തുള്ളികൾ വീഴാതിരിക്കാനാണിത്. 

∙ യുവി ഫിൽറ്ററുകൾ ലെൻസിന്റെ മുന്നിൽ ഘടിപ്പിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തുക. കുറച്ചുമഴത്തുള്ളി ഫിൽറ്ററിൽ വീണാലും കുഴപ്പമില്ല. ലെൻസിൽ വീഴില്ലല്ലോ. 

∙ മഴയത്തെ ഷൂട്ടിനുശേഷം എല്ലാ ഉപകരണങ്ങളും ഉണങ്ങിയ തുണികൊണ്ടു തുടച്ച് ഈർപ്പമില്ലാത്ത ഇടത്തു വയ്ക്കുക. ഇതിനായി ഡ്രൈ ബോക്സുകൾ വാങ്ങുക. ഡ്രൈബോക്സ് ഇല്ലാത്തവർ നന്നായി എയർടൈറ്റ് ആയ വലിയ ടിന്നുകൾ ഉപയോഗിക്കുന്നതു നന്നായിരിക്കും. ഈ ബോക്സുകളിൽ സിലിക്ക ജെൽ ഇട്ടുവയ്ക്ക്കാം. 

ഡ്രൈ ബോക്സുകൾക്കു വലിയ ചിലവാണ്. നിങ്ങളുടെ ചെറിയ ക്യാമറയേക്കാൾ വിലയുണ്ടാവാം ചില ഡ്രൈബോക്സുകൾക്ക്. ഇതിനൊരു പരിഹാരമായി ചില ഫൊട്ടോഗ്രഫർമാർ ചില പൊടിക്കൈകൾ പ്രയോഗിക്കാറുണ്ട്. നല്ല അടച്ചുറപ്പുള്ള തെർമോകോൾ പെട്ടി ചിലയിടങ്ങളിൽ വാങ്ങാൻ കിട്ടും. ഇതിൽ സിലിക്ക ജെൽ ഇട്ട് പറ്റുമെങ്കിൽ സീറോ വാട്ട് ബൾബ് തെളിച്ച് ക്യാമറയും ലെൻസുകളും സൂക്ഷിക്കാം. 

സിലിക്ക ജെൽ കിട്ടിയില്ലെങ്കിൽ പത്രക്കടലാസ് നല്ല കട്ടിയിൽ തെർമോക്കോൾ പെട്ടിയിൽ വയ്ക്കാം. ഇതും പ്രയോഗത്തിലിരിക്കുന്ന പൊടിക്കയ്യാണ്. ഇതിൽ എയർടൈറ്റ് ആയ സ്ഥലം വേണമെന്നാണ് ഏക നിബന്ധന. 

സിലിക്ക ജെൽ എങ്ങനെ ഉപയോഗിക്കാം

പുത്തൻ ഇലക്ട്രോണിക് ഉപകരണങ്ങൾ കിട്ടുമ്പോൾ പായ്ക്കറ്റുകളിൽ ചെറിയ പാക്കറ്റുകൾ കാണാറില്ലേ, അവയാണ് സിലിക്ക ജെൽ. ഈർപ്പം വലിച്ചെടുക്കാനുള്ള ശേഷിയുണ്ട് ഇവയ്ക്ക്. ഡ്രൈ ബോക്സുകൾ വരുന്നതിനു മുൻപ് സിലിക്ക ജെൽ ഇട്ടുവച്ചായിരുന്നു ക്യാമറകൾ സൂക്ഷിച്ചിരുന്നത്. ഇവ മെഡിക്കൽ ഉപകരണഷോപ്പിൽ നിന്നു വാങ്ങാൻ കിട്ടും. ഈർപ്പം വലിച്ചെടുക്കാൻ നല്ല ശേഷിയുള്ള സിലിക്ക ജെല്ലിന്റെ നിറം വയലറ്റുകലർന്ന പിങ്ക് ആയിരിക്കും. ഈർപ്പം വലിച്ചെടുത്തു കഴിഞ്ഞാൽ ഈ നിറം ഇല്ലാതാകും. ഒരു വെള്ളാരം കല്ലുപോലെയാകും സിലിക്ക ജെൽ അഥവ സിലിക്ക ക്രിസ്റ്റൽ.  അപ്പോൾ ഈ ക്രിസ്റ്റലുകൾ പഴയ നിറം കിട്ടുന്നതുവരെ ചൂടാക്കണം. എങ്കിലേ ഇവ കാര്യക്ഷമമാകൂ. 

ഉപകരണങ്ങൾ എല്ലായ്പോഴും തുടച്ചുമിനുക്കി വയ്ക്കുക. അഥവാ ഒരു പൊടിഫംഗസ് കയറിയാൽ നമുക്കു കാണാൻ സാധിക്കും. തുടക്കത്തിൽ നമുക്കു തന്നെ പുറത്തെ ഫംഗസ് മാറ്റി ലെൻസ് വൃത്തിയാക്കാം. ലെൻസിന്റെ പിന്നിലെ ചെറിയ ലെൻസിൽ ഫംഗസ് പിടിച്ചോ എന്നു നോക്കണം. ഇതിനായി ലെൻസ് ബോഡിയുമായി ഡിറ്റാച്ച് ചെയ്യണം. 

ചില ഫൊട്ടോഗ്രഫർമാരുടെ വിദ്യ ലളിതമാണ്. ക്യാമറ വെറുതേ മേശപ്പുറത്തുവയ്ക്കും. അടച്ചുപൂട്ടിവയ്ക്കുമ്പോഴാണു കൂടുതൽ ഫംഗസ് കയറുക എന്നതാണിവരുടെ വാദം. പറ്റുമെങ്കിൽ ഒരു ഡ്രൈബോക്സ് വാങ്ങുക. ഒരു കാര്യം ആലോചിക്കുക. എന്നും എടുത്ത് നന്നായി ഉപയോഗിക്കുന്ന ക്യാമറയിലും ലെൻസിലും ഫംഗസ് വരാൻ സാധ്യത കുറവാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CAMERAS
SHOW MORE
FROM ONMANORAMA