ADVERTISEMENT

സ്മാര്‍ട് ഫോണ്‍ ക്യാമറ നിര്‍മാണത്തില്‍ എന്തു പുതുമകള്‍ എത്തിക്കാമെന്ന കാര്യത്തെക്കുറിച്ച് കമ്പനികള്‍ തമ്മില്‍ മത്സരമാണ്. വാവെയ് പി30 പ്രോ മോഡലില്‍ ഈ വര്‍ഷം ഇറക്കിയ ലോസ്-ലെസ് സൂം ടെക്‌പ്രേമികളെ വല്ലാതങ്ങ് ആകര്‍ഷിച്ചു കഴിഞ്ഞു. അതുപോലെ അടുത്ത കാലത്ത് ശ്രദ്ധ പിടിച്ചുപറ്റിയ മറ്റൊരു ആശയമായിരുന്നു സോണിയുടെ 48 എംപി സെന്‍സര്‍ എന്നത്. ലോകത്തെ ഏറ്റവും നല്ല ക്യാമറ സെന്‍സര്‍ നിര്‍മാതാക്കളില്‍ ഒരാളായ സോണിയുടെ ഈ സെന്‍സറും ശ്രദ്ധയാകര്‍ഷിച്ചു. എന്നാല്‍, ഇപ്പോള്‍ വരുന്ന വാര്‍ത്തകള്‍ സാംസങ് പുതിയ 64 മെഗാപിക്സൽ സെന്‍സര്‍ സ്മാര്‍ട് ഫോണ്‍ ക്യാമറകള്‍ക്കായി ഉണ്ടാക്കി എന്നാണ്. ഇതോടെ വീണ്ടുമൊരു മെഗാപിക്‌സല്‍ യുദ്ധം തുടങ്ങാനുള്ള സാധ്യതയാണ് കാണുന്നതെന്ന് വിശകലന വിദഗ്ധര്‍ പറയുന്നു. ഇത് ഉപയോക്താക്കള്‍ ആവശ്യപ്പെട്ടിട്ടല്ല എന്നതാണ് മറ്റൊരു കാര്യം.

 

പുതിയ സെന്‍സറുകള്‍ ക്വോഡ്-ബെയര്‍ സാങ്കേതിക വിദ്യയാണ് ഉപയോഗിക്കുന്നത്. നാലു പിക്‌സലുകളെ ഒന്നാക്കുന്ന പരിപാടിയാണിത്. ഇതിലൂടെ കൂടുതല്‍ വിശദാംശങ്ങള്‍ പിടിച്ചെടുക്കാമെന്നതു കൂടാതെ നോയ്‌സ് പിടിച്ചു നിര്‍ത്തുകയും ചെയ്യാം. താരതമ്യേന ഭേദപ്പെട്ട ഡൈനാമിക് റെയ്ഞ്ചും കിട്ടും. സാംസങ് ഇപ്പോള്‍  അവതരിപ്പിച്ച പുതിയ സെന്‍സര്‍ ( ISOCELL Bright GW1) സ്മാര്‍ട് ഫോണുകള്‍ക്കുള്ള ലോകത്തെ ആദ്യത്തെ 64എംപി സെന്‍സറാണ്. സോണിയുടെ 48 മെഗാപിക്സൽ സെന്‍സറിനുള്ള അതേ 0.8 മൈക്രോമീറ്റര്‍ പിക്‌സലുകളാണ് പുതിയ സെന്‍സറിനും ഉള്ളത്. എന്നു പറഞ്ഞാല്‍ സോണിയുടെ സെന്‍സറിനെക്കാള്‍ വലുപ്പമുള്ളതായിരിക്കും സാംസങ്ങിന്റെ സെന്‍സറെന്നു സാരം. വലിയെ സെന്‍സറുകള്‍ ചെറിയ സെന്‍സറുകളെക്കാള്‍ മെച്ചപ്പെട്ട ചിത്രമെടുക്കുമെന്നാണ് ഫിസ്‌ക്‌സ് പറയുന്നത്. അവയ്ക്ക് കൂടുതല്‍ വെളിച്ചം ശേഖരിക്കാന്‍ കഴിയുമെന്നതാണ് കാരണം.

 

സോണിയുടെ 48 എംപി സെന്‍സറില്‍ നിന്നുളള ചിത്രങ്ങള്‍ ഡീഫോള്‍ട്ടായി 12 എംപി ചിത്രങ്ങളായി കുറച്ചാണ് സേവ് ചെയ്യുന്നത്. വേണ്ടവര്‍ക്ക് ഇത് 48 എംപി തന്നെയായും സേവ് ചെയ്യാം. സൂക്ഷിച്ചു നോക്കിയാല്‍ ചെറിയ മികവ് 48 എംപി ചിത്രത്തിനു കാണാമെങ്കിലും നാലിരട്ടി വലുപ്പമുള്ള ഫയലിനേക്കാള്‍ ഉപയോക്താക്കള്‍ക്ക് 12എംപി ചിത്രമെടുക്കാനാണ് ഇഷ്ടം. അതേപോലെ, സാംസങ്ങിന്റെ പുതിയ 64 എംപി സെന്‍സര്‍ 16 എംപി ആയി കുറച്ച് ചിത്രങ്ങള്‍ സേവു ചെയ്യാനാണിരിക്കുന്നത്. വേണ്ടവര്‍ക്ക് 64എംപിയും ഉപയോഗിക്കുകയും ചെയ്യാം. ഇതോടൊപ്പം ഒരു 48 എംപി സെന്‍സറും സാംസങ് അവതരിപ്പിക്കുന്നുണ്ട്. ഇവയുടെ വാണിജ്യാടിസ്ഥാനത്തിലുള്ള ഉത്പാദനം ജൂണിനു ശേഷമെ തുടങ്ങൂ. ഏത് കമ്പനിക്കും സാംസങ്ങില്‍ നിന്ന് സെന്‍സര്‍ വാങ്ങാവുന്നതാണ്.

 

ഈ വര്‍ഷം ഇറങ്ങാനിരിക്കുന്ന സാംസങ്ങിന്റെ സുപ്രധാന സ്മാര്‍ട് ഫോണ്‍ മോഡലായ ഗ്യാലക്‌സി നോട്ട് 10 മോഡലില്‍ ഈ സെന്‍സര്‍ കണ്ടേക്കുമോ എന്നാണ് ടെക്‌പ്രേമികള്‍ ഉയര്‍ത്തുന്ന ഒരു ചോദ്യം. ഉണ്ടായേക്കില്ല എന്നാണ് വിദഗ്ധരുടെ വാദം. കാരണം ജൂണില്‍ ഉല്‍പാദനം തുടങ്ങാനിരിക്കുന്ന പുതിയ സെന്‍സര്‍ പിടിപ്പിക്കാനുളള സമയം കണ്ടേക്കില്ല എന്നതാണ് കാരണം. അടുത്ത വര്‍ഷത്തെ സാംസങ് ഗ്യാലക്‌സി എസ് 11 പോലെയുള്ള ഫോണുകളിലായിരിക്കും ഇതു കാണാനുള്ള സാധ്യത.

 

സാംസങ്ങിന്റെ സെന്‍സറുകള്‍ സോണിയുടെയത്ര മികച്ചതാകുമോ?

 

സാംസങ് എപിഎസ്-സി ഡിഎസ്എല്‍ആറുകള്‍ അടക്കം നിര്‍മിച്ചു വന്ന കമ്പനിയാണ്. സെന്‍സറിന്റെ പ്രകടനത്തില്‍ മികച്ച റിവ്യൂ ആണ് കമ്പനിക്കു ലഭിച്ചു കൊണ്ടിരുന്നത്. കഴിഞ്ഞ ഏതാനും വര്‍ഷമായി കമ്പനി എന്തുകൊണ്ടാണ് ക്യാമറ നിര്‍മാണത്തില്‍ നിന്നു പിന്‍വലിഞ്ഞതെന്ന് ഇന്നും ഉത്തരം കിട്ടാത്ത ഒരു ചോദ്യമാണ്. സാംസങ്ങിന്റെ സെന്‍സര്‍ നിര്‍മാണ യൂണിറ്റിനെ ക്യാനന്‍ പോലെയൊരു കമ്പനി ഏറ്റെടുത്തിരുന്നെങ്കിലെന്ന് പലരും ആഗ്രഹിക്കുകയും ചെയ്തിരുന്നു. സാംസങ്ങിന്റെ സെന്‍സര്‍ നിര്‍മാണം സോണിക്ക് വെല്ലുവിളിയാകാനാണു വഴി. എന്തായാലും സ്മാര്‍ട് ഫോണുകളുടെ കാര്യത്തില്‍ താമസിയാതെ ഒരു 'മെഗാപിക്‌സല്‍ യുദ്ധം' തുടങ്ങിയേക്കുമൈന്നു തോന്നുന്നു. ആപ്പിളും മറ്റും 12എംപി ക്യാമറ മതിയെന്നു തീരുമാനിച്ചതാണ് നേരത്തെ തന്നെ കൂടുതല്‍ മെഗാപിക്‌സല്‍ മത്സരം തുടങ്ങാതിരിക്കാനുണ്ടായ കാരണം. എന്തായാലും അടുത്തത് സോണിയുടെ ഊഴമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com