sections
MORE

പ്രേം നസീറും പൃഥ്വിരാജും ഒന്നിക്കുന്ന സിനിമ സാധ്യമാകുമോ? ചിലപ്പോള്‍!

animation
SHARE

പ്രേം നസീറും പൃഥ്വിരാജും ഒന്നിക്കുന്ന സിനിമ സാധ്യമാകുമോ? അതെ, സാധ്യമാകുമെന്നാണ് പുതിയ ടെക്നോളജി പറയുന്നത്. സാംസങ്ങിന്റെ മോസ്‌കോയിലെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സെന്ററും സ്‌കോള്‍കോവ് ഇന്‍സ്റ്റിറ്റിയൂട്ട് ഒഫ് ടെക്‌നോളജിയും ചേര്‍ന്നു പ്രസിദ്ധീകരിച്ച പുതിയ പ്രബന്ധത്തില്‍  ഒരു ഫോട്ടോയില്‍ നിന്ന് ചലനചിത്രം (animation) സൃഷ്ടിക്കാമെന്നു പറയുന്നു. നമ്മള്‍ നേരത്തെ കണ്ട, ജീവിച്ചിരിക്കാത്തവരുടെ ഫോട്ടോകള്‍ സൃഷ്ടിക്കുന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനെ പോലെയല്ലാതെ പുതിയ ടെക്നോളജി ഉപയോഗിച്ച് ചലിപ്പിക്കാവുന്ന, സംസാരിക്കുന്ന തലകളെയാണ് സൃഷ്ടിച്ചിരിക്കുന്നത്. ഇതിന് പൂര്‍ണ്ണത ഇപ്പോഴും കൈവരിക്കാനായിട്ടില്ലെങ്കിലും പ്രായോഗികമായി ഇപ്പോള്‍ തന്നെ മികച്ചവായാണ് എന്നാണ് പറയുന്നത്.

ഒരാളുടെ മുഖഭാവം അനുകരിക്കാന്‍ പുതിയ വിദ്യക്ക് അയാളുടെ ഒരു ഫോട്ടോകൾ മതി. കൂടുതൽ ഡേറ്റയൊന്നും വേണ്ടെന്നതാണ് പുതിയ സാങ്കേതികവിദ്യയുടെ മികവ്. ഒരാളുടെ മുഖ ചേഷ്ടകള്‍ യഥാര്‍ഥമെന്നു തോന്നിപ്പിക്കാന്‍ കോടിക്കണക്കിനു കംപ്യൂട്ടിങ് ഘടകങ്ങള്‍ ഒത്തു ചേരേണ്ടതായുണ്ട്. എന്നാല്‍, പ്രായോഗികമായി പറഞ്ഞാല്‍ കേവലം ഏതാനും ചിത്രങ്ങള്‍ മാത്രം ഉപയോഗിച്ച് ഇതു ചെയ്യാനായി എന്നതാണ് സാംസങും മറ്റും പറയുന്ന നേട്ടം.

എന്നാല്‍, ഇത് ഫോട്ടോകള്‍ക്കു മാത്രമല്ല ബാധകമാകുന്നത്. പെയിന്റിങ്ങുകളെ പോലും ആനിമേറ്റു ചെയ്യാം! ഡാവിഞ്ചിയുടെ വിഖ്യാതമായ മോണ ലീസ പെയ്ന്റിങ് അടക്കം പലതിനും ശാസ്ത്രജ്ഞര്‍ ഒരു ആനിമേറ്റഡ് ആഖ്യാനം ചമച്ചു കാണിക്കുകയുണ്ടായി. ഇതിന്റെ ഗുണമേന്മയില്‍ ഏറ്റക്കുറച്ചിലുകള്‍ കാണാമെങ്കിലും അദ്ഭുതകരമായ നേട്ടമാണിതെന്നാണ് പറയുന്നത്. ഒറ്റച്ചിത്രങ്ങളെ ആശ്രയിക്കാതെ ഒരാളുടെ 32 ചിത്രങ്ങള്‍ ഉപയോഗിക്കാനായാല്‍ വളരെ യഥാര്‍ഥമെന്നു തോന്നിപ്പിക്കത്തക്ക വിധത്തിലുള്ള വിഡിയോകള്‍ ഉണ്ടാക്കിയെടുക്കാമെന്ന് ഗവേഷകര്‍ പറയുന്നു.

പക്ഷെ, ഈ രീതിക്ക് പൂര്‍ണ്ണത കൈവരിക്കണമെങ്കില്‍ ചില പ്രശ്‌നങ്ങള്‍ ഇനിയും തരണം ചെയ്യേണ്ടതായുണ്ട്. ഇപ്പോൾ തന്നെ ചിത്രം സംസാരിക്കുകയും മറ്റും ചെയ്യുമെങ്കിലും ഒരു വ്യക്തിയുടെ തനതു ഭാവങ്ങള്‍ ആര്‍ജ്ജിക്കാന്‍ അതിനായിട്ടില്ലെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. കൃത്രിമത്വം ഒരു പരിധിവരെ ദൃശ്യമാണ്. എന്നാല്‍, തനതു ഭാവങ്ങള്‍ വേണ്ടാത്ത നിരവധി കാര്യങ്ങള്‍ക്ക് ഇപ്പോൾ തന്നെ ഈ ടെക്‌നോളജി ഉപയോഗ സജ്ജമാണ്. നിലവില്‍ മുഖവും ഉരത്തിന്റെ മുകള്‍ ഭാഗവും അടങ്ങുന്ന ശരീരഭാഗങ്ങളില്‍ മാത്രമാണ് ഇപ്പോള്‍ കൊണ്ടുവന്നിരിക്കുന്നത്. ബാക്കി ശരീരഭാഗങ്ങള്‍ കൂടെ ഗവേഷകര്‍ പരിഗണിക്കുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. എന്‍വിഡിയ തുടങ്ങിയ കമ്പനികള്‍ നടത്തുന്ന ഇത്തരം ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് നീക്കങ്ങള്‍ക്കൊപ്പം ചേരുകയാണ് സാംസങും. രൂപരേഖ ഫോട്ടോയാക്കുന്ന വിദ്യ ഇവിടെ പരിചയപ്പെട്ടത് ഓര്‍ക്കുമല്ലോ.

വരുന്നതെന്ത്?

കാണുന്നത് വിശ്വസിക്കാമെന്നൊരു തോന്നലുണ്ടായിരുന്നത് പാടെ ഇല്ലാതാകുന്ന ഒരു ലോകമാണ് വരാന്‍ പോകുന്നത് എന്നത് മനസ്സില്‍ വയ്ക്കാം. നിങ്ങള്‍ പറയാത്ത കാര്യങ്ങള്‍ നിങ്ങളെക്കൊണ്ടു പറയിക്കാം. ഡീപ് ഫെയ്ക് വിഡിയോകളെ പോലെ പ്രശ്‌നം സൃഷ്ടിക്കാന്‍ സാധ്യതയുള്ള ഒന്നാണിത്. രാഷ്ട്രീയക്കാരുടെയും മറ്റും കാര്യത്തില്‍ ഇത് വളരെ പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയേക്കാം. കലാപങ്ങളടക്കം സൃഷ്ടിക്കപ്പെടാന്‍ സാധ്യതയുണ്ട്. അതോടൊപ്പം മറ്റു ചില സാധ്യതകളും ചിലര്‍ എടുത്തു പറയുന്നു. പുതിയ സിനിമാ താരങ്ങളും പഴയ നടീനടന്മാരും ചേര്‍ന്ന സിനിമയൊക്കെ വരും പതിറ്റാണ്ടുകളിൽ സാധ്യമായേക്കാം. ഇനിയൊരു റിച്ചാഡ് ആറ്റന്‍ബറോ 'ഗാന്ധി' സിനിമ എടുക്കുന്നുണ്ടെങ്കില്‍ അതില്‍ മഹാത്മാ ഗാന്ധി നേരിട്ട് 'അഭിനയിച്ചേക്കാം'.  ഇതെല്ലാം നൈതികമായി നിരവധി ചോദ്യങ്ങള്‍ ഉയര്‍ത്തുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CAMERAS
SHOW MORE
FROM ONMANORAMA